നവരാത്രി ആഘോഷകാലത്ത് രാജ്യത്ത് വാഹനവിൽപ്പനയിൽ വൻ മുന്നേറ്റം. ഒൻപത് ദിവസത്തിനിടെ 10.32 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മിനിറ്റിൽ ശരാശരി 80 വാഹനങ്ങൾ എന്ന കണക്കിലാണ് വിൽപ്പന നടന്നത്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻസ് (FADA) പുറത്തുവിട്ട കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ നവരാത്രി കാലയളവിനെ അപേക്ഷിച്ച് ഇത്തവണ വാഹനവിൽപ്പനയിൽ 1.95 ശതമാനം വർധനയുണ്ടായി. 2025ൽ ഇതേ കാലയളവിൽ 10.12 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്.
ജി.എസ്.ടി 2.0 പരിഷ്കരണത്തെത്തുടർന്നുണ്ടായ വിലക്കുറവ് വാഹനവിപണിക്ക് അനുകൂലമായെങ്കിലും പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. കാറുകളുടെയും എസ്യുവികളുടെയും വിൽപ്പന കുറഞ്ഞെങ്കിലും മറ്റ് വിഭാഗങ്ങളിലെ വളർച്ച മൊത്തത്തിലുള്ള വിപണിയെ മുന്നോട്ടുനയിച്ചു. ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 5.78 ശതമാനം ഉയർന്ന് 7.60 ലക്ഷം യൂണിറ്റിലെത്തി. നവരാത്രി കാലയളവിലെ ആകെ വിൽപ്പനയുടെ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളുടേതായിരുന്നു.
വാണിജ്യ വാഹനങ്ങളുടെ വിൽപ്പനയിൽ 14.21 ശതമാനം വർധനയുണ്ടായി. ഈ വിഭാഗത്തിൽ 34,120 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ട്രാക്ടർ വിൽപ്പന 8.87 ശതമാനം ഉയർന്ന് 20,912 യൂണിറ്റിലെത്തി. നിർമ്മാണ ഉപകരണങ്ങളുടെ വിൽപ്പന 10.86 ശതമാനം വർധിച്ച് 2,185 യൂണിറ്റായി. അതേസമയം, മുച്ചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 1.65 ശതമാനം ഇടിവുണ്ടായി. ഈ വിഭാഗത്തിൽ 43,057 യൂണിറ്റുകളാണ് വിറ്റഴിച്ചത്.






