പാലക്കാട് റെയിൽവേ സ്റ്റേഷനിലെ കുടിവെള്ളത്തിൽ ഇ കോളി

പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിലെ വാട്ടർ കൂളറിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ കണ്ടെത്തിയതായി സിഎജി റിപ്പോർട്ട്. രാജ്യത്തെ മറ്റ് എട്ട് സ്റ്റേഷനുകളിലെ കുടിവെള്ളത്തിലും ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 49 സ്റ്റേഷനുകളിലെ കുടിവെള്ള സാമ്പിളുകളിൽ മാലിന്യം കലർന്നതായും പരിശോധനയിൽ കണ്ടെത്തി. പാലക്കാട് സ്റ്റേഷനിലെ വാട്ടർ ടാങ്ക് പൂർണമായി മൂടിയിട്ടില്ലെന്നും ടാങ്കിനോട് ചേർന്ന മരത്തിൽ പക്ഷികളും വവ്വാലുകളും തങ്ങുന്നതായും റിപ്പോർട്ടിലുണ്ട്. മഴക്കാലത്ത് യാത്രക്കാർ നനയുന്ന തരത്തിൽ പ്ലാറ്റ്ഫോമുകൾക്കിടയിൽ മേൽക്കൂരയില്ലാത്തതും ആലുവ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനുകളിലെ ചില ഫാനുകളും വാട്ടർ കൂളറുകളും പ്രവർത്തിക്കാത്തതും സിഎജി ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തരേന്ത്യൻ സ്റ്റേഷനുകളെ അപേക്ഷിച്ച് കേരളത്തിലെ സ്റ്റേഷനുകൾ വൃത്തിയുടെ കാര്യത്തിൽ മെച്ചപ്പെട്ട നിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുടിവെള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടി സ്വീകരിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

അശോക് ധാം ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും ഏഴ് മരണം

ബിഹാറിലെ ലഖിസരായ് ജില്ലയിലെ പ്രശസ്തമായ അശോക് ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചുക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ച ആരാധനയ്ക്കായി വൻതോതിൽ ഭക്തർ ക്ഷേത്രത്തിലെത്തിയതാണ് അപകടത്തിന് കാരണമായത്. രാവിലെ 6.30നും 6.45നും ഇടയിൽ രണ്ട് ട്രെയിനുകൾ ക്ഷേത്രത്തിന് സമീപം എത്തിയതോടെ ഭക്തരുടെ എണ്ണം പെട്ടെന്ന് വർധിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ ക്ഷേത്രത്തിന് പുറത്തുള്ള ബാരിക്കേഡ് തകർന്നു. ഇതോടെ ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയും തിക്കിലും തിരക്കിലുംപ്പെടുകയുമായിരുന്നു. സംഭവത്തിൽ പരിക്കേറ്റ 15 പേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ആൾക്കൂട്ട നിയന്ത്രണ നടപടികളും പുരോഗമിക്കുകയാണ്. സംഭവം അങ്ങേയറ്റം ദാരുണമാണെന്ന് ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി പ്രതികരിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഗാസ സമാധാനപദ്ധതി തള്ളി ഇസ്രയേൽ; പ്രതിഷേധവുമായി യുഎഇ അടക്കമുള്ള രാജ്യങ്ങൾ

ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയെ ഇസ്രയേൽ നിരസിച്ചതിനെതിരെ യുഎഇ അടക്കമുള്ള രാജ്യങ്ങൾ രംഗത്ത്. സമാധാനശ്രമങ്ങളെ അട്ടിമറിക്കുന്ന നടപടിയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് യുഎഇ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, ജോർദാൻ, പാകിസ്താൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവി ഉൾപ്പെടെയുള്ള വിഷയങ്ങൾ നിരാകരിച്ചതിനെയും രാജ്യങ്ങൾ അപലപിച്ചു. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പതിനഞ്ചോളം ആവശ്യങ്ങൾ ഉൾപ്പെടുത്തിയതാണ് ട്രംപിന്റെ പദ്ധതി. എന്നാൽ ഹമാസിനെ പൂർണമായി നിരായുധരാക്കാതെ ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. ഹമാസിനെയും മറ്റ് സായുധ സംഘങ്ങളെയും നിരായുധീകരിക്കുന്നതിനുള്ള കരാറിലെത്തിയതായി ട്രംപിന്റെ ബോർഡ് ഓഫ് പീസ് നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ആയുധങ്ങൾ കൈമാറുന്നത് ഇസ്രയേലിന്റെ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രയേൽ ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിക്കുകയും ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയും വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഹമാസിനെ നിരായുധരാക്കാതെ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി. അതുവരെ ഇസ്രയേൽ സേനയ്ക്കും പൗരന്മാർക്കും നേരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വികസനത്തിന്റെ പാത വിശാലമാകുമ്പോൾ, സാധാരണക്കാരന്റെ ജീവിതവഴി ഇടുങ്ങരുത്. റോഡിന് സ്ഥലം നൽകിയവർക്ക് ജീവിതം പുനർനിർമിക്കാനും ഇടം വേണം.

വികസനത്തിനായി വീടും സ്ഥലവും സ്ഥാപനങ്ങളും ഉപജീവനമാർഗങ്ങളും വിട്ടുനൽകിയ ആയിരക്കണക്കിന് കുടുംബങ്ങളാണ് കേരളത്തിലുള്ളത്. നഷ്ടപരിഹാരം ലഭിച്ചെങ്കിലും ജീവിതം പൂർണമായി പുനർനിർമിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ വരുന്നത്. ഒരിക്കൽ വികസനത്തിനായി കുടിയൊഴിഞ്ഞവർക്ക് വീണ്ടും ജീവിതം തുടങ്ങാനുള്ള അവസരം പോലും നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ദേശീയപാതയുടെ മധ്യത്തിൽനിന്ന് 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ വാണിജ്യസ്ഥാപനങ്ങൾക്കും അനുമതിയില്ലെന്ന വ്യവസ്ഥ കേരളത്തിൽ വലിയ പ്രതിസന്ധിയാകാം. റോഡരികിലെ ചെറിയൊരു കടയോ വർക്ക്ഷോപ്പോ ഒരു കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമാണ്. അതിനാൽ റോഡുസുരക്ഷയ്ക്കൊപ്പം കേരളത്തിന്റെ ജനസാന്ദ്രതയും ഭൂമിയുടെ പരിമിതിയും പരിഗണിച്ച് പ്രദേശത്തിനനുസരിച്ചുള്ള മാനദണ്ഡങ്ങൾ വേണം. ഭൂമി വിട്ടുനൽകിയവരുടെ പുനരധിവാസം നഷ്ടപരിഹാരത്തിൽ മാത്രം അവസാനിക്കാതെ ഉപജീവനം പുനഃസ്ഥാപിക്കാനുള്ള അവസരവും ഉറപ്പാക്കണം. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള നിരവധി കുടുംബങ്ങളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണിത്. വികസനത്തിനായി സ്വന്തം മണ്ണ് വിട്ടുനൽകിയവർക്ക് വീണ്ടും ജീവിതം പടുത്തുയർത്താനുള്ള അവസരം നിഷേധിക്കപ്പെടരുത്. ഒരു ദേശീയപാത പണിയുമ്പോൾ ടാറും കോൺക്രീറ്റും മാത്രമല്ല, മനുഷ്യരുടെ ജീവിതവും സ്വപ്നങ്ങളും കൂടിയാണ് അതിലൂടെ കടന്നുപോകുന്നത്. അതുകൊണ്ട് വികസനത്തിന്റെ വഴിയിൽ റോഡിന് സ്ഥലം നൽകിയവരുടെ ജീവിതത്തിലേക്കുള്ള വഴിയും തുറന്നുതന്നെ വേണം.

സുഹൈൽ ഉദയത്തിന് ദിവസങ്ങൾ മാത്രം; യുഎഇയിൽ കൊടുംചൂട് തുടരുന്നു

സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുഎഇയിൽ വേനൽച്ചൂടിന് ശമനമില്ല. ഓഗസ്റ്റ് 14ന് അൽ ദഫ്‌റയിലെ ബദാ ദഫാസിൽ ഉച്ചയ്ക്ക് രണ്ടിന് 50.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന 51.2 ഡിഗ്രി സെൽഷ്യസിനോട് അടുത്ത താപനിലയാണിത്. ഈ വർഷം ഓഗസ്റ്റ് 24നാണ് സുഹൈൽ ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പരമ്പരാഗതമായി സുഹൈലിന്റെ ഉദയം ചൂടിൽനിന്ന് താരതമ്യേന ശീതളമായ കാലാവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്. എന്നാൽ സുഹൈൽ ഉദിച്ചാലുടൻ തണുപ്പ് അനുഭവപ്പെടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. പകൽ താപനില ക്രമേണ കുറയുമെങ്കിലും ഈർപ്പം ഉയരുന്നതിനാൽ ചൂടിന്റെ അസ്വസ്ഥത തുടർന്നേക്കാം. താപനില കുറവായാലും ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് ശക്തമായിരിക്കാമെന്ന് എമിറേറ്റ്സ് ജ്യോതിശാസ്ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.

AMCAയുടെ കരുത്താകാൻ ഇന്ത്യയിൽ തന്നെ എൻജിൻ; റിലയൻസ്–റോള്സ് റോയ്സ് കൂട്ടുകെട്ട്

ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ AMCAയ്ക്കായി തദ്ദേശീയമായി എൻജിൻ വികസിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് കമ്പനിയായ റോള്സ് റോയ്സും കൈകോർക്കുന്നു. എൻജിന്റെ രൂപകൽപ്പന, വികസനം, നിർമാണം, വിതരണം തുടങ്ങിയ മേഖലകളിൽ ഇരു കമ്പനികളും സഹകരിക്കും. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതാ പദ്ധതിയായ ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് പങ്കാളിത്തത്തെ വിലയിരുത്തുന്നത്. പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ എയ്‌റോസ്‌പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള സാധ്യതയും ഇരു കമ്പനികളും പരിശോധിക്കും. റോള്സ് റോയ്സിന്റെ പ്രൊപ്പൽഷൻ സാങ്കേതികവിദ്യയും അനുഭവസമ്പത്തും റിലയൻസിന്റെ നിർമാണശേഷിയും വ്യവസായിക അടിസ്ഥാനസൗകര്യങ്ങളും സംയോജിപ്പിച്ചായിരിക്കും പദ്ധതി മുന്നോട്ടുപോകുക. ഇതിലൂടെ രാജ്യത്ത് സമഗ്രമായ എയ്റോ-എൻജിൻ വ്യവസായ സംവിധാനം വളർത്തുകയാണ് ലക്ഷ്യം. ഇരട്ട എൻജിനുള്ള മധ്യഭാര വിഭാഗത്തിലെ അഞ്ചാം തലമുറ യുദ്ധവിമാനമായാണ് AMCA വികസിപ്പിക്കുന്നത്. പദ്ധതിയുടെ ആദ്യ പ്രോട്ടോടൈപ്പ് 2028-ഓടെ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എയർഫ്രെയിം, റഡാർ, ഏവിയോണിക്സ്, ആയുധ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ മുന്നേറിയിട്ടുണ്ടെങ്കിലും അത്യാധുനിക ജെറ്റ് എൻജിൻ സാങ്കേതികവിദ്യ ഇപ്പോഴും വലിയ വെല്ലുവിളിയാണ്.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യാഘോഷത്തിൽ പങ്കുചേർന്ന് ഗൂഗിൾ

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യവാർഷികാഘോഷങ്ങൾക്ക് നിറം പകരാൻ പ്രത്യേക ഡൂഡിലുമായി ഗൂഗിൾ. ഇന്ത്യൻ തുണിത്തരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വർണാഭമായ ഡിസൈനാണ് ഗൂഗിൾ ഡൂഡിലിൽ ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരം, പാരമ്പര്യം, വൈവിധ്യം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കലാസൃഷ്ടി.പരമ്പരാഗത ഇന്ത്യൻ തുണിത്തരങ്ങളുടെ ശൈലിയും സാംസ്കാരിക പൈതൃകവും ഉൾക്കൊണ്ടാണ് ഗൂഗിൾ ലോഗോയ്ക്ക് പുതിയ രൂപം നൽകിയിരിക്കുന്നത്. സുപരിചിതമായ ഗൂഗിൾ അക്ഷരരൂപത്തിന് തനതായ ഇന്ത്യൻ ഭാവം നൽകുന്ന ഡൂഡിൽ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്ത്യയിലെ വലിയ ഉപയോക്തൃ സമൂഹത്തെ പരിഗണിച്ചുള്ള ഗൂഗിളിന്റെ പ്രത്യേക നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

ഫ്ളോറസ് ദ്വീപിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

കിഴക്കൻ ഇൻഡൊനീഷ്യയിലെ ഫ്ളോറസ് ദ്വീപിൽ റിക്‌ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേയും ഇൻഡൊനീഷ്യൻ അധികൃതരുമാണ് ഭൂചലനത്തിന്റെ തീവ്രത സ്ഥിരീകരിച്ചത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഇൻഡൊനീഷ്യൻ സമയം ശനിയാഴ്ച പുലർച്ചെ 5.58നാണ് ഭൂചലനം ഉണ്ടായത്. ഇന്ത്യൻ സമയം പുലർച്ചെ 3.28നായിരുന്നു ഇത്. ഫ്ളോറസ് ദ്വീപിന്റെ വടക്കൻ തീരത്താണ് പ്രഭവകേന്ദ്രം. ആദ്യം 6.1 തീവ്രതയിലുള്ള ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് കൂടുതൽ ശക്തമായ പ്രകമ്പനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചില കെട്ടിടങ്ങൾ തകരുകയും ചെയ്തു. നൂറുകണക്കിന് ആളുകളെ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ കടലിൽ അരമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പ്രഭവകേന്ദ്രത്തിൽനിന്ന് ഏകദേശം 2400 കിലോമീറ്റർ അകലെയുള്ള മൗമറേ പട്ടണത്തിലെ ജനങ്ങളെയും ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.

ഗ്ലൈഫോസേറ്റ് നിരോധിക്കില്ല കർശന; നിയന്ത്രണവുമായി കേന്ദ്രം

കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക ഉയർന്നിട്ടുള്ള കളനാശിനിയായ ഗ്ലൈഫോസേറ്റിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ. പൂർണനിരോധനത്തിന് പകരം നിയന്ത്രിത ഉപയോഗത്തിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താനാണ് സെൻട്രൽ ഇൻസെക്ടിസൈഡ് ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി തീരുമാനിച്ചത്. കൃഷിയിടങ്ങളിൽ ഗ്ലൈഫോസേറ്റ് നേരിട്ട് പ്രയോഗിക്കാൻ ഇനി അനുമതിയുണ്ടാകില്ല. പ്രത്യേക പരിശീലനം നേടിയ ലൈസൻസുള്ള പെസ്റ്റ് കൺട്രോൾ ഓപ്പറേറ്റ്ഴ്സിനു മാത്രമായിരിക്കും അനുമതി. തുടർനടപടികൾക്കായി ശുപാർശ കൃഷിമന്ത്രാലയത്തിലെ കൃഷി, കർഷക ക്ഷേമ വകുപ്പിന് കൈമാറാനും കമ്മിറ്റി നിർദേശിച്ചു. അതേസമയം നിയന്ത്രിത ഉപയോഗം മാത്രം അനുവദിക്കുന്ന തീരുമാനം വിമർശനത്തിനും ഇടയാക്കുന്നുണ്ട്. ഗ്ലൈഫോസേറ്റ് ഉപയോഗത്തെ തുടർന്ന് ഭാവിയിൽ അപകടങ്ങളുണ്ടായാൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ നിന്ന് നിർമാതാക്കൾക്ക് ഒഴിഞ്ഞുമാറാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് വിമർശനം. കേരളത്തിൽ ഗ്ലൈഫോസേറ്റിന്റെ വിൽപ്പനയും ഉപയോഗവും 2019 ഫെബ്രുവരിയിൽ രണ്ട് മാസത്തേക്ക് താൽക്കാലികമായി നിരോധിച്ചിരുന്നു. തേയിലത്തോട്ടങ്ങളിലും കൃഷിയില്ലാത്ത ഭൂമിയിലും കളനശീകരണത്തിനും മാത്രമായിരുന്നു നേരത്തെ ഉപയോഗാനുമതി. എന്നാൽ നെൽകൃഷിക്ക് മുൻപ് നെൽപ്പാടങ്ങളിൽ വ്യാപകമായി ഗ്ലൈഫോസേറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് കേരളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതിനിടെ, നെൽപ്പാടങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന കാർബോസൾഫാൻ നിരോധിക്കണമെന്ന ശുപാർശയും സെൻട്രൽ ഇൻസെക്ടിസൈഡ്സ് ബോർഡ് ആൻഡ് രജിസ്ട്രേഷൻ കമ്മിറ്റി കൃഷിമന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് ഈ മാസം അവസാനം പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം.

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ബംഗ്ലദേശിൽ രാത്രി 8ന് കടകൾ അടയ്ക്കണം

പ്രകൃതിവാതകക്ഷാമം രൂക്ഷമായതോടെ സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ബംഗ്ലദേശ്. വൈദ്യുതി ഉൽപാദനം വൻതോതിൽ കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് കടകൾ, മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾ രാത്രി 8 മണിക്ക് മുമ്പ് അടയ്ക്കണമെന്ന് സർക്കാർ നിർദേശിച്ചു. വ്യാഴാഴ്ച മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. രാവിലെ 11 മുതൽ രാത്രി 8 വരെ മാത്രമാണ് വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനാകുക. എന്നാൽ ആശുപത്രികൾ, ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ധന-വാതക ക്ഷാമം മറികടക്കാൻ ഇന്ത്യയിൽ നിന്ന് കൂടുതൽ ഡീസൽ എത്തിക്കാനുള്ള ശ്രമങ്ങളും ബംഗ്ലദേശ് ആരംഭിച്ചു. ഗ്യാസ് അധിഷ്ഠിത വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനത്തെ ഡീസൽ ക്ഷാമം ബാധിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോഡ്ഷെഡ്ഡിങ് രൂക്ഷമായിരിക്കുകയാണ്. ഊർജ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഹൈക്കമ്മിഷണർ ദിനേഷ് ത്രിവേദിയും ബംഗ്ലദേശ് ഊർജ മന്ത്രി ഇഖ്ബാൽ ഹസൻ മഹ്മൂദും കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ ഊർജ പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നതായി ഇന്ത്യൻ ഹൈക്കമ്മിഷൻ എക്സിൽ അറിയിച്ചു.