മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്..ഭീതി പരത്തി ഹാന്റ വൈറസ്!

ലോകത്തെ വീണ്ടും ഭീതിയിലാഴ്ത്തിക്കൊണ്ട് ഹാന്റ വൈറസ് വാർത്തകളിൽ നിറയുകയാണ്. എം വി ഹോണ്ടിയസ് എന്ന ക്രൂസ് കപ്പലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളാണ് ഈ വൈറസിനെ കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ആക്കം കൂട്ടിയത്. കപ്പലിലുണ്ടായ ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് രോഗം ബാധിക്കുകയും ചെയ്‌തിട്ടുണ്ട്.സാധാരണ വൈറസ് ബാധകളിൽ നിന്ന് വ്യത്യസ്തമായി, എലികളിലൂടെയും മറ്റുമാണ് (Rodents) ഇത് മനുഷ്യരിലേക്ക് എത്തുന്നത്. ആദ്യകാലങ്ങളിൽ എലികളിൽ നിന്ന് എലികളിലേക്ക് വ്യാപിച്ചിരുന്ന ഈ രോഗം ഇന്ന് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണ്.പ്രധാനമായും എലികളുടെ വിസർജ്യങ്ങളിലൂടെയും ഉമിനീരിലൂടെയും മനുഷ്യരിലേക്ക് പടരുന്ന ഈ വൈറസ് ശ്വാസകോശത്തെയും വൃക്കകളെയുമാണ് ബാധിക്കുന്നത്. അമിതമായ പനിയും വിറയലും,പേശിവേദന (പ്രത്യേകിച്ച് തുടകൾ, ഇടുപ്പ്, പുറംഭാഗം എന്നിവിടങ്ങളിൽ).തലവേദന, ക്ഷീണം, വയറുവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. നിലവിൽ ഹാന്റ വൈറസിന് ലക്ഷണങ്ങൾ ഇല്ല.തീവ്രപരിചരണവും 24 മണിക്കൂർ നിരീക്ഷണവും മാത്രമാണ് ചികിത്സ.എലികൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ വൃത്തിയാക്കുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും അടച്ചിട്ട മുറികൾ തുറക്കുമ്പോൾ നല്ലതുപോലെ വായുസഞ്ചാരം ഉറപ്പാക്കിയ ശേഷം മാത്രം പ്രവേശിക്കുകയുമാണ് ഹാന്റ വൈറസിൽ നിന്നുള്ള ഏക പ്രതിരോധ മാർഗം. നിലവിൽ 149 യാത്രക്കാരുമായി വെസ്റ്റ് ആഫ്രിക്കൻ തീരത്തുള്ള കപ്പലിൽ ഇന്ത്യൻ ജീവനക്കാരുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ പനിയും ശ്വാസതടസ്സവും മൂലമാണ് ആദ്യമരണം സംഭവിച്ചത്. സംഭവത്തിൽ ലോകാരോഗ്യ സംഘടന വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.ആദ്യ മരണം റിപ്പോർട്ട് ചെയ്‌ത ശേഷവും 12 ദിവസത്തോളം കപ്പലിൽ ഐസൊലേഷൻ നടപടികൾ സ്വീകരിച്ചില്ലെന്ന് ആരോപിച്ച യാത്രക്കാർ വിനോദപരിപാടികളും ഭക്ഷണവിതരണവും സാധാരണ രീതിയിൽ നടന്നതായി ആരോപിക്കുന്നു. പിന്നീട് ആദ്യ മരണം സംഭവിച്ചപ്പോൾ “സ്വാഭാവിക മരണം” എന്നായിരുന്നു അധികൃതർ യാത്രക്കാരോട് പറഞ്ഞിരുന്നത്.കേപ് വെർഡെ തീരത്ത് കപ്പൽ നിരീക്ഷണത്തിൽ തുടരവെ വിവിധ തുറമുഖങ്ങളിൽ കപ്പൽ ഇറങ്ങിയ യാത്രക്കാരെ കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

തൃശൂർ അവയവ മാഫിയയുടെ ഹബ്ബ്; ഇരയാക്കപ്പെടുന്നത് സ്ത്രീകൾ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ഹിതേഷ് ശങ്കർ

തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കർ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ കേരളത്തെ നടുക്കുന്ന അവയവ മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. തൃശൂർ ജില്ല നിലവിൽ അവയവ വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണെന്നും ഇതിൽ ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത് സാമ്പത്തികമായി തകർന്നുപോയ സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവയവദാനത്തിനായി തന്റെ മുന്നിലെത്തുന്ന അപേക്ഷകളിൽ ഭൂരിഭാഗവും സ്ത്രീകളുടേതാണെന്ന വസ്തുത ഈ ചൂഷണത്തിന്റെ ആഴം വർദ്ധിപ്പിക്കുന്നു. ഒരു ദിവസം പരിശോധിച്ച എട്ട് കേസുകളിൽ ഏഴിലും ദാതാക്കൾ സ്ത്രീകളായിരുന്നുവെന്നത് ഈ മാഫിയ സംഘങ്ങൾ ലക്ഷ്യമിടുന്നത് ആരെയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. ഈ കുറ്റകൃത്യത്തിന് പിന്നിൽ കൃത്യമായ തിരക്കഥയോടെ പ്രവർത്തിക്കുന്ന വലിയൊരു ഏജന്റ് ശൃംഖല തന്നെയുണ്ട്. ദാതാവായ സ്ത്രീക്ക് രോഗിയുമായി യാതൊരു ബന്ധവുമില്ലെങ്കിലും, ഭർത്താവിന്റെ സുഹൃത്താണെന്നോ അല്ലെങ്കിൽ പണ്ട് സഹായിച്ചിട്ടുള്ള ആളാണെന്നോ ഉള്ള വ്യാജമായ വൈകാരിക കഥകൾ മാഫിയ ഇവർക്ക് പഠിപ്പിച്ചു നൽകുന്നു. തൃശൂരിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ആലപ്പുഴയിലെ ചേർത്തല തുടങ്ങിയ തീരദേശ മേഖലകളിലെ ദാരിദ്ര്യം അനുഭവിക്കുന്ന സാധാരണക്കാരായ സ്ത്രീകളെയാണ് ഏജന്റുമാർ പ്രധാനമായും വലയിലാക്കുന്നത്. പണം നൽകി അവയവം കൈക്കലാക്കുന്നതോടെ ദാതാവുമായുള്ള എല്ലാ ബന്ധവും മാഫിയ അവസാനിപ്പിക്കുന്നു. മതിയായ വിശ്രമമോ തുടർച്ചികിത്സയോ ലഭിക്കാതെ ഈ സ്ത്രീകൾ പിന്നീട് കടുത്ത ആരോഗ്യപ്രശ്നങ്ങളിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു. അവയവമാറ്റത്തിനായി നിയമപരമായ അനുമതി നൽകുന്ന സമിതികൾക്ക് മേൽ പോലും മാഫിയ സംഘങ്ങൾ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.  അപേക്ഷകൾ തള്ളിക്കളയുമ്പോൾ കോടതി മുഖേന അനുമതി വാങ്ങി വീണ്ടും നിയമത്തെ മറികടക്കാൻ ശ്രമിക്കുന്നതും പതിവാണെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. ഒന്നുകിൽ അവയവ വാണിജ്യം കർശന നിയന്ത്രണങ്ങളോടെ നിയമവിധേയമാക്കുകയോ അല്ലെങ്കിൽ നിലവിലുള്ള സംവിധാനങ്ങളിലെ പഴുതുകൾ അടച്ച് മാഫിയകളെ അടിച്ചമർത്തുകയോ വേണമെന്നാണ് ഡോ. ഹിതേഷ് ശങ്കർ ആവശ്യപ്പെടുന്നത്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ മനുഷ്യ ചൂഷണമായി തൃശൂരിലെ ഈ അവയവ കച്ചവടം മാറിയിരിക്കുകയാണെന്ന് അദ്ദേഹം തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു. ഡോ. ഹിതേഷ് ശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപംപ്രിയരേ, തൃശ്ശൂർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവയവ കച്ചവടത്തിൻ്റെ ഒരു കേന്ദ്രമായി മാറുന്നുവെന്നത് വളരെ ആശങ്കാജനകമാണ്. പ്രത്യേകിച്ച് കൈപ്പമംഗലം, കൊടുങ്ങല്ലൂർ (ത്രിശ്ശൂർ), ചേർത്തല (ആലപ്പുഴ), കൊല്ലം തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളെയാണ് ലക്ഷ്യമിടുന്നത്. ജില്ലാതല അംഗീകാര സമിതി നിരസിച്ച കേസുകൾ പോലും ഹൈക്കോടതിയുടെ അനുമതി തേടി വീണ്ടും മുന്നോട്ടു കൊണ്ടുപോകുന്നു. അതിലും ഗുരുതരമായി, ചില സാഹചര്യങ്ങളിൽ കോടതിയുടെ നിർദ്ദേശ പ്രകാരം തൃശ്ശൂർ ജില്ലാ സമിതിക്ക് അതിന്റെ അധികാരപരിധിക്ക് പുറത്തുള്ള കേസുകൾ പോലും പരിഗണിക്കേണ്ടിവരുന്നു. ഇതിൽ കൂടുതൽ ആശങ്കാജനകമായ മറ്റൊരു വസ്‌തുത ചില സമിതി അംഗങ്ങൾക്ക് വിവിധ ഭാഗങ്ങളിൽ നിന്നായി “അനുമതി നൽകണം” എന്ന സമ്മർദ്ദം ചെലുത്തുന്ന ഫോൺ കോളുകൾ ലഭിക്കുന്നുവെന്നാണ് വിവരം.ഇത് നിർണായകമായ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സംഘടിത ഇടപെടലുകളുടെ സൂചനയാണ്. ഇന്നത്തെ അവസ്ഥയിൽ ഏറ്റവും ഭീതിജനകമായ ഒരു പ്രവണത സ്ത്രീ ദാതാക്കളുടെ വർധനവാണ്. ഇന്ന് പരിഗണിച്ച 8 കേസുകളിൽ 7 പേരും സ്ത്രീകളായിരുന്നു. ഇവരിൽ പലർക്കും സ്വീകരിക്കുന്ന രോഗിയെ നേരിട്ട് അറിയില്ല. ഭർത്താവിന്റെ പരിചയത്തിൻ്റെ അടിസ്ഥാനത്തിലാണ് അവയവദാനം നടത്തുന്നത്. “ആത്മാർത്ഥ ദാനം” എന്ന പേരിൽ കൃത്രിമ കഥകൾ സൃഷ്ടിക്കപ്പെടുന്നു. എന്നാൽ ഇതിന് പിന്നിൽ വ്യാപകമായ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതായി ശക്തമായ സംശയങ്ങൾ ഉണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ദാരിദ്ര്യവും അറിവില്ലായ്മയും ദുരുപയോഗം ചെയ്യുന്നതാണ്പ്രത്യേകിച്ച് സ്ത്രീകളെ ഇത്തരം ശൃംഖലകളിൽ കുടുക്കുന്നത് അതീവ ഗൗരവമുള്ള സാമൂഹിക പ്രശ്‌നമാണ്.അതിനാൽ രണ്ടിൽ ഒന്ന് സംഭവിക്കണം: അല്ലെങ്കിൽ

“ഇന്ത്യ മറക്കില്ല, മാപ്പ് നൽകുകയുമില്ല” – ഓപ്പറേഷൻ സിന്ദൂരിന് ഒരാണ്ട്!

പഹൽഗാമിൽ പൊലിഞ്ഞ 26 ജീവനുകൾക്ക് പകരം ചോദിക്കാൻ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യ കണ്ടെത്തിയ മാർഗമായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ശത്രുവിന്റെ കോട്ടകളിൽ ചെന്ന് പ്രഹരിക്കാൻ ഇന്ത്യയ്ക്ക് മടിയില്ലെന്ന് തെളിയിച്ച ആ ചരിത്രദിനത്തിന് ഇന്ന് ഒരാണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ സൈനിക നീക്കം, ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷിക ദിനത്തിൽ വീഡിയോ പങ്കുവെച്ച് ഓർമ്മിപ്പിക്കുകയാണ് ഇന്ത്യൻ വ്യോമസേന. “ഓപ്പറേഷൻ സിന്ദൂർ, നീതി നടപ്പിലാക്കി. കൃത്യതയാർന്ന നടപടി, മായാത്ത ഓർമ്മ – ഓപ്പറേഷൻ സിന്ദൂർ തുടരുന്നു. ഇന്ത്യ ഒന്നും മറക്കില്ല. ഇന്ത്യ ഒന്നിനും മാപ്പ് നൽകില്ല” എന്നീ വാക്കുകൾ ഔദ്യോഗിക പോസ്റ്റിൽ കുറിച്ചുകൊണ്ട്, ദൗത്യവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ നിർമ്മിച്ചിട്ടുള്ളത്. സായുധസേനകൾ തമ്മിലുള്ള ഐക്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂറിനെ വിദഗ്ധർ വിലയിരുത്തുന്നു. 2025 മേയ് ഏഴിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നലാക്രമണം. 25 മിനിറ്റ് നീണ്ട കൃത്യമായ വ്യോമാക്രമണത്തിൽ ഭീകരകേന്ദ്രങ്ങൾ നാമവശേഷമായി. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളിൽപ്പെട്ട നൂറിലധികം ഭീകരരെയാണ് ഇന്ത്യൻ സൈന്യം ഇല്ലാതാക്കിയത്. പാകിസ്ഥാന്റെ വ്യോമതാവളങ്ങളും സൈനികാടിസ്ഥാന സൗകര്യങ്ങളും ഇന്ത്യ തകർത്തു. ഭീകരതയ്ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത തിരിച്ചടി തുടരുമെന്നതിന്റെ വലിയൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓപ്പറേഷൻ സിന്ദൂർ.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഈ ക്യാബിൽ നിങ്ങളുടെ ‘റൊമാൻസ്’ നടപ്പില്ല; കൃത്യമായ നിബന്ധനകളുമായി ക്യാബ്ഡ്രൈവർ.

ഹൈദരാബാദിലെ ക്യാബുകളിൽ യാത്ര ചെയ്യുന്നവർ ഇനിമുതൽ ഒരല്പം ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും. വെറുമൊരു യാത്ര എന്നതിലുപരി, കൃത്യമായ നിയമങ്ങളും നിബന്ധനകളും പാലിക്കേണ്ട ഒരു ഇടമായി ക്യാബുകൾ മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രം. ഈ ക്യാബിൽ കയറുന്നവർക്ക് കാണാൻ പാകത്തിൽ ഡ്രൈവർ സീറ്റിന് പിന്നിലായി ഒരു വലിയ മുന്നറിയിപ്പ് ബോർഡ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. “നിങ്ങളല്ല ഈ വണ്ടിയുടെ ഉടമ, ഓടിക്കുന്ന ആളാണ് ഇതിന്റെ യഥാർത്ഥ ഉടമ” എന്ന വ്യക്തമായ ഓർമ്മപ്പെടുത്തലോടെയാണ് ഈ നോട്ടീസ് ആരംഭിക്കുന്നത്. യാത്രക്കാർ മാന്യമായി സംസാരിക്കണമെന്നും ഡ്രൈവറോട് അനാവശ്യമായ ‘ആറ്റിറ്റ്യൂഡ്’ കാണിക്കരുതെന്നും ഇതിൽ പ്രത്യേകം നിർദ്ദേശിക്കുന്നു. യാത്രക്കാർ അധിക പണമൊന്നും നൽകുന്നില്ലാത്തതിനാൽ അവരുടെ സ്വഭാവരീതികൾ സ്വന്തം പോക്കറ്റിൽ തന്നെ വെക്കുന്നതാണ് നല്ലതെന്ന കർശനമായ പരാമർശവും ഡ്രൈവർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സാധാരണയായി ക്യാബ് ഡ്രൈവർമാരെ വിളിക്കാറുള്ള ‘ഭയ്യ’ എന്ന വിളി ഈ വണ്ടിയിൽ അനുവദനീയമല്ല . വാഹനത്തിന്റെ വാതിൽ പതുക്കെ അടയ്ക്കണമെന്നും കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്താൻ വേണ്ടി ഡ്രൈവറോട് അമിതവേഗതയിൽ വണ്ടി ഓടിക്കാൻ ആവശ്യപ്പെടരുതെന്നും നോട്ടീസിൽ പറയുന്നു. ഇതിനെല്ലാം പുറമെ, പ്രണയിതാക്കൾക്ക് നൽകിയിട്ടുള്ള താക്കീതാണ് ഏറെ ചർച്ചയാകുന്നത്. “ഇതൊരു ക്യാബാണ്, അല്ലാതെ നിങ്ങളുടെ സ്വകാര്യ ഇടമോ ഒയോ (OYO) റൂമോ അല്ല; അതുകൊണ്ട് ഇവിടെ റൊമാൻസ് പാടില്ല” എന്ന് വലിയ അക്ഷരങ്ങളിൽ തന്നെ ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ട്രാഫിക് തിരക്കുകളും യാത്രക്കാരുടെ പെരുമാറ്റ രീതികളും ഡ്രൈവർമാരിൽ ഉണ്ടാക്കുന്ന സമ്മർദ്ദമാവാം ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ഡ്രൈവറുടെ ഈ വ്യക്തമായ നിലപാട് ഇപ്പോൾ ഇന്റർനെറ്റിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

ബെംഗളൂരുവിൽ 15 കിലോമീറ്ററിന് 1200 രൂപ! ഓട്ടോ ഡ്രൈവർമാരുടെ പകൽക്കൊള്ളയ്ക്കെ‌തിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കും ഓട്ടോ ഡ്രൈവർമാരുടെ അമിത നിരക്കും എന്നും യാത്രക്കാർക്ക് വലിയ തലവേദനയാണ്. എന്നാൽ ഇപ്പോൾ ഒരു കണ്ടന്റ് ക്രിയേറ്ററായ യുവതി പങ്കുവെച്ച വീഡിയോ നഗരത്തിലെ ഈ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. തന്റെ സുഹൃത്തിന് വെറും 15 കിലോമീറ്റർ യാത്ര ചെയ്യാൻ 1200 രൂപ നൽകേണ്ടി വന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സന്യ സിങ്ങ് എന്ന യുവതി ഇൻസ്റ്റഗ്രാമിലൂടെ നടത്തിയത്. മഴക്കാലമായതിനാൽ നിരക്ക് കൂടുമെന്ന ന്യായം പറഞ്ഞാണ് ഓട്ടോ ഡ്രൈവർ ഇത്രയും വലിയ തുക ഈടാക്കിയത്. ബെംഗളൂരു നഗരത്തിൽ നിന്ന് താൻ ഇത് ഒട്ടും പ്രതീക്ഷിച്ചില്ലെന്ന് സന്യ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. 1200 രൂപ ഉണ്ടെങ്കിൽ ഒരാൾക്ക് രണ്ടു തവണ വീട്ടുപകരണങ്ങൾ വാങ്ങാൻ സാധിക്കുമെന്നും അവർ പരിഹസിക്കുന്നു. നഗരത്തിലെ ട്രാഫിക് ബ്ലോക്ക് കാരണം ഈ ചെറിയ ദൂരം പിന്നിടാൻ സന്യയുടെ സുഹൃത്തിന് മൂന്ന് മണിക്കൂറോളം സമയമാണ് എടുത്തത്. വഴിയിൽ ഇറക്കി വിടുമെന്ന ഭയത്താലാണ് ചോദിച്ച തുക നൽകാൻ സുഹൃത്ത് തയ്യാറായതെന്നും യുവതി കൂട്ടിച്ചേർക്കുന്നു. ബെംഗളൂരുവിലെ ട്രാഫിക്കിനെയും റൈഡ് ബുക്കിംഗിനെയും സന്യ രൂക്ഷമായ ഭാഷയിലാണ് വിമർശിക്കുന്നത്. ഒരു കോളേജിൽ അഡ്മിഷൻ നേടുന്നതിനേക്കാൾ പ്രയാസമാണ് നഗരത്തിൽ ഇന്ന് ഒരു റൈഡ് ബുക്ക് ചെയ്ത് കിട്ടാനെന്നും നമ്മുടെ കരിയർ വളരുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലെങ്കിലും ഇവിടുത്തെ ഓട്ടോ ഡ്രൈവർമാരുടെ വരുമാനം വൻതോതിൽ ഉയരുന്നുണ്ടെന്നും അവർ പരിഹസിച്ചു. ആരോട് പരാതി പറയാനാണ് എന്ന നിസ്സഹായതയോടെയാണ് യുവതി വീഡിയോ അവസാനിപ്പിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. നിരവധി ഉപയോക്താക്കൾ സന്യയുടെ അഭിപ്രായത്തോട് യോജിച്ച് രംഗത്തെത്തി. മഴയുള്ള സമയങ്ങളിലും ഓഫീസുകൾ വിടുന്ന നേരങ്ങളിലും ബെംഗളൂരുവിൽ യാത്ര ചെയ്യുന്നത് വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദവുമാണ് ഉണ്ടാക്കുന്നതെന്ന് പലരും കമന്റ് ചെയ്തു. ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകൾ പോലും ഇത്തരം സമയങ്ങളിൽ വലിയ തുക ഈടാക്കുന്നുണ്ടെന്നും നഗരത്തിലെ യാത്രാ ദുരിതത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയരുന്നുണ്ട്.

വയറൊട്ടി മലയാളി; ഹോട്ടലുകളും ബേക്കറികളും ഇന്ന് അടച്ചിടും, ഓൺലൈൻ ഭക്ഷണവിതരണവും മുടങ്ങും.

രാവിലെ കടുപ്പത്തിലൊരു ചായയും കടിയും കഴിക്കാമെന്നു കരുതി പുറത്തിറങ്ങിയവർ ഇന്ന് നിരാശപ്പെടേണ്ടി വരും. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില റോക്കറ്റ് പോലെ കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ ഹോട്ടലുകളും ബേക്കറികളും ഇന്ന് പണിമുടക്കുകയാണ്. ഗ്യാസ് വില കൂടുമ്പോൾ കച്ചവടം നഷ്ടത്തിലാവുകയും, ഭക്ഷണത്തിന് വില കൂട്ടിയാൽ കസ്റ്റമർ ഓടുകയും ചെയ്യുന്ന ആകെ ധർമ്മസങ്കടത്തിലാണ് വ്യാപാരികൾ. ലാഭം കുറയുന്നതും നഷ്ടം കൂടുന്നതും സഹിക്കാനാവാതെ വന്നതോടെയാണ് ‘ഇന്ന് ഭക്ഷണം വിളമ്പില്ല’ എന്ന കടുത്ത തീരുമാനത്തിലേക്ക് വ്യാപാരികൾ എത്തിയത്. ഹോട്ടലുകൾ മാത്രമല്ല, വിരൽത്തുമ്പിൽ ഭക്ഷണം എത്തിക്കുന്ന ഓൺലൈൻ ഡെലിവറി ആപ്പുകളും ഇന്ന് പണിമുടക്കിന്റെ ഭാഗമാകുന്നതോടെ ഭക്ഷണപ്രിയർ വലയും.മൊബൈലിൽ സ്വിഗ്ഗിയും സൊമാറ്റോയും നോക്കി വിരൽ തഴമ്പിക്കുന്നതല്ലാതെ ഇന്ന് ആരും പാഴ്സലുമായി വാതിൽക്കൽ എത്തില്ല. സബ്‌സിഡി നിരക്കിൽ ഗ്യാസ് നൽകുകയോ അല്ലെങ്കിൽ ഈ അമിത വിലവർധനവ് പിൻവലിക്കുകയോ ചെയ്യാതെ ഈ പ്രതിസന്ധിക്ക് പരിഹാരമില്ലെന്നാണ് അസോസിയേഷൻ പറയുന്നത്.ഇന്ന് ഹോട്ടലിലെ ദോശക്കല്ലും ചായപ്പാത്രവും തണുത്തിരിക്കുമെങ്കിലും ഉടമകളുടെ ഉള്ളിലെ പ്രതിഷേധം നല്ല കനലായി ജ്വലിക്കുന്നുണ്ട്. ഗ്യാസ് വില കുറച്ചില്ലെങ്കിൽ ഹോട്ടലുകാർക്ക് മാത്രമല്ല, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന നമ്മൾ ഓരോരുത്തർക്കും ‘പണി’ കിട്ടുമെന്നുറപ്പാണ്. അതുകൊണ്ട് ഇന്നത്തെ ഈ ഉപവാസം നാളത്തെ വയറുനിറച്ചുള്ള ഊണിന് വേണ്ടിയാണെന്ന് കരുതി നമുക്ക് അല്പം അഡ്ജസ്റ്റ് ചെയ്യാം!

എച്ച്-1ബി വിസ ലഭിക്കാതെ ജോലി നഷ്ടം; കടബാധ്യതയുമായി മടങ്ങുന്ന ഇന്ത്യൻ ടെക്കികൾ

അമേരിക്കയിലെ എച്ച്-1ബി വിസാ സംവിധാനം ഇന്ത്യയിൽ നിന്ന് വരുന്ന ടെക്കികൾക്ക് പ്രധാന തൊഴിൽ വഴിയാണ്. എന്നാൽ ലോട്ടറി സംവിധാനം, നയങ്ങളിലെ മാറ്റങ്ങൾ, കമ്പനികളുടെ പരിമിതികൾ എന്നിവ കാരണം പലർക്കും ജോലി തുടരുന്നത് അനിശ്ചിതമാകുന്നു. അടുത്തിടെ ഒരു ഇന്ത്യൻ ടെക്കി പങ്കുവെച്ച അനുഭവം ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. ഉയർന്ന ശമ്പളമുള്ള ജോലി ഉണ്ടായിരുന്നിട്ടും എച്ച്-1ബി വിസ ലഭിക്കാത്തതിനാൽ അമേരിക്ക വിടേണ്ടിവന്നു. കമ്പനിക്ക് ഇന്ത്യയിൽ ഓഫീസ് ഇല്ലാത്തതിനാൽ റിമോട്ട് ജോലിയോ ഇന്റേണൽ ട്രാൻസ്ഫറോ സാധ്യമായില്ല. വിസ കാലാവധി കഴിഞ്ഞതോടെ മടങ്ങുക മാത്രമാണ് ബാക്കിയുണ്ടായത്. ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമായും ഉയരുന്ന പ്രശ്നം സാമ്പത്തിക ബാധ്യതയാണ്. വിദേശ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പകൾ പലർക്കും ഇപ്പോഴും അടയ്ക്കാനുള്ള നിലയിലാണ്. യുവാവിന് ഏകദേശം 40 ലക്ഷം രൂപയുടെ കടബാധ്യതയോടെ സ്ഥിരമായ വരുമാനമില്ലാതെ നാട്ടിലേക്ക് മടങ്ങി വന്ന കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച . ഉയർന്ന ശമ്പളം ലഭിച്ചിരുന്നാലും, വിസാ അനിശ്ചിതത്വം കാരണം ദീർഘകാല സാമ്പത്തിക പദ്ധതികൾ തകരാറിലാകുന്ന സാഹചര്യമാണ് നേരിടേണ്ടിവന്നത്. ഈ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. ചിലർ സാമ്പത്തിക ആസൂത്രണക്കുറവാണ് ഇത്തരം പ്രതിസന്ധികൾക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുമ്പോൾ, മറ്റുചിലർ വിസാ സംവിധാനം സ്വഭാവത്തിൽ തന്നെ അനിശ്ചിതമാണെന്നും വ്യക്തികളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങൾ ഇത്തരം സാഹചര്യങ്ങൾക്ക് കാരണമാകുന്നുവെന്നും പറയുന്നു. ഓരോ വർഷവും നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. അതിനാൽ വിദേശ തൊഴിൽ ലക്ഷ്യമിടുന്നവർക്ക് സാമ്പത്തിക സുരക്ഷയും ബദൽ കരിയർ സാധ്യതകളും മുൻകൂട്ടി പരിഗണിക്കുന്നത് അനിവാര്യമായി മാറുന്നു.

ആഭരണപ്രിയനല്ല അബദ്ധം പറ്റിയതാണ്; സ്വർണ്ണമോതിരത്തിനുള്ളിൽ ശ്വാസംമുട്ടി ചേര, ഒടുവിൽ സാഹസിക മോചനം

സാധാരണ പാമ്പുകൾ വീടിനുള്ളിൽ കയറിയാൽ പേടിച്ച് ഓടുകയാണ് പതിവ്. എന്നാൽ അഡൂർ കൊപ്പളത്തെ സി.എച്ച്. രവിയുടെ വീട്ടിൽ കയറിയ അതിഥി അല്പം ‘ആഡംബരപ്രിയൻ’ ആയിരുന്നു. മേശയുടെ വലിപ്പിനുള്ളിൽ ഒളിച്ചിരുന്ന ചേര പുറത്തുവന്നത് വെറുമൊരു പാമ്പായല്ല, വയറിനു ചുറ്റും തിളങ്ങുന്ന ഒരു സ്വർണ്ണമോതിരവും ധരിച്ചാണ് ബാങ്കിൽ പോകാനായി രേഖകൾ തിരയാൻ രവിയുടെ ഭാര്യ ശൈലജ മേശവലിപ്പ് തുറന്നപ്പോഴാണ് ഈ അപ്രതീക്ഷിത കാഴ്ച കണ്ടത്. ഭയന്നുപോയ കുടുംബം ഉടൻതന്നെ വനംവകുപ്പിനെ വിവരമറിയിക്കുകയും  വൊളന്റിയർമാരായ മഹേഷും അനിലും സ്ഥലത്തെത്തുകയും ചെയ്തു. അവർ നടത്തിയ പരിശോധനയിലാണ് നാലടിയോളം നീളമുള്ള ആ ചേരയുടെ മധ്യഭാഗത്ത് സ്വർണമോതിരം മുറുകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. രവിയുടെ പരേതനായ പിതാവിന്റെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന ആ മോതിരത്തിനുള്ളിലൂടെ നൂഴ്ന്നിറങ്ങാൻ ശ്രമിച്ച പാമ്പ് അബദ്ധത്തിൽ അതിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. രണ്ടാഴ്ചയോളമായി ആ മേശവലിപ്പ് ആരും തുറന്നിരുന്നില്ല. അത്രയും ദിവസം മോതിരം ശരീരത്തിൽ മുറുകി ശ്വാസമെടുക്കാൻ പോലും പ്രയാസപ്പെട്ട് അവശനിലയിലായിരുന്നു പാമ്പ്.. സ്വർണ്ണമോതിരം മുറിക്കാതെ പാമ്പിനെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ വൊളന്റിയർമാർ അതീവ ജാഗ്രതയോടെ കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റി.സ്വർണ്ണത്തിന്റെ തിളക്കത്തേക്കാൾ ആ മിണ്ടാപ്രാണിയുടെ ജീവന് വില നൽകിയ വൊളന്റിയർമാരുടെ കരുതലിൽ, ആ ‘ആഭരണപ്രിയൻ’ ഒടുവിൽ സുരക്ഷിതമായി കാടിന്റെ തണലിലേക്ക് മടങ്ങി.

ജീവിതത്തിന് ശേഷവും ലോകത്തിന് കാവലായി ബ്രൂസ് വില്ലിസ്; ശാസ്ത്ര പഠനത്തിനായി തലച്ചോറ് വിട്ടുനൽകാൻ കുടുംബം

നമ്മളെയൊക്കെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ച ആ ‘ഡൈ ഹാർഡ്’ നായകൻ, ഇന്ന് വാക്കുകൾ കിട്ടാതെ പതറുന്നതും പ്രിയപ്പെട്ടവരുടെ മുഖം തിരിച്ചറിയാൻ പ്രയാസപ്പെടുന്നതും ചിന്തിക്കുമ്പോൾ തന്നെ നെഞ്ചിലൊരു ഭാരം വന്നു നിറയും. സിനിമയിൽ ഏതൊരു വില്ലനെയും തകർത്തെറിയുന്ന ബ്രൂസ് വില്ലിസിന് പക്ഷേ, ‘മറവി’ എന്ന ഈ നിശബ്ദ ശത്രുവിനെ തടയാനാകുന്നില്ല. ഡിമെൻഷ്യ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിക്കുമ്പോൾ, ആ വേദന പങ്കുവെക്കുന്ന ഭാര്യ എമ്മയുടെ വാക്കുകൾ വായിക്കുമ്പോൾ കണ്ണുനിറയാത്തവരുണ്ടാകില്ല. സത്യത്തിൽ, ഒരാൾ നമ്മളെ പതുക്കെ പതുക്കെ മറന്നു തുടങ്ങുക എന്നത് എത്ര വലിയ നോവാണ്! പക്ഷേ അവിടെയാണ് സ്നേഹത്തിന്റെ കരുത്ത് നാം കാണുന്നത്. തന്റെ ഭർത്താവിനെ വെറുമൊരു രോഗിയായല്ല, മറിച്ച് ഇപ്പോഴും സ്നേഹം അർഹിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവനായി ചേർത്തുപിടിക്കുന്ന എമ്മയും മക്കളും ലോകത്തിന് നൽകുന്നത് വലിയൊരു പാഠമാണ്. “പഴയ ആ മനുഷ്യനല്ലായിരിക്കാം ഇന്ന് അദ്ദേഹം, എങ്കിലും ഞങ്ങളുടെ സ്നേഹത്തിന് മാറ്റമില്ല” എന്ന് അവർ പറയുമ്പോൾ, സ്നേഹിക്കാൻ ഓർമ്മകൾ വേണമെന്നില്ല, ആ സാമീപ്യം മാത്രം മതിയെന്ന് നമുക്ക് തോന്നിപ്പോകും. ഇതിന്റെ ഭാഗമായാണ്, അദ്ദേഹത്തിന്റെ മരണശേഷം തലച്ചോറ് പഠനങ്ങൾക്കായി വിട്ടുനൽകാൻ കുടുംബം തീരുമാനിച്ചത്. ഫ്രണ്ടോ ടെമ്പറൽ ഡിമെൻഷ്യ (FTD) എന്ന ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഇത് സാധിക്കും. സ്വന്തം പേരും കുടുംബത്തെയും മറന്നുള്ള മരണം ആർക്കും ഉണ്ടാവരുതെന്ന് എമ്മ പറയുന്നു. ജീവിതം ചിലപ്പോൾ സിനിമയേക്കാൾ കടുപ്പമേറിയ തിരക്കഥകൾ നമുക്കായി കരുതിവെക്കാറുണ്ട്. ലോകത്തെ വിറപ്പിക്കുന്ന പോരാളിയായി നാം കണ്ട ബ്രൂസ് വില്ലിസ് ഇന്ന് നിശബ്ദനായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ കുടുംബം നൽകുന്ന സന്ദേശം വ്യക്തമാണ്: രോഗം ഒരാളുടെ ഓർമ്മകളെ മായ്ച്ചുകളഞ്ഞേക്കാം, എന്നാൽ അവർ നൽകിയ സ്നേഹത്തെയോ അവരോടുള്ള നമ്മുടെ കടപ്പാടിനെയോ മായ്ക്കാൻ അതിനാവില്ല.

ഉള്ളുലയ്ക്കുന്ന കാഴ്ച; ഒരു മരണ സർട്ടിഫിക്കറ്റിന് പകരമായി ആ സഹോദരൻ നൽകിയത് പെങ്ങളുടെ അസ്ഥികൂടം

നിയമങ്ങളുടെയും നൂലാമാലകളുടെയും ലോകത്ത് സാധാരണക്കാരന്റെ വികാരങ്ങൾക്കും സങ്കടങ്ങൾക്കും എത്രത്തോളം വിലയുണ്ടെന്ന ചോദ്യമാണ് ഒഡീഷയിലെ കിയോഞ്ജറിൽ നിന്നുള്ള ഈ വാർത്ത നമുക്ക് മുന്നിൽ ഉയർത്തുന്നത്. തന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുള്ള ചെറിയൊരു തുക പിൻവലിക്കാൻ ബാങ്ക് അധികൃതർ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ, എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ഒരു മനുഷ്യൻ ഒടുവിൽ ചെയ്തത് ലോകത്തെ മുഴുവൻ നടുക്കുന്ന ഒന്നായിരുന്നു. മരിച്ചുപോയ സഹോദരിയുടെ അസ്ഥികൂടം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് ബാങ്കിലെത്തിക്കുക. രണ്ട് മാസം മുമ്പ് മരണമടഞ്ഞ തന്റെ പ്രിയപ്പെട്ട സഹോദരിയുടെ അക്കൗണ്ടിലെ 19,300  രൂപ പിൻവലിക്കാനാണ് ജീതു മുണ്ട എന്ന ആദിവാസി വയോധികൻ ബാങ്കിനെ സമീപിച്ചത്. എന്നാൽ മരണപ്പെട്ടതിന്റെ കൃത്യമായ തെളിവില്ലാതെ പണം നൽകാൻ കഴിയില്ലെന്ന ബാങ്ക് അധികൃതരുടെ കർക്കശമായ നിലപാട് ആ പാവം മനുഷ്യനെ തളർത്തിക്കളഞ്ഞു. അറിവില്ലായ്മയും ദാരിദ്ര്യവും ഒത്തുചേർന്നപ്പോൾ, തന്റെ സഹോദരി മരിച്ചുപോയി എന്നതിന് അസ്ഥികൂടമല്ലാതെ മറ്റൊരു തെളിവ് ഹാജരാക്കാൻ അയാൾക്ക് അറിയില്ലായിരുന്നു. ഒരു ചാക്കിൽ കെട്ടിയ സഹോദരിയുടെ അസ്ഥികളുമായി അയാൾ ബാങ്ക് വരാന്തയിൽ എത്തിയ കാഴ്ച കണ്ടുനിന്നവരുടെ ഉള്ളുലയ്ക്കുന്നതായിരുന്നു. കേവലം കുറച്ചു പണത്തിന് വേണ്ടിയല്ല അയാൾ ആ സാഹസം ചെയ്തത്, മറിച്ച് വിശപ്പിന്റെയും നിസ്സഹായാവസ്ഥയുടെയും ആഴം അത്രമേൽ വലുതായിരുന്നു. നിയമത്തിന്റെ കണ്ണിലെ സാങ്കേതികതകൾ ഒരു സാധാരണ മനുഷ്യനെ എത്രത്തോളം ക്രൂരമായ പ്രവർത്തികളിലേക്ക് തള്ളിവിടുമെന്നതിന്റെ നേർസാക്ഷ്യമായി ഈ സംഭവം മാറി. ഈ സംഭവം വലിയ വാർത്തയായതോടെ അധികൃതർ ഇടപെടുകയും ആ മനുഷ്യന് പണം നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. എങ്കിലും, ഒരു മനുഷ്യന് തന്റെ പ്രിയപ്പെട്ടവളുടെ അസ്ഥികൂടവുമായി പൊതുസമൂഹത്തിന് മുന്നിൽ ഇറങ്ങേണ്ടി വന്ന സാഹചര്യം നമ്മുടെ വ്യവസ്ഥിതിയുടെ പരാജയമാണ് വിളിച്ചോതുന്നത്. സഹാനുഭൂതി നഷ്ടപ്പെട്ട നിയമങ്ങൾക്കും ചട്ടങ്ങൾക്കും മുന്നിൽ മനുഷ്യത്വം എന്നെങ്കിലും വിജയിക്കുമോ എന്ന വലിയൊരു ചോദ്യചിഹ്നം കൂടി ഈ സംഭവം ബാക്കിയാക്കുന്നു.