അയൽവാസിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന സിസിടിവി സ്ഥാപിക്കരുത്; ഹൈക്കോടതി

അയൽവാസിയുടെ സ്വകാര്യതയെ ബാധിക്കുന്ന രീതിയിൽ സ്വകാര്യ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാൻ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി. മറ്റൊരാളുടെ വീടിന്റെ പ്രവേശന കവാടവും പരിസരവും നിരീക്ഷിക്കുന്ന തരത്തിൽ ക്യാമറ സ്ഥാപിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റിസ് അജിത് കുമാർ, ജസ്റ്റിസ് ഗരിമ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

അയൽവാസി സ്ഥാപിച്ച സി.സി.ടി.വി ക്യാമറ തന്റെ വീടിന്റെ പ്രവേശന കവാടവും മറ്റ് ഭാഗങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും ഇത് വീട്ടിലെത്തുന്നവരുടെയും മടങ്ങിപ്പോകുന്നവരുടെയും സ്വകാര്യതയെ ബാധിക്കുന്നുവെന്നും ആരോപിച്ച് യോഗേന്ദ്ര മൗര്യ നൽകിയ റിട്ട് ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. അയൽവാസിയുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ക്യാമറകൾ സ്ഥാപിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

എന്നാൽ, പരാതിക്കാരൻ ചൂണ്ടിക്കാട്ടിയ ക്യാമറ ഉടൻ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടില്ല. പകരം, പരിഹാരം തേടി ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകാനാണ് നിർദേശം നൽകിയത്. ഇത്തരത്തിൽ അപേക്ഷ ലഭിച്ചാൽ വിഷയം പരിശോധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും ജില്ലാ മജിസ്‌ട്രേറ്റിനോട് കോടതി നിർദേശിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *