സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. 3,897 ഉപഭോക്താക്കളുടെ വിവരങ്ങളാണ് പുറത്തായതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
ഒക്ടോബർ 16-ന് ഇന്റലിജൻസ് സർവീസ് പ്രൊവൈഡർ, ഡിഫൻസ് സൈബർ ഏജൻസി, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) എന്നിവരിൽ നിന്ന് സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതായി ബാങ്ക് വ്യക്തമാക്കി. ചൊവ്വാഴ്ച സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ ഫയലിങ്ങിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചത്.
ഡാർക്ക് വെബിൽ ലഭ്യമായ ഏകദേശം 3.75 ലക്ഷം റെക്കോർഡുകൾ പരിശോധിച്ചതിൽ നിന്നാണ് 3,897 ഉപഭോക്താക്കളുടെ വിവരങ്ങൾ തിരിച്ചറിഞ്ഞത്. പേരുകൾ, മൊബൈൽ നമ്പറുകൾ, ജനനത്തീയതി, ഇമെയിൽ വിലാസം, താമസവിലാസം എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ ഉപഭോക്തൃ തിരിച്ചറിയൽ വിവരങ്ങളും വായ്പാ രേഖകളും പുറത്തായിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. വിവരച്ചോർച്ചയുടെ വ്യാപ്തിയും സ്വഭാവവും കൃത്യമായി വിലയിരുത്താൻ സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ ബാങ്ക് നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വിവരച്ചോർച്ചയുടെ ആഘാതം വിലയിരുത്തുമെന്നും എസ്ബിഐ അറിയിച്ചു. അതേസമയം, ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെ ഈ സംഭവം കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ബാങ്ക് വ്യക്തമാക്കി.
സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യത്തെ ബാങ്കുകളുടെ ഡിജിറ്റൽ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുന്നതാണ് എസ്ബിഐയിലെ വിവരച്ചോർച്ച.






