ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിൽ രഹസ്യവിവരങ്ങൾ ചോർന്നതായി കണ്ടെത്തി. ബാങ്കിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ബിസിനസ് തന്ത്രങ്ങളും ബാങ്കിന്റെ പ്രവർത്തനത്തെ ബാധിക്കാൻ സാധ്യതയുള്ള നിർണായക വിവരങ്ങളും പുറത്തുവിട്ടതായാണ് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയത്. ചോർന്ന വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.
ബാങ്കിലെ ചില ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചതിനെത്തുടർന്നാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. വിവരചോർച്ചയുടെ വ്യാപ്തി വിലയിരുത്തുന്നതിനായി വിശദമായ അവലോകനവും നടക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് വക്താവ് അറിയിച്ചു.






