ഇന്റലിജന്റ് ഫൂൾ തന്നെ”: സൈബർ പരിഹാസത്തിന് ജ്യോതികയുടെ തകർപ്പൻ മറുപടി

സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും കൃത്യമായ മറുപടി നൽകി ആരാധകരുടെ കയ്യടി നേടുകയാണ് നടി ജ്യോതിക. തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരം ഒഴിഞ്ഞ പശ്ചാത്തലത്തിൽ, ജ്യോതികയെയും കുടുംബത്തെയും ലക്ഷ്യം വെച്ച് നടന്ന ഒരു മോശം കമന്റിനാണ് താരം തകർപ്പൻ മറുപടി നൽകിയത്. ‘ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നന്നായി പണം ഉണ്ടാക്കാം, ഡി.എം.കെ ഭരണകാലത്ത് നിങ്ങൾ ഇതെല്ലാം മറന്നിരിക്കുകയായിരുന്നു’ എന്നായിരുന്നു ‘ഇന്റലിജന്റ് ഫൂൾ’ എന്ന പ്രൊഫൈലിൽ നിന്ന് വന്ന പരിഹാസം. എന്നാൽ ഇതിന് “ഇന്റലിജന്റ് ഫൂൾ എന്നത് നിങ്ങൾക്ക് അനുയോജ്യമായ പേര് തന്നെയാണ്” എന്ന ഒറ്റ വരി മറുപടിയിലൂടെ ജ്യോതിക വിമർശകന്റെ വായടപ്പിച്ചു. അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ നോക്കിയവർക്ക് ഇതിലും നല്ല മറുപടി നൽകാനില്ലെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. മുൻപും സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ള ജ്യോതിക, സൈബർ ഇടങ്ങളിലെ നെഗറ്റിവിറ്റിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ സംഭവത്തിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

ദൃഢം;കാക്കിയിട്ട് ഷൈയ്ന്‍ നിഗം,മാസ്സ് അല്ല, റിയലിസ്റ്റിക് ത്രില്ലര്‍!

നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്തത് ഷെയ്ന്‍ നിഗം നായകനായെത്തുമ്പോള്‍ ‘ദൃഢം’ പതിവ് പോലീസ് സിനിമകളുടെ വാര്‍പ്പുമാതൃകകളെ തച്ചുടയ്ക്കുന്ന ഒരു ക്ലീന്‍ ക്രൈം ത്രില്ലറാണ്. പറന്നു വന്ന് അടിക്കുന്ന സൂപ്പര്‍ ഹീറോ പോലീസുകാരനല്ല ഇതിലെ വിജയ് രാധാകൃഷ്ണന്‍. നമുക്കിടയിലുള്ള, പേടിയും സമ്മര്‍ദ്ദവുമുള്ള ഒരു സാധാരണ യുവാവ് എസ്.ഐ ആയി എത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം.ഇടുക്കിയിലെ ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം, പി.എം. ഉണ്ണികൃഷ്ണന്റെ ഫ്രെയിമുകളിലൂടെയും ശ്രീരാഗ് സജിയുടെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിലൂടെയും ഒരു കംപ്ലീറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സമ്മാനിക്കുന്നു.ഭയത്തെ അതിജീവിച്ചു ആത്മവിശ്വാസത്തിലേക്കുള്ള വിജയ് രാധാകൃഷ്ണന്റെ മാറ്റം അസാധ്യമായാണ് ഷെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നുണ്ട്. ഷോബി തിലകന്‍, ദിനേഷ് പ്രഭാകര്‍, കോട്ടയം രമേഷ്, പ്രശാന്ത് മുരളി, നന്ദന്‍ ഉണ്ണി, സാനിയ ഫാത്തിമ, കൃഷ്ണപ്രഭ, അഭിഷേക് രവീന്ദ്രന്‍, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരും തങ്ങളുടെ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരും നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യരും സിനിമയില്‍ വളരെ നാചുറലായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒപ്പം പശ്ചാത്തലവും സംഗീതവും ചിത്രത്തിലെ രംഗങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നു. ത്രില്ലര്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച തിയേറ്റര്‍ അനുഭവം തന്നെയാണ് ചിത്രം.

ദൃശ്യം 3 ജോർജ്ജുകുട്ടിയെ കുടുക്കാൻ മീഡിയ ട്രയൽ ട്രെയിലർ നൽകുന്ന സൂചനകൾ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഫ്രാഞ്ചൈസികളിലൊന്നായ ദൃശ്യം 3-യുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയയിലുടനീളം വലിയ ചർച്ചകളാണ് നടക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലർ ഇത്തവണ കൂടുതൽ ഭീതിയും സസ്പെൻസും നിറച്ചാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും മാനസിക സമ്മർദ്ദങ്ങളും ഭയങ്ങളും ട്രെയിലറിലുടനീളം ശക്തമായി പ്രകടമാകുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്ജുകുട്ടി എന്ന കഥാപാത്രം മുൻപത്തേക്കാൾ കൂടുതൽ ആശങ്കയും സമ്മർദ്ദവും നിറഞ്ഞ ഒരാളായാണ് ഇത്തവണ പ്രത്യക്ഷപ്പെടുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിലും കുടുംബത്തെ രക്ഷിക്കാൻ ഏത് പരിധിയും കടന്നുപോയ ജോർജ്ജുകുട്ടിയുടെ പഴയ രഹസ്യങ്ങൾ വീണ്ടും പുറത്തുവരുമോ എന്ന ഭയം സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറുന്നു. കുടുംബത്തിനുള്ളിലെ അസ്വസ്ഥതകളും പോലീസ് അന്വേഷണത്തിന്റെ നിഴലും ട്രെയിലറിൽ ശക്തമായി സൂചിപ്പിക്കുന്നുണ്ട്. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ വീണ്ടും കുടുംബാംഗങ്ങളായി എത്തുമ്പോൾ, കഥയുടെ പശ്ചാത്തലം ഇത്തവണ കൂടുതൽ സമകാലികമായൊരു തലത്തിലേക്കാണ് നീങ്ങുന്നത്. സോഷ്യൽ മീഡിയയും മീഡിയ ട്രയലും സമൂഹത്തിൽ സൃഷ്ടിക്കുന്ന സ്വാധീനം സിനിമയുടെ കേന്ദ്ര ചർച്ചയാകുന്നുവെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സമൂഹമാധ്യമങ്ങളിലൂടെയും ടെലിവിഷൻ ചർച്ചകളിലൂടെയും കുറ്റവാളികളല്ലാത്തവർ പോലും വിചാരണ ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തിൽ, കുറ്റം ചെയ്തിട്ടും അത് മറച്ചുവെച്ചവരെന്ന സംശയത്തിന്റെ നിഴലിൽ ജീവിക്കുന്ന ജോർജ്ജുകുട്ടിയുടെയും കുടുംബത്തിന്റെയും സാമൂഹിക ഒറ്റപ്പെടലാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തമായി മാറുന്നത്. ജുഡീഷ്യറിയും പോലീസും തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിച്ചെങ്കിലും, ജോർജ്ജുകുട്ടി കുറ്റക്കാരനാണെന്ന സംശയം സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നു. കേസ് വീണ്ടും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുമ്പോൾ, അവിടെ ഉയരുന്ന വിശകലനങ്ങളും പുതിയ കണ്ടെത്തലുകളും പോലീസിന് ലഭിക്കാത്ത തെളിവുകളിലേക്ക് നയിച്ചേക്കാമെന്ന സൂചനയും ട്രെയിലർ നൽകുന്നു. സാങ്കേതിക വിദ്യയും ജനക്കൂട്ട വിചാരണയും നിറഞ്ഞ ഈ കാലഘട്ടത്തിൽ, ജോർജ്ജുകുട്ടി തന്റെ കുടുംബത്തെ എങ്ങനെ സംരക്ഷിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ പുതിയ കഥാപാത്രങ്ങളും നിർണായക വേഷങ്ങളിലായി എത്തുന്നുണ്ട്. ദൃശ്യം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായി ജീത്തു ജോസഫ് ഒളിപ്പിച്ചുവെച്ചിരിക്കുന്ന മറ്റ് രഹസ്യങ്ങൾ എന്താകുമെന്ന കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാലോകവും ആരാധകരും.

പ്രൊഫസറുടെ അടുത്ത നീക്കം എന്ത്? മണി ഹീസ്റ്റ് പുത്തൻ ടീസർ പുറത്ത്!

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട ഏറ്റവും പുതിയ ടീസറിലൂടെ ‘മണി ഹീസ്റ്റ്’ വീണ്ടും എത്തുന്നു . 2021-ൽ അഞ്ചാം സീസണോടെ പ്രൊഫസറുടെയും സംഘത്തിന്റെയും കഥ അവസാനിച്ചു എന്ന് കരുതിയിരുന്ന ആരാധകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് ഈ പ്രഖ്യാപനം. സ്പെയിനിലെ സെവില്ലെ നഗരത്തിൽ നടന്ന അതിഗംഭീരമായ ഒരു പരിപാടിയിലൂടെയാണ് നെറ്റ്ഫ്ലിക്സ് ഈ പുതിയ നീക്കം വെളിപ്പെടുത്തിയത്. ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി, വിഖ്യാതമായ ‘ബെല്ല ചാവോ’ എന്ന വിപ്ലവ ഗാനത്തിന്റെ അകമ്പടിയോടെ ചുവന്ന ജംപ്‌സ്യൂട്ടും ഡാലി മാസ്കും ധരിച്ച ഒരു വലിയ സംഘം ബോട്ടിലെത്തിയത് വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. പ്രൊഫസറുടെ ബുദ്ധിപരമായ നീക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും, പണത്തിനും സ്വർണ്ണത്തിനുമപ്പുറം ഒരു പുതിയ വിപ്ലവം തുടങ്ങാനിരിക്കുകയാണ് എന്നും സൂചിപ്പിക്കുന്ന ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഈ പുതിയ പ്രഖ്യാപനം ആരാധകർക്കിടയിൽ പല സംശയങ്ങളും ഉണർത്തുന്നുണ്ട്. ഇത് സീരീസിന്റെ ആറാം സീസണാണോ അതോ പഴയ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള മറ്റേതെങ്കിലും സ്പിൻ-ഓഫ് ആണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരാനിരിക്കുന്നതേയുള്ളൂ. നിലവിൽ, മണി ഹീസ്റ്റിലെ ജനപ്രിയ കഥാപാത്രമായ ബെർലിന്റെ ജീവിതം പറയുന്ന ‘ബെർലിൻ’ എന്ന സീരീസിന്റെ രണ്ടാം സീസൺ റിലീസിനൊരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ചു തന്നെ ഒറിജിനൽ സീരീസിന്റെ തുടർച്ചയോ പുതിയൊരു ഭാഗമോ വരുന്നത് മണി ഹീസ്റ്റ് ആരാധകർക്ക് ഇരട്ടി മധുരമാണ് നൽകുന്നത്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള നോൺ-ഇംഗ്ലീഷ് വെബ് സീരീസുകളിൽ ഒന്നായതുകൊണ്ട് തന്നെ, പ്രൊഫസറുടെ അടുത്ത മാസ്റ്റർ പ്ലാൻ കാണാൻ ലോകം മുഴുവൻ കാത്തിരിക്കുകയാണ്.

ഇത് വേറെ ലെവൽ പ്രഖ്യാപനം! അന്താരാഷ്ട്ര ഫുട്ബോൾ വേദിയിൽ വെച്ച് ‘ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ’ ടൈറ്റിൽ ലോഞ്ച് ചെയ്തു

മുഹ്‌സിൻ പരാരി സംവിധാനം ചെയ്ത് ടൊവിനോ തോമസും നസ്രിയ നസീമും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ഗ്രേഷ്യസ് എൽ ക്ലാസ്സിക്കോ’ എന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ബാഴ്‌സലോണയിലെ വിഖ്യാതമായ ക്യാമ്പ് നൗ സ്റ്റേഡിയത്തിൽ വെച്ച് നടന്നു. സ്പാനിഷ് ലാ ലിഗയിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മിൽ നടന്ന ആവേശകരമായ എൽ ക്ലാസിക്കോ മത്സരത്തിന്റെ കിക്കോഫ് വേളയിലാണ് ടൊവിനോയും നസ്രിയയും ചേർന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ഒരു മലയാള സിനിമയുടെ പ്രഖ്യാപനം ഇത്തരത്തിൽ ഒരു അന്താരാഷ്ട്ര കായിക വേദിയിൽ വെച്ച് തത്സമയം നടക്കുന്നത് ഇതാദ്യമായാണ്. ‘കെഎൽ 10 പത്ത്’ എന്ന ചിത്രത്തിന് ശേഷം മുഹ്‌സിൻ പരാരി സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം സക്കരിയയുമായി ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസ്, ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റ്സ്, ബാബുഏട്ടൻ ഫിലിംസ്, ദി റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിൽ സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടശ്ശേരിയാണ്. ടൊവിനോയും നസ്രിയയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ഫുട്ബോൾ ആവേശത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

സോഷ്യൽ മീഡിയയിലെ ‘നാഗ ചേച്ചി’ ഇനി വെള്ളിത്തിരയിൽ; ‘സോഷ്യൽ സ്വാമി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നാഗ സൈരന്ധ്രി സിനിമയിലേക്ക് ചുവടുവെക്കുന്നു. ഡോ. അഭിലാഷ് ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘സോഷ്യൽ സ്വാമി’ എന്ന ചിത്രത്തിലൂടെയാണ് സൈരന്ധ്രിയുടെ അരങ്ങേറ്റം. തിരുവനന്തപുരത്ത് വെച്ചു നടന്ന എട്ടാമത് ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പിരിമെന്റൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വെച്ച് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി പുറത്തിറക്കി. തനതായ സംസാരശൈലിയും ബാബു സ്വാമിയെ കുറിച്ചുള്ള പരാമർശങ്ങളും വഴി സൈബർ ഇടങ്ങളിൽ വലിയ രീതിയിൽ ട്രോളുകൾക്കും ചർച്ചകൾക്കും വിധേയയായ വ്യക്തിയാണ് നാഗ സൈരന്ധ്രി. നിഗൂഢതകൾ നിറഞ്ഞ അവരുടെ വ്യക്തിത്വവും കാഴ്ചപ്പാടുകളും സിനിമയാകുമ്പോൾ അത് പ്രേക്ഷകരിൽ വലിയ കൗതുകമാണ് ഉണർത്തുന്നത്.‘സോഷ്യൽ സ്വാമി’ എന്ന പേര് തന്നെ നാഗ സൈരന്ധ്രിയുടെ സോഷ്യൽ മീഡിയാ ജീവിതവുമായി ബന്ധപ്പെട്ടതാണെന്ന സൂചനയാണ് നൽകുന്നത്. തിരുവനന്തപുരം ‘ദ വീക്കെൻഡ് അക്കാദമി’യുടെ ബാനറിൽ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് (ജനകീയ കൂട്ടായ്മയിലൂടെ) ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഗൗതം ലെനിൻ ഛായാഗ്രഹണവും പ്രവീൺ വിജയ് എഡിറ്റിംഗും നിർവഹിക്കുന്നു. നിലവിൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഒരു സാധാരണ വ്യക്തി സോഷ്യൽ മീഡിയയിലൂടെ എങ്ങനെ സെലിബ്രിറ്റിയായി മാറുന്നുവെന്നും അതിനു പിന്നിലെ കൗതുകകരമായ വശങ്ങളുമാകാം ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് സൂചനകൾ.

ലേഡി സൂപ്പര്‍സ്റ്റാര്‍ ഇനി ‘ഹാപ്പിലൂപ്പില്‍’!പുത്തന്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്.

ഒരിടവേളക്ക് ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും മലയാളക്കരയിലേക്ക്..മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ‘ഹാപ്പിലൂപ്പ്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ്‌റ് പോസ്റ്റര്‍ റിലീസ് ആയി. ഗൗതമന്റെ രഥം’, ‘വാഴ’ എന്നീ ഹിറ്റുകള്‍ക്ക് ശേഷം ആനന്ദ് മേനോന്‍ ഒരുക്കുന്ന ഈ ഹാപ്പിലൂപ്പാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍ക്കിടയില്‍ തരംഗമാവുന്നത്.മഞ്ജു വാര്യര്‍ക്കൊപ്പം മുകേഷ്, മധു വാര്യര്‍,നിശാന്ത് സാഗര്‍,ജെ.പി തുമിനാട്, ആതിര രാജീവ്, അനു, നിധിന്യ, നീരജ രാജേന്ദ്രന്‍, വി. കെ പ്രകാശ്, എന്നീ വന്‍ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്.ഛായാഗ്രഹണം ഗൗതം ശങ്കര്‍, എഡിറ്റര്‍ – കണ്ണന്‍ മോഹന്‍, സംഗീതം ഇലക്ട്രോണിക് കിളി& പാര്‍വതീഷ് പ്രദീപ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ ക്രിപേഷ് അയ്യപ്പന്‍കുട്ടി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് – ബിനു ജി നായര്‍, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം – ലിജി പ്രേമന്‍, വി എഫ് എക്‌സ് പ്രോമൈസ്, സ്റ്റില്‍സ് – രോഹിത് കെ സുരേഷ്, പി ആര്‍ ഒ എ എസ് ദിനേശ്, ശബരി, പോസ്റ്റര്‍ ഡിസൈന്‍ റോസ്റ്റഡ് പേപ്പര്‍, ടൈറ്റില്‍ ഡിസൈന്‍ – ഡെല്ലു. വാഴ’യുടെ വന്‍ വിജയത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് പാക്കേജ് ആയിരിക്കുമെന്നതില്‍ സംശയമില്ല.വന്‍ താരനിരയും കിടിലന്‍ അണിയറ പ്രവര്‍ത്തകരും ഒന്നിക്കുന്ന ഹാപ്പിലൂപ്പിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.

വി. ഡി സതീശന്‍ മുഖ്യമന്ത്രിയാവുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചു ജിബു ജേക്കബ്!

2021-ല്‍ പുറത്തിറങ്ങിയ ‘എല്ലാം ശരിയാകും’ എന്ന ചിത്രം ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ കത്തുന്ന ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അന്ന് വെള്ളിത്തിരയില്‍ കണ്ട വി.എം. സതീശന്‍ ഇന്ന് കേരള രാഷ്ട്രീയത്തിലെ ചര്‍ച്ചാകേന്ദ്രമാകുമ്പോള്‍, സംവിധായകന്‍ ജിബു ജേക്കബിന് പറയാനുള്ളത് വലിയൊരു ദീര്‍ഘവീക്ഷണത്തിന്റെ കഥയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സിനിമയില്‍ കണ്ട ക്ലൈമാക്‌സ് ഇന്ന് കേരള രാഷ്ട്രീയത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച വി.എം. സതീശന്‍ എന്ന കഥാപാത്രം മുഖ്യമന്ത്രിയാകുന്ന രംഗം ഇന്ന് വെറുമൊരു സിനിമാ സീനല്ല, മറിച്ച് ഒരു പ്രവചനമായി മാറിയിരിക്കുകയാണ്. അന്ന് വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിട്ടില്ല. എന്നിട്ടും ജിബു ജേക്കബ് തന്റെ കഥാപാത്രത്തിന് ‘വി.എം. സതീശന്‍’ എന്ന് പേരിട്ടു. അത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് സംവിധായകന്റെ രാഷ്ട്രീയ നിരീക്ഷണമായിരുന്നു. ‘മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് ജനങ്ങളല്ല, എംഎല്‍എമാരാണ്’ എന്ന ഡയലോഗും അതിന് സിദ്ദീഖ് നല്‍കുന്ന മാസ് മറുപടിയും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന് കൃത്യമായി ഇണങ്ങുന്നതാണ്.ഇടത്-വലത് മുന്നണികളിലെ അധികാര തര്‍ക്കങ്ങളും ഗ്രൂപ്പ് വഴക്കുകളും സിനിമ പച്ചയായി കാണിച്ചു. ‘രാഷ്ട്രീയം ഞാന്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. സിനിമ ചെയ്യുന്ന സമയത്ത് സതീശന്‍ മുഖ്യമന്ത്രിയായി വരണം എന്നൊരു ആഗ്രഹം മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് ഷാജോണിന്റെ കഥാപാത്രത്തിന് ആ പേര് നല്‍കിയതെന്നാണ് അദ്ദേഹം ഇതിന് നല്‍കിയ മറുപടി. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഒരാളും പാര്‍ട്ടിക്കുള്ളിലെ സമവാക്യങ്ങളും തമ്മിലുള്ള പോരാട്ടം ചിത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു.2021-ല്‍ തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ തിരഞ്ഞുപിടിച്ചു കാണുകയാണ്.സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ഈ അപൂര്‍വ്വ ഒത്തുചേരല്‍ കേരളം എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.

വാഴ 2 മുതല്‍ ഏഴ് ചിത്രങ്ങള്‍!ഒ.ടി.ടിയില്‍ റിലീസുകളുടെ പൂരം..

200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് മലയാള സിനിമയിലെ ചരിത്രവിജയമായി മാറിയ വാഴ 2 ഉള്‍പ്പെടെ തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍.മെയ് 8 അര്‍ധരാത്രി മുതല്‍ വിവിധ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലൂടെയാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, കന്നട ഭാഷകളില്‍ നിന്നും പുറത്തിറങ്ങുന്ന ഈ ചിത്രങ്ങള്‍ ഒരു മേഖാ ട്രീറ്റാണ് സിനിമാ പ്രേക്ഷകര്‍ക്കായി ഒ.ടി.ടി റിലീസിലൂടെ ഒരുക്കുന്നത്. വാഴ 2 – മലയാളം ജിയോ ഹോട്ട്സ്റ്റാര്‍,മോഹിനിയാട്ടം-മലയാളം-നെറ്റ്ഫ്‌ളിക്‌സ്,ഡകോയിറ്റ്- തെലുങ്ക്- പ്രൈം വീഡിയോ,സാത്താന്‍ ദ ഡാര്‍ക്ക്- തമിഴ്- പ്രൈം വീഡിയോ,ഓ ബട്ടര്‍ഫ്‌ളൈ- തമിഴ്- സണ്‍നെക്സ്റ്റ്,ലവ് മോക്ക്ടെയില്‍- കന്നട- സീ, സൂപ്പര്‍ ഹിറ്റ്- കന്നട- സണ്‍നെക്സ്റ്റ് എന്നീ ഏഴ് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. 2024-ലെ സൂപ്പര്‍ഹിറ്റുകളുടെ രണ്ടാം ഭാഗങ്ങളായ വാഴ 2, മോഹിനിയാട്ടം എന്നിവയുടെ ഡിജിറ്റല്‍ റിലീസിനായി കാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകര്‍. ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ച വാഴ 2ന് മികച്ച പ്രേക്ഷക പിന്തുണ നേടാന്‍ സാധിച്ചിരുന്നു. വാഴയുടെ കുതിപ്പിനിടയിലും തിയേറ്ററുകളില്‍ നിന്ന് മാത്രം 32 കോടിയിലധികം നേടി സ്വന്തം ഇടം കണ്ടെത്താന്‍ മോഹിനിയാട്ടത്തിനും കഴിഞ്ഞു.ആദ്യ ഭാഗങ്ങളെ കടത്തിവെട്ടുന്ന ദൃശ്യാനുഭവമാണ് ഈ രണ്ട് ചിത്രങ്ങളും സമ്മാനിച്ചത്.

ദൃശ്യം 3 ബോക്സ് ഓഫീസ് തരംഗം: റിലീസിന് മുൻപേ കോടികൾ വാരി ജോർജുകുട്ടിയുടെ മടങ്ങിവരവ്

മലയാള സിനിമയിൽ മാത്രമല്ല, ഇന്ത്യൻ ചലച്ചിത്ര ലോകം ഒന്നടങ്കം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്ത ഒരു ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം എന്ന നിലയിൽ വലിയ സമ്മർദ്ദവും പ്രതീക്ഷയുമാണ് ഈ ചിത്രത്തിന് മേലുള്ളത്. മെയ് 21-ന് മോഹൻലാലിന്റെ ജന്മദിനത്തിൽ ചിത്രം ലോകവ്യാപകമായി തിയറ്ററുകളിൽ എത്തുകയാണ്. ജോർജുകുട്ടിയുടെ ഈ മൂന്നാം വരവ് പ്രേക്ഷകർക്കിടയിൽ എത്രത്തോളം ആവേശം സൃഷ്ടിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്ന ആദ്യ ബോക്സ് ഓഫീസ് കണക്കുകൾ നൽകുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് റിപ്പോർട്ടുകൾ സിനിമാ മേഖലയെ അമ്പരപ്പിക്കുന്ന രീതിയിലാണ് മുന്നേറുന്നത്. ഇന്ത്യയിൽ ഔദ്യോഗികമായി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ റിലീസിന് രണ്ടാഴ്ച മുൻപേ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. വിദേശ വിപണികളിലെ പ്രീമിയർ ഷോകളിൽ നിന്നും റിലീസ് ദിന ടിക്കറ്റ് വിൽപ്പനയിൽ നിന്നുമായി ചിത്രം ഇതിനകം 75,000 ഡോളറിലധികം (ഏകദേശം 70.8 ലക്ഷം രൂപ) സ്വന്തമാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ വാരാന്ത്യത്തിലേക്കുള്ള ആഗോള ബുക്കിംഗ് 1.15 ലക്ഷം ഡോളർ പിന്നിട്ടു കഴിഞ്ഞു. ഇതിന് പുറമെ കേരളത്തിൽ ആരംഭിച്ച ഫാൻസ് ഷോകളുടെ ടിക്കറ്റ് വിൽപ്പന കൂടി കണക്കിലെടുത്താൽ ചിത്രം റിലീസിന് മുൻപേ 1.50 കോടി രൂപയോളം നേടിക്കഴിഞ്ഞു. കേരളത്തിലെ പൊതുവായ അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്രയും വലിയ തുക സമാഹരിക്കാനായത് ചിത്രത്തോടുള്ള പ്രേക്ഷകരുടെ താൽപ്പര്യം വ്യക്തമാക്കുന്നു. ബോക്സ് ഓഫീസിൽ ദൃശ്യം 3 സൃഷ്ടിക്കാൻ പോകുന്ന തരംഗത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ചിത്രം പോസിറ്റീവ് പ്രതികരണം നേടുകയാണെങ്കിൽ എമ്പുരാൻ പോലെയുള്ള വമ്പൻ ചിത്രങ്ങളുടെ ഓപ്പണിംഗ് റെക്കോർഡുകൾ പോലും തകർക്കാൻ ഇതിന് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഏപ്രിൽ മാസം റിലീസ് ചെയ്യാനിരുന്ന ചിത്രം ആരാധകർക്ക് വലിയൊരു സമ്മാനമെന്ന നിലയിലാണ് മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21-ലേക്ക് മാറ്റിയത്. ചിത്രത്തിന്റെ ആഗോള വിപണി സാധ്യതകൾ തിരിച്ചറിഞ്ഞ് ബോളിവുഡിലെ പ്രമുഖ സ്റ്റുഡിയോകൾ ആശിർവാദ് സിനിമാസിനൊപ്പം സഹകരിക്കുന്നുണ്ട്. ജോർജുകുട്ടിയുടെ ബുദ്ധിപരമായ നീക്കങ്ങൾ ഇത്തവണ എങ്ങനെയൊക്കെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.