പെട്രോളിൽ 31.2% വരെ എഥനോൾ; എണ്ണക്കമ്പനികൾക്കെതിരെ കർണാടക

പെട്രോളിൽ അനുവദനീയമായ എഥനോൾ മിശ്രിതം 20 ശതമാനമാണെന്നിരിക്കെ, സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായി കർണാടക സർക്കാർ. വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിലാണ് ഉയർന്ന അളവ് കണ്ടെത്തിയതെന്ന് ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് അറിയിച്ചു. പരിശോധനയിൽ ഐഒസിയുടെ പെട്രോളിൽ 31.2 ശതമാനവും എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും എഥനോൾ കണ്ടെത്തി. സ്വന്തം ലബോറട്ടറി റിപ്പോർട്ടുകളിൽ എഥനോൾ അളവ് വ്യക്തമാക്കാത്ത കമ്പനികളുടെ നടപടിയെയും സർക്കാർ ചോദ്യം ചെയ്തു. അമിതമായ എഥനോൾ മിശ്രിതം വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതിനും എൻജിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. കമ്പനികൾക്കെതിരെ നടപടി, ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം, പെട്രോൾ പമ്പുകളിൽ എഥനോൾ അളവ് പ്രദർശിപ്പിക്കൽ എന്നിവയും ആവശ്യപ്പെട്ടു.

‘ഹരിവരാസന’ത്തിന്റെ സംഗീതയാത്രയിൽ നന്ദഗോവിന്ദം ഭജൻസും

സംഗീതവും ഭക്തിയും കോർത്തിണക്കുന്ന ‘ഹരിവരാസനം’ സിനിമയുടെ ഭാഗമാകാൻ തെന്നിന്ത്യയിലെ പ്രശസ്ത സംഗീതസംഘമായ നന്ദഗോവിന്ദം ഭജൻസും. ഏകദേശം 12 മിനിറ്റ് ദൈർഘ്യമുള്ള ഗാനരംഗത്തിൽ അഭിനയിക്കുന്നതിനൊപ്പം ആലാപനവും നിർവഹിച്ചാണ് സംഘം ചിത്രത്തിന്റെ സംഗീതയാത്രയിൽ പങ്കുചേരുന്നത്. സംഗീതപ്രേമികൾക്ക് വേറിട്ട അനുഭവം സമ്മാനിക്കുന്ന ഗാനങ്ങളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. നന്ദഗോവിന്ദം ഭജൻസിന്റെ സാന്നിധ്യം ചിത്രത്തിന്റെ സംഗീതത്തിന് കൂടുതൽ മിഴിവേകുമെന്നാണ് പ്രതീക്ഷ. സംഗീതവും ഭക്തിയും ആത്മീയതയും ഒരുമിക്കുന്ന ചിത്രത്തിന്റെ മെഗാ ഓഡിയോ ലോഞ്ച് നവംബർ 27ന് കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും. സംഗീതപ്രേമികൾക്കും പൊതുജനങ്ങൾക്കും ചടങ്ങിൽ സൗജന്യമായി പങ്കെടുക്കാം. പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ‘ഹരിവരാസനം’ ജനുവരി 15ന് തിയേറ്ററുകളിലെത്തും. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായൊരു ആസ്വാദനാനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

‘അസുഖം ബാധിച്ചപ്പോഴെല്ലാം ചേർത്തുപിടിച്ചു’മമിതയുമായുള്ള സൗഹൃദത്തെക്കുറിച്ച് അനശ്വര രാജൻ

നടി മമിത ബൈജുവുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മനസുതുറന്ന് അനശ്വര രാജൻ. ശാരീരിക അസ്വസ്ഥതകൾ നേരിട്ട പല ഘട്ടങ്ങളിലും മമിത തനിക്ക് വലിയ പിന്തുണയായിരുന്നുവെന്നും ആ കരുതലും സ്നേഹവും ഏറെ വിലമതിക്കുന്നുവെന്നും അനശ്വര പറഞ്ഞു. തെലുഗു യൂട്യൂബ് ചാനലായ ‘ഗേൾ ഫോർമുല’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പങ്കുവച്ചത്. അസുഖം ബാധിച്ച സാഹചര്യങ്ങളിലെല്ലാം മമിത തന്റെ കൈപിടിച്ച് കൂടെയുണ്ടായിരുന്നുവെന്നും തനിക്ക് താങ്ങായി നിന്നുവെന്നും അനശ്വര വ്യക്തമാക്കി. മമിത നൽകുന്ന ആത്മവിശ്വാസവും പിന്തുണയും ഏറെ ഇഷ്ടമാണെന്നും ഒരു വ്യക്തിയെന്ന നിലയിലും അഭിനേത്രിയെന്ന നിലയിലും അവരോട് വലിയ മതിപ്പുണ്ടെന്നും താരം കൂട്ടിച്ചേർത്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് അനശ്വര രാജൻ. നിരവധി അന്യഭാഷാ ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്. മറ്റു നടിമാരുമായുള്ള താരതമ്യങ്ങളെ ഇപ്പോൾ മത്സരമായി കാണാറില്ലെന്നും അത്തരം ചർച്ചകളൊന്നും തന്നെ ബാധിക്കാറില്ലെന്നും അഭിമുഖത്തിൽ അനശ്വര വ്യക്തമാക്കി.

മോഹൻലാലിന് പിന്നാലെ അടുത്ത സൂപ്പർസ്റ്റാർ നസ്ലിനോ?ചർച്ചയായി അമൽ നീരദിന്റെ ഫ്രെയിം

മലയാളി സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബാച്ചിലർ പാർട്ടി D’EUX’. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. ട്രെയിലറിലെ ചില രംഗങ്ങളിലെ അമൽ നീരദിന്റെ ദൃശ്യാവിഷ്കാര മികവാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ട്രെയിലറിലെ ഒരു രംഗത്ത് നസ്ലിന്റെ കഥാപാത്രം നടന്നുപോകുമ്പോൾ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ ചുമർചിത്രവും കാണാം. ഇരുവരെയും ഒരേ ഫ്രെയിമിൽ അവതരിപ്പിച്ചതിന് പിന്നിൽ കൃത്യമായൊരു സൂചനയുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ. മോഹൻലാലിന് ശേഷം മലയാള സിനിമയിലെ അടുത്ത സൂപ്പർതാരമായി നസ്ലിൻ മാറുമെന്ന സൂചനയാണ് ഈ രംഗമെന്നും സോഷ്യൽ മീഡിയ പോസ്റ്റുകൾ പറയുന്നു. വിജയ് നായകനായ ‘മെർസൽ’ സിനിമയിലെ എം.ജി.ആറിന്റെ ചിത്രത്തിന് മുന്നിലൂടെ വിജയ് നടന്നുപോകുന്ന രംഗത്തോടാണ് ആരാധകർ ഇതിനെ താരതമ്യം ചെയ്യുന്നത്. പിന്നീട് വിജയ് നേടിയ താരപദവിയുമായി ആ ഫ്രെയിമിനെ ബന്ധപ്പെടുത്തിയാണ് നസ്ലിന്റെ രംഗത്തെയും അവർ വ്യാഖ്യാനിക്കുന്നത്. ഭാവിയിൽ മലയാള സിനിമയിൽ മോഹൻലാലിന് ശേഷം മറ്റൊരു താരമായി നസ്ലിൻ ഉയർന്നുവരുമെന്ന അമൽ നീരദിന്റെ സൂചനയാണിതെന്നാണ് ആരാധകരുടെ നിരീക്ഷണം.

‘പാർവതിയെയും ഉണ്ണിമായയെയും പേടിയായിരുന്നു’തുറന്നുപറഞ്ഞ് ലാൽ ജോസ്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായെത്തി 50 കോടി ക്ലബിൽ ഇടം നേടിയ ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. പാർവതി തിരുവോത്ത്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, വിജയരാഘവൻ, മാത്യു തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ സംവിധായകൻ ലാൽ ജോസും അഭിനയിച്ചിരുന്നു. ഫൊറൻസിക് ഡോക്ടറുടെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. ചിത്രത്തിന്റെ വിജയാഘോഷ വേദിയിൽ സഹതാരങ്ങളെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പാർവതിയെയും ഉണ്ണിമായയെയും ഗൗരവക്കാരായാണ് താൻ കരുതിയിരുന്നതെന്നും അവർക്കൊപ്പം അഭിനയിക്കുമ്പോൾ തെറ്റുപറ്റിയാൽ വഴക്കു കേൾക്കേണ്ടിവരുമോ എന്ന് ഭയന്നിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു. എന്നാൽ നേരിട്ട് പരിചയപ്പെട്ടതോടെ താൻ കരുതിയതുപോലെയല്ല ഇരുവരുമെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ നാലഞ്ചു വർഷമായി സിനിമയിൽ സജീവമല്ലാതിരുന്ന തന്നെ എല്ലാവരും മറന്നുപോയെന്ന് കരുതിയ സമയത്താണ് സംവിധായകൻ ഷഹദ് അഭിനയിക്കാൻ വിളിച്ചത്. സിനിമയിലേക്ക് തിരിച്ചുവിളിച്ചതിന് ഷഹദിനോട് നന്ദി പറഞ്ഞ ലാൽ ജോസ്, തന്റെ ശബ്ദം കേട്ടാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞതെന്നും തമാശയായി പറഞ്ഞു. ‘ലോകപ്രശസ്തമായ വൃത്തികെട്ട ശബ്ദം’ എന്നായിരുന്നു സ്വന്തം ശബ്ദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രസകരമായ വിശേഷണം.