സൂര്യയുടെ കരിയര്‍ ബെസ്റ്റായി ‘കറുപ്പ്’;13 വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റടിച്ച് ചിത്രം

തിയേറ്റര്‍ ഹിറ്റില്ലാത്ത 13 വര്‍ഷങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് നടിപ്പിന്‍ നായകന്‍ സൂര്യ.’കറുപ്പ്’ നാല് ദിവസം കൊണ്ട് 140 കോടിയിലേറെ രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ സൂര്യയുടെ ഗ്രാഫ് ഒരിക്കല്‍ കൂടി ഉയര്‍ന്നിരിക്കുകയാണ്. ‘സിങ്കം 2’-ന്റെ കളക്ഷന്‍ ആയിരുന്നു സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ തിയേറ്റര്‍ ഹിറ്റ്. ഇത് നാല് ദിവസം കൊണ്ട് മറികടന്നാണ് കറുപ്പ് ചരിത്ര വിജയത്തിലേക്ക് കുതിക്കുന്നത്. രണ്ട് മില്യണിലധികം ടിക്കറ്റുകളാണ് ഇതുവരെ ‘ബുക്ക് മൈ ഷോ’ വഴി മാത്രം വിറ്റുപോയത്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷന്‍ ത്രില്ലറില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പി’ല്‍ എത്തിയത്.ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് ‘കറുപ്പില്‍’ അണിനിരക്കുന്നത്. യുവ സംഗീത സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യ-തൃഷ കോംബോക്കൊപ്പം വമ്പന്‍ താരനിര കൂടി അണിനിരന്നപ്പോള്‍ ബോക്‌സ് ഓഫീസ് ഇളകിമറിഞ്ഞിരിക്കുകയാണ്.
പരിഹാസങ്ങളിൽ നിന്ന് തമിഴകത്തിന്റെ ഹൃദയത്തിലേക്ക്; ‘കറുപ്പ്’ സിനിമയിലൂടെ വീണ്ടും വിസ്മയിപ്പിച്ച് ഇന്ദ്രൻസ്

തമിഴ് സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ വിസ്മയിപ്പിച്ചുകൊണ്ട് മലയാളി താരം ഇന്ദ്രൻസിന്റെ തകർപ്പൻ പ്രകടനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സൂര്യ നായകനായി തിയേറ്ററുകളിൽ എത്തിയ ‘കറുപ്പ്’ എന്ന പുതിയ തമിഴ് ചിത്രത്തിലെ ഇന്ദ്രൻസിന്റെ അഭിനയമാണ് ഇപ്പോൾ തമിഴകത്ത് വൻ ചർച്ചയായിരിക്കുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ച കഥാപാത്രം പറയുന്ന “എനക്ക് ഗൂഗിള്‍ പേ പണ്ണ തെരിയാത് സാര്‍” ഡയലോഗും ആ രംഗത്തിലെ അദ്ദേഹത്തിന്റെ ഭാവതീവ്രമായ അഭിനയവുമാണ് തമിഴ് സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിലെ ഈ രംഗം പുറത്തുവന്നതോടെ തമിഴ്നാട്ടിലെ സിനിമാ ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇന്ദ്രൻസിനെ കുറിച്ചുള്ള പ്രശംസകൾ നിറയുകയാണ്. ലളിതവും എന്നാൽ ഹൃദയസ്പർശിയുമായ രീതിയിൽ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വർഷങ്ങളായി മലയാള സിനിമയിൽ നമ്മൾ കണ്ടറിഞ്ഞ ഇന്ദ്രൻസിന്റെ അഭിനയ പ്രതിഭ ഇപ്പോൾ തമിഴ് മണ്ണിലും വലിയ അംഗീകാരം നേടുന്നത് മലയാളികൾക്കും ഏറെ അഭിമാനകരമായ നിമിഷമായി മാറിയിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന പ്രൊമോഷൻ പരിപാടികളിൽ വെച്ച് നടൻ സൂര്യ തന്നെ ഇന്ദ്രൻസിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരുന്നു. വസ്ത്രാലങ്കാര രംഗത്തുനിന്ന് വന്ന്, കരിയറിന്റെ തുടക്കത്തിൽ ശരീരപ്രകൃതിയുടെ പേരിൽ ഒട്ടേറെ പരിഹാസങ്ങൾ നേരിട്ടിട്ടും, കഠിനാധ്വാനത്തിലൂടെ ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിൽ വരെ എത്തിയ ഇന്ദ്രൻസിന്റെ സിനിമാ ജീവിതം വലിയൊരു പ്രചോദനമാണെന്ന് സൂര്യ ചടങ്ങിൽ വെച്ച് പറഞ്ഞു. ചിത്രത്തിലെ സഹതാരങ്ങളും അണിയറപ്രവർത്തകരും ഇന്ദ്രൻസിന്റെ അഭിനയ മികവിനെയും അദ്ദേഹത്തിന്റെ എളിമയെയും കുറിച്ച് സോഷ്യൽ മീഡിയയിലൂടെ നിരന്തരം പങ്കുവെക്കുന്നുണ്ട്.
അണ്ടങ്കാക്ക കൊണ്ടക്കാരി…’ മൂന്നാറിലെ തൊഴിലാളികൾക്കൊപ്പം പാട്ടുപാടി ചുവടുവെച്ച് വിക്രം

മൂന്നാറിലെ തേയിലത്തോട്ടത്തിൽ വച്ച് തെന്നിന്ത്യൻ താരം വിക്രം തോട്ടം തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സ്ഥലത്ത് വെറുതെ നടക്കാനിറങ്ങിയ വിക്രം, അവിടെ ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീകളെ കണ്ട് അവർക്കരികിലേക്ക് ചെല്ലുകയായിരുന്നു. താരത്തെ കണ്ട സന്തോഷത്തിൽ തൊഴിലാളികൾ ‘സാമി’, ‘അന്യൻ’ തുടങ്ങിയ വിക്രമിന്റെ സൂപ്പർഹിറ്റ് കഥാപാത്രങ്ങളുടെ പേരുകൾ വിളിച്ചുപറഞ്ഞ് ചുറ്റുംകൂടി. തുടർന്ന് യാതൊരുവിധ താരജാഡകളും ഇല്ലാതെ അവരോട് സംസാരിച്ച വിക്രം, ‘അന്യൻ’ സിനിമയിലെ ‘അണ്ടങ്കാക്ക കൊണ്ടക്കാരി’ എന്ന പാട്ട് പാടി അവർക്കൊപ്പം ഡാൻസ് ചെയ്യുകയും ചെയ്തു. താരം തന്നെയാണ് ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. “ഒരു നടത്തത്തിന് പോയി, ഒരുപാട് നല്ല ഓർമ്മകളുമായി തിരിച്ചു വന്നു” എന്നാണ് വിക്രം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. തങ്ങളിലൊരാളായി കണ്ട് സംസാരിക്കുകയും കൂടെ നിന്ന് ഡാൻസ് കളിക്കുകയും ചെയ്ത വിക്രമിന്റെ ലളിതമായ പെരുമാറ്റത്തെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ആരാധകരും സോഷ്യൽ മീഡിയയും.
കോഴിക്കോട് കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്ത യുവതിയുടെ വാർത്തയും അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളും കാണുമ്പോൾ വലിയ കഷ്ടം തോന്നുന്നു.

ചെയ്ത തെറ്റിന് 28,000 രൂപ ഫൈൻ അടച്ച് നിയമപരമായ നടപടികൾ അവർ നേരിടുകയും ചെയ്തു. അല്പനേരത്തെ രോഷപ്രകടനമാണ് ഈ പ്രശ്നത്തെ ഇത്രയും ഗുരുതരമാക്കിയത്. പൊതുമുതൽ നശിപ്പിച്ച ആ പ്രവർത്തിയെ ആർക്കും ഒന്നിന്റെ പേരിലും അനുകൂലിക്കാൻ കഴിയില്ല, അത് തെറ്റ് തന്നെയാണ്. എന്നാൽ അതിനപ്പുറം ഈ സ്ത്രീയെ വ്യക്തിപരമായി അശ്ലീല പരാമർശങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നതും വേട്ടയാടുന്നതുമാണ് നാം സോഷ്യൽ മീഡിയയിൽ കണ്ടത്, അത് അങ്ങേയറ്റം വേദനാജനകമാണ്. ഇതിലേറ്റവും വിരോധാഭാസം എന്തെന്നാൽ, ഈയൊരു വ്യക്തിപരമായ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ ചിലർ കാണിക്കുന്ന ആവേശമാണ്. ഒരു വശത്ത് ഇവർ എംഎൽഎയുടെ സഹോദരിയാണെന്ന് പറയുമ്പോൾ മറുഭാഗത്ത് പ്രതിപക്ഷ കക്ഷികളുടെ ബന്ധുവാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം. ഒരു വ്യക്തിയുടെ ഇത്തരം പെരുമാറ്റങ്ങൾക്ക് ഭരിക്കുന്നവരോ ഭരണപക്ഷത്തിന് എതിർവശത്തിരിക്കുന്നവരോ ഒന്നും ഉത്തരവാദികളാകുന്നില്ല. ഒരു വ്യക്തിയുടെ പെരുമാറ്റത്തെ രാഷ്ട്രീയമായി വിലയിരുത്തുന്നതിൽ തെറ്റില്ല, പക്ഷേ ചേരിതിരിഞ്ഞ് അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത് രാഷ്ട്രീയത്തിലെ ഏറ്റവും തരംതാഴ്ന്ന പ്രവർത്തികളിൽ ഒന്നായേ കാണാൻ കഴിയൂ. സമൂഹമാധ്യമങ്ങളിലെ സൈബർ ഇടങ്ങളിൽ മുഖംമൂടിയിട്ട് ഇത്തരം അധിക്ഷേപങ്ങളിലും വ്യാജ പ്രചാരണങ്ങളിലും ഏർപ്പെടുന്നവർ തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. മലയാളി സമൂഹത്തിനും ഇന്ത്യൻ ജനതയ്ക്കും തെറ്റിനെയും ശരിയെയും കൃത്യമായി തിരിച്ചറിയാനുള്ള അവബോധം ഇന്നലെയോ ഇന്നോ ഉണ്ടായതല്ല. സമൂഹമാധ്യമങ്ങളിലൂടെ ആയാലും അല്ലാതെയുള്ള വാർത്തകളിലൂടെ ആയാലും, അവയുടെ യാഥാർത്ഥ്യത്തെ നവമാധ്യമങ്ങളുടെ സഹായത്തോടെ കൃത്യമായി കണ്ടെത്താനും തിരിച്ചറിയാനുമുള്ള ബോധം നമുക്കെല്ലാവർക്കും ഉണ്ട്. ആ ബോധം എല്ലാവർക്കും ഉണ്ടെന്ന് മനസ്സിലാക്കി വേണം സോഷ്യൽ മീഡിയയിലെ ഈ പഴിചാരലുകളും കൃത്രിമ വാർത്തകളുടെ പ്രചാരണങ്ങളും. കാരണം, ഇത്തരം നുണപ്രചാരണങ്ങൾ കൊണ്ടൊന്നും സത്യത്തെ അധികനാൾ മറച്ചുവെക്കാൻ സാധ്യമല്ല എന്ന് ഇനിയെങ്കിലും ഇക്കൂട്ടർ മനസ്സിലാക്കണം.
16 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വരുന്നു! ഹരിഹര്‍നഗര്‍ കോമ്പോ ഒന്നിക്കുന്ന’പാതിരാക്കുറുക്കന്‍ ചിത്രീകരണം തുടങ്ങി..

മലയാളികളെ ചിരിപ്പിച്ച് കരയിച്ച മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസ്‌കുട്ടിയും വീണ്ടും ഒന്നിക്കുന്നു.തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ‘ഇന്‍ ഹരിഹര്‍ നഗര്‍’ കോമ്പോ നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരുന്നത്.‘പാതിരാക്കുറുക്കന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൊന്നാനിയില്‍ ആരംഭിച്ചു. ‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ എന്ന ചിത്രത്തിന് ശേഷം മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമാണിത്.അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം ജയേഷ് വേണുഗോപാലന്റ് സംവിധാനം ചെയ്യുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന നാലുപേര്‍ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയില്‍ അകപ്പെടുന്നതും, തുടര്‍ന്ന് അവര്‍ നടത്തുന്ന അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. പൂര്‍ണ്ണമായും ഹ്യൂമര്‍ ത്രില്ലര്‍ ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നത്.വിന്റേജ് കാലത്തെ ആ പഴയ വൈബ് തിരികെ കൊണ്ടുവരാന്‍ പാതിരാക്കുറുക്കന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ന് സിനിമാ ലോകം. നിര്‍മല്‍ പാലാഴി, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ അശ്വിത-അശ്വിജ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സെല്‍വകുമാര്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രചന സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍, സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ അതുല്‍ വിജയ്, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാര്‍, സംവിധാന സഹായികള്‍ മണികണ്ഠന്‍, ശ്രീജിത്ത്, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, വിനോദ് പ്രഭാകര്‍, നൃത്തസംവിധാനം റിക്കി റിച്ചാഡ്‌സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മന്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ മാനേജര്‍ ജസ്റ്റിന്‍ കൊല്ലം, പ്രൊജക്ട്ട് കോഡിനേറ്റര്‍ ലിജിന്‍ സിയാര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.
പ്രീ-ബുക്കിങ്ങിൽ ചരിത്ര നേട്ടം; തെന്നിന്ത്യൻ സിനിമാലോകത്തെ വിറപ്പിച്ച് സൂര്യയുടെ ‘കറുപ്പ്’

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ വിസ്മയകരമായ മുന്നേറ്റം തുടരുന്നു. ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് 14-ന് തിയറ്ററുകളിലെത്താനിരിക്കെ, പ്രീ-ബുക്കിങ്ങിൽ മാത്രം ഞെട്ടിക്കുന്ന റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം പിന്നിടുമ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. തമിഴ് പതിപ്പിന് 1.91 ലക്ഷത്തിലധികം ടിക്കറ്റുകളും തെലുങ്ക് പതിപ്പിന് 11,000-ത്തിലധികം ടിക്കറ്റുകളും വിറ്റുപോയിക്കഴിഞ്ഞു. ഇത് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായിരിക്കും എന്ന സൂചനയാണ് നൽകുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന അനീതിക്കെതിരെ പൊരുതുന്ന ഒരു അഭിഭാഷകനായാണ് സൂര്യ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർ ഏറെ കാത്തിരുന്ന ട്രെയിലർ നൽകിയ ആവേശം പ്രീ-ബുക്കിങ്ങിലും പ്രതിഫലിക്കുന്നുണ്ട്. തൃഷ നായികയായെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സ്വാസിക, ശിവദ, നട്ടി സുബ്രഹ്മണ്യം, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.കറുപ്പ്’ നൽകുന്ന ഈ ആവേശം തുടർന്നുവരുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രങ്ങളായ വെങ്കി അറ്റ്‌ലൂരി ചിത്രം (സൂര്യ 46), ജിത്തു മാധവൻ ചിത്രം (സൂര്യ 47) എന്നിവയ്ക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. എന്തായാലും ‘കറുപ്പ്’ തിയറ്ററുകളിൽ ഒരു വമ്പൻ ഹിറ്റായി മാറുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്.
വിസ്മയകരമായ തുടക്കം!വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ തിയേറ്ററുകളിലേക്ക്

മലയാള സിനിമ ആകാംക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. ലാലേട്ടന്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ തിയേറ്ററുകളിലേക്ക്. ‘2018’ എന്ന മെഗാ ഹിറ്റിന് ശേഷം വിസ്മയിപ്പിക്കുന്ന മേക്കിംഗുമായി ജൂഡ് ആന്റണി ജോസഫ് വീണ്ടും എത്തുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ വാനോളമാണ്. താരപുത്രനും താരപുത്രിയും ഒന്നിക്കുമ്പോൾ ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത, ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ്. ‘എമ്പുരാൻ’ എന്ന ചിത്രത്തിൽ ചെറിയ വേഷത്തിൽ തിളങ്ങിയ ആശിഷ്, ‘തുടക്കം’ എന്ന സിനിമയിലൂടെ മുഖ്യധാരയിലേക്ക് ചുവടുവെക്കുകയാണ്. ഫെസ്റ്റിവൽ സീസണിന് മാറ്റുകൂട്ടാൻ ഓഗസ്റ്റ് 7-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ തന്നെ മോഹൻലാലിന്റെ സാന്നിധ്യം ചർച്ചയായിരുന്നു. ലാലേട്ടൻ അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തകൾ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. കുട്ടിക്കാനത്തെ മനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ സിനിമ ഒരു ‘കൊച്ചു കുടുംബ ചിത്രം’ എന്നാണ് ജൂഡ് വിശേഷിപ്പിച്ചത്. എന്നാൽ അതിലപ്പുറം വലിയ കൗതുകങ്ങൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ചിത്രം കൂടിയാണിത്. ഡോ. എമിൽ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം: ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം: ജോമോൻ ടി. ജോൺ, എഡിറ്റിംഗ്: ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ. മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്. പിആർഒ: വാഴൂർ ജോസ്.
സംവിധായകന്‍ തന്നെ വില്ലന്‍!കൗതുകമുണര്‍ത്തി കറുപ്പ് ട്രെയിലര്‍

സൂര്യയുടെ മാസ് എന്‍ട്രിയും ആര്‍ജെ ബാലാജിയുടെ വില്ലനിസവും കൂട്ടിന് തമിഴകത്തിന്റെ തൃഷയും ഒന്നിക്കുമ്പോള്‍ തിയേറ്ററുകളില്‍ ആവേശം തിരയടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന കറുപ്പിന് 20 വര്‍ഷത്തിന് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.ഒപ്പം തമിഴകത്തില്‍ തരംഗമാവുന്ന സായ് ആഭ്യങ്കറിന്റെ മ്യൂസിക്കും ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തുന്നു. ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്, വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു.ചിത്രം മേയ് 14-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്; ആദ്യ 24 മണിക്കൂറിനുള്ളിൽ വിപ്ലവകരമായ തീരുമാനങ്ങൾ

തമിഴ്നാട് രാഷ്ട്രീയത്തിൽ പുത്തൻ അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. അധികാരമേറ്റ് ആദ്യ 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ ജനകീയവും കർശനവുമായ നിരവധി തീരുമാനങ്ങളാണ് പുതിയ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടം, സൗജന്യ വൈദ്യുതി തുടങ്ങി തമിഴ്നാടിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രഖ്യാപനങ്ങളാണ് പുറത്തുവരുന്നത്.ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന ടാസ്മാക് (TASMAC) മദ്യശാലകൾക്കെതിരെയാണ് വിജയ് സർക്കാരിന്റെ ആദ്യത്തെ വലിയ നീക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്തും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിക്കുന്നത്. പൊതുജനക്ഷേമം മുൻനിർത്തിയാണ് ഈ അടിയന്തര നടപടിയെന്ന് സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മദ്യശാലകൾക്ക് പുറമെ പാൻ മസാല ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്കെതിരെയും സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ലഹരി മാഫിയയെ അടിച്ചമർത്താൻ പഴയ പോലീസ് സംവിധാനത്തിൽ മാറ്റം വരുത്തി പ്രത്യേക സ്ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ലഹരി വസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങളിൽ സ്പെഷ്യൽ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ ഒറ്റദിവസം കൊണ്ട് ടൺ കണക്കിന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ജനങ്ങളുടെ സുരക്ഷയ്ക്കും യുവതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനും വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമാണ് സൗജന്യ വൈദ്യുതി. തമിഴ്നാട്ടിലെ ഓരോ കുടുംബത്തിനും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അധികാരമേറ്റ് ഉടൻ തന്നെ നടപ്പിലാക്കിയത് ജനങ്ങൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അധികാരമേറ്റ് ആദ്യ ദിനങ്ങളിൽ തന്നെ ഈ ഉത്തരവുകൾ പുറത്തിറങ്ങി എന്നത് മുഖ്യമന്ത്രി എന്ന നിലയിൽ വിജയ് നൽകുന്ന ‘ആക്ഷൻ മോഡ്’ വ്യക്തമാക്കുന്നു.തമിഴ്നാടിന്റെ ഭാവി വികസനത്തിന് ഈ തീരുമാനങ്ങൾ വലിയ കരുത്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തമിഴ്നാട് വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഈ പ്രാരംഭ നടപടികൾ സൂചിപ്പിക്കുന്നു.
മലയാള സിനിമയിലെ ഹാസ്യത്തിന് എക്കാലത്തും ഒരു സുവർണ്ണകാലമുണ്ടായിരുന്നു.

മലയാള സിനിമയിലെ ഹാസ്യത്തിന് എക്കാലത്തും ഒരു സുവർണ്ണകാലമുണ്ടായിരുന്നു. കിലുക്കവും തെങ്കാശിപ്പട്ടണവും ഗോഡ്ഫാദറുമൊക്കെ ഇന്നും നമ്മുടെ പ്രിയപ്പെട്ട സിനിമകളായി നിലനിൽക്കുന്നത് അതിലെ തമാശകൾക്കപ്പുറം, ആ സിനിമകൾ സമ്മാനിച്ച ‘ഡയലോഗ് സുപ്രീമസി’ കൊണ്ടുകൂടിയാണ്. സിനിമ കണ്ട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയാലും, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോഴോ വീട്ടിലിരിക്കുമ്പോഴോ ആവർത്തിച്ച് പറയാൻ പറ്റുന്ന നൂറുകണക്കിന് ഡയലോഗുകൾ ആ സിനിമകൾ നമുക്ക് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ എവിടെ നോക്കിയാലും ‘മോഹിനിയാട്ടം’ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ്. തിയേറ്റർ റിലീസ് സമയത്ത് വാഴ 2 വിൻ്റെ ഹെപ്പ് കാരണം ശ്രദ്ധ ലഭിക്കാതെ പോയെങ്കിലും, ഇപ്പോൾ OTT-യിൽ എത്തിയതോടെ കഥയാകെ മാറി. ‘വാഴ’യെക്കാൾ വലിയ സ്വീകാര്യതയാണ് ഒടിടിയിൽ ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഫീഡുകൾ മുഴുവൻ ഈ സിനിമയെക്കുറിച്ചുള്ള പോസിറ്റീവ് റിവ്യൂകൾ കൊണ്ട് നിറയുമ്പോൾ, ഒരിടവേളയ്ക്ക് ശേഷം മലയാളികൾക്ക് ലഭിച്ച പക്കാ ‘ഡയലോഗ് സുപ്രീമസി’ ചിത്രമാണിതെന്ന് നിസംശയം പറയാം. പണ്ട് കിലുക്കവും വെട്ടവും കണ്ടു ചിരിച്ചതുപോലെ, ഓർത്തോർത്ത് ചിരിക്കാൻ പറ്റുന്ന കൗണ്ടറുകൾ കൊണ്ടാണ് ഈ സിനിമ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ കയറിക്കൂടിയത്. നായകന്റെ അച്ഛൻ ഭരതൻ നായരും സുഹൃത്തുക്കളും ചേർന്ന് പണം ഉണ്ടാക്കാൻ വേണ്ടി വ്യാജമായി നിർമ്മിക്കുന്ന ‘ആര്യങ്കാവ് ക്ഷേത്രത്തെ’ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം വികസിക്കുന്നത്. ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോഴും വിശ്വാസികൾക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ, അങ്ങേയറ്റം ബുദ്ധിപരമായ തിരക്കഥയിലൂടെയാണ് ഈ ‘വ്യാജ ക്ഷേത്രത്തിന്റെ’ കഥ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ ക്ലൈമാക്സ് വരെ ആവേശം ഒട്ടും ചോരാതെ നിൽക്കുന്ന തിരക്കഥയിൽ ഏകദേശം 51 പഞ്ച് ഡയലോഗുകളും 15-ഓളം ഗംഭീര സിനിമാ റഫറൻസുകളുമാണ് കോർത്തിണക്കിയിരിക്കുന്നത്. വിനയ് ഫോർട്ടിന്റെ SI പാർത്ഥൻ ചോദിക്കുന്ന ‘വളരണാ…’ എന്ന ഒറ്റ ചോദ്യം മതി സ്ക്രിപ്റ്റിലെ ആ ക്രാഫ്റ്റ് മനസ്സിലാക്കാൻ. ബേബി ജീന്റെ ‘മാമാ…’ വിളിയും, കലാരഞ്ജിനിയുടെ ‘ബിരിയാണി കട്ട് വേണോ കറി കട്ട് വേണോ’ എന്നൊക്കെയുള്ള മാരക കൗണ്ടറുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഹൃദയം, ഭീഷ്മപർവ്വം, ഗജിനി, ദൃശ്യം തുടങ്ങി നമ്മൾ നെഞ്ചിലേറ്റിയ സിനിമകളെ എത്ര സ്മാർട്ടായാണ് ഇതിൽ റഫറൻസ് ചെയ്തിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പണ്ട് ‘വെട്ടം’ കണ്ടപ്പോൾ കിട്ടിയ ആ ഒരു പോസിറ്റീവ് എനർജി വീണ്ടും തിരിച്ചു കിട്ടിയ പ്രതീതിയാണെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ OTT-യിൽ ചിത്രം ഒരു ‘ഇൻഡസ്ട്രിയൽ ഹിറ്റിന്’ സമാനമായ തരംഗം സൃഷ്ടിക്കുമ്പോൾ ഒന്ന് ഉറപ്പിച്ചു പറയാം—മികച്ചൊരു തിരക്കഥയും അതിനൊത്ത കൗണ്ടറുകളും ഉണ്ടെങ്കിൽ മലയാളികൾ അത് എന്നും ഹൃദയത്തോട് ചേർക്കും. ഒരു മിനിറ്റ് പോലും ബോറടിക്കാതെ കണ്ടുതീർക്കാവുന്ന ഈ പക്കാ എന്റർടൈനർ ആരും മിസ്സ് ചെയ്യരുത്.