ജയിലർ 2 പ്രൊമോയിൽ നിറഞ്ഞ് മലയാളി താരങ്ങൾ!പക്ഷേ ‘ലാലേട്ടൻ എവിടെ?’

രജനി ഫാൻസ്‌ കാത്തിരിക്കുന്ന’ജയിലർ 2′ വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പ്രൊമോ വീഡിയോ മലയാളികൾക്കിടയിൽ ശ്രദ്ധേയമാവുകയാണ്.കാരണം തമിഴ് ചിത്രത്തിന്റെ പ്രൊമോയിൽ നിറഞ്ഞുനിൽക്കുന്നത് മുഴുവൻ മലയാളി താരങ്ങളാണ്.പുറത്തുവന്ന പ്രൊമോയിൽ സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവർ മാസ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനെല്ലാപ്പുറമെ, സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണിന്റെ ഒരു പവർഫുൾ ക്ലോസ് അപ്പ് ഷോട്ടും പ്രൊമോയിലുണ്ട്. രണ്ടാം ഭാഗത്തിൽ സുരാജ് ഒരു പ്രധാന വേഷത്തിൽ തന്നെയുണ്ടെന്നാണ് സൂചനകൾ. ആദ്യ ഭാഗത്തിൽ വില്ലനായി തകർത്താടിയ വിനായകനും രണ്ടാം ഭാഗത്തിലുണ്ടാകുമെന്ന് താരം തന്നെ മുൻപ് വ്യക്തമാക്കിയിരുന്നു. പ്രൊമോ തരംഗമായതിന് പിന്നാലെ ആരാധകർ ഒരൊറ്റ ചോദ്യമേ ചോദിക്കാന്നുള്ളൂ, “ഞങ്ങളുടെ ലാലേട്ടൻ എവിടെ? ആദ്യ ഭാഗത്തിൽ ‘മാത്യു’ എന്ന മാസ് കാമിയോ റോളിലെത്തി തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രൊമോയിൽ ഈ ദുരൂഹതക്ക് പിന്നാലെമോഹൽലാലിന്റെ മാസ് എൻട്രിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

പൊതുസ്ഥലങ്ങളിലെ തുപ്പലും ചുമയും തരുന്ന പണി

പൊതുസ്ഥലങ്ങളിൽ വായ മൂടാതെ ചുമയ്ക്കുന്നതും തുമ്മുന്നതും റോഡിലേക്ക് കാർക്കിച്ചു തുപ്പുന്നതും വലിയൊരു ആരോഗ്യപ്രശ്നമായി നമ്മൾ കാണേണ്ടതുണ്ട്. നമ്മൾ നിസ്സാരമെന്നു കരുതുന്ന ജലദോഷം മുതൽ ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ക്ഷയരോഗം (ടി.ബി), ഇൻഫ്ലുവൻസ, കോവിഡ് തുടങ്ങിയ ഒട്ടനവധി രോഗങ്ങൾ പകരുന്നത് ഇത്തരം അശ്രദ്ധയിലൂടെയാണ്. രോഗബാധിതനായ ഒരാൾ പൊതുസ്ഥലത്ത് തുപ്പുകയോ തുമ്മുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ അടങ്ങിയ ദശലക്ഷക്കണക്കിന് കണികകളാണ് വായുവിലേക്ക് തെറിക്കുന്നത്. പിന്നീട് ഈ തുപ്പലിലെ ജലാംശം വറ്റിപ്പോയാൽ പോലും രോഗാണുക്കൾ അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുകയും മറ്റുള്ളവർ അത് ശ്വസിക്കുമ്പോൾ അവരിലേക്ക് പകരുകയും ചെയ്യും. കേരളത്തിൽ വായുവിലൂടെ പകരുന്ന ക്ഷയരോഗബാധിതരുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും ഇപ്പോഴും പ്രതിവർഷം ആയിരക്കണക്കിന് ആളുകളാണ് ഈ രോഗം മൂലം കഷ്ടപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ സംസ്ഥാനത്ത് 1800-ലധികം ആളുകൾ ക്ഷയരോഗം മൂലം മരണപ്പെട്ടിട്ടുണ്ട്. സാധാരണ മരുന്നുകളോട് പ്രതികരിക്കാത്ത മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ടി.ബി (MDR-TB) കേസുകളും നമ്മുടെ ഇടയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് എന്നത് സാഹചര്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.നമ്മുടെ ഒരു ചെറിയ അശ്രദ്ധ മറ്റൊരാളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥ ഒഴിവാക്കാൻ പൊതുസ്ഥലങ്ങളിൽ കൃത്യമായ ശുചിത്വം പാലിച്ചേ തീരൂ. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും എപ്പോഴും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് വായയും മൂക്കും മറയ്ക്കാൻ ശീലിക്കുക. പനിയോ മറ്റ് ശ്വാസകോശ രോഗലക്ഷണങ്ങളോ ഉള്ളവർ പൊതുസ്ഥലങ്ങളിൽ ഇറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുകയും റോഡിലേക്കും മറ്റും കാർക്കിച്ചു തുപ്പുന്ന ശീലം പൂർണ്ണമായും ഒഴിവാക്കുകയും ചെയ്യുക. നമ്മുടെ ആരോഗ്യവും ഒപ്പം കൂടെയുള്ളവരുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ ഈ ചുമ മര്യാദകൾ ഒരു ശീലമാക്കാം.

ആരാധകർക്ക് ആശ്വാസം…വിജയ് നായകനായി എത്തുന്ന തമിഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി

വിജയ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി നൽകാത്തതിൽ നിരാശയിലാണ്ട ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഒടുവിൽചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ജനനായകൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻ്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് നീളുകയായിരുന്നു.

രൺവീറും കല്യാണിയും ഒന്നിക്കുന്നു; 300 കോടി ബജറ്റിൽ ‘പ്രളയ്’ ഒരുങ്ങുന്നു, ചിത്രീകരണം ഉടൻ!

‘ദുരന്തർ’ എന്ന സൂപ്പർ ഹിറ്റിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയെടുത്ത രൺവീർ സിംഗും, ‘ലോക’ എന്ന മലയാള സിനിമയിലൂടെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട കല്യാണി പ്രിയദർശനും ആദ്യമായി ഒന്നിക്കുന്നു. ‘പ്രളയ്’ എന്ന പേരിൽ ഒരുങ്ങുന്ന ഈ ചിത്രം ഒരു സോമ്പി മൂവിയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 300 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ, ഡിസ്റ്റോപ്പിയൻ മുംബൈ പശ്ചാത്തലമാക്കിയാണ് ഒരുങ്ങുന്നത്. സോമ്പികളുടെ ആക്രമണത്തിൽ നിന്ന് അതിജീവിക്കാൻ പോരാടുന്ന ഒരു ദമ്പതികളുടെ കഥയാണ് ‘പ്രളയ്’ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ഓസ്‌ട്രേലിയയിൽ ആരംഭിക്കും. പ്രശസ്ത സംവിധായകൻ ഹൻസൽ മെഹ്തയും രൺവീർ സിംഗും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രൺവീറിന്റെ ആദ്യ നിർമ്മാണ സംരംഭമെന്ന പ്രത്യേകതയും ‘പ്രളയ്’ക്കുണ്ട്. സമീർ നായരും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകും. ഹോളിവുഡ് ലെവലിൽ നിർമ്മിക്കുന്ന ഈ ചിത്രം സോമ്പി മൂവി ആരാധകർക്ക് ഒരു വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.

‘മിനി കൂപ്പറു’മായി സ്‌റ്റൈലിഷ് ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ചിത്രം അണിയറയിൽ..

ഹൊറര്‍ കോമഡി ആരാധകര്‍ക്ക് ഇനി ഡബിള്‍ ധമാക്ക. ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ഹൊറര്‍ കോമഡി ചിത്രം ‘മിനി & കൂപ്പറില്‍’ ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്നു. ‘ശാന്തമീ രാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം എ.ഡബ്ല്യൂ.എ മൂവിസിന്റെ ബാനറില്‍ റോള്‍ഡ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മിസ്റ്റര്‍ ബീന്‍ കോമഡി സീരീസിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച മിനി കൂപ്പര്‍ കാറിനൊപ്പം നില്‍ക്കുന്ന ധ്യാന്‍ ശ്രീനിവാസന്റെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലണ്ടില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് അവസാനം ലണ്ടനില്‍ ആരംഭിക്കും. ഷിജു എം ഭാസ്‌കര്‍ ആണ് ഛായാഗ്രഹകന്‍. സംഗീത സംവിധാനം അതുല്‍ കെ വിനോദും ഷെഫീഖ് റഹ്‌മാനും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു. പ്രൊജക്റ്റ് ഡിസൈനര്‍ – അനുകുട്ടന്‍ ഏറ്റുമാനൂര്‍. പി.ആര്‍.ഒ – എ. എസ്. ദിനേശ്. ഐശ്വര്യ രാജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

മല്‍സരങ്ങളില്‍ ജയവും തോല്‍വിയും ഉണ്ടാവും.അതൊരുസ്വഭാവികമായ അന്ത്യം മാത്രമാണ്.എന്നാല്‍ ചില അപൂര്‍വ നിമിഷങ്ങളുണ്ട്. വിജയത്തെക്കാള്‍ വലിയ സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കുന്ന മനോഹരമായ ചില മുഹൂര്‍ത്തങ്ങള്‍.

ജപ്പാന്റെ തോല്‍വിയില്‍ കണ്ണീരോടെ നിന്ന ടനാകയെ, ബ്രസീലിന്റെ മത്തേയൂസ് കുഞ്ഞ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച ആ നിമിഷം… അതായിരുന്നു ഇന്നത്തെ മത്സരത്തിലെ യഥാര്‍ത്ഥ വിജയം.തൊട്ടുമുന്‍പ് വരെ അവര്‍ പരസ്പരം പോരടിച്ച എതിരാളികള്‍ ആയിരുന്നു.പക്ഷേ ആ നിമിഷത്തില്‍ അവര്‍ മനുഷ്യത്വത്തിന്റെ പ്രതീകങ്ങളായി മാറുകയായിരുന്നു.നെയ്മറും അലിസണ്‍ ബെക്കറും ജപ്പാന്‍ താരങ്ങളെ ആശ്വസിപ്പിച്ച കാഴ്ച ഒരേയൊരു കാര്യം ഓര്‍മ്മിപ്പിക്കുന്നു… ഫുട്‌ബോള്‍ ജയിക്കാന്‍ മാത്രമുള്ള കളിയല്ല, മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒന്നുകൂടെയാണ്. കാണികളുടെ കണ്ണു നനയിക്കുന്ന ഇങ്ങനെയുള്ള നിമിഷങ്ങളാണ് ട്രോഫികളേക്കാള്‍ കൂടുതല്‍ കാലം ആരാധകരുടെ മനസ്സില്‍ ജീവിക്കുന്നതും.

കോച്ചിങ് സെന്ററുകൾക്ക് ഇനി കടിഞ്ഞാൺ

ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ വിവാദങ്ങളും രാജ്യത്തെ പിടിച്ചുലച്ച പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്ററുകളുടെ പപ്പടം പൊടിക്കുന്ന ലൈനിലുള്ള പരസ്യങ്ങൾക്കും അമിത ചൂഷണങ്ങൾക്കും ഒടുവിൽ പൂട്ടു വീഴാൻ പോവുകയാണ്. ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളിൽ വലിയ പരിഷ്കാരങ്ങൾക്കൊപ്പം കോച്ചിങ് സെന്ററുകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്ന ഒരു ദേശീയ നിയമം തന്നെയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അണിയറയിൽ ഒരുക്കുന്നത്. ഇനിമുതൽ “ഞങ്ങളുടെ അടുത്ത് പഠിച്ചാൽ ഒന്നാം റാങ്ക് ഉറപ്പ്” എന്ന് പറഞ്ഞ് ടോപ്പർമാരുടെ പടം വെച്ചുള്ള ബഹളമൊന്നും നടക്കില്ല. ഏത് അധ്യാപകരാണ് പഠിപ്പിക്കുന്നത്, അവരുടെ യോഗ്യത എന്താണ്, യഥാർത്ഥ വിജയശതമാനം എത്രയാണ് എന്നൊക്കെ കൃത്യമായി വെളിപ്പെടുത്തിയാൽ മാത്രമേ ഇനി സ്ഥാപനങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയൂ. സ്കൂൾ കുട്ടികളെ രാപ്പകലില്ലാതെ ക്ലാസിലിരുത്തി പീഡിപ്പിക്കുന്ന രീതിക്കും ഇതോടെ അറുതിയാകും. സ്കൂൾ വിദ്യാർഥികൾക്ക് ദിവസേന രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ മാത്രമേ കോച്ചിങ് നൽകാവൂ എന്നും, കഠിനമായ എൻട്രൻസ് കോച്ചിങ് പന്ത്രണ്ടാം ക്ലാസിന് ശേഷം മാത്രമേ പാടുള്ളൂ എന്നുമുള്ള കർശന നിർദ്ദേശങ്ങളാണ് പുതിയ നിയമത്തിൽ വരുന്നത്. വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവരുന്നതോടെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയൊരു മാനസിക സമ്മർദ്ദത്തിന് ഇത് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഈ ശുദ്ധീകരണ പ്രക്രിയ സ്വാഗതാർഹമാണ്. ഇതുപോലെ തുടർന്നും വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന ചൂഷണങ്ങൾ ചോദ്യം ചെയ്യപ്പെടേണ്ടതായിരിക്കുന്നു.

കണ്ടോ കണ്ടോ താക്കോല്…ആ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ പിറവിയിങ്ങനെ!

കണ്ടോ കണ്ടോ താക്കോല്…സിനിമ റിലീസ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുകയാണ് ആ ഗാനം. എന്നാല്‍ ഈ ഗാനത്തിന്റെ സൃഷ്ടിക്ക് പിന്നില്‍ രസകരമായ ഒരു കഥയുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സാധാരണ പാട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ഗാനത്തിന് ആദ്യം വരികള്‍ എഴുതിയ ശേഷമാണ് സംഗീതം ഒരുക്കിയത്. പാട്ടിന്റെ റൈമിങ് സെറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അണിയറപ്രവര്‍ത്തകരുടെ മനസ്സില്‍ ആദ്യം വന്നത് ‘കാക്കേ കാക്കേ കൂടെവിടെ, കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ’ എന്ന പ്രശസ്തമായ നഴ്‌സറി റൈം ആയിരുന്നു. ഈ വരികള്‍ തന്നെ പാട്ടില്‍ നേരിട്ട് ഉപയോഗിക്കാമെന്നാണ് ആദ്യം ആലോചിച്ചിരുന്നത്. ശരിക്കും സിനിമയുടെ കഥയുമായി നൂറു ശതമാനം ചേരുന്നതായിരുന്നു ആ വരികള്‍. എന്നാല്‍, ‘കാക്കേ കാക്കേ’ എന്ന വരികള്‍ക്ക് പകരം അതിന്റെ റൈമിങ് മാത്രം നിലനിര്‍ത്തി, സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ പുതിയൊരു ഗാനം ഒരുക്കാമെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. നഷ്ടപ്പെട്ട ഒരു താക്കോല്‍ തേടി നടക്കുന്ന രീതിയിലേക്ക് പാട്ടിന്റെ കഥ മാറ്റാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് സംവിധായകന്‍ ചിദംബരമായിരുന്നു.ആ റൈമിങ് നിലനിര്‍ത്തിക്കൊണ്ട് പുതിയൊരു മെലഡി ഒരുക്കി. അതിനെ കുറച്ചുകൂടി ഹൊറര്‍ മൂഡിലേക്ക് മാറ്റിയെടുത്തതാണ് ആ ഗാനത്തെ വേറിട്ടു നിര്‍ത്തുന്നത്.ആദ്യം പ്ലാന്‍ ചെയ്ത നഴ്‌സറി റൈമില്‍ നിന്ന് തുടങ്ങി, പിന്നീട് വരികളില്‍ വരുത്തിയ ഈ പരീക്ഷണമാണ് തിയേറ്ററുകളില്‍ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തിയ ആ ജനപ്രിയ ഹൊറര്‍ ട്രാക്കിലേക്ക് വഴിമാറിയത്.

ബോക്സ് ഓഫീസ് ഭരിക്കാൻ സൂര്യ; കൂട്ടിന് ജ്ഞാനവേലും ഹോംബാലെ ഫിലിംസും!

‘കെജിഎഫ്’, ‘കാന്താര’, ‘സലാർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലെ മുൻനിര നിർമ്മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് തങ്ങളുടെ അടുത്ത ബിഗ് ബജറ്റ് ചിത്രവുമായി എത്തുന്നു. ഇതോടെ പ്രഭാസ്, യഷ്, ഋഷഭ് ഷെട്ടി എന്നിവർക്ക് ശേഷം ഹോംബാലെയുടെ നിരയിലേക്ക് തെന്നിന്ത്യൻ താരം സൂര്യ എത്തുകയാണ്.തെന്നിന്ത്യയിൽ വൻ ചർച്ചയായ ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷം സൂര്യയും സംവിധായകൻ ടി.ജെ. ജ്ഞാനവേലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പുതിയ സിനിമയുടെ പൂജ ഇന്ന് ഔദ്യോഗികമായി നടന്നു. സൂര്യയും ഹോംബാലെ ഫിലിംസും ഒന്നിക്കുന്ന ആദ്യ പ്രോജക്റ്റ് കൂടിയാണിത്. ഒരു മാസ്സ് പൊളിറ്റിക്കൽ കോർട്ട് റൂം ഡ്രാമയായിരുന്ന ‘ജയ് ഭീം’ കോവിഡ് പ്രതിസന്ധികൾ കാരണം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്തതെങ്കിലും ആഗോളതലത്തിൽ വൻ പ്രശംസ നേടിയിരുന്നു. എന്നാൽ പുതിയ ചിത്രം തിയേറ്ററുകളെ ഇളക്കിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ‘കറുപ്പ്’ തരംഗത്തിന് പിന്നാലെ മറ്റൊരു വമ്പൻ പ്രോജക്റ്റ്സൂര്യയുടെ കരിയറിലെ എക്കാലത്തെയും മികച്ച തിരിച്ചുവരവിനാണ് തമിഴ് സിനിമ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കറുപ്പ്’ ബോക്സ് ഓഫീസിൽ 300 കോടിയിലധികം കളക്ഷൻ നേടി കുതിക്കുകയാണ്. ‘സിങ്കം 2’-ന്റെ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ ചിത്രം മുന്നേറുന്നത്.2024-ൽ പുറത്തിറങ്ങിയ ‘കങ്കുവ’, 2025-ലെ ‘റെട്രോ’ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാതെ പോയതോടെ സൂര്യ ആരാധകർ വലിയ നിരാശയിലായിരുന്നു. കൂടാതെ ‘സൂരരൈ പോട്ര്’, ‘ജയ് ഭീം’ തുടങ്ങിയ മികച്ച ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാതെ ഒടിടിയിലേക്ക് പോയതും വലിയ സങ്കടമായിരുന്നു. എന്നാൽ ‘കറുപ്പ്’ തീയേറ്ററുകളിൽ ഉണ്ടാക്കിയ വൻ വിജയത്തിന് പിന്നാലെ, ഹോംബാലെ ഫിലിംസിനൊപ്പമുള്ള ഈ പുതിയ പ്രഖ്യാപനം സൂര്യ ആരാധകർക്ക് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.

റീൽസ് രാജാക്കന്മാർ ഇനി തിയേറ്ററുകളിലേക്ക്; ഹൊറർ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈയിൽ റിലീസിനൊരുങ്ങുന്നു…

ഹാഷീറിനും ടീമിനും ശേഷം ബോക്സ് ഓഫിസ് പിടിച്ചെടുക്കാൻ, സോഷ്യല്‍ മീഡിയയിലെ റീല്‍സ് താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, ശരത്ത്,അഖില്‍ ഷാ, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ഹൊറര്‍ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റ’ലിന്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂലൈയിലാണ് തിയേറ്ററുകളിലെത്തുന്നത്. ഈയിടെ പുറത്തിറങ്ങിയ‘മാഗ്നെറ്റിക് കണ്ണാണേ കോര്‍നെറ്റ് പോല്‍ സ്വീറ്റാണേ…’ എന്ന് തുടങ്ങുന്ന ഗാനം വന്‍ ഹിറ്റായി മാറിയിരുന്നു. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. ഹൊറര്‍- കോമഡിചിത്രമാണിത് എന്നാണ് ടീസറില്‍ നിന്ന് പുറത്തുവരുന്ന സുചനകള്‍.ചിത്ര നായര്‍, സജിന്‍ ചെറുകയില്‍, ആന്‍ മരിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചാരുചിത്ര പ്രൊഡക്ഷന്‍സ്, മധുമിത പ്രൊഡക്ഷന്‍സ് & മണ്‍സൂണ്‍ ടെയില്‍സ് എന്നീ ബാനറുകളില്‍ കരുമുരു രഘുരാമു, ചാര്‍വാക ബ്രഹ്‌മണപ്പള്ളി, രമ്യ വെമൂലപടി, രാഹുല്‍ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കന്‍, ഛായാഗ്രഹണം &എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഷ്‌കര്‍, സംഗീതം: അശ്വിന്‍ റാം. എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ശാലിനി നമ്പു, ലൈന്‍ പ്രൊഡ്യൂസര്‍: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആര്‍ട്ട് ഡയറക്ടര്‍: വേലു വാഴയൂര്‍, അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ: അഷ്‌കര്‍ അലി, രാജ, അമാന്‍ മെഹര്‍, ഗാനരചന: ജിഷ്ണു എം നായര്‍, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്ട് ഡിസൈനര്‍: ശശി പൊതുവാള്‍, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് ഫൈനല്‍ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഡുഡു ദേവസി, സ്റ്റില്‍സ്: കാഞ്ചന്‍, ടൈറ്റില്‍ പബ്ലിസിറ്റി ഡിസൈന്‍: അജിന്‍ മേനക്കാത്ത്, സൂരജ് സൂരന്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.