ലോകകപ്പ് ഫൈനലിൽ സംഗീത വിരുന്ന്: ഷക്കീറയും മഡോണയും ബിടിഎസും ഹാഫ് ടൈം ഷോയിൽ അണിനിരക്കുന്നു

ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ഫൈനൽ മത്സരത്തിന്റെ ഇടവേളയിൽ വമ്പൻ സംഗീത പരിപാടി അരങ്ങേറുന്നു. ലൊസാഞ്ചലസിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം ജൂലൈ 19-ന് ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ഹാഫ് ടൈമിലാണ് ലോകപ്രശസ്ത പോപ്പ് താരങ്ങളായ ഷക്കീറ, മഡോണ, കൊറിയൻ ബാൻഡ് ബിടിഎസ് എന്നിവർ വേദി പങ്കിടുന്നത്. ഫുട്ബോൾ ആവേശത്തിനൊപ്പം ആഗോള സംഗീത പ്രതിഭകളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ഹാഫ് ടൈം ഷോ ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് സംഘടിപ്പിക്കപ്പെടുന്നത്.കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫിഫ ഗ്ലോബൽ സിറ്റിസൺ എജ്യുക്കേഷൻ ഫണ്ടിന്റെ ധനസമാഹരണാർത്ഥമാണ് ഈ വിപുലമായ പരിപാടി ഒരുക്കുന്നത്. ഈ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ഡായ് ഡായ് കഴിഞ്ഞ ദിവസം ഷക്കീറ പുറത്തിറക്കിയിരുന്നു. മഡോണ തന്റെ പുതിയ ആൽബമായ കൺഫഷൻസ് 2-ന്റെ ജോലികളിൽ വ്യാപൃതയായിരിക്കെയാണ് ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ എത്തുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ആൽബത്തിലൂടെ സജീവമായ ബിടിഎസിന്റെ സാന്നിധ്യം യുവാക്കൾക്കിടയിൽ വലിയ താൽപ്പര്യം സൃഷ്ടിച്ചിട്ടുണ്ട്.ഫൈനലിലെ ഹാഫ് ടൈം ഷോയ്ക്ക് പുറമെ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ ഉദ്ഘാടന ചടങ്ങുകളോട് അനുബന്ധിച്ച് പ്രത്യേക സംഗീത പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കായിക മാമാങ്കത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായും കലയുമായും ബന്ധിപ്പിക്കുന്ന ഈ നീക്കം ഫുട്ബോൾ പ്രേമികൾക്കും സംഗീതാസ്വാദകർക്കും ഒരുപോലെ വേറിട്ട അനുഭവം നൽകുന്ന ഒന്നായി മാറും. ലോകകപ്പ് ഫൈനലിന് കൂടുതൽ മിഴിവേകാൻ ഈ പരിപാടിയിലൂടെ സാധിക്കുമെന്നാണ് ഫിഫയുടെ പ്രതീക്ഷ.

16 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും വരുന്നു! ഹരിഹര്‍നഗര്‍ കോമ്പോ ഒന്നിക്കുന്ന’പാതിരാക്കുറുക്കന്‍ ചിത്രീകരണം തുടങ്ങി..

മലയാളികളെ ചിരിപ്പിച്ച് കരയിച്ച മഹാദേവനും ഗോവിന്ദന്‍കുട്ടിയും അപ്പുക്കുട്ടനും തോമസ്‌കുട്ടിയും വീണ്ടും ഒന്നിക്കുന്നു.തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ‘ഇന്‍ ഹരിഹര്‍ നഗര്‍’ കോമ്പോ നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരിച്ചുവരുന്നത്.‘പാതിരാക്കുറുക്കന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൊന്നാനിയില്‍ ആരംഭിച്ചു. ‘ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍’ എന്ന ചിത്രത്തിന് ശേഷം മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകന്‍ എന്നിവര്‍ ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിലെത്തുന്ന ചിത്രമാണിത്.അപ്പായ് സിനിമാസിന്റെ ബാനറില്‍ സിജോ ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം ജയേഷ് വേണുഗോപാലന്റ് സംവിധാനം ചെയ്യുന്നു. വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന നാലുപേര്‍ അപ്രതീക്ഷിതമായി ഒരു വലിയ പ്രതിസന്ധിയില്‍ അകപ്പെടുന്നതും, തുടര്‍ന്ന് അവര്‍ നടത്തുന്ന അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. പൂര്‍ണ്ണമായും ഹ്യൂമര്‍ ത്രില്ലര്‍ ഗണത്തിലാണ് ചിത്രം ഒരുങ്ങുന്നത്.വിന്റേജ് കാലത്തെ ആ പഴയ വൈബ് തിരികെ കൊണ്ടുവരാന്‍ പാതിരാക്കുറുക്കന് കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ന് സിനിമാ ലോകം. നിര്‍മല്‍ പാലാഴി, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന്‍ മാടയ്ക്കല്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ അശ്വിത-അശ്വിജ തുടങ്ങിയ വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.സെല്‍വകുമാര്‍ എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.രചന സുനില്‍ കര്‍മ്മ, നിഖില്‍ ജിനന്‍, സംഗീതം ഗോപി സുന്ദര്‍, എഡിറ്റര്‍ അതുല്‍ വിജയ്, കലാസംവിധാനം ത്യാഗു തവനൂര്‍, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂര്‍, സ്റ്റില്‍സ് ജയപ്രകാശ് അതളൂര്‍, അസോസിയേറ്റ് ഡയറക്ടേഴ്‌സ് അഭിലാഷ് കൃഷ്ണ, എം രമേഷ് കുമാര്‍, സംവിധാന സഹായികള്‍ മണികണ്ഠന്‍, ശ്രീജിത്ത്, സംഘട്ടനം അഷ്റഫ് ഗുരുക്കള്‍, വിനോദ് പ്രഭാകര്‍, നൃത്തസംവിധാനം റിക്കി റിച്ചാഡ്‌സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മന്‍സൂര്‍ വെട്ടത്തൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷന്‍ മാനേജര്‍ ജസ്റ്റിന്‍ കൊല്ലം, പ്രൊജക്ട്ട് കോഡിനേറ്റര്‍ ലിജിന്‍ സിയാര്‍, പി ആര്‍ ഒ- എ എസ് ദിനേശ്.

കോഴിക്കോട് ലുലു മാളിന്റെ അടുത്ത് കഴിഞ്ഞ ദിവസം നടന്ന സംഭവം നമ്മളെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒന്നാണ്.

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തിത്തരണമെന്ന് പറഞ്ഞ് ഒരു പെൺകുട്ടി ബഹളമുണ്ടാക്കുകയും, ബസ് നിർത്താത്തതുകൊണ്ട് ബസിലെ ഹാമർ എടുത്ത് സൈഡ് ഗ്ലാസ് അടിച്ചുതകർക്കുകയുമാണുണ്ടായത്. ഒടുവിൽ ബസ് പോലീസ് സ്റ്റേഷനിൽ എത്തുകയും, വലിയൊരു തുക ഫൈൻ അടച്ചാണ് ആ പെൺകുട്ടി അവിടെനിന്ന് ഊരിപ്പോന്നത് എന്നാണ് കേൾക്കുന്നത്. ഒന്ന് ആലോചിച്ചു നോക്കൂ, അടുത്ത സ്റ്റോപ്പിലിറങ്ങി ഒരു ഓട്ടോ വിളിച്ച് വന്നിരുന്നെങ്കിൽ വെറും 100 രൂപയിൽ തീരേണ്ട പ്രശ്നമായിരുന്നു ഇത്. ഒരൊറ്റ നിമിഷത്തെ ദേഷ്യം കൊണ്ടാണ് വലിയൊരു തുകയും മാനക്കേടും ഉണ്ടായത്. പെട്ടെന്ന് പോകാനാണ് ആളുകൾ സൂപ്പർഫാസ്റ്റ് ബസിൽ കയറുന്നത്, അല്ലാതെ പറയുന്നിടത്തെല്ലാം നിർത്താൻ ഇത് സാധാരണ ബസ് അല്ലല്ലോ. പൊതുമുതൽ നശിപ്പിച്ചാൽ സ്വന്തം കയ്യിൽ നിന്ന് പണം പോകുമെന്ന് ഇപ്പോഴെങ്കിലും നമ്മൾ മനസ്സിലാക്കണം. ഈ സംഭവത്തിൽ നമ്മൾ പ്രത്യേകം എടുത്തുപറയേണ്ടത് ആ ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും പെരുമാറ്റമാണ്. പെൺകുട്ടി അത്രയധികം പ്രകോപനം ഉണ്ടാക്കിയിട്ടും, ബസിന്റെ ചില്ല് അടിച്ചുതകർത്തിട്ടും അവർ തികഞ്ഞ സംയമനത്തോടെയാണ് സ്ഥിതിഗതികൾ കൈകാര്യം ചെയ്തത്. നിയമം ലംഘിച്ച് വണ്ടി നിർത്താൻ അവർ തയ്യാറായില്ല എന്ന് മാത്രമല്ല, ആ ദേഷ്യത്തിന് മുന്നിൽ തിരിച്ച് അക്രമത്തിനോ വഴക്കിനോ നിൽക്കാതെ നിയമപരമായ വഴിയിലൂടെ തന്നെ അവർ മുന്നോട്ടുപോയി. വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് പ്രശ്നം പരിഹരിച്ച ആ രീതി ശരിക്കും കൈയടി അർഹിക്കുന്നതാണ്. നമ്മുടെ നിത്യജീവിതത്തിൽ ദിവസവും കാണുന്ന പല പ്രശ്നങ്ങൾക്കും മാതൃകയാക്കേണ്ടത് ഇവരുടെ ഈ സംയമനമാണ്. റോഡിൽ ഹെൽമെറ്റ് വെക്കാത്തതിന് പോലീസ് പിടിക്കുമ്പോൾ സൌമ്യമായി സംസാരിക്കുന്നതിന് പകരം പോലീസുകാരോട് തട്ടിക്കയറുന്നവരെ നമ്മൾ കാണാറുണ്ട്. അതുപോലെ റോങ്ങ് സൈഡിൽ വണ്ടി ഓടിച്ച് വന്നിട്ട്, ചോദ്യം ചെയ്യുന്ന ആളോട് അടിക്കാൻ പോകുന്നവരും കുറവല്ല. സിഗ്നലിൽ രണ്ട് സെക്കൻഡ് വൈകിയാൽ പുറകിൽ നിന്ന് ഹോൺ അടിച്ച് ബഹളമുണ്ടാക്കുന്നതും, ചെറിയൊരു തട്ടലോ മുട്ടലോ ഉണ്ടായാൽ വണ്ടിയിൽ നിന്നിറങ്ങി നടുറോഡിൽ കോളറിന് പിടിക്കുന്നതുമെല്ലാം ഇന്നത്തെ സ്ഥിരം കാഴ്ചകളാണ്. കെഎസ്ആർടിസി ബസുകളിൽ മാത്രമല്ല, ട്രെയിനിലും ബാങ്കുകളിലും റേഷൻ കടകളിലും വരെ ക്യൂ നിൽക്കാൻ മടിച്ച് ജീവനക്കാരോട് ദേഷ്യപ്പെടുന്നവരെ കാണാം. തങ്ങൾക്ക് മാത്രമായി നിയമത്തിൽ ഇളവ് വേണമെന്ന ചിന്തയാണ് പലർക്കും. ഒരല്പം ക്ഷമയുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന എത്രയോ പ്രശ്നങ്ങളാണ് നമ്മുടെ ചുറ്റും നടക്കുന്നത്. ഈ ദേഷ്യം കാരണം പലരുടെയും ജോലിയും സമാധാനവും ജീവിതം തന്നെയും ഇല്ലാതായിട്ടുണ്ട്. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അവിടെ ആൺ-പെൺ വ്യത്യാസമില്ല. ആ കണ്ടക്ടറും ഡ്രൈവറും കാണിച്ചതുപോലെ, ദേഷ്യം കാണിച്ച് നടുറോഡിൽ മാസ്സ് ആകാൻ നോക്കാതെ, കുറച്ച് വിവേകത്തോടെയും ക്ഷമയോടെയും കാര്യങ്ങളെ നേരിടാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്.

ലഹരിയുടെ ചതിക്കുഴികൾ: ആഘോഷങ്ങളിൽ നിന്ന് കാരിയർമാരിലേക്ക്

ആഘോഷങ്ങളുടെയും സൗഹൃദക്കൂട്ടായ്മകളുടെയും മറവിൽ കോഴിക്കോട് നഗരത്തിലെ യുവതലമുറയെ ലക്ഷ്യമിട്ട് ലഹരിമാഫിയ കൂടുതൽ സജീവമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബീച്ചുകൾ, പാർക്കുകൾ, സരോവരം പോലുള്ള പൊതുവിടങ്ങളിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനെത്തുന്നവരെ നിരീക്ഷിക്കുകയും പിന്നീട് സൗഹൃദം സ്ഥാപിക്കുകയും ചെയ്യുന്നതാണ് ഇത്തരം സംഘങ്ങളുടെ പ്രധാന രീതി. പ്രത്യേകിച്ച് പിറന്നാൾ ആഘോഷങ്ങൾക്കോ ചെറിയ ഒത്തുചേരലുകൾക്കോ എത്തുന്ന യുവതികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നാണ് കണ്ടെത്തൽ. ആദ്യഘട്ടത്തിൽ ‘സാധാരണ പരീക്ഷണം’ എന്ന രീതിയിൽ ലഹരി പരിചയപ്പെടുത്തിയാണ് പലരെയും കെണിയിലാക്കുന്നത്. പിന്നീട് പതുക്കെ മാരകമായ രാസലഹരികളിലേക്ക് നയിക്കുകയും, ആഴ്ചകളോളം നീളുന്ന ഇടപെടലുകളിലൂടെ വിശ്വാസം നേടിയെടുത്ത ശേഷം ലഹരി കടത്തുന്ന കാരിയർമാരാക്കി മാറ്റുകയും ചെയ്യുന്നതാണ് മാഫിയയുടെ പ്രവർത്തനരീതി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരല്ല, മറിച്ച് നല്ല കുടുംബ പശ്ചാത്തലമുള്ള യുവതി-യുവാക്കളാണ് പലപ്പോഴും ഇത്തരം ചതിക്കുഴികളിൽ കുടുങ്ങുന്നതെന്നത് ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലഹരി വിപണിയിൽ കോടികൾ വിലമതിക്കുന്ന രാസലഹരികളുടെ സാന്നിധ്യം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കിലോക്കണക്കിന് എംഡിഎംഎ പോലുള്ള മയക്കുമരുന്നുകളാണ് വിവിധ ജില്ലകളിൽ നിന്ന് പിടിച്ചെടുക്കപ്പെടുന്നത്. ആവശ്യക്കാർക്ക് ഒരു ഗ്രാമിന് വൻതുക ഈടാക്കി വിതരണം നടത്തുന്ന സംഘങ്ങൾ, സമൂഹത്തിൽ കൂടുതൽ ഇടപെടലുകളും സുഹൃത് വലയങ്ങളും ഉള്ള യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പോലീസും എക്സൈസും നടത്തിയ പരിശോധനകളിൽ പിടിയിലാകുന്നവരിൽ വലിയൊരു വിഭാഗവും 20 മുതൽ 21 വയസ്സ് വരെയുള്ള യുവതി-യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നുണ്ടെങ്കിലും വിതരണ ശൃംഖലകൾ പുതിയ രീതികളിലേക്ക് മാറുന്നതോടെ ഇവയെ തിരിച്ചറിയുന്നതിൽ വെല്ലുവിളികൾ ഉയരുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ലഹരി കേസുകളുടെയും പ്രതികളുടെയും എണ്ണത്തിൽ സ്ഥിരമായ വർധനവ് കാണാം. കഞ്ചാവ്, ബ്രൗൺ ഷുഗർ, മെത്താഫിറ്റമിൻ എന്നിവയ്ക്കൊപ്പം മാരക രാസലഹരികളും വ്യാപകമായി വിപണിയിൽ എത്തുന്നുണ്ട്. ഓരോ വർഷവും പിടിച്ചെടുക്കുന്ന ലഹരിവസ്തുക്കളുടെ അളവ് ഉയരുന്നത് നഗരങ്ങളിലെ ലഹരി ഉപയോഗത്തിന്റെ വ്യാപ്തി എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. സുഹൃത്തുക്കൾ വഴിയാണ് പലരും ഈ ലോകത്തേക്ക് എത്തിപ്പെടുന്നതെന്നതിനാൽ സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നതിലും പൊതുവിടങ്ങളിലെ ആഘോഷങ്ങളിലും കൂടുതൽ ജാഗ്രത ആവശ്യമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കുടുംബങ്ങളുടെ ശ്രദ്ധയും കുട്ടികളുമായുള്ള തുറന്ന ആശയവിനിമയവും ഇത്തരം ചതിക്കുഴികളിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ നിർണായകമാണെന്നും അവർ ഓർമ്മിപ്പിക്കുന്നു.

ഫില്‍റ്ററുകളില്ല, ഇനി എല്ലാം റിയല്‍!പുത്തന്‍ ഫീച്ചര്‍ പങ്കുവെച്ച്ഇന്‍സ്റ്റഗ്രാം

എതിരാളികളായ പ്ലാറ്റ്ഫോമുകളുടെ ജനപ്രിയ ഫീച്ചറുകള്‍ സ്വന്തം ആപ്പുകളിലേക്ക് പകര്‍ത്തി ശീലിച്ച മെറ്റ, ഇതാ അടുത്ത അടവുമായി രംഗത്തെത്തിയിരിക്കുന്നു. സ്‌നാപ്ചാറ്റ് , ബിറിയൽ എന്നിവയോട് മുട്ടാന്‍ ഇന്‍സ്റ്റഗ്രാമില്‍ ‘ഇന്‍സ്റ്റന്റ്‌സ്’ (Instants) എന്ന പുതിയ ഫോട്ടോ ഷെയറിങ് ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം ആപ്പിലെ ഇന്‍ബോക്‌സ് ഫീച്ചറായും, ചില രാജ്യങ്ങളില്‍ പ്രത്യേക ആപ്പായും ഇത് ബുധനാഴ്ച മുതല്‍ ആഗോളതലത്തില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.മോടിപിടിപ്പിക്കാതെ, തികച്ചും യഥാര്‍ത്ഥമായ ചിത്രങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായോ ഫോളോവേഴ്‌സുമായോ താൽക്കാലികമായി പങ്കുവെക്കാനുള്ള ഫീച്ചറാണിത്. ഇന്‍സ്റ്റഗ്രാമിലെ ഇന്‍ബോക്‌സില്‍ പോയി താഴെ വലതുഭാഗത്ത് മൂലയിലുള്ള ഐക്കണിലൂടെയോ ഫോട്ടോകളുടെ കൂട്ടത്തില്‍ നിന്നോ ‘ഇന്‍സ്റ്റന്റ്‌സ്’ ഉപയോഗിക്കാം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളവര്‍ക്ക് ഈ പുതിയ ആപ്പിലേക്ക് എളുപ്പത്തില്‍ ലോഗിന്‍ ചെയ്യാം.ഇന്‍സ്റ്റന്റ്‌സുകള്‍ പരമാവധി 24 മണിക്കൂര്‍ വരെ മാത്രമേ നിലനില്‍ക്കൂ.ഒറ്റത്തവണ മാത്രം കാണാം എന്നതും ഈ ഫീച്ചറിന്റെ സവിശേഷതയാണ്.സുഹൃത്തുക്കള്‍ക്കും ഫോളോവേഴ്‌സിനും ഈ ഫോട്ടോകളില്‍ ഇമോജി വഴി പ്രതികരിക്കാനും ഡി.എമ്മിലേക്ക് മറുപടി അയക്കാനും കഴിയും. ഇന്‍സ്റ്റന്റ്‌സ് വഴി പങ്കുവെക്കുന്ന ചിത്രങ്ങള്‍ സ്‌ക്രീന്‍ഷോട്ടുകളിലൂടെയോ സ്‌ക്രീന്‍ റെക്കോര്‍ഡിങ്ങുകളിലൂടെയോ സേവ് ചെയ്യാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ട് തന്നെ സുരക്ഷിതമായി ചിത്രങ്ങള്‍ പങ്കുവെക്കാം. കൂടാതെ അയച്ച ഫോട്ടോകള്‍ ഉടന്‍ തന്നെ പിന്‍വലിക്കാനും അവസരമുണ്ട്. ആര്‍ക്കൈവ് സൗകര്യവും സ്റ്റോറിയാക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.കാണുന്നവര്‍ക്ക് ഫോട്ടോ അപ്രത്യക്ഷമാകുമെങ്കിലും, അയച്ചയാള്‍ക്ക് ഇവ ‘ആര്‍ക്കൈവ്’ ആയി സൂക്ഷിക്കാന്‍ സാധിക്കും. ഈ ചിത്രങ്ങള്‍ പിന്നീട് റീക്കാപ്പ് ആയി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വീണ്ടും പങ്കുവെക്കാനും ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനും ആപ്പിലുണ്ട്.

പ്രീ-ബുക്കിങ്ങിൽ ചരിത്ര നേട്ടം; തെന്നിന്ത്യൻ സിനിമാലോകത്തെ വിറപ്പിച്ച് സൂര്യയുടെ ‘കറുപ്പ്’

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘കറുപ്പ്’ ബോക്സ് ഓഫീസിൽ വിസ്മയകരമായ മുന്നേറ്റം തുടരുന്നു. ആർ.ജെ. ബാലാജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് 14-ന് തിയറ്ററുകളിലെത്താനിരിക്കെ, പ്രീ-ബുക്കിങ്ങിൽ മാത്രം ഞെട്ടിക്കുന്ന റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് ആദ്യ ദിനം പിന്നിടുമ്പോൾ തന്നെ രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. തമിഴ് പതിപ്പിന് 1.91 ലക്ഷത്തിലധികം ടിക്കറ്റുകളും തെലുങ്ക് പതിപ്പിന് 11,000-ത്തിലധികം ടിക്കറ്റുകളും വിറ്റുപോയിക്കഴിഞ്ഞു. ഇത് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗുകളിൽ ഒന്നായിരിക്കും എന്ന സൂചനയാണ് നൽകുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന അനീതിക്കെതിരെ പൊരുതുന്ന ഒരു അഭിഭാഷകനായാണ് സൂര്യ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർ ഏറെ കാത്തിരുന്ന ട്രെയിലർ നൽകിയ ആവേശം പ്രീ-ബുക്കിങ്ങിലും പ്രതിഫലിക്കുന്നുണ്ട്. തൃഷ നായികയായെത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സ്വാസിക, ശിവദ, നട്ടി സുബ്രഹ്മണ്യം, യോഗി ബാബു തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.കറുപ്പ്’ നൽകുന്ന ഈ ആവേശം തുടർന്നുവരുന്ന സൂര്യയുടെ ബിഗ് ബജറ്റ് ചിത്രങ്ങളായ വെങ്കി അറ്റ്‌ലൂരി ചിത്രം (സൂര്യ 46), ജിത്തു മാധവൻ ചിത്രം (സൂര്യ 47) എന്നിവയ്ക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. എന്തായാലും ‘കറുപ്പ്’ തിയറ്ററുകളിൽ ഒരു വമ്പൻ ഹിറ്റായി മാറുമെന്ന കാര്യത്തിൽ ഉറപ്പായിരിക്കുകയാണ്.

ദാരിദ്ര്യത്തിന്റെ തണലിൽ നിന്ന് വോഗിന്റെ കവർ പേജിലേക്ക്; ലോകത്തെ വിസ്മയിപ്പിച്ച് ‘ചേരിയിലെ രാജകുമാരി’!

മുംബൈയിലെ ഒരു ചേരിയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മേഞ്ഞ കുടിലിലായിരുന്നു മലീഷ ഖർവയുടെ ജീവിതം. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന മലീഷയെ ലോകം അറിഞ്ഞു തുടങ്ങിയത് 2020-ൽ ആണ്. ഹോളിവുഡ് നടനായ റോബർട്ട് ഹോഫ്മാൻ ഷൂട്ടിംഗിനായി മുംബൈയിൽ എത്തിയപ്പോൾ അവിചാരിതമായി മലീഷയെ കാണാനിടയായി. അവളുടെ കണ്ണുകളിലെ തിളക്കവും ക്യാമറയ്ക്ക് മുന്നിലെ സ്വാഭാവികമായ പെരുമാറ്റവും ശ്രദ്ധിച്ച അദ്ദേഹം, മലീഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഇതോടെയാണ് മലീഷ എന്ന പെൺകുട്ടിയിലേക്ക് ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞത്. റോബർട്ട് ഹോഫ്മാനിലൂടെ ലഭിച്ച ആ വലിയ അവസരം മലീഷയുടെ ജീവിതം പാടെ മാറ്റിമറിച്ചു. വൈകാതെ തന്നെ ഫാഷൻ ലോകത്തെ വമ്പൻ ബ്രാൻഡുകൾ അവളെ തേടിയെത്തി. വോഗ് (Vogue), കോസ്മോപൊളിറ്റൻ (Cosmopolitan) തുടങ്ങിയ വിശ്വപ്രസിദ്ധ മാഗസിനുകളുടെ കവർ പേജുകളിൽ അവൾ സ്ഥാനം പിടിച്ചു. ഇന്ത്യയിലെ മുൻനിര ആയുർവേദ കോസ്മെറ്റിക് ബ്രാൻഡായ ‘ഫോറസ്റ്റ് എസൻഷ്യൽസ്’ തങ്ങളുടെ പുതിയ കാമ്പെയ്‌നിന്റെ മുഖമായി മലീഷയെ തിരഞ്ഞെടുത്തത് വലിയ വാർത്തയായിരുന്നു. നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെയും മാറ്റിനിർത്തലുകളെയും തന്റെ ഈ വലിയ നേട്ടങ്ങൾ കൊണ്ട് അവൾ മറികടന്നു. ഇന്ന് ‘ചേരിയിലെ രാജകുമാരി’   എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലീഷ തന്റെ കുടുംബത്തിന്റെ ദാരിദ്ര്യം മാറ്റുകയും അവർക്കായി മികച്ച ജീവിതസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. സ്വന്തമായി ഒരു വീട് വാങ്ങുക എന്ന തന്റെ വലിയ ആഗ്രഹം അവൾ ഇതിനോടകം നിറവേറ്റിക്കഴിഞ്ഞു. സാധാരണക്കാരിൽ സാധാരണക്കാരിയായ ഒരു പെൺകുട്ടിക്ക് ലോകം ശ്രദ്ധിക്കുന്ന ഒരു മോഡലായി മാറാൻ സാധിക്കുമെന്ന് മലീഷയുടെ ഈ അവിശ്വസനീയമായ ജീവിതയാത്ര നമ്മെ ഓർമ്മിപ്പിക്കുന്നു.

ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ടിന് ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ തുടക്കം!

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അതിരടി’ ബോക്സ് ഓഫീസിൽ ശക്തമായ തുടക്കമാണ് കുറിച്ചിരിക്കുന്നത്. മെയ് 14-ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം മുതൽ തന്നെ മികച്ച പ്രതികരണമാണ് നേടുന്നത്. റിലീസിന് മുമ്പ് തന്നെ ട്രെയിലറുകളും പ്രൊമോഷൻ സാമഗ്രികളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതും ചിത്രത്തിന് അനുകൂലമായി മാറി. മെയ് 13-ന് വിവിധ രാജ്യങ്ങളിലായി സംഘടിപ്പിച്ച പെയ്ഡ് പ്രീമിയർ ഷോകൾ ചിത്രത്തിന്റെ ഹൈപ്പിനെ കൂടുതൽ ഉയർത്തി. പ്രീമിയറുകളിൽ നിന്ന് ലഭിച്ച മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആദ്യദിന കളക്ഷനിൽ നിർണായക സ്വാധീനം ചെലുത്തിയെന്നാണ് വിലയിരുത്തൽ. നിലവിലെ കണക്കുകൾ പ്രകാരം ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 10.54 കോടി രൂപ സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ 7.04 കോടി രൂപ ഇന്ത്യൻ മാർക്കറ്റിൽ നിന്നും 3.50 കോടി രൂപ വിദേശ വിപണികളിൽ നിന്നുമാണ് ലഭിച്ചിരിക്കുന്നത്. പക്കാ മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടൈനർ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോ. അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർമ്മാണം. ‘മിന്നൽ മുരളി’യുടെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധൻ ആദ്യമായി സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സമീർ താഹിറും ടൊവിനോ തോമസും സഹനിർമ്മാതാക്കളായും ചിത്രത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന ‘സാം ബോയ്’ എന്ന കോളേജ് വിദ്യാർത്ഥിയും ടൊവിനോ തോമസിന്റെ ‘ശ്രീക്കുട്ടൻ വെള്ളായണി’ എന്ന ഗായകനുമാണ് ചിത്രത്തിലെ പ്രധാന ആകർഷണങ്ങൾ. വിനീത് ശ്രീനിവാസൻ സ്വാഭാവിക ശൈലിയിലുള്ള കഥാപാത്രത്തോടെയാണ് എത്തുന്നത്. റിയ ഷിബു അവതരിപ്പിക്കുന്ന സ്വാതി ആർ കൃഷ്ണ എന്ന നായികാ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. താരങ്ങളുടെ വ്യത്യസ്തമായ വേഷപ്പകർച്ചയും ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. ബേസിൽ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുമ്പോൾ ടൊവിനോ പൂർണമായും മാസ്സ് ഗെറ്റപ്പിലാണ് എത്തുന്നത്. ‘മിന്നൽ മുരളി’യ്ക്ക് ശേഷം ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ‘അതിരടി’ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഷാൻ റഹ്മാനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പോൾസൺ സ്കറിയയും അരുൺ അനിരുദ്ധനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേനലവധി കാലത്ത് കുടുംബസമേതം ആഘോഷമായി കാണാവുന്ന ഫെസ്റ്റിവൽ സിനിമ എന്ന രീതിയിലാണ് പ്രേക്ഷകർ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്. ട്രെയിലറും ടീസറും നൽകിയ ആവേശം തീയേറ്ററുകളിലും അതേ രീതിയിൽ നിലനിർത്താൻ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ആദ്യ ദിന കളക്ഷനും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിലും ചിത്രം ബോക്സ് ഓഫീസിൽ കൂടുതൽ മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.