കോവളത്തെ ഡ്രീംസ് സ്‌പായിൽ പതിനാറുകാരി ഒരു വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായും വഴങ്ങാതിരുന്നാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നതായും പെൺകുട്ടി പോലീസിന് മൊഴി നൽകി.
തുടർച്ചയായ പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിനായി ആളുകളെ നിയോഗിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തി. ബെംഗളൂരുവിലുള്ള യുവതിയുടെ സഹായത്തോടെ സ്‌പാ ഉടമ സജിത്താണ് കുട്ടിയെ കോവളത്ത് എത്തിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയുടെ മാതൃസഹോദരി നാഗലക്ഷ്മിയും ഇവരുടെ ആൺസുഹൃത്ത് ഗോപിയും ചേർന്ന് ഒരു വർഷം മുമ്പ് പെൺകുട്ടിയെ കോവളത്തെത്തിച്ചത്. പിന്നീട് സ്‌പാകളിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
പീഡനം സഹിക്കാനാകാതെ സ്‌പായിലെ ജീവനക്കാരനായ കാട്ടാക്കട സ്വദേശിയായ ആൺസുഹൃത്തിനൊപ്പം കുട്ടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ കാണാതായതോടെ നാഗലക്ഷ്മിയും ഗോപിയും കോവളം പോലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്‌പാ ജീവനക്കാരായ സജിത്ത് കുമാറിനെയും നിഷാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും നിലവിൽ റിമാൻഡിലാണ്.
കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജൂലൈ മുതലുള്ള സ്‌പാ സന്ദർശകരുടെ പട്ടിക തയ്യാറാക്കി ഇവരിൽ നിന്ന് പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ നിയമപ്രകാരം നടപടിയെടുക്കാനാണ് നീക്കം. പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ദിവസവും 5,000 രൂപ വരെ എത്തിയിരുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ബാങ്ക് ഇടപാടുകളും ഇടപാടുകാരെ സ്‌പാകളിലെത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്കും പരിശോധിച്ചുവരികയാണ്. മാതൃസഹോദരിയുടെയും ഭർത്താവിന്റെയും കോൾ ഡീറ്റെയിൽ റെക്കോർഡുകളും ശേഖരിച്ചിട്ടുണ്ട്. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.






