‘പാർവതിയെയും ഉണ്ണിമായയെയും പേടിയായിരുന്നു’തുറന്നുപറഞ്ഞ് ലാൽ ജോസ്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായെത്തി 50 കോടി ക്ലബിൽ ഇടം നേടിയ ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. പാർവതി തിരുവോത്ത്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, വിജയരാഘവൻ, മാത്യു തോമസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ സംവിധായകൻ ലാൽ ജോസും അഭിനയിച്ചിരുന്നു. ഫൊറൻസിക് ഡോക്ടറുടെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. ചിത്രത്തിന്റെ വിജയാഘോഷ വേദിയിൽ സഹതാരങ്ങളെക്കുറിച്ച് ലാൽ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പാർവതിയെയും ഉണ്ണിമായയെയും ഗൗരവക്കാരായാണ് താൻ കരുതിയിരുന്നതെന്നും അവർക്കൊപ്പം അഭിനയിക്കുമ്പോൾ തെറ്റുപറ്റിയാൽ വഴക്കു കേൾക്കേണ്ടിവരുമോ എന്ന് ഭയന്നിരുന്നുവെന്നും ലാൽ ജോസ് പറഞ്ഞു. എന്നാൽ നേരിട്ട് പരിചയപ്പെട്ടതോടെ താൻ കരുതിയതുപോലെയല്ല ഇരുവരുമെന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാലഞ്ചു വർഷമായി സിനിമയിൽ സജീവമല്ലാതിരുന്ന തന്നെ എല്ലാവരും മറന്നുപോയെന്ന് കരുതിയ സമയത്താണ് സംവിധായകൻ ഷഹദ് അഭിനയിക്കാൻ വിളിച്ചത്. സിനിമയിലേക്ക് തിരിച്ചുവിളിച്ചതിന് ഷഹദിനോട് നന്ദി പറഞ്ഞ ലാൽ ജോസ്, തന്റെ ശബ്ദം കേട്ടാണ് പ്രേക്ഷകർ തിരിച്ചറിഞ്ഞതെന്നും തമാശയായി പറഞ്ഞു. ‘ലോകപ്രശസ്തമായ വൃത്തികെട്ട ശബ്ദം’ എന്നായിരുന്നു സ്വന്തം ശബ്ദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രസകരമായ വിശേഷണം.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *