എന്റെ കാര്യത്തില്‍ ഇടപെടാന്‍ അനുവാദമുള്ളത് ഒരാള്‍ക്ക് മാത്രം’, ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി തൃഷ

തമിഴകത്തിന്റെ പ്രിയതാരം തൃഷ കൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതും തൃഷയും തമ്മിലുള്ള സൗഹൃദവും വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായപ്പോഴാണ് ഇതിന് മറുപടിയുമായി തൃഷ രംഗത്തെത്തിയത്. തുടര്‍ച്ചയായി ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തൃഷ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഒരു ചിത്രം പങ്കുവച്ചത്. വളര്‍ത്തുനായ കട്ടിലില്‍ ശാന്തമായി കിടന്നുറങ്ങുന്ന ഒരു ക്ലിപ്പായിരുന്നു അത്. എന്നാല്‍, ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അതിന് തൃഷ നല്‍കിയ അടിക്കുറിപ്പായിരുന്നു. ‘എന്റെ കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ അനുവദിക്കുന്ന ഏക ആള്‍ ഇതാണ്,’ എന്നായിരുന്നു തൃഷ കുറിച്ചത്. വ്യക്തിജീവിതത്തെക്കുറിച്ച് നിരന്തരം സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ക്കും ഗോസിപ്പ് നിര്‍മാതാക്കള്‍ക്കും നേരെ തൃഷ തൊടുത്തുവിട്ട കൂരമ്പുകളായിരുന്നു ആ വാക്കുകള്‍. ഇതുവരെ വിജയും തൃഷയും ഈ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിരുന്നില്ല. ഇത്തരം പ്രതികരണങ്ങളിലൂടെ താന്‍ ഈ ഗോസിപ്പ് ചര്‍ച്ചകളെ എത്രത്തോളം നിസ്സാരമായാണ് കാണുന്നത് എന്നത് തൃഷയുടെ മറുപടിയില്‍ നിന്ന് വ്യക്തമാണ്. തെന്നിന്ത്യന്‍ താരം അജിത്തിന്റെ മാതാവ് മോഹിനി മണിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ വിജയ്യും തൃഷയും അജിത്തിന്റെ വസതിയില്‍ ഒന്നിച്ച് എത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇങ്ങനെയുള്ള വിവാദങ്ങള്‍ ആളിക്കത്തുമ്പോഴും തൃഷ നേരിട്ട് പ്രതികരിച്ചിരുന്നില്ല. ഇതിനിടെ തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും തൃഷ പങ്കുവെച്ചിരുന്നു.‘നാല്‍പ്പതുകളിലും ഇരുപത്തഞ്ചുകാരെപ്പോലെ ഇരിക്കുക എന്നതല്ല ലക്ഷ്യം. മറിച്ച്, നാല്‍പ്പതുകള്‍ എന്നത് ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കേണ്ട ഒന്നാണെന്ന് ഇരുപതുകളിലുള്ള സ്ത്രീകള്‍ക്ക് കാണിച്ചുകൊടുക്കുക എന്നതാണ്,’ തൃഷയുടെ ഈ വാക്കുകള്‍ ഇതിനിടയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ആ ആത്മവിശ്വാസമാണ് കരിയറിന്റെ വിജയമുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയുടെ മുന്‍നിരയില്‍ ‘സൗത്ത് ക്വീന്‍’ ആയി തൃഷയെ നിലനിര്‍ത്തുന്നത്.
വിലക്കുകൾ നീങ്ങി; ലോകത്തെ കരയിപ്പിച്ച ഹിന്ദ് റജബിന്റെ ദൃശ്യാവിഷ്കാരത്തിന് സെൻസർ ബോർഡ് പച്ചക്കൊടി വീശി

ഗസ്സയിലെ ക്രൂരമായ യുദ്ധഭൂമിയിൽ നിന്നും ലോകത്തിന്റെ മനസ്സാക്ഷിയെ ഉലച്ച അഞ്ചുവയസ്സുകാരി ഹിന്ദ് റജബിന്റെ ഓർമ്മകൾ ഇനി ഇന്ത്യൻ ചലച്ചിത്ര ലോകത്തും പ്രകാശം പരത്തും. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്ന ചിത്രത്തിന് ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സെൻസർ ബോർഡ് മുതിർന്നവർക്ക് മാത്രം കാണാവുന്ന തരത്തിലുള്ള പ്രദർശനാനുമതി (എ സർട്ടിഫിക്കറ്റ്) നൽകി. ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്ന വിചിത്രമായ വാദമുയർത്തി ചിത്രത്തിന് നേരത്തെ കേന്ദ്ര സെൻസർ ബോർഡ് വിലക്കേർപ്പെടുത്തിയിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. “എന്നെ വന്ന് രക്ഷിക്കൂ, എനിക്ക് പേടിയാകുന്നു.” 2024 ജനുവരിയിൽ ഇസ്രായേൽ സൈന്യത്തിന്റെ യുദ്ധവാഹനങ്ങൾക്ക് നടുവിൽ അകപ്പെട്ടുപോയ ഹിന്ദ് റജബ്, റെഡ് ക്രസന്റ് രക്ഷാപ്രവർത്തകരോട് ജീവനായി യാചിച്ച ആ അവസാന ഫോൺ കോളുകളുടെയും ശബ്ദരേഖകളുടെയും പശ്ചാത്തലത്തിലാണ് കൗതർ ബെൻ ഹനിയ ഈ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെതിരെ ചലച്ചിത്ര-രാഷ്ട്രീയ മേഖലകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ കക്ഷികളിലെ എട്ട് പാർലമെന്റ് അംഗങ്ങൾ കേന്ദ്ര വാർത്താവിതരണ മന്ത്രിക്ക് കത്തയക്കുകയും, ചലച്ചിത്ര രംഗത്തെ പ്രമുഖർ ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തതോടെയാണ് അധികൃതർ നിലപാട് മാറ്റാൻ നിർബന്ധിതരായത്.ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ഓസ്കറിന്റെ നാമനിർദ്ദേശ പട്ടികയിൽ വരെ ഇടം നേടിയ ഈ ചിത്രം, യുദ്ധത്തിന്റെ ദാരുണമായ മുഖം തുറന്നുകാട്ടുന്ന ഒന്നാണ്. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രേക്ഷകർ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ഈ ചിത്രത്തെ വരവേറ്റത്. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വലിയൊരു വിജയം കൂടിയായി മാറുകയാണ്.
‘കുമ്പളങ്ങി’ക്ക് ശേഷം മധു സി.നാരായണൻ വരുന്നു…നായകനായി നസ്‌ലെനും

മലയാള സിനിമയിൽ നിന്ന് പാൻ ഇന്ത്യൻ തലത്തിൽ വരെ ചർച്ച ചെയ്യപ്പെട്ട ‘കുമ്പളങ്ങി നൈറ്റ്സ്’ ഓർമ്മയില്ലേ? ആ കൾട്ട് ക്ലാസിക് ചിത്രം തിയേറ്ററുകളിൽ എത്തിച്ചിട്ട് ഏഴ് വർഷങ്ങൾ പിന്നിടുമ്പോഴും സംവിധായകൻ മധു സി. നാരായണന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമാപ്രേമികൾ.ഇപ്പോഴിതാ ആ കാത്തിരിപ്പിന് വിരാമമാകുന്നു. മധു സി. നാരായണൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ യൂത്തിന്റെ പ്രിയതാരം നസ്‌ലെനാണ് നായകനായെത്തുന്നത്.യൂത്തിനൊപ്പം വലിയൊരു ഫാമിലി ഓഡിയൻസിനെയും കൈയിലെടുത്ത നസ്‌ലെൻ, മധു സി. നാരായണൻ ചിത്രത്തിലൂടെ കരിയറിലെ മറ്റൊരു വലിയ ലാൻഡ്മാർക്കിലേക്ക് കടക്കുകയാണ്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളിക്ക് ഒട്ടനവധി മാന്ത്രിക ഗാനങ്ങൾ സമ്മാനിച്ച റെക്സ് വിജയൻ ആണ്. ‘സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള’ ഒരു സിനിമയായിരിക്കും ഇതെന്നാണ് പുറത്തുവരുന്ന സൂചനകൾ. അനന്തു പ്രൊഡക്ഷൻസിന്റെ ബാനറിൽ അനന്ദു ആണ് ചിത്രം നിർമ്മിക്കുന്നത്.
ബെംഗളൂരുവിലെ ബസ് കണ്ടക്ടർ ടു ഇന്ത്യൻ സിനിമയുടെ ‘തലൈവർ’; സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന ആ ഐഡന്റിറ്റി കാർഡ്

ഇന്ത്യൻ സിനിമയിലെ ഇതിഹാസമായി മാറുന്നതിനും മുൻപ്, ബെംഗളൂരുവിലെ തിരക്കേറിയ തെരുവുകളിൽ 10എ നമ്പർ ബസിൽ ടിക്കറ്റ് കീറി നൽകിയിരുന്ന ഒരു സാധാരണക്കാരനുണ്ടായിരുന്നു—ശിവാജി റാവു ഗെയ്ക്‌വാദ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ അദ്ദേഹത്തിന്റെ 1971-ലെ പഴയൊരു ഐഡന്റിറ്റി കാർഡ്, ആ പഴയ ഓർമ്മകളെ വീണ്ടും ജനമനസ്സുകളിലേക്ക് എത്തിച്ചിരിക്കുകയാണ്. വെറും 275 രൂപ പ്രതിമാസ ശമ്പളം വാങ്ങിയിരുന്ന ആ ഇരുപതുകാരൻ കണ്ടക്ടറിൽ നിന്നും, ഇന്ന് കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കവർന്ന്, ഒരു സിനിമയ്ക്ക് 150 കോടിയിലധികം പ്രതിഫലം വാങ്ങുന്ന ‘സൂപ്പർസ്റ്റാർ രജനീകാന്ത്’ എന്ന പദവിയിലേക്കുള്ള വളർച്ച കേവലമൊരു സിനിമാക്കഥയേക്കാൾ വിസ്മയിപ്പിക്കുന്നതാണ്. പണത്തിന്റെയോ പ്രശസ്തിയുടെയോ കണക്കുകൾക്കപ്പുറം, കഠിനാധ്വാനത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമാണ് ഈ കാർഡ്.അന്ന് ബെംഗളൂരുവിലെ സിറ്റി ബസുകളിൽ യാത്രക്കാർക്കായി അസാധാരണമായ വേഗത്തിൽ നോട്ടുകൾ എണ്ണുകയും, സ്റ്റൈലായി ടിക്കറ്റ് കീറുകയും, ചടുലതയോടെ വിസിൽ മുഴക്കുകയും ചെയ്തിരുന്ന ആ ചെറുപ്പക്കാരനിലാണ് ഇന്ന് ലോകം കാണുന്ന പല ‘രജനി ട്രേഡ്‌മാർക്കുകളും’ രൂപപ്പെട്ടത്. എത്ര വലിയ ഉയരങ്ങളിൽ എത്തിയിട്ടും തന്റെ ഭൂതകാലത്തെയോ, സിനിമാമോഹങ്ങൾക്ക് കൂട്ടായിരുന്ന ബസ് ഡ്രൈവർ രാജ് ബഹാദൂറിനെപ്പോലെയുള്ള സുഹൃത്തുക്കളെയോ അദ്ദേഹം മറന്നിട്ടില്ല. ഏതാനും മാസങ്ങൾക്ക് മുൻപ് ജയനഗറിലെ ബസ് ഡിപ്പോയിൽ അപ്രതീക്ഷിതമായി സന്ദർശനം നടത്തി അവിടുത്തെ ജീവനക്കാർക്കൊപ്പം സമയം ചെലവഴിച്ച രജനീകാന്ത്, എളിയ തുടക്കങ്ങളിൽ നിന്ന് വരുന്നവർക്ക് ഇന്നും വലിയൊരു പ്രചോദനമാണ്.
’25 ലക്ഷം രൂപ വാങ്ങി മുങ്ങി, ചതിച്ചത് സജിത്’; ഒടുവിൽ മൗനം വെടിഞ്ഞ് ആഷിക് അബുവും!

ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്റണി സംവിധാനം ചെയ്യുന്ന ‘അജഃ സുന്ദരി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഒടുവിൽ നിർമ്മാണക്കമ്പനിയായ ഒപിഎം സിനിമാസ് ഔദ്യോഗിക വിശദീകരണവുമായി രംഗത്ത്. വടകര സ്വദേശിയായ സജിത് എന്ന വ്യക്തിയാണ് തങ്ങളെയും വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികളെയും ചതിച്ചതെന്ന് സംവിധായകൻ ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം സിനിമാസ് വ്യക്തമാക്കി. സിനിമയുടെ ഷൂട്ടിങ് സംഘം വിലങ്ങാടുള്ള സാധാരണക്കാരായ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപ കുടിശ്ശിക വരുത്തി മുങ്ങി എന്ന വാർത്ത വലിയ തോതിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പണം നൽകാത്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തി, വ്യാപാരികളുടെ എല്ലാ ബാധ്യതകളും കമ്പനി നേരിട്ട് തീർപ്പാക്കുമെന്ന ഉറപ്പുമായി ഒപിഎം ഫിലിംസ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. “വിലങ്ങാട് നടന്ന ചിത്രീകരണ വേളയിൽ സിനിമയിലെ ഭക്ഷണച്ചുമതലകൾക്കായി വടകര സ്വദേശിയായ സജിത് എൻ എന്നയാളെയാണ് ഒപിഎം സിനിമാസ് ഏൽപ്പിച്ചിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. എന്നാൽ ഈ തുക മുഴുവൻ വാങ്ങിയിട്ടും സജിത് വ്യാപാരികൾക്ക് പണം നൽകിയില്ല.” പ്രാദേശിക വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു തടഞ്ഞു വയ്ക്കുകയും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തതായി കമ്പനി അറിയിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയ സജിത്തിനെതിരെ കോഴിക്കോട് വളയം പോലീസ് സ്റ്റേഷനിൽ ഒപിഎം സിനിമാസ് പരാതി നൽകിയിട്ടുണ്ട്. വഞ്ചിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്‌നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കച്ചവടക്കാരും ഉൾപ്പെടുന്നു എന്ന വാർത്തകൾ സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. മാസങ്ങളോളം സെറ്റിലേക്ക് ആവശ്യമായ പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയവ നൽകിയ വകയിലാണ് വ്യാപാരികൾക്ക് ലക്ഷങ്ങളുടെ ബാധ്യത വന്നത്.തുടക്കത്തിൽ വിശ്വാസം വരാൻ കൃത്യമായി പണം നൽകിയ ശേഷമായിരുന്നു ഈ ചതി. എന്നാൽ, ജനങ്ങൾ നൽകിയ വിശ്വാസവും പിന്തുണയും തങ്ങൾ മറക്കില്ലെന്ന് ഒപിഎം സിനിമാസ് വ്യക്തമാക്കുന്നു.നിയമപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി ഒപിഎം സിനിമാസ് പൂർണ്ണ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്.
അച്ഛൻ പടിയിറങ്ങിയപ്പോൾ മകൻ തിയറ്ററുകളിലേക്ക്…’സിഗ്മ’ റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയും ജനപ്രിയ നായകനുമായ ‘ഇളയദളപതി’ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ‘സിഗ്മ’ തിയറ്ററുകളിലെത്തുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ജൂലൈ 31-ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ഒരു സ്റ്റൈലിഷ് പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഒരു പക്കാ ഹൈസ്റ്റ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. മറ്റു നായകന്മാരുടെ മക്കളെപ്പോലെ ക്യാമറയ്ക്ക് മുന്നിൽ വരാനല്ല, മറിച്ച് ക്യാമറയ്ക്ക് പിന്നിൽ നിന്ന് കഥ പറയാനാണ് ജേസൺ സഞ്ജയ് ആഗ്രഹിച്ചത്. ഇതിനായി ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും, ലണ്ടനിൽ നിന്ന് തിരക്കഥാരചനയിൽ ഉപരിപഠനവും ജേസൺ പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സിനിമയിൽ തികച്ചും വ്യത്യസ്തമായ ഒരു മേക്കിങ് ശൈലി ജേസണിൽ നിന്ന് പ്രതീക്ഷിക്കാം. തമിഴ് പതിപ്പിനൊപ്പം തെലുങ്ക് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ചിത്രം ഒരേസമയം പ്രദർശനത്തിനെത്തും. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും പുറത്തുവരുന്നതോടെ ആവേശം ഇരട്ടിക്കുമെന്ന ഉറപ്പിലാണ് ആരാധകർ. അച്ഛൻ വിജയ് രാഷ്ട്രീയത്തിലേക്ക് പടികയറുമ്പോൾ, മകൻ ജേസൺ സിനിമയിൽ കരകയറുമോ എന്നറിയാൻ ജൂലൈ 31 വരെ കാത്തിരിക്കാം.
136 കോടി നേടിയിട്ടും ‘പ്രേമലു 2’ വേണ്ടെന്നുവെച്ചു! കാരണം വെളിപ്പെടുത്തി നസ്ലെന്‍;

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 136 കോടിയിലധികം വാരിക്കൂട്ടി മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രമാണ് ‘പ്രേമലു’. മമിത ബൈജുവിനെയും നസ്ലെനെയും പാന്‍-ഇന്ത്യന്‍ തലത്തില്‍ പ്രിയങ്കരരാക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍, പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ട് ‘പ്രേമലു 2’ ഉപേക്ഷിച്ചുവെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. ഇപ്പോള്‍ ചിത്രം ഉപേക്ഷിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ നസ്ലെന്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നസ്ലെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രേമലു 2 വേണ്ടെന്നുവെക്കാനുള്ള പ്രധാന കാരണം തിരക്കഥ തന്നെയാണെന്ന് താരം പറയുന്നു. ‘സിനിമയുടെ തിരക്കഥ ഞങ്ങള്‍ വിചാരിച്ചതുപോലെ ഭംഗിയായി വന്നില്ല. അതുകൊണ്ടാണ് തല്‍ക്കാലം ആ പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭാവിയില്‍ എപ്പോഴെങ്കിലും ഈ പ്രോജക്റ്റ് വീണ്ടും സംഭവിച്ചുകൂടായ്കയില്ല ‘എന്നും നസ്ലെന്‍ പറഞ്ഞു. നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തനും സിനിമ ഏകദേശം ഉപേക്ഷിച്ച മട്ടിലാണെന്ന് സൂചന നല്‍കിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചിരുന്നത്. പ്രേമലുവിന് പകരം വരുന്നതാണ് ‘ബദ്‌ലഹേം കുടുംബ യൂണിറ്റ്’. മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളുടെ ലിസ്റ്റില്‍ 12-ാം സ്ഥാനത്താണ് നിലവില്‍ പ്രേമലു. തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്കും തിയേറ്ററുകളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഉപേക്ഷിക്കപ്പെട്ട വാര്‍ത്ത പല മറുഭാഷാ പ്രേക്ഷകരിലേക്കും ഇനിയും എത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ‘പ്രേമലു 2’ വിനായുള്ള കാത്തിരിപ്പിലാണ് അന്യഭാഷാ ആരാധകര്‍.
ഹൊറർ-ഫാന്റസി വിരുന്ന്’ഗു’ ഇനി ഒടിടിയിലേക്ക്…

തിയേറ്ററുകളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ത്രില്ലടിപ്പിച്ച ‘ഗു’ ഒടുവിൽ ഡിജിറ്റൽ സ്ക്രീനുകളിലേക്ക് എത്തുന്നു. ‘മാളികപ്പുറം’ ഫെയിം ദേവനന്ദയും സൈജു കുറുപ്പുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും എത്തുന്നുണ്ട്. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമൊപ്പം എത്തുന്ന ‘മിന്ന’ എന്ന കൊച്ചുപെൺകുട്ടിയുടെയും അവളുടെ കൂട്ടുകാരുടെയും കഥയാണിത്. എന്നാൽ ആ അവധിക്കാലം അവർക്ക് സമ്മാനിക്കുന്നത് സാധാരണ അനുഭവങ്ങളല്ല. ആ തറവാട്ടിൽ അവരെ കാത്തിരുന്ന അസാധാരണവും നിഗൂഢവുമായ ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രം ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ദേവനന്ദ, നിരഞ്ജ് മണിയൻപിള്ള രാജു, മണിയൻപിള്ള രാജു, അശ്വതി മനോഹരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം രാധാകൃഷ്ണനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ജോനാഥൻ ബ്രൂസിന്റെ പശ്ചാത്തല സംഗീതവും ചന്ദ്രകാന്ത് മാധവന്റെ മനോഹരമായ ഛായാഗ്രഹണവും ചിത്രത്തിന് ഭയത്തിന്റെയും ഫാന്റസിയുടെയും വേറിട്ടൊരു അന്തരീക്ഷം നൽകുന്നു.
മോഹിനിയാട്ടത്തിന് ശേഷം ‘ഹരിവരാസനം’; ബിഗ് ബജറ്റ് ചിത്രവുമായി സൈജു കുറുപ്പ്, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

തിയേറ്ററുകളിലും ഒ.ടി.ടിയിലും ഒരേപോലെ തരംഗം സൃഷ്ടിച്ച ‘മോഹിനിയാട്ടം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൈജു കുറുപ്പ് വീണ്ടും നായകനാകുന്നു. വന്‍ ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഹരിവരാസനം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. സൈജു കുറുപ്പിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുമെന്നാണ് സൂചന.’സാള്‍ട്ട് മാങ്കോ ട്രീ’, ‘തൃശ്ശൂര്‍ പൂരം’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് നായറാണ് സംവിധാനം നിര്‍വഹിക്കുന്നത്.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക് അജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈയില്‍ തിരുവനന്തപുരത്ത് ആരംഭിക്കും. ‘ഭരതനാട്യം’ എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന മറ്റൊരു വ്യത്യസ്തമായ പ്രോജക്റ്റായിരിക്കും ‘ഹരിവരാസനം’ എന്നാണ് പ്രതീക്ഷ. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ദൃശ്യം 3 പുതു ചരിത്രത്തിലേക്ക്…ബോക്‌സ് ഓഫീസില്‍ വെറും 7 ദിവസം കൊണ്ട് 200 കോടി!

മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ജോര്‍ജുകുട്ടിയുടെ തിരിച്ചുവരവ് തിയറ്ററുകളില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്‌സ് ഓഫീസിലെ എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് മുന്നേറുന്നു. ചിത്രം റിലീസ് ചെയ്ത് കേവലം 7 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് വാരിക്കൂട്ടിയത്. ആദ്യ വാരം പിന്നിട്ടിട്ടും തിയറ്ററുകളില്‍ ഒട്ടും തിരക്കൊഴിയാത്ത ദൃശ്യം 3, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും കേരളത്തിലുടനീളം അഞ്ഞൂറോളം സ്‌ക്രീനുകളിലാണ് വന്‍ ജനപങ്കാളിത്തത്തോടെ പ്രദര്‍ശനം തുടരുന്നത്. മലയാള സിനിമയില്‍ ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബ് കീഴടക്കുന്ന ചിത്രമെന്ന ഖ്യാതി ഇതോടെ ‘ദൃശ്യം 3’-ക്ക് സ്വന്തം. കേരളത്തിലെ തിയറ്ററുകളില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലും, യുകെ, യു.എസ് തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. പ്രധാന നഗരങ്ങളിലെ മിക്ക തിയറ്ററുകളിലും വരും ദിവസങ്ങളിലെ ടിക്കറ്റുകള്‍ ഇതിനകം തന്നെ ‘ഹൗസ് ഫുള്‍’ ആയിക്കഴിഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളെക്കാളും മികച്ച ട്വിസ്റ്റുകളും സസ്‌പെന്‍സുമാണ് മൂന്നാം ഭാഗത്തില്‍ ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്‌സിലെ അപ്രതീക്ഷിത രംഗങ്ങളാണ് കുടുംബപ്രേക്ഷകരെ വീണ്ടും വീണ്ടും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്.ജിത്തു ജോസഫിന്റെ തിരക്കഥയും മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനവും ഒത്തുചേര്‍ന്നപ്പോള്‍ വരും വാരന്ത്യത്തില്‍ കളക്ഷന്‍ ഇനിയും വാരിക്കൂട്ടും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.