കോഴിക്കോട് ലുലു മാളിന്റെ അടുത്ത് കഴിഞ്ഞ ദിവസം നടന്ന സംഭവം നമ്മളെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒന്നാണ്.

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് നിർത്തിത്തരണമെന്ന് പറഞ്ഞ് ഒരു പെൺകുട്ടി ബഹളമുണ്ടാക്കുകയും, ബസ് നിർത്താത്തതുകൊണ്ട് ബസിലെ ഹാമർ എടുത്ത് സൈഡ് ഗ്ലാസ് അടിച്ചുതകർക്കുകയുമാണുണ്ടായത്. ഒടുവിൽ ബസ് പോലീസ് സ്റ്റേഷനിൽ എത്തുകയും, വലിയൊരു തുക ഫൈൻ അടച്ചാണ് ആ പെൺകുട്ടി അവിടെനിന്ന് ഊരിപ്പോന്നത് എന്നാണ് കേൾക്കുന്നത്.

ഒന്ന് ആലോചിച്ചു നോക്കൂ, അടുത്ത സ്റ്റോപ്പിലിറങ്ങി ഒരു ഓട്ടോ വിളിച്ച് വന്നിരുന്നെങ്കിൽ വെറും 100 രൂപയിൽ തീരേണ്ട പ്രശ്നമായിരുന്നു ഇത്. ഒരൊറ്റ നിമിഷത്തെ ദേഷ്യം കൊണ്ടാണ് വലിയൊരു തുകയും മാനക്കേടും ഉണ്ടായത്. പെട്ടെന്ന് പോകാനാണ് ആളുകൾ സൂപ്പർഫാസ്റ്റ് ബസിൽ കയറുന്നത്, അല്ലാതെ പറയുന്നിടത്തെല്ലാം നിർത്താൻ ഇത് സാധാരണ ബസ് അല്ലല്ലോ. പൊതുമുതൽ നശിപ്പിച്ചാൽ സ്വന്തം കയ്യിൽ നിന്ന് പണം പോകുമെന്ന് ഇപ്പോഴെങ്കിലും നമ്മൾ മനസ്സിലാക്കണം.

ഈ സംഭവത്തിൽ നമ്മൾ പ്രത്യേകം എടുത്തുപറയേണ്ടത് ആ ബസ് കണ്ടക്ടറുടെയും ഡ്രൈവറുടെയും പെരുമാറ്റമാണ്. പെൺകുട്ടി അത്രയധികം പ്രകോപനം ഉണ്ടാക്കിയിട്ടും, ബസിന്റെ ചില്ല് അടിച്ചുതകർത്തിട്ടും അവർ തികഞ്ഞ സംയമനത്തോടെയാണ് സ്ഥിതിഗതികൾ കൈകാര്യം ചെയ്തത്. നിയമം ലംഘിച്ച് വണ്ടി നിർത്താൻ അവർ തയ്യാറായില്ല എന്ന് മാത്രമല്ല, ആ ദേഷ്യത്തിന് മുന്നിൽ തിരിച്ച് അക്രമത്തിനോ വഴക്കിനോ നിൽക്കാതെ നിയമപരമായ വഴിയിലൂടെ തന്നെ അവർ മുന്നോട്ടുപോയി.

വണ്ടി നേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ച് പ്രശ്നം പരിഹരിച്ച ആ രീതി ശരിക്കും കൈയടി അർഹിക്കുന്നതാണ്. നമ്മുടെ നിത്യജീവിതത്തിൽ ദിവസവും കാണുന്ന പല പ്രശ്നങ്ങൾക്കും മാതൃകയാക്കേണ്ടത് ഇവരുടെ ഈ സംയമനമാണ്. റോഡിൽ ഹെൽമെറ്റ് വെക്കാത്തതിന് പോലീസ് പിടിക്കുമ്പോൾ സൌമ്യമായി സംസാരിക്കുന്നതിന് പകരം പോലീസുകാരോട് തട്ടിക്കയറുന്നവരെ നമ്മൾ കാണാറുണ്ട്. അതുപോലെ റോങ്ങ് സൈഡിൽ വണ്ടി ഓടിച്ച് വന്നിട്ട്, ചോദ്യം ചെയ്യുന്ന ആളോട് അടിക്കാൻ പോകുന്നവരും കുറവല്ല.

സിഗ്നലിൽ രണ്ട് സെക്കൻഡ് വൈകിയാൽ പുറകിൽ നിന്ന് ഹോൺ അടിച്ച് ബഹളമുണ്ടാക്കുന്നതും, ചെറിയൊരു തട്ടലോ മുട്ടലോ ഉണ്ടായാൽ വണ്ടിയിൽ നിന്നിറങ്ങി നടുറോഡിൽ കോളറിന് പിടിക്കുന്നതുമെല്ലാം ഇന്നത്തെ സ്ഥിരം കാഴ്ചകളാണ്. കെഎസ്ആർടിസി ബസുകളിൽ മാത്രമല്ല, ട്രെയിനിലും ബാങ്കുകളിലും റേഷൻ കടകളിലും വരെ ക്യൂ നിൽക്കാൻ മടിച്ച് ജീവനക്കാരോട് ദേഷ്യപ്പെടുന്നവരെ കാണാം. തങ്ങൾക്ക് മാത്രമായി നിയമത്തിൽ ഇളവ് വേണമെന്ന ചിന്തയാണ് പലർക്കും.

ഒരല്പം ക്ഷമയുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന എത്രയോ പ്രശ്നങ്ങളാണ് നമ്മുടെ ചുറ്റും നടക്കുന്നത്. ഈ ദേഷ്യം കാരണം പലരുടെയും ജോലിയും സമാധാനവും ജീവിതം തന്നെയും ഇല്ലാതായിട്ടുണ്ട്. നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. അവിടെ ആൺ-പെൺ വ്യത്യാസമില്ല. ആ കണ്ടക്ടറും ഡ്രൈവറും കാണിച്ചതുപോലെ, ദേഷ്യം കാണിച്ച് നടുറോഡിൽ മാസ്സ് ആകാൻ നോക്കാതെ, കുറച്ച് വിവേകത്തോടെയും ക്ഷമയോടെയും കാര്യങ്ങളെ നേരിടാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.