തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ വിസ്മയകരമായ മുന്നേറ്റം തുടരുന്നു. ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് 14-ന് തിയറ്ററുകളിലെത്താനിരിക്കെ, പ്രീ-ബുക്കിങ്ങിൽ മാത്രം ഞെട്ടിക്കുന്ന റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം പിന്നിടുമ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. തമിഴ് പതിപ്പിന് 1.91 ലക്ഷത്തിലധികം ടിക്കറ്റുകളും തെലുങ്ക് പതിപ്പിന് 11,000-ത്തിലധികം ടിക്കറ്റുകളും വിറ്റുപോയിക്കഴിഞ്ഞു. ഇത് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായിരിക്കും എന്ന സൂചനയാണ് നൽകുന്നത്.
സമൂഹത്തിൽ നിലനിൽക്കുന്ന അനീതിക്കെതിരെ പൊരുതുന്ന ഒരു അഭിഭാഷകനായാണ് സൂര്യ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർ ഏറെ കാത്തിരുന്ന ട്രെയിലർ നൽകിയ ആവേശം പ്രീ-ബുക്കിങ്ങിലും പ്രതിഫലിക്കുന്നുണ്ട്. തൃഷ നായികയായെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സ്വാസിക, ശിവദ, നട്ടി സുബ്രഹ്മണ്യം, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
കറുപ്പ്’ നൽകുന്ന ഈ ആവേശം തുടർന്നുവരുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രങ്ങളായ വെങ്കി അറ്റ്ലൂരി ചിത്രം (സൂര്യ 46), ജിത്തു മാധവൻ ചിത്രം (സൂര്യ 47) എന്നിവയ്ക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. എന്തായാലും ‘കറുപ്പ്’ തിയറ്ററുകളിൽ ഒരു വമ്പൻ ഹിറ്റായി മാറുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്.





