സാരിയുടുത്ത് മാസ് ആക്ഷനുമായി സമാന്ത! തരംഗമായി ‘മാ ഇന്‍ടി ബങ്കാരം’ ട്രെയിലര്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന സമാന്തയുടെ പുതിയ തെലുങ്ക് ചിത്രം ‘മാ ഇന്‍ടി ബങ്കാരം’ട്രെയിലര്‍ പുറത്തിറങ്ങി.ബി.വി. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെറും ഒരു ആക്ഷന്‍ പടം എന്നതിലുപരി, സമാന്തയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാകും ഈ ചിത്രമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന. ഒരു വശത്ത് നാടന്‍ ലുക്കില്‍ അടക്കവും ഒതുക്കവുമുള്ള ഒരു നവവധു, മറുവശത്ത് ശത്രുക്കളെ അടിച്ചുപറത്തുന്ന ധൈര്യശാലിയായ ആക്ഷന്‍ ഹീറോയിന്‍ ആയിട്ടാണ് സമാന്ത വേഷമിടുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സമാന്തയുടെ ഭര്‍ത്താവും പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ രാജ് നിഡിമോരു ആണ് ചിത്രത്തിന്റെ സൃഷ്ടാവ്. സമാന്തയുടെ സ്വന്തം ബാനറായ ‘ട്രലാല മൂവിങ് പിക്ചേഴ്സ്’ ആണ് ചിത്രം നിര്‍മിക്കുന്നത്.ഓം പ്രകാശ് ആണ് ഛായാഗ്രഹണം.സംഗീതം സന്തോഷ് ശിവന്‍. എഡിറ്റിങ് ധര്‍മേന്ദ്ര. ആക്ഷന്‍ ലീ വിറ്റേകര്‍. ‘പത്ത് എന്‍ട്രതുക്കുള്ളൈ’, ‘ദി ഫാമിലി മാന്‍ സീസണ്‍ 2’ എന്നിവയിലൂടെ സമാന്ത തന്റെ ആക്ഷന്‍ മികവ് നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ‘മാ ഇന്‍ടി ബങ്കാരം’ അതിലും വമ്പന്‍ ആക്ഷന്‍ വിരുന്നായിരിക്കും സമ്മാനിക്കുക. ചിത്രം ജൂണ്‍ 19-ന് തിയറ്ററുകളിലേക്ക് എത്തും.

നടൻ രൺവീർ സിംഗിന് സിനിമയിൽ വിലക്കിട്ട് നിർമ്മാതാക്കളുടെ സംഘടന!

ബോളിവുഡ് താരം രൺവീർ സിംഗിന് സിനിമയിൽ താൽക്കാലിക വിലക്ക്. തുടർച്ചയായ അച്ചടക്കലംഘനങ്ങളും ഷൂട്ടിംഗ് സെറ്റുകളിലെ സഹകരിക്കായ്കയും ചൂണ്ടിക്കാട്ടിയാണ് ചലച്ചിത്ര നിർമ്മാതാക്കളുടെ സംഘടന ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. വിലക്ക് നിലവിൽ വന്നതോടെ താരത്തിന്റെ പുതിയ സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായി. കൃത്യസമയത്ത് സെറ്റുകളിൽ എത്താതിരിക്കുകയും ഷൂട്ടിംഗ് മണിക്കൂറുകളോളം വൈകിപ്പിക്കുകയും ചെയ്യുക.മുൻകൂട്ടി ഒപ്പുവെച്ച വ്യവസ്ഥകൾ പാലിക്കാതെ പ്രതിഫല കാര്യങ്ങളിൽ അവസാന നിമിഷം മാറ്റങ്ങൾ ആവശ്യപ്പെടുക എന്നിവയാണ് കാരണങ്ങൾ.സംവിധായകനോടും നിർമ്മാതാവിനോടും മോശമായി പെരുമാറിയെന്ന പരാതികളും നിലവിലുണ്ട്. ഈ വിലക്ക് കാരണം നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന രൺവീറിന്റെ രണ്ട് വൻകിട പ്രൊജക്ടുകളുടെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഏകദേശം 15 കോടിയിലധികം രൂപയുടെ ബിസിനസ്സ് ഈ തീരുമാനത്തോടെ പ്രതിസന്ധിയിലായെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.ഈ വിഷയത്തിൽ രൺവീർ സിംഗിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.

ലാലേട്ടന്റെ ജന്മദിനത്തില്‍ ആരാധകരെയും ബിഗ് ബോസ് പ്രേമികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് ആ പ്രഖ്യാപനമിതാ…എട്ടാം സീസണ്‍ ഉടന്‍ ?

മലയാളം ടെലിവിഷന്‍ ചരിത്രത്തെത്തന്നെ മാറ്റിമറിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഏഴാം സീസണിന്റെ ഗംഭീര വിജയത്തിന് പിന്നാലെ എട്ടാം സീസണ്‍ വരുന്നു എന്ന വാര്‍ത്ത ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ വെച്ച് തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, തന്റെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കായി ഡബിള്‍ ധമാക്കയുമായാണ് അവതാരകനായ മോഹന്‍ലാല്‍ എത്തിയിരിക്കുന്നത്. മിനിസ്‌ക്രീന്‍ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്‌സും മാത്രമല്ല, കഴിഞ്ഞ കുറച്ചു സീസണുകളായി ‘കോമണര്‍’ കാറ്റഗറിയിലൂടെ സാധാരണക്കാരും ബിഗ് ബോസ് വീട്ടിലെത്താറുണ്ട്. കഴിഞ്ഞ സീസണിലെ അനീഷ് ടി.എ ഈ കാറ്റഗറിയിലൂടെ വന്ന് റണ്ണറപ്പായ ആളാണ്. എന്നാല്‍ ഇത്തവണ കളി മാറും. സീസണ്‍ 8-ല്‍ ഒന്നോ രണ്ടോ പേരല്ല, മറിച്ച് നിരവധി സാധാരണക്കാരാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ വീഡിയോയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഈ ബിഗ് ബ്രേക്കിംഗ് വാര്‍ത്ത പങ്കുവെച്ചത്. സാധാരണക്കാരില്‍ നിന്ന് ഏറ്റവും മികച്ചവരെ കണ്ടെത്താനാണ് ഏഷ്യാനെറ്റ് ഈ എട്ടാം സീസണ്‍ ഒരുക്കുന്നത്. ആദ്യം ‘ബിഗ് ബോസ് അഗ്നിപരീക്ഷ’ വിജയിക്കണം. ഇതില്‍ വിജയിച്ചു വരുന്നവര്‍ക്ക്, ഷോയിലെ പ്രകടന മികവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 8 ലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നതാണ്. ബിഗ് ബോസ് എന്ന സ്വപ്ന കോട്ടയിലേക്ക് നടന്നു കയറാന്‍ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരനും ലഭിക്കാവുന്ന ഏറ്റവും വലിയ സുവര്‍ണ്ണാവസരമാണിത്. നേരിട്ട് ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നതിന് മുന്‍പ് ‘അഗ്‌നിപരീക്ഷ’ നേരിട്ട് വരണമെന്നത് വരാനിരിക്കുന്ന സീസണിന്റെ ആവേശം ഇരട്ടിയാക്കും എന്നതില്‍ സംശയമില്ല. ഷോയുടെ കൂടുതല്‍ വിവരങ്ങളും ഓഡിഷന്‍ തീയതികളും ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് സൂചന.

ഒടിടിയില്‍ റിലീസുകളുടെ പൂരം;മധുവിധു മുതല്‍ ഭീഷ്മര്‍ വരെ…

‘കറുപ്പ്’, ‘ദൃശ്യം 3’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയറ്ററുകള്‍ കീഴടക്കുമ്പോള്‍, ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ പൊട്ടിച്ചിരിയും ത്രില്ലും നിറയ്ക്കാന്‍ ഒരുപിടി പുതിയ ചിത്രങ്ങളാണ് ഈ വാരം എത്തിയിരിക്കുന്നത്.വിക്കെന്‍ഡ് ആഘോഷമാക്കാന്‍ മെയ് 22 മുതല്‍ ഒടിടിയില്‍ കാണാന്‍ കഴിയുന്ന 5 പ്രധാന റിലീസുകള്‍ ഇതാ: ഷറഫുദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മധുവിധു’. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ നായികയായി അരങ്ങേറ്റം കുറിക്കുന്നു. ഒരു ഫാമിലി എന്റര്‍ടൈനര്‍ പ്രതീക്ഷിക്കുന്ന ചിത്രം സോണി ലിവ് (SonyLIV) വഴിയാണ് സ്ട്രീം ചെയ്യുന്നത്. അദിതി ബാലന്‍, ദുഷാര വിജയന്‍, ഒരുകാലത്തെ ചോക്ലേറ്റ് ഹീറോ അബ്ബാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ക്രൈം ത്രില്ലര്‍ സീരീസാണ് ‘എക്‌സാം’. ദുഷാരയും അദിതിയും പൊലീസ് ഓഫീസര്‍മാരായി എത്തുന്ന ഈ ഇന്‍വെസ്റ്റിഗേഷന്‍ സീരീസ് ഇതിനകം സ്ട്രീമിങ് ആരംഭിച്ചുകഴിഞ്ഞു. ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ഔട്ട് ആന്‍ഡ് ഔട്ട് റൊമാന്റിക് കോമഡി ത്രില്ലറാണ് ‘ഭീഷ്മര്‍’. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിവ്യ പിള്ള, ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. തിയറ്ററുകളില്‍ ചിരിയുണര്‍ത്തിയ ചിത്രം ഒരേസമയം രണ്ട് പ്ലാറ്റ്ഫോമുകളിലാണ് എത്തുന്നത്.ആമസോണ്‍ പ്രൈം വിഡിയോ, സണ്‍ നെക്സ്റ്റ് എന്നിവയില്‍ റിലീസ് ചെയ്യും. ജ്യോതികയും സൊനാക്ഷി സിന്‍ഹയും സ്‌ക്രീനില്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ‘സിസ്റ്റം’ നേരിട്ടുള്ള ഒടിടി റിലീസായാണ് എത്തുന്നത്. അശ്വിന്‍ അയ്യര്‍ തിവാരിയാണ് ഈ ചിത്രത്തിന്റെ സംവിധാനം. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്യുന്നത്. തമിഴ് ക്രൈം ത്രില്ലര്‍ പ്രേമികള്‍ക്കായി വിഗ്‌നേഷ് നടരാജന്‍ സംവിധാനം ചെയ്ത വെബ് സീരീസാണ് ‘വാറന്റ്’. പ്രശാന്ത് പാണ്ഡ്യരാജ്, പ്രശസ്ത സംവിധായകന്‍ ബാലാജി ശക്തിവേല്‍, അരുള്‍ ദോസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍. സീ5 ല്‍ റിലീസ് ചെയ്യും.

വെള്ളിത്തിരയിൽ പുത്തൻ ദൃശ്യവിരുന്ന്,ചരിത്രമാകാൻ ആദ്യ എഐ ചിത്രം ‘വാഗ്ദത്തഭൂമി’

മലയാള സിനിമയിൽ സാങ്കേതിക തികവിനെയും ആഗോള നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ട്, മലയാളത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചലച്ചിത്രം ‘വാഗ്ദത്തഭൂമി’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സംവിധായകൻഇന്ത്യൻ പനോരമയിലുൾപ്പെടെ സാന്നിധ്യമറിയിച്ച പ്രശസ്ത സ്വതന്ത്ര ചലച്ചിത്രകാരൻ സിദ്ധിക്ക് പറവൂറാണ്.നിർമ്മാണത്തിന് നേതൃത്വം നൽകുന്നത് വാലപ്പൻ ക്രീയേഷൻസ് സിഇഒ ലിൻസി ഷാജു വാലപ്പനാണ്. കേരളത്തിന്റെ മലയോര ജീവിതത്തിന്റെ നേർക്കാഴ്ചയും, കുടിയേറ്റം സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും ആഴത്തിൽ ചർച്ച ചെയ്യുന്ന ഒരു ക്രാഫ്റ്റാണ് ‘വാഗ്ദത്തഭൂമി’.മലയോര കർഷകനായ സോളമന്റെയും ഭാര്യ ക്ലാരയുടെയും മകൻ സാമിന്റെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. കാനഡയിലേക്ക് കുടിയേറിയ സാം, അച്ഛന്റെ സമ്മതമില്ലാതെ തറവാടും കൃഷിഭൂമിയും വിൽക്കാൻ തുനിയുന്നു. എന്നാൽ, തലമുറകളുടെ വിയർപ്പും ഓർമ്മകളും തുടിക്കുന്ന ആ മണ്ണ് ഉപേക്ഷിക്കാൻ സോളമൻ തയ്യാറാകുന്നില്ല. ഈ അച്ഛനും മകനും തമ്മിലുള്ള വൈകാരിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ കാതൽ. ഭൂമി എന്നത് വെറും കച്ചവടച്ചരക്കല്ല, മറിച്ച് മനുഷ്യന്റെ വേരുകളും ആത്മാവുമാണെന്ന ശക്തമായ സന്ദേശമാണ് ചിത്രം പകരുന്നത്. പുതുതലമുറയുടെ വിദേശമോഹം നമ്മുടെ മലയോരങ്ങളെ എങ്ങനെ വയോധികരുടെ താഴ്‌വരകളാക്കി മാറ്റുന്നു എന്ന ഗൗരവമേറിയ ചിന്തയും ചിത്രം പങ്കുവെക്കുന്നു. ഷാജു വലപ്പൻ, ഡോ. അനശ്വര, സുരേഷ് നെല്ലിക്കോട്, നോയൽ ഷാജു വലപ്പൻ, ജോസ് മാമ്പിള്ളി, നസീമ അറക്കൽ, റഷീദ് മുഹമ്മദ്, സിദ്ദിഖ് കാക്കു, ഷഹന ടീച്ചർ, പ്രസിൻ കെ. പോണത്, നൗഷാദ് സാഗ, ബക്കർ മാടവന, സിദ്ധിക്ക് പറവൂർ എന്നിവരുടെ രൂപഭാവങ്ങളാണ് എഐ സാങ്കേതികവിദ്യയിലൂടെ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മാതൃകയായത്. നോയൽ, നോവ, നേഹ, ജോസ് മാമ്പിള്ളി, ജലീൽ ബദുഷാ തുടങ്ങിയ വൻനിര തന്നെ ചിത്രത്തിന്റെ പിന്നണിയിൽ അണിനിരക്കുന്നു. കൊടുങ്ങല്ലൂരിലെ ‘ചന്ദ്രബോസ് ബോസ് ബാൻഡ്’ ആണ് ചിത്രത്തിന്റെ സ്റ്റുഡിയോ പാർട്ണർ.വൻ തുക മുടക്കാതെ തന്നെ എങ്ങനെ ലോകോത്തര ദൃശ്യവിരുന്ന് ഒരുക്കാമെന്ന് ഈ ചിത്രം തെളിയിക്കുന്നു. വരുംതലമുറയിലെ സ്വതന്ത്ര സിനിമാപ്രവർത്തകർക്ക് വിപ്ലവകരമായ ഒരു പുതിയ വഴിവിളക്കാകും ഈ എഐ പരീക്ഷണം.

തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് ‘ദൃശ്യം 3’മികച്ച പ്രേക്ഷക പ്രതികരണങ്ങളിലൂടെ മുന്നോട്ട്…

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമായ ‘ദൃശ്യം 3’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോകൾക്ക് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിലും തിയേറ്ററുകളിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.ഡയറക്ടർ ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിച്ച ഈ സൈക്കോളജിക്കൽ ത്രില്ലർ സിനിമ, ജോർജുകുട്ടിയും കുടുംബവും നേരിടുന്ന ആത്യന്തികമായ നിയമ-വൈകാരിക പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സിനിമയെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ പ്രധാനമായും ചിത്രത്തിന്റെ ഫസ്റ്റ് ഹാഫിനെ പുകഴ്ത്തുന്നതാണ്. ജോർജുകുട്ടിയുടെ കുടുംബപശ്ചാത്തലത്തിലൂടെയും വൈകാരികമായ മുഹൂർത്തങ്ങളിലൂടെയും സാവധാനം പുരോഗമിക്കുന്ന കഥ ഇന്റർവെല്ലിലേക്ക് എത്തുമ്പോൾ വലിയൊരു ട്വിസ്റ്റിലേക്ക് വഴിമാറുന്നു. പ്രേക്ഷകർ ഇതിനെ “അബ്സല്യൂട്ട് സിനിമ” എന്നും “തകർപ്പൻ ഇന്റർവെൽ ബ്ലോക്ക്” എന്നുമാണ് വിശേഷിപ്പിച്ചത്. തിയേറ്ററുകളിൽ വലിയ രീതിയിലുള്ള ആരവമാണ് മോഹൻലാലിന്റെ എൻട്രി സീനുകൾക്കും ഇന്റർവെൽ രംഗങ്ങൾക്കും ലഭിക്കുന്നത്.ജോർജുകുട്ടിയായുള്ള മോഹൻലാലിന്റെ സ്ക്രീൻ പ്രെസെൻസും സൂക്ഷ്മമായ അഭിനയവും പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ദൃശ്യം 1, 2 ഭാഗങ്ങളുടെ അതേ മേക്കിംഗ് ശൈലി തന്നെയാണ് സംവിധായകൻ ജീത്തു ജോസഫ് ഇതിലും പിൻതുടർന്നിരിക്കുന്നത്. ത്രില്ലർ ഘടകങ്ങൾക്കൊപ്പം തന്നെ ജോർജുകുട്ടി തന്റെ കുടുംബത്തെ സംരക്ഷിക്കാൻ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളും വൈകാരികമായ നിമിഷങ്ങളും സിനിമയിൽ മികച്ച രീതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് കാണികൾ അഭിപ്രായപ്പെടുന്നു. മീന, അൻസിബ, എസ്തർ അനിൽ എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കി.ഭൂരിഭാഗം ആളുകളും ചിത്രത്തെ പുകഴ്ത്തുമ്പോഴും, ചില കോണുകളിൽ നിന്ന് മിശ്ര പ്രതികരണങ്ങളും വരുന്നുണ്ട്. ആദ്യ രണ്ട് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചിത്രത്തിന്റെ തുടക്കം അൽപ്പം ഇഴഞ്ഞുനീങ്ങുന്നതായും , ത്രില്ലിംഗ് നിമിഷങ്ങളേക്കാൾ ഡ്രാമയ്ക്കാണ് ഇതിൽ കൂടുതൽ പ്രാധാന്യം നൽകിയിട്ടുള്ളതെന്നും ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. തിയേറ്ററുകളിലെ മികച്ച അഭിപ്രായങ്ങൾക്കൊപ്പം തന്നെ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമാണ് ദൃശ്യം 3 നടത്തുന്നത്. ആഗോളതലത്തിൽ പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം ഏകദേശം 28 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നിലേക്ക് ചിത്രം കുതിക്കുകയാണ്.ജീത്തു ജോസഫ് ഒരുക്കിയ മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലർ തന്നെയാണ് ‘ദൃശ്യം 3’. സിനിമയുടെ തുടക്കത്തിലെ മെല്ലെപ്പോക്ക് മാറ്റിനിർത്തിയാൽ, ശക്തമായ ഇന്റർവെൽ രംഗങ്ങളും മോഹൻലാലിന്റെ അസാധ്യ പ്രകടനവും ജോർജുകുട്ടിയുടെ അവസാന മൈൻഡ് ഗെയിമും തിയേറ്ററുകളിൽ നിന്ന് തന്നെ കണ്ടറിയേണ്ട ഒരു അനുഭവം സമ്മാനിക്കുന്നുണ്ട്.

വിവാദം പുകയുന്നു; ജൂൺ 4-ലെ ഒടിടി റിലീസിന് മുന്നെ ‘ധുരന്ധറിന്’ കേന്ദ്ര സെൻസർ ബോർഡിന്റെ പുനഃപരിശോധന

രണ്‍വീര്‍ സിങ് നായകനായി തിയറ്ററുകളിൽ വൻ വിജയം കൈവരിച്ച ‘ധുരന്ധർ’ എന്ന സിനിമയ്‌ക്കെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ പരിശോധിക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തോടും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോടും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ സായുധ സേനയുടെ അതീവ രഹസ്യ സ്വഭാവമുള്ള പ്രവർത്തന രീതികളും തന്ത്രപരമായ നീക്കങ്ങളും വിദേശ രാജ്യങ്ങളിലെ രഹസ്യ ഏജന്റുമാരുടെ ദൗത്യങ്ങളും ചിത്രം പരസ്യപ്പെടുത്തുന്നുവെന്ന് കാണിച്ച് എസ്എസ്ബിയിലെ ഹെഡ് കോൺസ്റ്റബിൾ ദീപക് കുമാർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്. സിനിമ ഒരു സാങ്കൽപ്പിക സൃഷ്ടിയാണെങ്കിൽ പോലും, രാജ്യത്തിന്റെ സുരക്ഷയെയും പരമാധികാരത്തെയും ബാധിക്കുന്ന തരത്തിലുള്ള ആശങ്കകൾ പൂർണ്ണമായി തള്ളിക്കളയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാണിക്കുന്ന ഈ ഹർജിക്ക് മുൻപ്, സൈനികൻ മോഹിത് ശർമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. ആദിത്യ ധർ സംവിധാനം ചെയ്ത് ലോകമെമ്പാടുമായി 1600 കോടിയിലധികം രൂപ കളക്ഷൻ നേടിയ ഈ സൂപ്പർഹിറ്റ് ചിത്രം വരാനിരിക്കുന്ന ജൂൺ നാലിന് ഇന്ത്യയിൽ ഒടിടി റിലീസിന് തയ്യാറെടുക്കവെയാണ് ഈ നിയമനടപടികൾ നേരിടുന്നത്.

മലയാളിയുടെ സ്വകാര്യ അഹങ്കാരം; പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാൾ മധുരം!

മലയാള സിനിമയുടെ സുൽത്താൻ, നമ്മുടെ സ്വന്തം ലാലേട്ടന് ഇന്ന് ജന്മദിനം! പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച്, സിനിമാ ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ചുകൊണ്ട് മോഹൻലാൽ എന്ന നടനവിസ്മയം മറ്റൊരു വയസ്സിലേക്ക് കൂടി കടക്കുകയാണ്. രാവിലെ മുതൽ തന്നെ സിനിമാ ഇൻഡസ്ട്രി ഒന്നടങ്കം ലാലേട്ടന് ആശംസകളുമായി ഒഴുകിയെത്തുകയാണ്. സിനിമാ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനൊപ്പമുള്ള ഓർമ്മകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ആശംസകളുടെ വൻ പ്രവാഹം തന്നെയാണ് തീർക്കുന്നത്. വെറുമൊരു നടൻ എന്നതിലുപരി മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് മോഹൻലാൽ. ദാസനായും ജയകൃഷ്ണനായും മംഗലശ്ശേരി നീലകണ്ഠനായും സേതുമാധവനായും ഒടുവിൽ ഇതാ ദൃശ്യത്തിലെ ജോർജുകുട്ടിയായും അദ്ദേഹം പകർന്നാടിയ വേഷങ്ങൾ മലയാളി നെഞ്ചോട് ചേർത്തു വെച്ചവയാണ്. ഈ ജന്മദിനത്തിന് മാറ്റ് കൂട്ടിക്കൊണ്ട്, ആരാധകർ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ റിലീസിന് ഒരുങ്ങുകയാണെന്ന വാർത്തകൾ കൂടിയെത്തുമ്പോൾ ആഘോഷം ഇരട്ടിയാവുകയാണ്. ജോർജുകുട്ടിയുടെ ആ തകർപ്പൻ തിരിച്ചുവരവിനായി തിയേറ്ററുകൾ പൂരപ്പറമ്പാകാൻ കാത്തിരിക്കുകയാണ്. കേരളക്കര ഇന്ന് ഈ ഒരൊറ്റ പേരിൽ ലയിച്ചു നിൽക്കുമ്പോൾ ആ നടനഭംഗിയും, മാസ്സ് ലുക്കും ഇനിയും വർഷങ്ങളോളം മലയാള സിനിമയെ ഭരിക്കട്ടെ എന്ന് ആശംസിക്കുന്നു. ലാലേട്ടന് ആയുസ്സും ആരോഗ്യവും നിറഞ്ഞ ജന്മദിനാശംസകൾ.

ജെന്‍സി പിള്ളേരെ ഇനി അങ്ങനെയൊന്നും പേടിപ്പിക്കാന്‍ പറ്റില്ല.മാറിയ പേടിയുടെ പുതിയ സമവാക്യങ്ങൾ..

ഒരു വെള്ളത്തുണിയും നീളന്‍ മുടിയും പാലപ്പൂവിന്റെ ഗന്ധവുമൊക്കെയായി ഇറങ്ങാന്‍ വരട്ടെ..ഇന്ന് കാലം മാറി, കഥ മാറി, ആളുകളും. ജെന്‍സി പിള്ളേരെ ഇനി അങ്ങനെയൊന്നും പേടിപ്പിക്കാന്‍ പറ്റില്ല.അതെന്താന്നല്ലേ… പുതിയ കാലത്തെ മലയാള സിനിമയും പ്രേക്ഷകനും ഹൊറര്‍ സിനിമകളോട് പുലര്‍ത്തുന്ന ഈ മാറ്റത്തെ നമുക്കിങ്ങനെ ഒന്ന് സ്‌റ്റൈലിഷ് ആയി നോക്കിക്കാണാം. തൊണ്ണൂറുകളില്‍ ‘ആകാശഗംഗ’യിലെ ഗാനങ്ങള്‍ കേട്ട് പുതപ്പിനടിയില്‍ ഒളിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ജെന്‍സി പിള്ളേര്‍ക്ക് ‘ആകാശഗംഗ’യൊക്കെ ഒരു നൊസ്റ്റാള്‍ജിയ മാത്രമാണ്. അവര്‍ക്ക് വേണ്ടത് പേടിപ്പിക്കുക എന്നതിലുപരി ഒരു ‘എക്‌സ്പീരിയന്‍സ്’ ആണ്.അതിന് ഉദാഹരണമാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര പോലുള്ള സിനിമകള്‍ നേടിയ വിജയം.ഹൊററിനൊപ്പം ഹ്യൂമര്‍ ചേര്‍ത്തപ്പോള്‍ അത് മലയാളിയുടെ പേടിയുടെ സമവാക്യങ്ങളെ മാറ്റിമറിച്ചു. ഇനി ‘ഡെലുലു’ എന്നതൊ ജെന്‍സിയുടെ പ്രിയപ്പെട്ട വാക്കാണ്. അമിതമായ ഭാവനയില്‍ ജീവിക്കുന്നവര്‍ക്ക് പ്രേതത്തേക്കാള്‍ പേടി ജീവിതത്തിലെ ചില കഠിനമായ യാഥാര്‍ഥ്യങ്ങളെയാണ്. ഇനി മലയാളിയെ വെറുതെയങ്ങ് കാല്‍ച്ചിലമ്പിന്റെ ശബ്ദം കേള്‍പ്പിച്ചോ കണ്ണുരുട്ടിക്കാണിച്ചോ പേടിപ്പിക്കാന്‍ പറ്റില്ല. വേണ്ടത് സൈക്കോളജിക്കല്‍ ഹോറര്‍ ട്രിക്കാണ്.പുറത്തുള്ള പ്രേതത്തേക്കാള്‍ ഉള്ളിലുള്ള ഭയത്തെ കാട്ടിക്കൊടുക്കുക. ഡെലുലു ‘ പോലുള്ള സിനിമകള്‍ ചെയ്തത് അതാണ് കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍സും ചെവി തുളയ്ക്കുന്ന സൗണ്ട് ഇഫക്റ്റുകളും ഇനിയും ആവശ്യമാണ്, പക്ഷേ അത് യുക്തിക്ക് നിരക്കുന്നതാകണം.ഓള്‍ഡ് തറവാടും പാതിരാത്രിയും വിട്ട് ഉദാഹരണത്തിന് ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ ഹൊറര്‍ കൊണ്ടുവരിക എന്നതാണ്. ഈ ആ പാട്ട് കേള്‍ക്കുമ്പോള്‍ ശരീരത്തില്‍ വന്ന തണുപ്പ് ഇന്നും മിസ്സ് ചെയ്യുന്നവരുണ്ട്. പക്ഷേ ഇന്നത്തെ പ്രേക്ഷകന്‍ ചോദിക്കുന്നത്: ‘പ്രേതത്തിന് എന്തിനാണ് ഇത്ര നല്ല പാട്ട്?’ ശെരിയല്ലേ.ചുരുക്കത്തില്‍ മലയാളിക്ക് പേടി കുറഞ്ഞതല്ല, മറിച്ച് പേടിക്കുന്ന രീതി മാറിയതാണ്. ഇരുട്ടിലെ പ്രേതത്തേക്കാള്‍ ഇന്ന് അവര്‍ ഭയപ്പെടുന്നത് വെളിച്ചത്തിലെ മനുഷ്യരെയാണ്…അതിനര്‍ത്ഥം ഇനി മലയാളിയെ പേടിപ്പിക്കണമെങ്കില്‍, വെറും യക്ഷിക്കഥകള്‍ മാത്രം പോരാ, അവരുടെ ചിന്തകളെ ഉലയ്ക്കുന്ന ഒരു ‘സൈക്കോ-ഹൊറര്‍’ തന്ത്രങ്ങള്‍ തന്നെ ഇറക്കേണ്ടി വരും.

സൈബർ ട്രോളുകൾക്കിടയിലും സ്വന്തമായി സാമ്രാജ്യം തീർത്ത അലിൻ ജോസ്; പിന്തുണയുമായി ടിനി ടോം

സോഷ്യൽ മീഡിയയിലൂടെയും സിനിമാ റിവ്യൂകളിലൂടെയും മലയാളിക്ക് സുപരിചിതനായ അലിൻ ജോസ് പെരേരയെ അഭിനന്ദിച്ച് നടൻ ടിനി ടോം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത്. മറ്റാരുടെയും സഹായമില്ലാതെ സ്വന്തം അധ്വാനം കൊണ്ട് മാത്രം ജീവിതത്തിൽ വിജയം കണ്ടെത്തിയ വ്യക്തിയാണ് അലിൻ എന്ന് ടിനി ടോം വ്യക്തമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ നിരന്തരം പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് മുന്നേറാൻ അലിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ചില ഉദ്ഘാടന ചടങ്ങുകളിൽ അലിൻ പങ്കെടുത്തതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റർ കണ്ടപ്പോഴാണ് തനിക്ക് ഈ കുറിപ്പ് എഴുതാൻ തോന്നിയതെന്ന് ടിനി ടോം പറയുന്നു. പലരും അലിന്റെ പ്രകടനങ്ങളെയും രീതികളെയും വിമർശിക്കാറുണ്ടെങ്കിലും, ഇന്ന് ഒരു ആശുപത്രിയുടെ ഉദ്ഘാടകൻ എന്ന നിലയിലേക്ക് വരെ അവൻ വളർന്നു കഴിഞ്ഞു. അവനെ ചീത്തവിളിക്കുന്നവർ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, തന്റെ അന്വേഷണത്തിൽ ഒരു ദിവസം കുറഞ്ഞത് അയ്യായിരം രൂപയെങ്കിലും അലിൻ സമ്പാദിക്കുന്നുണ്ട്. മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർ സ്വന്തം ജീവിതത്തിൽ എന്താണ് നേടുന്നതെന്ന് ചിന്തിക്കണമെന്നും ടിനി ടോം കുറിച്ചു. മുൻപൊരു വിവാഹച്ചടങ്ങിൽ വെച്ച് അലിൻ ജോസിന് കടുത്ത അപമാനങ്ങൾ നേരിടേണ്ടി വന്നതും അവനെ അവിടെനിന്ന് ഇറക്കിവിട്ടതും കണ്ട് തന്റെ മനസ്സ് തകർന്നുവെന്ന് ടിനി ടോം വെളിപ്പെടുത്തി. അവൻ ആരോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല, ആരുടെയും സ്വത്ത് മോഷ്ടിച്ചിട്ടുമില്ല. ഒരാളെ ഇഷ്ടമല്ലെങ്കിൽ അവരിൽ നിന്ന് അകലം പാലിക്കാം, എന്നാൽ എന്തിനാണ് ക്രൂരമായി ഉപദ്രവിക്കുന്നത്? അവനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ള വ്യക്തിയാണ്. ഇന്ന് കേരളമറിയുന്ന ഒരു സെലിബ്രിറ്റിയായി അലിൻ മാറുമ്പോൾ, അവനെ പരിഹസിച്ചവർക്ക് ഭാവിയിൽ തിരിഞ്ഞുനോക്കാൻ സ്വന്തമായി യാതൊരു നേട്ടവുമുണ്ടാകില്ല. മറ്റുള്ളവരെ തെറിവിളിക്കാൻ സമയം കളയാതെ സ്വന്തം കഴിവ് തെളിയിക്കാൻ ശ്രമിക്കണമെന്നും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമുകളിൽ തിരഞ്ഞാൽ പോലും അലിൻ സ്വയം വളർന്നുവന്ന ചരിത്രം കാണാൻ സാധിക്കുമെന്നും ടിനി ടോം കൂട്ടിച്ചേർത്തു.