പുതിയ ചിത്രത്തിന്റെ പ്രീമിയറിനായി ക്രിസ്റ്റഫർ നോളൻ മുംബൈയിലേക്ക്; ടിക്കറ്റുകൾ മിനിറ്റുകൾക്കകം വിറ്റുതീർന്നു

ഹോളിവുഡ് സിനിമാപ്രേമികൾക്ക് ആവേശ വാർത്തയുമായി വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ ഇന്ത്യയിലേക്ക്. ഏറ്റവും പുതിയ ചിത്രമായ ‘ദി ഒഡീസി’യുടെ ആഗോള പ്രീമിയർ ഷോയുടെ ഭാഗമായാണ് നോളൻ അടുത്ത മാസം മുംബൈയിലെത്തുന്നത്. ലണ്ടൻ, പാരീസ്, ന്യൂയോർക്ക് എന്നീ ലോക നഗരങ്ങൾക്കൊപ്പം മുംബൈയെയും ഈ ഗ്ലോബൽ ടൂറിന്റെ ഭാഗമായി യൂണിവേഴ്സൽ പിക്ചേഴ്സ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഒരു നോളൻ ചിത്രത്തിന്റെ പ്രീമിയർ ഷോ നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നോളനൊപ്പം ചിത്രത്തിലെ പ്രധാന താരങ്ങളായ മാറ്റ് ഡാമൺ, ടോം ഹോളണ്ട്, നിർമാതാവ് എമ്മ തോമസ് എന്നിവരും മുംബൈയിലെ ചടങ്ങിൽ പങ്കാളികളാകും.ഹോമറിന്റെ പ്രശസ്തമായ ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും ഐമാക്സ് (IMAX) കാമറകളിൽ മാത്രം ചിത്രീകരിച്ച ആദ്യ ഫീച്ചർ ഫിലിം കൂടിയാണ്. ആൻ ഹാതവേ, റോബർട്ട് പാറ്റിൻസൺ, സെൻഡയ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ജൂലൈ 17-ന് ലോകമെമ്പാടും റിലീസ് ചെയ്യുന്ന സിനിമയുടെ മുംബൈയിലെ പ്രീമിയർ ടിക്കറ്റുകൾക്ക് 3,300 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാൽ ഈ റെക്കോർഡ് നിരക്കിലും ബുക്കിങ് ആരംഭിച്ച് മിനിറ്റുകൾക്കകം തന്നെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു എന്നത് ക്രിസ്റ്റഫർ നോളൻ ചിത്രങ്ങൾക്ക് ഇന്ത്യൻ പ്രേക്ഷകർക്കിടയിലുള്ള വൻ സ്വീകാര്യതയാണ് വീണ്ടും തെളിയിക്കുന്നത്.
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങളോ അതോ പുതിയ സിനിമയുടെ പ്രൊമോഷനോ? നസ്രിയ പങ്കുവെച്ച ‘റെഡ് ഫ്ലാഗ്’ പോസ്റ്റ് വൈറൽ

നടി നസ്രിയ നസീം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വരികൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. “റെഡ് ഫ്ലാഗുകൾക്ക്പിന്നാലെ ഓടുന്ന കാളയുടെ അവസ്ഥയെക്കുറിച്ച് ഞാൻ മുൻപ് ആലോചിക്കാറുണ്ടായിരുന്നു,എന്നാൽ ഇപ്പോൾ ഞാനും അത് തന്നെയാണ് ചെയ്യുന്നത്” എന്നായിരുന്നു താരം പങ്കുവെച്ച പോസ്റ്റ്. സാധാരണയായി ജീവിതത്തിലോ ബന്ധങ്ങളിലോ ഉള്ള മോശം സ്വഭാവങ്ങളെയും അപകടങ്ങളെയും സൂചിപ്പിക്കാനാണ് സോഷ്യൽ മീഡിയയിൽ ‘റെഡ് ഫ്ലാഗ്’ എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെച്ച ഈ വരികൾ കണ്ട് നസ്രിയയുടെ വ്യക്തിജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന ആശങ്കയിലാണ് ആരാധകർ. എന്നാൽ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം പങ്കുവെച്ച ഒരു പ്രൊമോഷൻ പോസ്റ്റ് മാത്രമാണിതെന്നാണ് സിനിമാ ലോകത്തുനിന്നുള്ള സൂചനകൾ.
20+ ഫൈറ്റ് സീനുകള്‍! മലയാള സിനിമയെ വിറപ്പിക്കാന്‍ ആസിഫ് അലിയുടെ ‘ടിക്കി ടാക്ക’

മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു തകര്‍പ്പന്‍ ആക്ഷന്‍ ചിത്രത്തിന് കളമൊരുക്കുകയാണ് ടീം ‘ടിക്കി ടാക്ക’. ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക’യുടെ ഏറ്റവും പുതിയ അപ്ഡേറ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തില്‍ 20-ലധികം കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സംവിധായകന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.മലയാളത്തിലെ പതിവ് ആക്ഷന്‍ ഫോര്‍മുലകളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും ‘ടിക്കി ടാക്ക’ എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ മേക്കോവറിലാണ് ആസിഫ് അലി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വലിയ രീതിയിലുള്ള ബോഡി ട്രാന്‍സ്‌ഫോര്‍മേഷനാണ് താരം ചിത്രത്തിനായി നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണെന്ന് ആസിഫ് അലിയുടെ പിറന്നാള്‍ പ്രമാണിച്ച് ഇറങ്ങിയ മാസ്സ് പ്രൊമോ വീഡിയോയിലൂടെ താരം വ്യക്തമാക്കിയിരുന്നു.കേവലം ഒരു മലയാളം സിനിമ എന്നതിനപ്പുറം വലിയ ക്യാന്‍വാസിലാണ് ടിക്കി ടാക്ക ഒരുങ്ങുന്നത്. ബോളിവുഡിലെ വമ്പന്‍മാരായ ടി-സീരീസും പനോരമ സ്റ്റുഡിയോസും ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളാണ്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ‘ദൃശ്യം 2’ സംവിധാനം ചെയ്ത അഭിഷേക് പതക് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് എന്നതും സിനിമയുടെ ഹൈപ്പ് കൂട്ടുന്നു. ചിത്രത്തില്‍ ആസിഫ് അലി,ലുക്മാന്‍ അവറാന്‍,നസ്ലെന്‍,വാമിഖ ഗബ്ബി,സഞ്ജന നടരാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സും സിജു മാത്യു, നേവിസ് സേവ്യര്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നിയോഗ് കൃഷ്ണ, ഫിറോസ് നജീബ്, യദു പുഷ്പാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ തിയേറ്ററുകളെ പൂരപ്പറമ്പാക്കാന്‍ ‘ടിക്കി ടാക്ക’ എത്തുമെന്നാണ് സൂചനകള്‍.
പുള്ളുവൻ പാട്ടിന്റെ ഈണത്തിൽ “റെയ്സ് ഓഫ് നാഗ”; ‘ഭാസ്കരഭരണം’ സിനിമയിലെ ആദ്യ ഗാനം പുറത്ത്

‘സ്ഫടികം’ എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ഭാസ്കരഭരണം’ റിലീസിന് ഒരുങ്ങുന്നു. ‘തീവ്രം’, ‘യൂ ടു ബ്രൂട്ടസ്’ എന്നീ സിനിമകൾക്ക് ശേഷം രൂപേഷ് പീതാംബരൻ സംവിധായകനാകുന്ന ചിത്രമാണിത്. സിനിമയുടേതായി ഇപ്പോൾ പുറത്തുവന്ന ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. “റെയ്സ് ഓഫ് നാഗ” എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം പുള്ളുവൻ പാട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അരുൺ കെ. നാരായണിന്റെ വരികൾക്ക് ഗോഡ്‌വിൻ തോമസ് ആണ് ഈണം പകർന്നിരിക്കുന്നത്. ഫൗസിയ വില്ലോയാണ് ഈ വ്യത്യസ്തമായ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ മ്യൂസിക് ലേബലായ പനോരമ മ്യൂസിക് ആണ്. അമ്മയും മകനും, എന്തിന് വീട്ടിലെ ജോലിക്കാരൻ വരെ ചേർന്ന് അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന ദൃശ്യങ്ങളുമായി ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഇതൊരു ഡാർക്ക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ജൂൺ 26-ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
സെൻസർ ബോർഡിനെവെല്ലുവിളിച്ചു മോളിവുഡ് ടൈംസ്!ചിത്രം തെറിയോടെ തിയേറ്ററിൽ പ്രദർശിപ്പിച്ചു..

തിയേറ്ററുകളിൽ വൻ ജനപ്രീതി നേടി മുന്നേറുന്ന നസ്‌ലെൻ ചിത്രം ‘മോളിവുഡ് ടൈംസ്’ പുതിയൊരു വിവാദത്തിൽ.സെൻസർ ബോർഡിനെ കബളിപ്പിച്ച് ചിത്രത്തിലെ തെറി വിളിക്കുന്ന ഭാഗം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.സെൻസറിങ് സമയത്ത് ‘തെറി’ ഭാഗങ്ങൾ മ്യൂട്ട് ചെയ്താണ് ചിത്രത്തിന് ബോർഡ് അനുമതി നൽകിയത്. എന്നാൽ തിയേറ്ററുകളിൽ ചിത്രം എത്തിയപ്പോൾ മ്യൂട്ട് ചെയ്ത ഭാഗങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം സെൻസർ ബോർഡ് കട്ട് ചെയ്തതോ മ്യൂട്ട് ചെയ്തതോ ആയ ഭാഗങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാം.സംഭവത്തിൽ സെൻസർ ബോർഡ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ നിന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം ചിത്രത്തിന്റെ നിർമ്മാതാവിന് നോട്ടീസ് അയക്കാനാണ് ബോർഡിന്റെ തീരുമാനം. വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ ആഗോളതലത്തിൽ 15 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് സൂചന. തിയേറ്റർ റണ്ണിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുക.
കാളകൂറ്റന്മാർക്ക് നടുവിൽ ‘കൃഷ്ണൻകുട്ടി’! ഞെട്ടിച്ച് ഇന്ദ്രൻസ്; ‘അനന്തൻ കാട്’ പുതിയ പോസ്റ്റർ പുറത്ത്

‘അനന്തൻ കാട്’ സിനിമയുടെ പുത്തൻ അപ്ഡേറ്റ് എത്തി! മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഇന്ദ്രൻസിന്റെ മാസ്മര ലുക്കിലുള്ള പുതിയ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘കൃഷ്ണൻകുട്ടി’ എന്ന ശക്തമായ കഥാപാത്രമായാണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്. കാളകൂറ്റന്മാർക്ക് നടുവിൽ, നെറ്റിയിൽ ഭസ്മക്കുറിയുമായി നിൽക്കുന്ന ഇന്ദ്രൻസിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ‘ടിയാൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘അനന്തൻ കാട്’. തിരുവനന്തപുരത്തിന്റെ പഴയകാല ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു അത്യപൂർവ്വ ദൃശ്യവിരുന്നായിരിക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന. മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. തമിഴ് താരം ആര്യ ചിത്രത്തിൽ നായകനായി എത്തുന്നു. ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ, ദേവ് മോഹൻ, ‘പുഷ്പ’ ഫെയിം സുനിൽ, അപ്പാനി ശരത്, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജൂൺ 25-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ബോക്‌സ് ഓഫീസിൽ രാം ചരൺ തരംഗം; ‘പെദ്ധി’ 300 കോടിയിലേക്ക്…

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി തീയേറ്ററുകളിൽ എത്തിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്‌സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറ്റെടുത്ത ചിത്രം ഇതിനോടകം തന്നെ പുതിയ റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്ൽകിന്റെ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇതുവരെ 279.35 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. ഇതിൽ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ മാത്രം 229.95 കോടി രൂപ വരും. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ 181 കോടിയോളം രൂപ വാരിയ ചിത്രം മൂന്നാം ദിനത്തിലും ആധിപത്യം തുടർന്നു. മൂന്നാം ദിവസം മാത്രം 55 കോടിയോളം രൂപയാണ് ചിത്രം ആഗോള ഗ്രോസ് ഇനത്തിൽ നേടിയത്. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓവർസീസ് കളക്ഷനിലും ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് നിലവിലെ സൂചനകൾ. കേരളത്തിലും തമിഴ്‌നാട്ടിലും പ്രമുഖ വിതരണക്കാരായ തിങ്ക് സ്റ്റുഡിയോസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഇരു സംസ്ഥാനങ്ങളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
ഭക്ഷണം, ഉറങ്ങാനൊരിടം, ഒരു കൂട്ട്… ഇതാണ് മനുഷ്യന് വേണ്ടത്; ശ്രദ്ധേയമായി ‘നൂറു സ്വാമി’ ട്രെയിലർ

വിജയ് ആന്റണിയും സംവിധായകൻ ശശിയുമൊന്നിക്കുന്ന ‘നൂറു സ്വാമി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായി മലയാളി താരങ്ങളായ സ്വാസികയും ലിജോമോളും എത്തുന്നുണ്ട്. ‘സെൽവി’ എന്ന കഥാപാത്രത്തിലൂടെ വീണ്ടും തമിഴകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് സ്വാസിക. വിധവയായ അമ്മയായാണ് താരം ചിത്രത്തിലെത്തുന്നത്. കരുണാസ്, അജയ് ദിഷൻ എന്നിങ്ങനെ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. “ഭക്ഷണം, ഉറങ്ങാനൊരിടം, ഒരു കൂട്ട് എന്നിവയാണ് മനുഷ്യന് വേണ്ടത്” എന്ന ലിജോമോളിന്റെ സംഭാഷണത്തോടെയാണ് ട്രെയിലർ തുടങ്ങുന്നത്.വിജയ് ആന്റണി പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. എസ്.ബി. ദർശൻ കിർലോഷ് ഛായാഗ്രഹണവും ഹാരിഷ് യുവരാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രം ജൂൺ 19ന് തിയറ്ററുകളിലെത്തും.
‘അമ്മ’യില്‍ വീണ്ടും പൊട്ടിത്തെറി; ടിനി ടോമിനെതിരെ കടുത്ത ആരോപണങ്ങളുമായി അന്‍സിബ!

മലയാള സിനിമയെയും താരസംഘടനയായ ‘അമ്മ’യെയും വീണ്ടും ഉലച്ചുകൊണ്ട് നടി അന്‍സിബ ഹസന്‍ രംഗത്ത്. നടന്‍ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. വ്യക്തിവൈരാഗ്യം തീര്‍ക്കാനായി തനിക്കെതിരെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കുടുംബത്തെപ്പോലും നീചമായ രീതിയില്‍ അധിക്ഷേപിച്ചുവെന്നും അന്‍സിബ വെളിപ്പെടുത്തി.കേസിൽ കൊച്ചി കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തി മൂന്ന് മണിക്കൂറോളം നീണ്ട വിശദമായ മൊഴി നൽകിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിലും കേരള സര്‍ക്കാര്‍ നീതിക്കൊപ്പമേ നില്‍ക്കൂ എന്ന പ്രത്യാശയും അന്‍സിബ പങ്കുവെച്ചു.ടിനി ടോം തനിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയെന്ന് അന്‍സിബ ആരോപിക്കുന്നു.ടിനിയുടെ ഡ്രൈവര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, സ്വന്തം മകന്‍ എന്നിവരെയൊക്കെ അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചു എന്ന രീതിയിലായിരുന്നു പ്രചാരണം. ഒപ്പം വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള പല പരാമര്‍ശങ്ങളും തനിക്കെതിരെ പറഞ്ഞെന്നും അന്‍സിബ ആരോപിക്കുന്നു. തനിക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ ഉണ്ടായ പോലീസിന്റെ സമീപനത്തിനെതിരെയും അന്‍സിബ ശക്തമായി പ്രതികരിച്ചു.എന്നാല്‍, നടി ലക്ഷ്മിപ്രിയ നല്‍കിയ തികച്ചും നിസ്സാരമായ ഒരു വ്യാജപരാതിയുടെ പേരില്‍ തൃപ്പൂണിത്തുറ വനിതാ പോലീസ് സെല്‍ തനിക്കെതിരെ അതിവേഗം നടപടിയെടുത്തുവെന്ന് അന്‍സിബ ചൂണ്ടിക്കാട്ടി. ലക്ഷ്മിപ്രിയയും ഭര്‍ത്താവും വനിതാ സബ് ഇന്‍സ്‌പെക്ടറും ചേര്‍ന്ന് സ്റ്റേഷനില്‍ വെച്ച് തന്നെ മാനസികമായി പീഡിപ്പിച്ചതായും അന്‍സിബ വെളിപ്പെടുത്തി. ഇത്രയും വലിയൊരു പരാതിയുമായി ചെല്ലുമ്പോള്‍ അത് വെറുമൊരു അപകീര്‍ത്തിപ്പെടുത്തല്‍ കേസ് മാത്രമായി ഒതുക്കാന്‍ പോലീസ് ശ്രമിക്കുന്നതിലെ ന്യായമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ടിനി ടോം നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടി നീനാ കുറുപ്പ് നേരിട്ട് കേട്ടിട്ടുള്ളതാണെന്ന് അന്‍സിബ വ്യക്തമാക്കി. നീനച്ചേച്ചിയോട് ടിനി ടോം വളരെ മോശമായ രീതിയില്‍ അസഭ്യം പറയുകയുണ്ടായി. ഇതിനെതിരെ നീനച്ചേച്ചി ‘അമ്മ’ സംഘടനയില്‍ പരാതി നല്‍കിയിട്ടും ആരോപണവിധേയനായ ടിനി ടോം ഇപ്പോഴും സംഘടനയുടെ നിര്‍വാഹക സമിതിയില്‍ തുടരുകയാണ്. തന്നെപ്പോലെ തന്നെ നീനച്ചേച്ചിയും ഇതിനിരയായിട്ടുണ്ടെന്നും അന്‍സിബ പറഞ്ഞു.സിനിമാ ലോകത്തെ ഈ പുതിയ വിവാദം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ആരാധകർ കാത്തിരുന്ന ആ ചിത്രങ്ങൾ ഇനി ഒടിടിയിൽ കാണാം…

തീയേറ്ററുകൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും വമ്പൻ റിലീസുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ വരും ദിവസങ്ങൾ കളറാക്കാൻ എത്തുന്ന ചിത്രങ്ങളിതാ… സൂര്യയുടെ കരിയറിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ വിജയവുമായി ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത ‘കറുപ്പ്’ ഇനി ഒടിടിയിലേക്ക്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 12 മുതൽ ചിത്രം പ്രൈമിൽ സ്ട്രീമിങ് ആരംഭിക്കും. തീയേറ്ററിൽ ഇതിനോടകം തന്നെ ചിത്രം 300 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു. ആർ. ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം തൃഷയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ മലയാളി താരങ്ങളായ ഇന്ദ്രൻസ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. തീയേറ്ററുകളിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഷെയ്ൻ നിഗത്തിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ദൃഢം’ ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ജൂൺ 12 മുതൽ ചിത്രം സตรีമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മാർട്ടിൻ ജോസഫ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്.ഒരു സാധാരണക്കാരനായ പൊലീസുകാരന്റെ മാനസിക സമ്മർദ്ദങ്ങളും ഉത്തരവാദിത്തങ്ങളും വളരെ റിയലിസ്റ്റിക്കായി ചിത്രം ചർച്ച ചെയ്യുന്നു. ഷെയ്ൻ നിഗത്തിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേഷ് പ്രഭാകർ, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി സിനിമാ പ്രേക്ഷകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ഒടിടിയിലേക്ക്. ജോർജുകുട്ടിയും കുടുംബവും വീണ്ടും സ്ക്രീനിലേക്ക് എത്തുന്ന ‘ദൃശ്യം 3’ ജൂൺ 18-ന് ആമസോൺ പ്രൈം വീഡിയോയിലാണ് റിലീസ് ചെയ്യുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശാ ശരത്, സിദ്ദിഖ്, കലാഭാവൻ ഷാജോൺ, ഇർഷാദ്, ഗണേഷ് കുമാർ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. ഈ ജീത്തു ജോസഫ് ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ടൊവിനോ തോമസ് – ബേസിൽ ജോസഫ് ചിത്രം ‘അതിരടിയും’ ഒടുവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ ജൂൺ 19 മുതൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും. ഒരു എൻജിനീയറിങ് കോളേജിന്റെ പശ്ചാത്തലത്തിൽ ക്യാമ്പസ് നൊസ്റ്റാൾജിയയും ആക്ഷനും കോമഡിയും സർപ്രൈസ് ട്വിസ്റ്റുകളും നിറഞ്ഞ ഒരു കംപ്ലീറ്റ് പാക്കേജായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അരുൺ അനിരുദ്ധൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബേസിൽ ജോസഫും ഡോ. അനന്തു എസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ദർശന രാജേന്ദ്രൻ, റിയ ഷിബു, സറിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ വിനീത് ശ്രീനിവാസനും സംഗീതസംവിധായകൻ ഷാൻ റഹ്മാനും തങ്ങളായിത്തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്.