ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടുമൊരു രാജമൗലി ചിത്രം; രാമനായി മഹേഷ് ബാബു, കുംഭകര്‍ണ്ണനായി പൃഥ്വിരാജ്!

ഇന്ത്യന്‍ സിനിമയില്‍ ‘റെക്കോര്‍ഡ്’ എന്ന വാക്കിന് പുതിയ നിര്‍വചനം നല്‍കിയ സംവിധായകനാണ് എസ്.എസ്. രാജമൗലി. ‘ബാഹുബലി’, ‘ആര്‍.ആര്‍.ആര്‍’ എന്നീ ആഗോള വിജയങ്ങള്‍ക്ക് ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ബ്രഹ്‌മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വന്‍ തരംഗം സൃഷ്ടിക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നത്.മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രാമായണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അഡ്വഞ്ചര്‍ ഡ്രാമയായിരിക്കും ഈ ചിത്രം. ചിത്രത്തില്‍ ശ്രീരാമന്റെ സമാനമായ സവിശേഷതകളുള്ള, സാഹസികനായ ഒരു നായക കഥാപാത്രമായ രുദ്രയായിട്ടാണ് മഹേഷ് ബാബു എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണിത്. കുംഭകര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന് സമാനമായ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ‘സലാര്‍’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ പാന്‍-ഇന്ത്യന്‍ മാര്‍ക്കറ്റ് ഉയര്‍ത്തുന്നതായിരിക്കും ഈ കഥാപാത്രം.പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ മന്ദാകിനിയായി വേഷമിടുന്നത്.ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍സും ആഫ്രിക്കന്‍ കാടുകളിലെ സാഹസികതയും നിറഞ്ഞ ഈ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ മുന്‍ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

‘കറുപ്പ്’ ഇനി ഒടിടിയില്‍… സ്ട്രീമിങ് തീയതി പുറത്ത്!

സൂര്യയുടെ കരിയറിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘കറുപ്പ്’ ഇനി ഒടിടിയിലേക്ക്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി ഔദ്യോഗികമായി പുറത്തുവന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ 12 മുതല്‍ചിത്രം പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.മെയ് 15-ന് തിയേറ്ററുകളിലെത്തിയ ‘കറുപ്പ്’ നാലാഴ്ച പിന്നിടുമ്പോഴും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതിനോടകം തന്നെ ചിത്രം 300 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ഇതോടെ 2026-ല്‍ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ‘കറുപ്പിന്’ സ്വന്തം. ആര്‍. ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം തൃഷയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ മലയാളി താരങ്ങളായ ഇന്ദ്രന്‍സ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

9 കോടിയുടെ പടംനേടിയത് 1400 കോടി…ബോക്സ് ഓഫീസിൽ കോടികൾ വാരി ‘ഒബ്സെഷൻ’…

ഒരുപാട് സ്‌നേഹിക്കുന്ന, കെയറിങ് ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ‘ഒബ്‌സെഷന്‍’ എന്ന ചിത്രം കണ്ടവരുടെ മനസ്സില്‍ ഒന്നേയുള്ളൂ; ഇങ്ങനെ ഒരു പങ്കാളിയെ ആര്‍ക്കും കൊടുക്കരുതേ എന്ന്. ഒരു വ്യക്തിക്ക് മറ്റൊരാളോട് തോന്നുന്ന അമിതമായ ഭ്രമം, അല്ലെങ്കില്‍ സൈക്കോപതിക് ആയ പ്രണയം എങ്ങനെ അവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതം തകര്‍ക്കുന്നു എന്ന് പറയുന്ന ഒരു ഹൊറര്‍- സൈക്കോളജിക്കല്‍ ത്രില്ലറാണിത്. മേയ് 15ന് തിയേറ്ററിലെത്തിയ ഈ ചിത്രത്തിന് വെറും ഒന്‍പത് കോടിക്ക് താഴെ മാത്രമാണ് ചിലവ് വന്നത്. പരിചിതമായ വന്‍ താരനിരയൊന്നും അണിനിരക്കാതെ തന്നെ ഈ ചിത്രം ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ നാന്നൂറ് കോടി കടന്നിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്തത് യൂട്യൂബറായ കറി ബാര്‍ക്കറാണ്. സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിട്ടും ഇന്ത്യയില്‍ മികച്ച ഓപ്പണിങ്ങാണ് ഒബ്‌സെഷന് ലഭിക്കുന്നത്. താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദേ നവറെറ്റെയും മൈക്കിള്‍ ജോണ്‍സ്റ്റണും ആണ്. സാധാരണവും സമാധാനപരവുമായ ഒരു ജീവിതം നയിക്കുന്ന നായകനും നായികയും. തുടക്കത്തില്‍ ആകര്‍ഷണീയമായി തോന്നുന്ന ഈ വ്യക്തിത്വം പതുക്കെപ്പതുക്കെ ഒരു ഭ്രാന്തമായ ഒബ്‌സെഷനിലേക്ക് മാറുന്നു. സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ ഒരാളെ സ്‌നേഹിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന് പറയുന്ന ചിത്രം, അത് ‘കണ്‍സെന്റ് ഹൊറര്‍’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരവസ്ഥയിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു. ഒബ്‌സെസീവ് ആയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെയും നടിയുടെയും പ്രകടനം ചിത്രത്തില്‍ എടുത്തുപറയേണ്ടതാണ്. സ്‌നേഹത്തില്‍ നിന്നും പെട്ടെന്ന് വില്ലത്തരത്തിലേക്ക് മാറുന്ന ഭാവമാറ്റങ്ങള്‍ മനോഹരമായി ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന് വേണ്ട ആകാംഷയും ഭയവും ജനിപ്പിക്കുന്നതില്‍ ബിജിഎം വലിയ പങ്കുവഹിച്ചു.ഇത്തരം ഒബ്‌സെഷന്‍ സിനിമകളില്‍ സാധാരണയായി കാണാറുള്ള ചില ക്ലീഷേ രംഗങ്ങള്‍ ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി ഊഹിക്കാന്‍ സാധിക്കും. സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒട്ടും നിരാശപ്പെടാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ചിത്രമാണിത്.

നടൻ സലിം കുമാർ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ, പ്രാർത്ഥനയോടെ സിനിമാലോകം!

നടനും സംവിധായകനുമായ സലിം കുമാറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹത്തെ നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്.ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ഗുരുതരമായ കരൾ രോഗബാധയെ തുടർന്ന് സലിം കുമാർ ചികിത്സയിലായിരുന്നു. തുടർന്ന് അദ്ദേഹം വിജയകരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. തനിക്ക് ബാധിച്ച ലിവർ സിറോസിസ് രോഗം മദ്യപാനം മൂലമുണ്ടായതല്ലെന്നും, പാരമ്പര്യമായി വന്നതാണെന്നും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. രോഗത്തിന്റെ തുടക്കകാലത്ത് വ്യാജ ചികിത്സകർക്ക് പിന്നാലെ പോകേണ്ടി വന്നത് തന്റെ ആരോഗ്യം കൂടുതൽ വഷളാക്കിയതായും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ആരോഗ്യപരമായ കടുത്ത വെല്ലുവിളികൾക്കിടയിലും പൊതുപരിപാടികളിലും രാഷ്ട്രീയ വേദികളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി അദ്ദേഹം സജീവമായി രംഗത്തിറങ്ങിയിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളും നടക്കാനുള്ള പ്രയാസങ്ങളും പ്രകടമായിരുന്നിട്ടും പറവൂരിൽ വി.ഡി. സതീശന്റെ വിജയത്തിന് ശേഷം സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ഉൾപ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ താരത്തിന്റെ പെട്ടെന്നുള്ള രോഗവിവരം അറിഞ്ഞ് സിനിമാ സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ ലക്ഷക്കണക്കിന് മലയാളികളാണ് പ്രിയ നടന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുന്നത്. ആശുപത്രി അധികൃതരിൽ നിന്നുള്ള ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഡാർക്ക് ഹ്യൂമറിലൂടെ ബോക്സ് ഓഫീസ് പിടിച്ച് നസ്‌ലെൻ’; തിയേറ്ററുകളിൽ ചിരിപൂരം തീർത്ത് ‘മോളിവുഡ് ടൈംസ്’

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ തന്നെ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പക്കാ ഡാർക്ക് ഹ്യൂമർ എന്റർടൈനറാണ് ചിത്രം എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. നസ്‌ലെന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്ന് പ്രേക്ഷകർ അടിവരയിടുന്നു. സംവിധായകനാവാൻ കൊതിക്കുന്ന ‘വിനീത് മാധവൻ’ എന്ന യുവാവിന്റെ കഥയും അയാളുടെ സിനിമായാത്രയുമാണ് ചിത്രം പറയുന്നത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കിയ ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ സംവിധാന മികവും എടുത്തുപറയേണ്ടതാണ്. ഷറഫുദ്ധീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ഒരു മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കാൻ ക്യാമറയ്ക്ക് മുന്നിലും പിന്നിലും വലിയൊരു അണിയറപ്രവർത്തകരുടെ നിര തന്നെയുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും നിധിൻ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മേക്കപ്പിൽ റോണെക്സ് സേവ്യറും, വസ്ത്രാലങ്കാരത്തിൽ മാഷർ ഹംസയും, വിഎഫ്എക്സിൽ ഡിജി ബ്രിക്സും തങ്ങളുടെ മികവ് പുലർത്തിയപ്പോൾ ശ്രീക് വാരിയറുടെ കളറിംഗും ചിത്രത്തിന് കൂടുതൽ മിഴിവേകി. ചുരുക്കത്തിൽ, ഈ വാരം തിയേറ്ററുകളിൽ തകർക്കാൻ പോകുന്ന ഒന്നാന്തരം സിനിമാ വിരുന്ന് തന്നെയാണ് ‘മോളിവുഡ് ടൈംസ്’ എന്ന കാര്യം ഉറപ്പാണ്.

തിയേറ്ററിൽ മാസ്സ് എൻട്രി; ‘പെഡി’ ആദ്യ ദിനം 100 കോടി ക്ലബ്ബില്‍

ഗെയിം ചേഞ്ചറിന് ശേഷം ആഗോള ബോക്‌സ് ഓഫീസ് പിടിച്ച് റാം ചരണിന്റെ പാന്‍ ഇന്ത്യന്‍ മാസ്സ് എന്‍ട്രി. റാം ചരണിന്റെ മുന്‍ ചിത്രങ്ങളുടെ ഓപ്പണിംഗ് റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പെഡി മുന്നേറുന്നത്. ഒരു കൊച്ചു ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍, അവിടെയുള്ള നിവാസികളുടെ അവകാശത്തിനും അസ്തിത്വത്തിനും വേണ്ടി പോരാടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്. കഥയുടെ പൂര്‍ണ്ണ നിയന്ത്രണവും റാം ചരണിന്റെ കൈകളിലാണ്. ഗ്രാമത്തിന്റെ രക്ഷകനായി എത്തുന്ന ‘പെഡി’ എന്ന യുവാവായാണ് റാം ചരണ്‍ എത്തുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നീ മൂന്ന് വ്യത്യസ്ത കായിക ഇനങ്ങളിലൂടെയാണ് പെഡി തന്റെ ഗ്രാമത്തിനായി പോരാടുന്നത്. ഇതിനായി റാം ചരണ്‍ നടത്തിയ ശാരീരിക മാറ്റവും സ്‌ക്രീനിലെ പ്രകടനവും പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തും. സൂപ്പര്‍ഹിറ്റ് ചിത്രം ‘രംഗസ്ഥല’ത്തിന് ശേഷം റാം ചരണ്‍ കാഴ്ചവെച്ച ഏറ്റവും മികച്ച വൈകാരിക പ്രകടനമാണ് ഈ ചിത്രത്തിലേത്. ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ വളരെ വൈകാരികമായാണ് അവതരിപ്പിക്കുന്നത്. ഗ്രാമീണര്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ചുള്ള സന്ദേശം ക്ലൈമാക്‌സില്‍ വ്യക്തമായി പ്രതിഫലിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു. റഹ്‌മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ഇമോഷണല്‍ രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ‘മസ്സ മസ്സ’ എന്ന പാട്ടും പ്രീ-ഇന്റര്‍വെല്‍ സീക്വന്‍സും തിയേറ്ററില്‍ വലിയ കയ്യടി നേടുന്നുണ്ട്.പെഡിയുടെ ഗുസ്തി പരിശീലകനായി എത്തുന്ന കന്നഡ താരം ശിവ രാജ്കുമാര്‍, ഗ്രാമത്തലവനായി എത്തുന്ന ജഗപതി ബാബു എന്നിവരുടെ പ്രകടനം ചിത്രത്തിന് വലിയ കരുത്തേകുന്നു.റഹ്‌മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും സിനിമയുടെ ഇമോഷണല്‍ രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ‘മസ്സ മസ്സ’ എന്ന പാട്ടും പ്രീ-ഇന്റര്‍വെല്‍ സീക്വന്‍സും തിയേറ്ററില്‍ വലിയ കയ്യടി നേടുന്നുണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുമ്പോഴും ആരാധകര്‍ക്കിടയില്‍ ഒരു ചെറിയ വിയോജിപ്പുമുണ്ട്. ജാന്‍വി കപൂര്‍ അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന കഥാപാത്രവും റാം ചരണുമായുള്ള പ്രണയരംഗങ്ങളുമാണ് ചിത്രത്തിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത്. ജാന്‍വിയുടെ കഥാപാത്രത്തിന് കഥയില്‍ വലിയ പ്രാധാന്യമില്ലെന്നും, വെറുമൊരു ഗ്ലാമര്‍ പ്രദര്‍ശനത്തിനായി മാത്രമാണ് നായികയെ ഉപയോഗിച്ചതെന്നുമുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ചെറിയ ചില പോരായ്മകള്‍ മാറ്റിനിര്‍ത്തിയാല്‍, തിയേറ്ററില്‍ ഫാമിലിയോടൊപ്പം ആസ്വദിക്കാനും രോമാഞ്ചം കൊള്ളാനും സാധിക്കുന്ന മികച്ചൊരു അനുഭവമാണ് ‘പെഡി’. വരും ദിവസങ്ങളില്‍ ബോക്‌സ് ഓഫീസില്‍ ഈ ചിത്രം വലിയ ചരിത്രം കുറിക്കുമെന്ന് ഉറപ്പാണ്.

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘അതിമനോഹരം’ പൂജ റിലീസിനില്ല; പുതിയ റിലീസ് തീയതി ഇങ്ങനെ

മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രമായ ‘അതിമനോഹരം’ ഒക്ടോബറിലെ പൂജ റിലീസായി തിയേറ്ററുകളില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് റിലീസ് മാറ്റിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. പുതിയ വിവരങ്ങള്‍ അനുസരിച്ച് ചിത്രം ഡിസംബര്‍ മാസത്തില്‍ തീയേറ്ററുകളിലേക്ക് എത്തിയേക്കും. ക്രിസ്മസ് റിലീസായി ചിത്രം എത്തിക്കാനുള്ള സാധ്യതകളും അണിയറപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ്വിവരം. അതിനുശേഷമായിരിക്കും വിപുലമായ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കുക. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ വലിയ ഹൈപ്പാണ് സിനിമയ്ക്കുള്ളത്. എല്‍.ജെ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഒരു സാധാരണക്കാരനായ കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. റിലീസ് തീയതി നീട്ടിയത് ആരാധകരെ ഒരല്പം നിരാശരാക്കുമെങ്കിലും, തികച്ചും പെര്‍ഫെക്റ്റായ ഒരു ഔട്ട്പുട്ടുമായി പ്രേക്ഷകരിലേക്ക് എത്താനാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും സംഘവും ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്.

കേരള ബോക്സ് ഓഫീസ് കീഴടക്കി അന്യഭാഷാ ചിത്രങ്ങൾ; റെക്കോർഡ് നേട്ടത്തിൽ സൂര്യയും അർജുനും മൈക്കലും

2026 കേരള ബോക്‌സ് ഓഫീസ് ഒരു വസന്തകാലമായി തുടരവേ, തിയേറ്ററുകളിൽ മലയാള സിനിമകൾക്കൊപ്പം അന്യഭാഷാ ചിത്രങ്ങളും വെന്നിക്കൊടി പാറിക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. തമിഴ്, ഹിന്ദി, ഹോളിവുഡ് ചിത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി കോടികളാണ് കേരള മണ്ണിൽ നിന്ന് കൊയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് മക്കൾ സെൽവൻ സൂര്യ നായകനായി എത്തിയ ‘കറുപ്പ്’ കേരളത്തിൽ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത തരംഗമാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം വെറും 20 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 14.21 കോടി രൂപയാണ്. ആഗോള ബോക്‌സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു. ബോളിവുഡ് സൂപ്പർസ്റ്റാർ രൺവീർ സിംഗിന്റെ ‘ധുരന്ദർ 2’ ഇതിനൊപ്പം വെന്നിക്കൊടി പാറിക്കുന്നുണ്ട്. രൺവീറിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിലൊന്നെന്ന് പ്രേക്ഷകർ വിധിയെഴുതിയ ചിത്രം 45 ദിവസം കൊണ്ട് 19.22 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് തുണയായി. പോപ്പ് കിങ് മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന ‘മൈക്കൽ’ എന്ന ഹോളിവുഡ് ചിത്രത്തിനും കേരളം ഇരു കൈയും നീട്ടിയാണ് സ്വീകരണം നൽകിയത്. ആഗോള ബോക്‌സ് ഓഫീസിൽ 858 മില്യൺ ഡോളർ വാരിയ ചിത്രം കേരളത്തിൽ നിന്ന് 3.87 കോടി രൂപ കളക്ട് ചെയ്തു. ഇതിൽ ജാഫർ ജാക്സൺ, നിയ ലോംഗ് എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന മറ്റൊരു തമിഴ് ചിത്രമാണ് ‘ബ്ലാസ്റ്റ്’. അർജുൻ, പ്രീതി മുകുന്ദൻ, അഭിരാമി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഹൗസ് ഫുൾ ഷോകളോടെയാണ് മുന്നേറുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ 6.36 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 27 കോടിയും ആഗോളതലത്തിൽ 34 കോടിയോളം രൂപയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.

കുഞ്ഞൂഞ്ഞിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; മമ്മൂക്ക ഉമ്മൻചാണ്ടിയാകണമെന്ന ആഗ്രഹം പങ്കുവെച്ച് മകൻ ചാണ്ടി ഉമ്മൻ

​തന്റെ മനസ്സിലെ സിനിമാമോഹങ്ങളും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ബയോപിക്കിനെക്കുറിച്ചുമുള്ള വിശേഷങ്ങളും പങ്കുവെച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. പ്രശസ്ത സംവിധായകൻ നാദിർഷയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ​”സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോ?” എന്ന നാദിർഷയുടെ ചോദ്യത്തിന് ചിരിയോടെയായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.​”ആലോചിക്കാം… വേണ്ടെന്ന് വെച്ചിരിക്കുവാ, വേണമെങ്കിൽ ആലോചിക്കാം. വില്ലൻ റോൾ മതി. ആരെങ്കിലും വിളിക്കണ്ടേ. വിളിച്ചാൽ അല്ലേ പോകാൻ പറ്റൂ.”​ഉടൻ തന്നെ “ഞാൻ വിളിച്ചാൽ വരുമോ?” എന്ന് നാദിർഷ ചോദിച്ചപ്പോൾ, “വരാം” എന്ന് ചാണ്ടി ഉമ്മൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് “ഞാനൊരു ആവേശത്തിൽ പറഞ്ഞതാണെന്ന്” പറഞ്ഞ് ഒഴിയില്ലല്ലോ എന്ന് നാദിർഷ തമാശയായി ചോദിച്ചപ്പോൾ, താനും തമാശയ്ക്കാണ് പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ​ഒപ്പം വെള്ളിത്തിരയിൽ ഉമ്മൻ ചാണ്ടിയുടെ ജീവിതം ഒരു സിനിമയാക്കണമെന്ന ആഗ്രഹവും ചാണ്ടി ഉമ്മൻ പങ്കുവെച്ചു. സിനിമയുടെ പേര് ‘ഉമ്മൻ ചാണ്ടി’ എന്ന് തന്നെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനനായകൻ ഉമ്മൻ ചാണ്ടിയായി വെള്ളിത്തിരയിൽ എത്താൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണ്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക, ഒപ്പം അദ്ദേഹത്തിന്റെ ജനകീയ രാഷ്ട്രീയ പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നിവയാണ് ഈ സിനിമയിലൂടെ താൻ ലക്ഷ്യം വെക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ദൃശ്യം 3യെ വെട്ടിവീഴ്ത്തി ‘ബ്ലാസ്റ്റ്’കേരളത്തിലും തമിഴിലും ഒരുപോലെ തരംഗം!

ബോക്‌സ് ഓഫീസില്‍ ദൃശ്യം 3യെ വിറപ്പിച്ചുകൊണ്ട് ആക്ഷന്‍ കിംഗ് അര്‍ജുന്റെ പവര്‍പാക്ക് പ്രകടനം. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ മാറി. അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്.കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ, ഇതിനോടകം കേരളത്തില്‍ നിന്ന് മാത്രം 2.60 കോടി നേടിക്കഴിഞ്ഞു.പ്രീതി മുകുന്ദന്‍, അഭിരാമി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും രവി ബസ്റൂരിന്റെ മാസ്സ് സംഗീതവും ചിത്രത്തെ വേറെ ലെവലിലാണ് എത്തിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും ബ്ലാസ്റ്റാണ്. വെറൈറ്റി ഇന്ത്യയുടെ കണക്ക് പ്രകാരം വെള്ളി മുതല്‍ ഞായര്‍ വരെയുള്ള 3 ദിനങ്ങളില്‍ 13.95 കോടിയാണ് ബ്ലാസ്റ്റ് നേടിയത്.മറാഠി ചിത്രം ഡിയോള്‍ ബന്ദ് 2 ആണ് രണ്ടാം സ്ഥാനത്തുള്ളത്.13.85 കോടിയാണ് ചിത്രം നേടിയത്. മൂന്നാം സ്ഥാനത്തുള്ള ദൃശ്യം 3 നേടിയത് 13.40 കോടിയും സൂര്യയുടെ തമിഴ് ചിത്രം കറുപ്പ് നാലാം സ്ഥാനത്തുമാണുള്ളത് .