കടലിലെ നീണ്ട കാത്തിരിപ്പ്; നാവികർ മാനസിക സമ്മർദത്തിൽ

പശ്ചിമേഷ്യയിൽ ദീർഘകാലമായി തുടരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കണിലെ ജീവനക്കാർ കടുത്ത മാനസിക സമ്മർദം നേരിടുന്നതായി റിപ്പോർട്ടുകൾ. സാഹചര്യങ്ങൾ കണക്കിലെടുത്ത് കപ്പലിന് പകരക്കാരനായി യുഎസ്എസ് ജോർജ് വാഷിങ്ടണെ പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ അമേരിക്ക തീരുമാനിച്ചു. ജോർജ് വാഷിങ്ടൺ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നീങ്ങുന്നതായി യുഎസ് നാവികസേനയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. എബ്രഹാം ലിങ്കണിന്റെ യാത്ര മുൻകൂട്ടി തീരുമാനിച്ചതാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ ദി വാൾ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. എന്നാൽ, 250 ദിവസത്തിലേറെയായി കടലിൽ തുടരുന്ന കപ്പലിലെ നാവികർ കടുത്ത മാനസിക സമ്മർദവും മോശം ജീവിതസാഹചര്യങ്ങളും നേരിടുന്നതായി നേരത്തെ മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കുടുംബാംഗങ്ങളും ജനപ്രതിനിധികളും വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തി. കപ്പലിലെ ചില നാവികർ കടലിലേക്ക് ചാടാൻ ശ്രമിച്ചതായും സഹപ്രവർത്തകർ ഇടപെട്ട് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കപ്പലിലെ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക കൂടുതൽ ശക്തമായി. ഏകദേശം 5,000 നാവികരും മറൈൻസും ഉൾപ്പെടുന്ന ആണവോർജ വിമാനവാഹിനിക്കപ്പൽ കഴിഞ്ഞ നവംബർ 21നാണ് പസഫിക് മേഖലയിലെ വിന്യാസത്തിനായി പുറപ്പെട്ടത്. ഫെബ്രുവരി 28ന് ഇറാനുമായി യുഎസ് യുദ്ധം ആരംഭിച്ചതോടെ കപ്പൽ പശ്ചിമേഷ്യയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തുടർച്ചയായി 200ലേറെ ദിവസം തുറമുഖത്ത് അടുക്കാതെ കടലിൽ കഴിഞ്ഞത് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ വർധിപ്പിച്ചതായി ജനപ്രതിനിധികൾ പറയുന്നു. കേടായ ടോയ്ലറ്റുകൾ, ചൂടുവെള്ളത്തിന്റെ ലഭ്യതക്കുറവ്, ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും ലഭിക്കുന്നതിലെ തടസ്സങ്ങൾ എന്നിവയും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, എബ്രഹാം ലിങ്കണിൽ മാനസികാരോഗ്യ പ്രതിസന്ധി രൂക്ഷമാണെന്ന റിപ്പോർട്ടുകൾ യുഎസ് അധികൃതർ തള്ളി.
പെട്രോളിനായി ഇന്ത്യയെ ആശ്രയിച്ച് റഷ്യ; ആദ്യ കപ്പൽ എത്തി

ലോകത്ത് ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയ്ക്ക് ഇപ്പോൾ പെട്രോളിനായി ഇന്ത്യയെ ആശ്രയിക്കേണ്ട സാഹചര്യം. പ്രതിദിനം ഏകദേശം ഒരു കോടി ബാരൽ എണ്ണ ഉത്പാദിപ്പിക്കുന്ന റഷ്യ, ഒപെക് പ്ലസിലെ പ്രധാന ശക്തിയുമാണ്. എന്നാൽ നാല് വർഷമായി തുടരുന്ന യുക്രൈൻ യുദ്ധവും റിഫൈനറികളുടെ പ്രവർത്തനത്തിലുണ്ടായ തടസ്സങ്ങളുമാണ് രാജ്യത്തെ ആഭ്യന്തര പെട്രോൾ ക്ഷാമത്തിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽനിന്ന് റഷ്യ പെട്രോൾ ഇറക്കുമതി ചെയ്യുന്നത്. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനർജിയുടെ ഗുജറാത്തിലെ വാഡിനാർ റിഫൈനറിയാണ് റഷ്യയ്ക്ക് ഇന്ധനം എത്തിക്കുന്നത്. റഷ്യ ആദ്യമായാണ് ഇന്ത്യയിൽനിന്ന് പെട്രോൾ ഇറക്കുമതി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓഗസ്റ്റ് അഞ്ചിന് ഇന്ത്യയിൽനിന്നുള്ള പെട്രോളുമായി ആദ്യ കപ്പൽ റഷ്യയിലെത്തിയെന്നാണ് റിപ്പോർട്ട്. കടൽ ചരക്കുനീക്കം നിരീക്ഷിക്കുന്ന കെപ്ലറാണ് ഇക്കാര്യം പുറത്തുവിട്ടത്. വാഡിനാർ റിഫൈനറിയിൽനിന്ന് ഏകദേശം 42,000 ടൺ പെട്രോളാണ് കപ്പൽ റഷ്യയിലെത്തിച്ചത്. ജൂൺ 18-നാണ് കപ്പൽ ഇന്ത്യയിൽനിന്ന് പുറപ്പെട്ടത്. യുക്രൈൻ യുദ്ധത്തെ തുടർന്ന് റഷ്യൻ റിഫൈനറികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും പ്രവർത്തന തടസ്സങ്ങളും ആഭ്യന്തര ഇന്ധനവിതരണത്തെ ബാധിച്ചതോടെയാണ് ലോകത്തെ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് വിദേശത്തുനിന്ന് പെട്രോൾ വാങ്ങേണ്ടിവന്നത്.
ട്രംപിന്റെ ഭരണകാലാവധി കഴിയുന്നതുവരെ യുദ്ധം നീട്ടിക്കൊണ്ടുപോകാൻ ഇറാന് കഴിയുമെന്ന് ഐ.ആർ.ജി.സി.യുദ്ധം ദീർഘിപ്പിച്ച് യു.എസിനെ തളർത്തുകയും ഭാവിയിലെ ആക്രമണങ്ങൾ തടയുകയുമാണ് ലക്ഷ്യമെന്ന് മുഹമ്മദ് റസാ നഖ്ദി പറഞ്ഞു.

യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകാലാവധി കഴിയുന്നതുവരെ യുദ്ധം മനഃപൂർവം നീട്ടിക്കൊണ്ടുപോകാൻ ഇറാന് സാധിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.). സംഘർഷം നീട്ടിക്കൊണ്ടുപോയി ശത്രുവിനെ തളർത്തുന്നതിലൂടെ ഭാവിയിലുണ്ടാകുന്ന ആക്രമണങ്ങളെ തടയാൻ കഴിയുമെന്ന് ഐ.ആർ.ജി.സി. കമാൻഡർ ഇൻ ചീഫിൻ്റെ മുതിർന്ന ഉപദേഷ്ടാവായ മുഹമ്മദ് റസാ നഖ്ദി വ്യക്തമാക്കി. അടുത്ത പ്രസിഡന്റ് കാലാവധി എത്തുന്നതുവരെ ഈ യുദ്ധം നീട്ടിക്കൊണ്ടുപോവുകയും യു.എസിന് കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്യുക എന്നത് മുന്നിലെ ഒരു വഴിയാണ്. ഇറാനെ ആക്രമിക്കാൻ മുതിരുന്ന ഏതൊരാളും അതിന് വലിയ വിലനൽകേണ്ടിവരുമെന്ന് ഇതിലൂടെ മനസ്സിലാക്കിക്കൊടുക്കാൻ കഴിയും. നിലവിൽ യുദ്ധത്തിൽ ഇറാനാണ് മുന്നിൽ. എന്നാൽ, അന്തിമലക്ഷ്യത്തിലെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും നഖ്‌ദി പറഞ്ഞു.തങ്ങളെ ആക്രമിക്കാൻ ശത്രുക്കൾ ഇനിയൊരിക്കലും തുനിയാത്ത രീതിയിലുള്ള പ്രതിരോധം തീർക്കുകയാണ് ഈ യുദ്ധം ദീർഘിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ പോരാട്ടത്തിൽനിന്ന് ഇറാൻ ഏറെ കാര്യങ്ങൾ പഠിച്ചു. കരുതിയതിനേക്കാൾ ദുർബലമാണ് യു.എസ്. സൈന്യമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇറാൻ നിലവിൽ കൂടുതൽ മിസൈലുകൾ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം വർഷങ്ങളോളം നീണ്ടാലും റോക്കറ്റ് ആക്രമണങ്ങൾ തുടരാൻ കഴിയും. ഇനി ഏതെങ്കിലും ഘട്ടത്തിൽ മിസൈൽ ശേഖരം തീർന്നുപോയാൽ ഇറാൻ ഇതിലും വലിയ ഭീഷണി ഉയർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മിസൈലുകൾ ഇല്ലാതെ ഇറാൻ എങ്ങനെ കൂടുതൽ അപകടകാരിയാകും എന്ന ചോദ്യത്തിന്, ലോകമെമ്പാടും യു.എസിന് ആയിരക്കണക്കിന് സാമ്പത്തിക താത്പര്യങ്ങളും നിക്ഷേപങ്ങളുമുണ്ടെന്നും അവയെല്ലാം എളുപ്പത്തിൽ നശിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം മറുപടി നൽകി. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം തയ്യാറായില്ല.
പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെന്ന് അവകാശപ്പെട്ട് ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബലൂചിസ്ഥാൻ.

‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന സംഘടനയാണ് ലോകമെമ്പാടുമുള്ള ബലൂച് ജനങ്ങളോട് ഈ ദിവസം ആഘോഷിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഉടൻ തന്നെ അന്താരാഷ്ട്ര സമൂഹം തങ്ങളെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.ഓഗസ്റ്റ് 11 എല്ലാവരും ഐക്യത്തോടെ ആചരിക്കണമെന്നും വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ സ്വതന്ത്ര ബലൂചിസ്ഥാന്റെ പതാക ഉയർത്തണമെന്നും നേതാവായ മിർ യാർ ബലൂച് പറഞ്ഞു. ഈ ചരിത്രദിനത്തിന്റെ പ്രാധാന്യം പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്നാണ് ഇവരുടെ അവകാശവാദം
“വാക്കുകളിലെ അഴുക്ക് വസതിയിലെ സംസ്കാരമാണോ..?”അശ്ലീല പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ജനരോക്ഷം

പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി വിജയിക്കും നടി തൃഷയ്ക്കുമെതിരെ നടത്തിയ ദ്വയാർത്ഥ പരാമർശവും തുടർന്നുള്ള നാടകീയമായ കസ്റ്റഡിയുമൊക്കെയാണ് ഇപ്പോൾ തമിഴകത്ത് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഉദയനിധിവിവാദ പരാമർശം നടത്തിയത്.പ്രസംഗത്തിനിടെ “കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഡി.എം.കെ നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കൽ മാത്രമാണ് അദ്ദേഹത്തിന്റെ ജോലി” എന്നും ഉദയനിധി പരിഹസിച്ചിരുന്നു. ഇതോടെ അണികൾക്കിടയിൽ നിന്ന് ‘തൃഷ, തൃഷ’ എന്ന വിളികൾ ഉയർന്നു. തുടന്ന് പ്രസംഗം നിർത്തി ഉദയനിധി നടത്തിയ ദ്വയാർത്ഥ പ്രയോഗമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. രാഷ്ട്രീയമായി ഒന്നും പറയാൻ ശേഷിയില്ലാതെ വരുമ്പോൾ, മൈക്കിന് മുന്നിൽ നിന്ന് ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അണികളെ കൈയടിപ്പിക്കാൻ നോക്കുന്നത് രാഷ്ട്രീയ മിടുക്കല്ല.മറിച്ച് സ്വന്തം മനസ്സിലെ ജീർണ്ണതയാണ് വെളിവാക്കുന്നത്. എം.എൽ.എ എന്നും പ്രതിപക്ഷ നേതാവെന്നുമൊക്കെയുള്ള പദവികൾ നൽകുന്നത് അന്തസ്സോടെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് എന്ന കാര്യം വിസ്മരിക്കപെടുമ്പോഴാണ്പൊതുവേദികൾ അശ്ലീലം വിളമ്പുന്ന വേദിയാവുന്നത്. നാക്കിനു എല്ലില്ലാതെ വായിൽ തോന്നിയതെല്ലാം കോതയ്‌ക്ക് പാട്ടെന്നോണം വിളിച്ചു പറഞ്ഞ് ഒരു സ്ത്രീയെക്കുറിച്ച് ഇത്രത്തോളം തരംതാണ് സംസാരിക്കുമ്പോൾ അല്പം പോലും ലജ്ജ തോന്നുന്നില്ലേ?എതിരാളിയെ പ്രത്യയശാസ്ത്രപരമായോ കൃത്യമായ രാഷ്ട്രീയം പറഞ്ഞോ നേരിടാൻ ശേഷിയില്ലാതെ വരുമ്പോൾ, ഒരു സ്ത്രീയുടെ സ്വഭാവത്തിലേക്ക് ചെളിവാരിയെറിയുന്നത് തികഞ്ഞ ഭീരുത്വമാണ്. എതിരാളിയുടെ രാഷ്ട്രീയത്തെ നേരിടാൻ കഴിവില്ലെങ്കിൽ മൈക്ക് മാറ്റിവെച്ച് വിശ്രമിക്കുക.അല്ലാതെ പൊതുവേദികളെ അശ്ലീലച്ചുവയുള്ള നാടകവേദിയാക്കരുത്.അമ്മയും പെങ്ങമ്മാരുമില്ലാത്ത ഇത്തരം ആളുകളോട് സഹതാപം മാത്രം…
മൗനം വെടിഞ്ഞ് ബോളിവുഡ്: വിദ്യാർഥി സമരത്തിന് പിന്തുണയുമായി മുൻനിര താരങ്ങൾ!

ദേശീയ തലത്തിൽ വലിയ ചർച്ചയായി മാറിയ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ബോളിവുഡ് താരങ്ങൾ രംഗത്ത്. പരീക്ഷാ തട്ടിപ്പുകൾക്കും നീറ്റ് ചോർച്ചയ്ക്കുമെതിരെ സിജെപി നടത്തുന്ന ശക്തമായ പോരാട്ടത്തിൽ സിനിമാ ലോകത്തിന്റെ മൗനം ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്നാണ് ആലിയ ഭട്ട്, അമീർ ഖാൻ, കരീന കപൂർ, ആർ. മാധവൻ തുടങ്ങിയ മുൻനിര താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ നിലപാട് വ്യക്തമാക്കിയത്. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാഭ്യാസ രംഗത്തെ അനീതികൾക്കുമെതിരെ ഡൽഹിയിലും മറ്റു പ്രമുഖ നഗരങ്ങളിലും ആയിരക്കണക്കിന് വിദ്യാർഥികൾക്കൊപ്പം താരങ്ങളും ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുകയാണ്. തുടക്കത്തിൽ സിനിമാ താരങ്ങളുടെ മൗനത്തിനെതിരെ രൂക്ഷമായ വിമർശനമുയർന്നിരുന്നെങ്കിലും, ഇപ്പോൾ പ്രമുഖർ ഒന്നൊന്നായി പിന്തുണയുമായി എത്തുന്നത് സമരത്തിന് വലിയ ജനശ്രദ്ധയും കരുത്തും നൽകുന്നു.
“ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്”-പിന്തുണ അറിയിച്ച് ലേഡി സൂപ്പർസ്റ്റാർ

ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പങ്കുവെച്ച കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്” എന്ന ശക്തമായ വാക്കുകളിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.സമര രംഗത്തുള്ളവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ സംസാരിച്ചു.മഞ്ജു വാര്യരുടെ ഈ വാക്കുകൾ നിമിഷങ്ങൾക്കകമാണ് ഓൺലൈനിൽ തരംഗമായത്. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും ആയിരക്കണക്കിന് ആരാധകരും താരത്തിന്റെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തി.ജനാധിപത്യപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടേണ്ടതല്ലെന്നും, മറിച്ച് അവർക്ക് പ്രതീക്ഷ നൽകുകയാണ് വേണ്ടതെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് താരത്തിന്റെ പ്രതികരണം.സാധാരണക്കാരുടെ ശബ്ദമായി നൽകാറുള്ള ഇത്തരം പ്രതികരണങ്ങൾ മുൻപും മഞ്ജു വാര്യരെ വേറിട്ടു നിർത്തിയിട്ടുണ്ട്.സമൂഹത്തിലെ അനീതികൾക്കെതിരെ സംസാരിക്കാനും, പൊരുതുന്ന മനുഷ്യർക്കൊപ്പം നിൽക്കാനും സിനിമാ ലോകത്തുനിന്നുള്ള പ്രമുഖർ മുന്നോട്ടുവരുന്നത് പ്രതിഷേധങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച് ഫ്രാൻസ്

അമിതമായ ഓൺലൈൻ ഉപയോഗം കുട്ടികളിൽ സൃഷ്ടിക്കുന്ന ദോഷഫലങ്ങൾ നിയന്ത്രിക്കുന്നതിനായി കർശന നിയമവുമായി ഫ്രാൻസ് രംഗത്ത്. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്ന നിയമം ഫ്രാൻസ് പാസാക്കി. ഇതോടെ ഇത്തരത്തിൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്ന യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി.പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ശക്തമായ പിന്തുണയോടെയാണ് പുതിയ നിയമം നിലവിൽ വന്നത്. പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ സാധിക്കില്ല. കൂടാതെ, ഉപയോക്താക്കളുടെ പ്രായം നിർബന്ധമായും സ്ഥിരീകരിക്കുന്ന സംവിധാനങ്ങൾ ഏർപ്പെടുത്താൻ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും നിയമം നിർദേശം നൽകുന്നുണ്ട്.ചൊവ്വാഴ്ച ഫ്രഞ്ച് സെനറ്റ് അംഗീകരിച്ച നിയമം പിന്നീട് നാഷണൽ അസംബ്ലിയിലും പാസാവുകയായിരുന്നു. 279 അനുകൂല വോട്ടുകൾക്കും 81 എതിർവോട്ടുകൾക്കുമാണ് ബിൽ സഭയിൽ പാസായത്. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇത്രയും വ്യാപകമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ലോകത്തിലെ തന്നെ ആദ്യ രാജ്യങ്ങളിലൊന്നായി ഫ്രാൻസ് മാറിയിരിക്കുകയാണ്
പ്രക്ഷോഭം കനക്കുന്നു!സിജെപിക്ക് പിന്തുണയുമായി മലയാളി താരങ്ങളും..

രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥികളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ നടക്കുന്ന സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാള ചലച്ചിത്ര താരങ്ങൾ.നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടും നടക്കുന്ന പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ നടപടിയെ അതിശക്തമായി അപലപിച്ചുകൊണ്ടാണ് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയത്.ആ കുറിപ്പുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.ടൊവിനോ തോമസ്,പാർവ്വതി തിരുവോത്ത്,അപ്പാനി ശരത്,വിസ്മയ മോഹൻലാൽ,രഞ്ജനി ഹരിദാസ്, അഖിൽ മാരാർ തുടങ്ങി നിരവധി മലയാളി താരങ്ങളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഡൽഹിയിൽ നടക്കുന്ന ‘ചലോ സൻസദ്’ മാർച്ചിനിടെ പ്രക്ഷോഭകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചതാണ് കലാ സാംസ്കാരിക ലോകത്ത് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ജനാധിപത്യപരമായ സമരങ്ങളെ അടിച്ചമർത്തരുതെന്നുമാണ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ആവശ്യപ്പെടുന്നത്.
യുകെയുടെ പുതിയ പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം ഇന്ന് സ്ഥാനമേൽക്കുകയാണ്.

ജനപ്രീതി നഷ്ടപ്പെട്ടതിനെ തുടർന്ന് കെയ്ർ സ്റ്റാർമർ രാജിവച്ച സാഹചര്യത്തിലാണ് മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ബേൺഹാം ബ്രിട്ടന്റെ അമരത്തെത്തുന്നത്. പത്ത് വർഷത്തിനിടെ ബ്രിട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്. ചാൾസ് രാജാവ് സ്റ്റാർമറുടെ രാജി സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ പടിയിറക്കം ഔദ്യോഗികമായിക്കഴിഞ്ഞു. തുടർന്ന് ബക്കിങ്ഹാം കൊട്ടാരത്തിലെത്തുന്ന ആൻഡി ബേൺഹാമിനോട് പുതിയ സർക്കാർ രൂപീകരിക്കാൻ രാജാവ് ആവശ്യപ്പെടും. ഇതിനുശേഷമായിരിക്കും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ബേൺഹാമിന്റെ ആദ്യ പ്രധാനമന്ത്രി പ്രസംഗം നടക്കുക.വെള്ളിയാഴ്ച്ച ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബേൺഹാം 2016-ന് ശേഷമുള്ള ഏഴാമത്തെ പ്രധാനമന്ത്രിയാണ്. രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി നേതൃമാറ്റങ്ങൾ ഉണ്ടായ കാര്യത്തെക്കുറിച്ച് ബോധവാനാണെന്നും രാജ്യത്തിന് സ്ഥിരത തിരികെ കൊണ്ടുവരാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമമെന്നും വക്താവ് അറിയിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് അധികാരമേറ്റപ്പോൾ സ്റ്റാർമറും സമാനമായ വാഗ്ദാനമാണ് നൽകിയിരുന്നതെങ്കിലും തീരുമാനങ്ങളിലെ പിഴവുകളും ഭരണപരമായ വീഴ്ചകളും പിന്തുണ നഷ്ടപ്പെടാൻ കാരണമായതിനെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തിന് രാജി പ്രഖ്യാപിക്കേണ്ടി വരികയായിരുന്നു.ലേബർ പാർട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ ഏക സ്ഥാനാർഥിയായിരുന്ന ബേൺഹാമിന് ഹൗസ് ഓഫ് കോമൺസിലെ 403 ലേബർ എംപിമാരിൽ 379 പേരുടെ പിന്തുണ ലഭിച്ചിരുന്നു. ധനമന്ത്രി സ്ഥാനത്തുനിന്ന് മാറിയ റെയ്ച്ചൽ റീവ്‌സിന് പകരക്കാരനടക്കമുള്ള പുതിയ ക്യാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപനവും ഇന്നുതന്നെ ഉണ്ടായേക്കും.അധികാരത്തിലേറുന്നതിന് തൊട്ടുമുൻപ് തന്നെ പ്രധാന തീരുമാനങ്ങളുമായി ബേൺഹാം രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാർമർ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 1.8 ബില്യൺ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഡിജിറ്റൽ ഐഡി പദ്ധതി അദ്ദേഹം റദ്ദാക്കി. ഈ തുക ജീവിതച്ചെലവ് കുറയ്ക്കുന്നതുപോലെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. എങ്കിലും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, ഉയർന്ന കടമെടുപ്പ്, കുടിയേറ്റ പ്രശ്‌നങ്ങൾ, രാജ്യാന്തര തലത്തിലെ ഊർജ്ജ വിലക്കയറ്റം എന്നിവ അദ്ദേഹത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി തുടരും. അടുത്ത പൊതുതിരഞ്ഞെടുപ്പിന് മൂന്ന് വർഷം മാത്രം ബാക്കിനിൽക്കെ, പാർട്ടിക്കും രാജ്യത്തിനും കാര്യങ്ങൾ ശരിയാക്കാനുള്ള അവസാന അവസരമാണിതെന്നാണ് ബേൺഹാം സ്വന്തം അനുഭാവികളോട് വ്യക്തമാക്കിയത്.