ഗുസ്തിയും കുടുംബകലഹവുമായി ഗാട്ട കുസ്തി 2 ട്രെയ്ലർ പുറത്ത്

വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും തകർപ്പൻ പ്രകടനവുമായി ബോക്സ് ഓഫീസ് കീഴടക്കിയ ‘ഗാട്ട കുസ്തി’യുടെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുന്നു. ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമ ചിത്രം വരും ജൂലൈ 3-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് E4 എന്റർടെയിൻമെന്റ്റ് ആണ്. ഇപ്പോഴിതാ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ഭാഗം പോലെ തന്നെ സ്പോർട്സ് പശ്ചാത്തലത്തിൽ പക്കാ മാസ്സ് എന്റർടൈനറാണ് സിനിമയെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആദ്യ ഭാഗത്തിന്റെ തുടർച്ചയായാണ് രണ്ടാം ഭാഗം എത്തുന്നത്, ഒപ്പംവിഷ്ണു വിശാലിന്റെയും ഐശ്വര്യ ലക്ഷിയുടെയും മാസ് പ്രകടനവും ട്രെയ്ലറിൽ കാണാം.ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളെല്ലാം വൻ ഹിറ്റായി മാറിയിരുന്നു.വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്‌ വിശാൽ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിഷ്‌ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വീരയുടെയും കീർത്തിയുടെയും അവരുടെ മകളുടെയും ഇടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന ഹരീഷ് പേരടി, ശ്രീജ രവി, കരുണാസ്, കാളി വെങ്കട് എന്നിവർക്ക് പുറമെ രണ്ടാം ഭാഗത്തിൽ ഒരുപിടി വലിയ താരങ്ങളും അണിനിരക്കുന്നുണ്ട്. സീനിയർ നടി രമ്യ കൃഷ്ണൻ, മോക്ഷ എന്നിവരാണ് പുതുതായി എത്തുന്ന പ്രധാന താരങ്ങൾ. ഇവർക്കൊപ്പം യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഹൊറർ മോഡിൽഭരതനാട്യം 3 ‘രാസലീല’ടൈറ്റിൽ പോസ്റ്റർ പ്രഖ്യാപിച്ച് സൈജു കുറുപ്പ്

അവതരണത്തിൽ പുതുമയും മികച്ച – പാക്കേജിങ്ങും ഒത്തിണങ്ങി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭരതനാട്യം. സൈജു കുറുപ്പ് നായകനായി എത്തിയ ചിത്രം ഒടിടി റിലീസിന് പിന്നാലെയാണ് മലയാളികൾ ഏറ്റെടുത്തത്. പിന്നാലെ എത്തിയ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം ആയ മോഹിനിയാട്ടവും വൻ വിജയമാണ് കൊയ്തത്.ഇപ്പോഴിതാ ഭരതനാട്യം 3: രാസലീല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മൂന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്.സായ് കുമാറും കലാരഞ്ജിനിയും ചേർന്നാണ് പേര് അനൗൺസ് ചെയ്‌തത്‌. ഒരു ഹൊറർ കോമഡി ജോണറിലുള്ളതാകും സിനിമയെന്നാണ് സൂചന. മൂന്നാം ഭാഗത്തിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ആവേശത്തിലാണ് ആരാധകർ.കൃഷ്ണദാസ് മുരളി തന്നെയാണ് മൂന്നാം ഭാഗത്തിന്റെയും രചയിതാവും സംവിധായകനും. തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ് ഗുരുവായൂർ, നിസ്താർ സേട്ട് എന്നിവരായിരുന്നു മോഹിനിയാട്ടത്തിലെ താരങ്ങൾ ഇവർ തന്നെ മൂന്നാം ഭാഗത്തിലും ഉണ്ടാകാനുള്ള സാധ്യതയാണുള്ളത്.

ഫുട്ബോൾ ഗാലറികളെ ആവേശം കൊള്ളിക്കുന്ന ‘പാപ്പ ഊത്തേയ്’

ഇൻസ്റ്റഗ്രാം റീലുകളിലും ഫുട്ബോൾ ലോകത്തും ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഗാനമാണ് ബെൽജിയൻ സംഗീതജ്ഞനായ സ്ട്രോമയുടെ ‘പാപ്പ ഊത്തേയ്’ (Papaoutai). നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആഫ്രിക്കൻ താളമുള്ള ഈ ഫ്രഞ്ച് ഗാനം, യഥാർത്ഥത്തിൽ അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെ അതിതീവ്രമായ വേദനയുടെ കഥയാണ് പറയുന്നത്. റുവാണ്ടൻ വംശഹത്യയിൽ സ്വന്തം പിതാവ് കൊല്ലപ്പെട്ടപ്പോൾ, തന്റെ ഒൻപതാം വയസ്സിൽ സ്ട്രോമ അനുഭവിച്ച ഏകാന്തതയും ചോദ്യങ്ങളുമാണ് ‘അച്ഛാ, എവിടെയാണ്?’ എന്ന അർത്ഥം വരുന്ന ഈ പാട്ടിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ എത്തിച്ചത്. യൂട്യൂബിൽ കോടിക്കണക്കിന് ആളുകൾ കണ്ട ഈ ഗാനം ഇപ്പോൾ കായികലോകത്ത് വീണ്ടും ചർച്ചയാകാൻ കാരണം ആഫ്രിക്കൻ ഫുട്ബോളിലെ ചില നാടകീയ രംഗങ്ങളാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കടുത്ത ആരാധകനായ മിഷേൽ കൂക എന്ന വ്യക്തി, തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര നായകനായ പാട്രിയസ് ലമൂംബയോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിൽ വലംകൈ ഉയർത്തി നിൽക്കാറുണ്ട്. ഒരിക്കൽ കോംഗോ പരാജയപ്പെട്ടപ്പോൾ അൾജീരിയൻ കളിക്കാരനായ മൊഹമ്മദ് അമോറ ഈ നിൽപ്പിനെ പരിഹസിക്കുകയുണ്ടായി. എന്നാൽ പിന്നീട് അൾജീരിയ ടൂർണമെന്റിൽ നിന്ന് പുറത്തായപ്പോൾ, നൈജീരിയൻ കളിക്കാരനായ അകോർ ആഡംസ് കുക്കയ്ക്ക് പിന്തുണയുമായി ഇതേ രീതിയിൽ കൈ ഉയർത്തിപ്പിടിച്ച് മറുപടി നൽകി. ഈ വൈകാരികമായ പ്രതികാര ദൃശ്യങ്ങൾക്കൊപ്പം പശ്ചാത്തല സംഗീതമായി ‘പാപ്പ ഊത്തേയ്’ എന്ന ഗാനം ഉപയോഗിക്കപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ട ട്രെൻഡായി മാറിയത്.

തിയേറ്ററിൽ മനം കവർന്നു, ഇനി നസ്ലെന്റെ മോളിവുഡ് ടൈംസ് ഓടിടി യിലേക്ക്…

യുവതാരം നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ മോളിവുഡ് ടൈംസ് തിയേറ്ററിലെ മികച്ച പ്രതികരണത്തിന് ശേഷം ഓടിടിയിൽ റിലീസിന് എത്തുകയാണ്.ജിയോഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.ജൂലൈ മൂന്ന് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മോളിവുഡ് ടൈംസിലെ നസ്ലെൻ്റെ പ്രകടനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നസ്ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം: ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു,ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്,കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിജിറ്റൽ മാർക്കറ്റിങ്ങ് ഒബ്സ്ക്യൂറഎന്റർടൈൻ.

തിയേറ്ററിൽ മഹാവിജയം ഉറപ്പിക്കാൻനിവിൻ പോളി – അൽഫോൺസ് പുത്രൻ കൂട്ടുകെട്ട്;വിജയം ടൈറ്റിൽ പോസ്റ്റർ പുറത്ത്!

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. സൂപ്പർഹിറ്റുകളായ ‘നേരം’, ‘പ്രേമം’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.അങ്ങനെ നിവിൻ പോളിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമാവുകയാണ് വിജയം. ഒരു മാസ് ബൈക്ക് റേസിങ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യക്തമാവുന്നത്.വഴിയരികിൽ ലിഫ്റ്റിനായി കാത്തുനിൽക്കുന്ന അൽഫോൺസ് പുത്രനും റേസിങ് ബൈക്കിൽ എത്തുന്ന നിവിൻ പോളിയുമാണ് ടൈറ്റിൽ വീഡിയോയിലുള്ളത്.ഇരുവരും ചേർന്ന് റേസിങ് ബൈക്കിൽ കേറിപ്പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ‘ഗോൾഡി’ന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്.മുൻ ചിത്രങ്ങളിലെപ്പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവയെല്ലാം അൽഫോൻസ് തന്നെയാണ് നിർവ്വഹിക്കുന്നത്.നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിർമാണം. സ്റ്റീവ് കോട്ടൂരാണ് സംഗീത സംവിധാനം, ഷിനോസാണ് ക്യാമറ ചെയ്യുന്നത്. ശബരീഷ് വർമയാണ് വരികൾ എഴുതുന്നത്.വർഷങ്ങൾക്ക് ശേഷം ഈ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ, വിജയം തീയേറ്ററിൽ മാഹാവിജയമാവും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

നടി സമാന്ത തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ മാ ഇണ്ടി ഭംഗരം ‘ പ്രൊമോഷനിടെ റിലേഷന്‍ഷിപ്പുകളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

മുന്‍പ് ഏറെ ആരാധകരുള്ള താരജോഡികളായിരുന്ന നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനം ഒരു ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. ആ റിലേഷന്‍ഷിപ്പിലെ തകര്‍ച്ചയും ക്ഷണിക്കാതെ കടന്നുവന്ന രോഗവും സമാന്തയെ മാനസികമായി തകര്‍ക്കുമ്പോഴും അതില്‍ നിന്നും ഒരു ഫിനിക്‌സ് പക്ഷിയെ പോലെ പറന്നുയരുന്ന സമാന്തയെ ആണ് ആരാധകര്‍ കണ്ടത്. ഇതിനിടെ നാഗചൈതന്യ-ശോഭിത വിവാഹവും നടന്നു.വിവാഹസമയത്ത് അവര്‍ പറഞ്ഞത്‘മറ്റൊരാള്‍ വന്ന് ആ വിടവ് നികത്തുമ്പോഴാണ് ഒരാള്‍ പൂര്‍ണ്ണനാകുന്നത്’ എന്നാണ്. എന്നാല്‍ ശോഭിതയുടെ ഈ പ്രസ്താവനയെ പൂര്‍ണ്ണമായും നിരാകരിക്കുകയാണ് സമാന്ത.‘ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളില്‍ ആത്മവിശ്വാസവും ഒരു വ്യക്തിയെന്ന നിലയില്‍ പൂര്‍ണതയും ഉണ്ടായിരിക്കണം. മറ്റൊരാള്‍ വന്ന് നമ്മളെ പൂര്‍ണ്ണയാക്കുമെന്ന് കരുതി കാത്തിരിക്കുന്നത് തെറ്റാണ്.’ എന്നാണ് സമാന്ത അഭിപ്രായപ്പെടുന്നത്.ഈ വാക്കുകള്‍ക്ക് വലിയ കൈടിയാണ് താരത്തിന് ലഭിക്കുന്നത്.ശോഭിതയുടെ പരമ്പരാഗതമായ റൊമാന്റിക് സങ്കല്‍പ്പത്തെ തേച്ചുമായ്ക്കുന്നതാണ് പ്രായോഗികവും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്നതുമായ സമാന്തയുടെ നിലപാട്. ഒരു പുരുഷനുണ്ടെങ്കില്‍ മാത്രം പൂര്‍ണ്ണമാവുന്നവളല്ല പെണ്ണേ നീ… എന്ന് സമാന്ത വിളിച്ചു പറയുമ്പോള്‍, ജീവിതത്തില്‍ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ച്, സ്വന്തം കഠിനാധ്വാനം കൊണ്ട് കരിയറിലും ജീവിതത്തിലും വിജയം വരിച്ച ഒരു സ്ത്രീയെ ആ വാക്കുകളില്‍ കാണാന്‍ കഴിയുന്നു.ഒരു വ്യക്തി മറ്റൊരാളെ ആശ്രയിച്ചല്ല, മറിച്ച് സ്വയം പൂര്‍ണ്ണത കണ്ടെത്തണം എന്ന സമാന്തയുടെ കാഴ്ചപ്പാട് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണ്. മറ്റൊരാളില്‍ സന്തോഷം തിരയുന്നതിനേക്കാള്‍, നമ്മള്‍ നമ്മളെത്തന്നെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നതാണ് ഏതൊരു ആരോഗ്യകരമായ ബന്ധത്തിന്റെയും അടിത്തറ എന്നു കൂടി അടിവരയിടുന്നതാണ് സമാന്തയുടെ നിലപാട്…

ആ ഇഡിയറ്റുകള്‍ വീണ്ടും വരുന്നു…

ഒരിക്കല്‍ ബോക്‌സ് ഓഫിസിനെ ഇളക്കി മറിച്ച് തരംഗമായ ആ ‘ഇഡിയറ്റുകള്‍’ വീണ്ടും വരുന്നു. ജനപ്രിയ നോവലിസ്റ്റ് ചേതന്‍ ഭഗത്തിന്റെ തൂലികയില്‍ തെളിഞ്ഞ, സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയിലൂടെ ഹൃദയം കവര്‍ന്ന കഥ ഒടുവില്‍ സിനിമാ പ്രേമികളും ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.’ത്രീ ഇഡിയറ്റ്‌സി’ന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്. 2009-ലാണ് ആമിര്‍ ഖാന്‍ നായകനായ ചിത്രം പുറത്തിറങ്ങിയത്.കോളജ് സുഹൃത്തുക്കളായ റാഞ്ചോ, ഫര്‍ഹാന്‍, രാജു എന്നിവരുടെ ജീവിതകഥ പറയുന്ന, ഒരുപാട് ചിരിപ്പിക്കുകയും അത്രത്തോളം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം ബോക്‌സ് ഓഫിസില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ഹിരാനി.കോളജ് സുഹൃത്തുക്കളായ റാഞ്ചോ, ഫര്‍ഹാന്‍, രാജു എന്നിവരുടെ പില്‍ക്കാല ജീവിതത്തിലേക്കാണ് ചിത്രം സഞ്ചരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.പ്രോജക്ട് അതിന്റെ പ്രാരംഭ ഘട്ടത്തിലാണ്, ആമിര്‍ ഖാന് പ്രാഥമിക ആശയം ഇഷ്ടമായെന്നും അദ്ദേഹം പറയുന്നു. രണ്ടാംഭാഗത്തിലും ചിത്രം ത്രീ ഇഡിയറ്റ്‌സിനെ ചുറ്റിപറ്റിയാണ് മുന്നോട്ടുപോകുന്നതെന്നും ഹിരാനി വ്യക്തമാക്കി.

‘പദയാത്ര’ തുടങ്ങുന്നു…മമ്മൂട്ടി – അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിന് U/A 13+ സർട്ടിഫിക്കറ്റ്!

മമ്മൂട്ടി – അടൂർ ഗോപാല കൃഷ്ണൻ കൂട്ടുകെട്ട് ‘പദയാത്ര’യുടെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സെൻസറിംഗ് നടപടികൾ വിജയകരമായി പൂർത്തിയാക്കിയ ചിത്രത്തിന് സെൻസർ ബോർഡ് U/A 13+ സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. വലിയ കാത്തിരിപ്പോടെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ‘ഡോക്ടർ ദേവദാസ്’ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. അടൂർ ചിത്രങ്ങളുടെ പതിവ് ശൈലിയിൽ നിന്നും വേറിട്ടുനിൽക്കുന്നതും, അതേസമയം സാമൂഹിക പ്രസക്തിയുള്ളതുമായ ഒരു മികച്ച ദൃശ്യാനുഭവമായിരിക്കും ‘പദയാത്ര’ എന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഏകദേശം 1 മണിക്കൂറും 53 മിനിറ്റും ദൈർഘ്യമുള്ള ചിത്രം പ്രേക്ഷകരെ മടുപ്പിക്കാതെ കഥ പറഞ്ഞുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ തന്നെ അണിയറപ്രവർത്തകർ പ്രഖ്യാപിക്കും.

അൽഫോൻസ് പുത്രനും നടൻ നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രെൻഡ് സെറ്ററുകളിൽ ഒന്നായ ‘പ്രേമ’ത്തിന് ശേഷം സംവിധായകൻ അൽഫോൻസ് പുത്രനും നടൻ നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്ന പുതിയ പ്രോജക്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ നാഴികക്കല്ലാകുന്ന 50-ാമത് ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഈ പുതിയ സിനിമയ്ക്കുണ്ട്. താൽക്കാലികമായി ‘എൻപി 50’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വരും ദിവസങ്ങളിൽ കൊച്ചിയിലെ പ്രമുഖ തിയേറ്ററിൽ വച്ച് നടക്കുമെന്നാണ് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നത്.മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ഒരു കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതു കൊണ്ടുതന്നെ പ്രഖ്യാപന സമയം മുതൽ സിനിമാ പ്രേമികൾക്കിടയിൽ വലിയ ഹൈപ്പാണ് ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേമത്തിന് മുൻപ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘നേര’ത്തിലും നിവിൻ പോളി തന്നെയാണ് നായകനായെത്തിയത്. നിവിൻ പോളിയുടെ കരിയറിന്റെ തുടക്കകാലത്തെ ഏറ്റവും ശ്രദ്ധേയമായ വിജയങ്ങളായിരുന്നു ഈ രണ്ട് സിനിമകളും. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ഗോൾഡ്’ തിയേറ്ററുകളിൽ വേണ്ടത്ര ജനപ്രീതി നേടിയിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പുതിയ ചിത്രത്തിലൂടെ അൽഫോൻസ് പുത്രന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.സംവിധാനത്തിന് പുറമെ ഒരു നടനെന്ന നിലയിലും അൽഫോൻസ് പുത്രൻ അടുത്തിടെ മലയാള സിനിമയിൽ സജീവമായിരുന്നു. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്ക് ശേഷം’ പോലെയുള്ള ചിത്രങ്ങളിൽ അദ്ദേഹം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനിടെ നിവിൻ പോളി-അൽഫോൻസ് പുത്രൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മോട്ടോക്രോസ് (ബൈക്ക് റേസിംഗ്) പശ്ചാത്തലമാക്കിയുള്ള ഒന്നായിരിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ സിനിമയുടെ പ്രമേയത്തെയും മറ്റു താരങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വലിയ ആകാംഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.

റീൽസ് തുറന്നാൽ ഇപ്പോൾ ഒരൊറ്റ പാട്ട് മാത്രം! ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറി ‘കന്നി പൊന്നിൻ പാവ’

സണ്ണി ലിയോണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ‘ബേബി ഡോൾ’ എന്ന ഗാനം വർഷങ്ങൾക്ക് ശേഷം ഇപ്പോൾ മലയാളം പതിപ്പിലൂടെ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. 2014-ൽ പുറത്തിറങ്ങിയ ‘രാഗിണി എംഎംഎസ് 2’ എന്ന ചിത്രത്തിലെ ഈ സൂപ്പർഹിറ്റ് ഗാനത്തിന്റെ മലയാളം മൊഴിമാറ്റ രൂപമായ ‘കന്നി പൊന്നിൻ പാവ’ എന്ന പാട്ടാണ് ഇൻസ്റ്റഗ്രാം റീലുകളിൽ ഇപ്പോൾ വലിയ തോതിൽ വൈറലാകുന്നത്. സാധാരണയായി മറ്റ് ഭാഷകളിലെ പാട്ടുകൾ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുമ്പോൾ ട്രോളുകൾ വരാറാണ് പതിവെങ്കിലും, ഈ ഗാനത്തെ പുതിയ തലമുറ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. ഖുശ്ബു ജെയ്ൻ, സാകേത് എന്നിവർ ചേർന്നാണ് ഈ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. റീലുകളിലെ നൃത്തച്ചുവടുകളിലൂടെയും ട്രെൻഡുകളിലൂടെയും ഈ പാട്ട് വീണ്ടും ജനപ്രീതി നേടിയതോടെ, നിരവധി മലയാളി പ്രേക്ഷകർ ഇതിന്റെ ഒറിജിനൽ യൂട്യൂബ് വീഡിയോ തിരഞ്ഞുപിടിച്ച് കമന്റുകളുമായി എത്തുന്നുമുണ്ട്. പഴയ ഗാനങ്ങളോടുള്ള നൊസ്റ്റാൾജിയയും ഇൻസ്റ്റഗ്രാമിന്റെ അൽഗോരിതവുമാണ് വർഷങ്ങൾക്ക് ശേഷവും ഈ ഗാനത്തെ വീണ്ടും ഇത്രയധികം ജനപ്രിയമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.