ജനപ്രീതി നഷ്ടപ്പെട്ടതിനെ തുടർന്ന് കെയ്ർ സ്റ്റാർമർ രാജിവച്ച സാഹചര്യത്തിലാണ് മുൻ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയറായ ബേൺഹാം ബ്രിട്ടന്റെ അമരത്തെത്തുന്നത്. പത്ത് വർഷത്തിനിടെ ബ്രിട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് അദ്ദേഹം സ്ഥാനമേൽക്കാനൊരുങ്ങുന്നത്.
ചാൾസ് രാജാവ് സ്റ്റാർമറുടെ രാജി സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ പടിയിറക്കം ഔദ്യോഗികമായിക്കഴിഞ്ഞു. തുടർന്ന് ബക്കിങ്ഹാം കൊട്ടാരത്തിലെത്തുന്ന ആൻഡി ബേൺഹാമിനോട് പുതിയ സർക്കാർ രൂപീകരിക്കാൻ രാജാവ് ആവശ്യപ്പെടും. ഇതിനുശേഷമായിരിക്കും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ബേൺഹാമിന്റെ ആദ്യ പ്രധാനമന്ത്രി പ്രസംഗം നടക്കുക.
വെള്ളിയാഴ്ച്ച ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബേൺഹാം 2016-ന് ശേഷമുള്ള ഏഴാമത്തെ പ്രധാനമന്ത്രിയാണ്. രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി നേതൃമാറ്റങ്ങൾ ഉണ്ടായ കാര്യത്തെക്കുറിച്ച് ബോധവാനാണെന്നും രാജ്യത്തിന് സ്ഥിരത തിരികെ കൊണ്ടുവരാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമമെന്നും വക്താവ് അറിയിച്ചിട്ടുണ്ട്.
രണ്ടുവർഷം മുമ്പ് അധികാരമേറ്റപ്പോൾ സ്റ്റാർമറും സമാനമായ വാഗ്ദാനമാണ് നൽകിയിരുന്നതെങ്കിലും തീരുമാനങ്ങളിലെ പിഴവുകളും ഭരണപരമായ വീഴ്ചകളും പിന്തുണ നഷ്ടപ്പെടാൻ കാരണമായതിനെ തുടർന്ന് കഴിഞ്ഞ മാസം അദ്ദേഹത്തിന് രാജി പ്രഖ്യാപിക്കേണ്ടി വരികയായിരുന്നു.
ലേബർ പാർട്ടി നേതൃസ്ഥാനത്തേക്കുള്ള മത്സരത്തിൽ ഏക സ്ഥാനാർഥിയായിരുന്ന ബേൺഹാമിന് ഹൗസ് ഓഫ് കോമൺസിലെ 403 ലേബർ എംപിമാരിൽ 379 പേരുടെ പിന്തുണ ലഭിച്ചിരുന്നു.
ധനമന്ത്രി സ്ഥാനത്തുനിന്ന് മാറിയ റെയ്ച്ചൽ റീവ്സിന് പകരക്കാരനടക്കമുള്ള പുതിയ ക്യാബിനറ്റ് അംഗങ്ങളുടെ പ്രഖ്യാപനവും ഇന്നുതന്നെ ഉണ്ടായേക്കും.
അധികാരത്തിലേറുന്നതിന് തൊട്ടുമുൻപ് തന്നെ പ്രധാന തീരുമാനങ്ങളുമായി ബേൺഹാം രംഗത്തെത്തിയിട്ടുണ്ട്. സ്റ്റാർമർ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 1.8 ബില്യൺ പൗണ്ട് ചെലവ് പ്രതീക്ഷിക്കുന്ന ഡിജിറ്റൽ ഐഡി പദ്ധതി അദ്ദേഹം റദ്ദാക്കി. ഈ തുക ജീവിതച്ചെലവ് കുറയ്ക്കുന്നതുപോലെയുള്ള അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നാണ് പ്രഖ്യാപനം. എങ്കിലും മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, ഉയർന്ന കടമെടുപ്പ്, കുടിയേറ്റ പ്രശ്നങ്ങൾ, രാജ്യാന്തര തലത്തിലെ ഊർജ്ജ വിലക്കയറ്റം എന്നിവ അദ്ദേഹത്തിന് മുന്നിൽ വലിയ വെല്ലുവിളിയായി തുടരും.
അടുത്ത പൊതുതിരഞ്ഞെടുപ്പിന് മൂന്ന് വർഷം മാത്രം ബാക്കിനിൽക്കെ, പാർട്ടിക്കും രാജ്യത്തിനും കാര്യങ്ങൾ ശരിയാക്കാനുള്ള അവസാന അവസരമാണിതെന്നാണ് ബേൺഹാം സ്വന്തം അനുഭാവികളോട് വ്യക്തമാക്കിയത്.





