പെട്രോളിൽ അനുവദനീയമായ എഥനോൾ മിശ്രിതം 20 ശതമാനമാണെന്നിരിക്കെ, സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ 31.2 ശതമാനം വരെ എഥനോൾ കണ്ടെത്തിയതായി കർണാടക സർക്കാർ. വിവിധ ജില്ലകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലബോറട്ടറി പരിശോധനയിലാണ് ഉയർന്ന അളവ് കണ്ടെത്തിയതെന്ന് ഉപഭോക്തൃകാര്യ മന്ത്രി റിസ്വാൻ അർഷാദ് അറിയിച്ചു.
പരിശോധനയിൽ ഐഒസിയുടെ പെട്രോളിൽ 31.2 ശതമാനവും എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും എഥനോൾ കണ്ടെത്തി. സ്വന്തം ലബോറട്ടറി റിപ്പോർട്ടുകളിൽ എഥനോൾ അളവ് വ്യക്തമാക്കാത്ത കമ്പനികളുടെ നടപടിയെയും സർക്കാർ ചോദ്യം ചെയ്തു.
അമിതമായ എഥനോൾ മിശ്രിതം വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതിനും എൻജിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും കാരണമാകുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. കമ്പനികൾക്കെതിരെ നടപടി, ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം, പെട്രോൾ പമ്പുകളിൽ എഥനോൾ അളവ് പ്രദർശിപ്പിക്കൽ എന്നിവയും ആവശ്യപ്പെട്ടു.






