ഇസ്രയേൽ ജയിലുകൾക്ക് ഇനി മുതലകളും കാവൽ? വിവാദ നീക്കത്തിനെതിരെ പ്രതിഷേധം

ഹൈടെക്ക് സിസിടിവി ക്യാമറകളും ആയുധധാരികളായ ജയിൽ ഗാർഡുകളും അത്യാധുനിക സുരക്ഷാ വാഹനങ്ങളുമുള്ള ഇസ്രയേലി ജയിലുകളിൽ ഇനി മുതലകളെയും കാവലിന് ഉപയോഗിക്കാൻ നീക്കം. ഗസയിൽനിന്ന് പിടികൂടിയ പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ മുതലകളെ വിന്യസിക്കാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബറിന് ശേഷം ഗസയിൽനിന്ന് ഇസ്രയേൽ സൈന്യം പിടികൂടിയ ഹമാസ് പ്രവർത്തകർ ഉൾപ്പെടെയുള്ള തടവുകാരാണ് ഈ ജയിലുകളിൽ കഴിയുന്നത്. അതീവ സുരക്ഷാ വിഭാഗത്തിലുള്ള തടവുകാർ ജയിൽ ചാടുന്നത് തടയാനാണ് മുതലകളെ ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വാദം. പദ്ധതിക്ക് മുന്നോടിയായി മുതലകളുടെ സംരക്ഷിത പദവിയിലും മാറ്റം വരുത്തിയിരുന്നു. പരിസ്ഥിതി മന്ത്രി ഇഡിത് സിൽമാൻ, ബെൻ-ഗ്വിറിന്റെ പ്രത്യേക അഭ്യർഥനയെ തുടർന്ന് മുതലകളെ സംരക്ഷിത വന്യജീവികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി വാണിജ്യാവശ്യങ്ങൾക്ക് വളർത്താവുന്ന ജീവികളുടെ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സർക്കാർ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ഉത്തരവ് റദ്ദാക്കണമെന്നും ജയിലുകളിൽ മുതലകളെ ഉപയോഗിക്കാനുള്ള പദ്ധതിയിൽനിന്ന് പിന്മാറണമെന്നും വന്യജീവി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും സുരക്ഷാ പരീക്ഷണങ്ങൾക്കുമായി വന്യജീവികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശനം. തടവുകാരുടെ സുരക്ഷയ്ക്കായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സായുധ വാഹനങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ മുതലകളെ കാവലിന് ഉപയോഗിക്കാനുള്ള നീക്കം പ്രാകൃതവും ക്രൂരവുമാണെന്ന വിമർശനവും ശക്തമാണ്.
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം; സുപ്രീം കോടതി

മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി, അവരെ അവഗണിക്കുന്ന മക്കളെയും കുടുംബാംഗങ്ങളെയും സ്വത്തിൽനിന്ന് ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. വാർധക്യത്തിൽ അവഗണനയും അരക്ഷിതാവസ്ഥയും അപമാനവും നേരിടുന്നത് ഒഴിവാക്കുന്നതിനാണ് 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം കൊണ്ടുവന്നതെന്ന് കോടതി വ്യക്തമാക്കി. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ പരിഗണിച്ചാണ് നിയമം വ്യാഖ്യാനിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. മുതിർന്നവർക്ക് ലഭിക്കുന്ന അന്തസ്സും ബഹുമാനവും സുരക്ഷയും ഒരു പരിഷ്കൃത സമൂഹത്തിന്റെ അളവുകോലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് സ്വദേശിയായ രവികാന്ത് ഗുപ്ത തന്റെ 81 വയസുള്ള മാതാവിന്റെ സംരക്ഷണത്തിനായി മകനെതിരെ നൽകിയ കേസിലാണ് വിധി. രവികാന്ത് വാങ്ങിയ വീട്ടിൽ മകനും കുടുംബവും വൃദ്ധമാതാവും താമസിച്ചിരുന്നു. എന്നാൽ കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ശിയെ വീട്ടിൽനിന്ന് മാറ്റി വയോജന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് രവികാന്ത് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അധ്യക്ഷനായ മെയിന്റനൻസ് ട്രൈബ്യൂണലിനെ സമീപിക്കുകയും മകനെയും കുടുംബത്തെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ഉത്തരവ് നേടുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ രവികാന്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, വൃദ്ധമാതാവിനെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ കൊച്ചുമകനെയും ഭാര്യയെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ അനുമതി നൽകി.
തിരുവന്തപുരത്ത് അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റ്

തിരുവനന്തപുരം നഗരത്തിലെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ഗ്രൂപ്പുകളുടെ ഇടപെടലുണ്ടെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തൽ. സാധാരണക്കാരുടെ പേരും മറയും ഉപയോഗിച്ച് പലയിടത്തും ചെയിൻ മാതൃകയിൽ തട്ടുകടകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയത്. കുറവൻകോണത്ത് നടത്തിയ പരിശോധനയിൽ ഒരാൾക്ക് മാത്രമാണ് ലൈസൻസുള്ളത്. ചില കച്ചവടക്കാരുടെ യു.പി.ഐ. അക്കൗണ്ടുകളിൽ ലക്ഷങ്ങളും കോടികളും വരുന്ന ഇടപാടുകൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. പല തട്ടുകടകളിലേക്കും ഭക്ഷണം എത്തിക്കുന്നത് വൻകിട ഹോട്ടലുകളിൽ നിന്നാണ്. ഒരേ ഗ്രൂപ്പിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിൽ കടകൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ വിൽക്കുന്നതിനേക്കാൾ ഉയർന്ന വില ഈടാക്കുന്ന സാഹചര്യങ്ങളുമുണ്ട്. വഴുതക്കാട്, പാളയം, മെഡിക്കൽ കോളേജ്, പരുത്തിപ്പാറ, കാര്യവട്ടം തുടങ്ങിയ മേഖലകളിലും അനധികൃത തട്ടുകടകൾ വ്യാപകമായി പ്രവർത്തിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. റോഡുകളും നടപ്പാതകളും കൈയേറിയുള്ള കച്ചവടം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നേരത്തെ ഒഴിപ്പിച്ച തട്ടുകടകൾ ചിലയിടങ്ങളിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്. അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും തട്ടുകടകൾ നിയമാനുസൃതമായി പ്രവർത്തിപ്പിക്കാൻ ഫുഡ് സ്ട്രീറ്റുകൾ നിശ്ചയിക്കാനുള്ള അധികാരം കോർപ്പറേഷനാണെന്നും അധികൃതർ വ്യക്തമാക്കി.
ഏലത്തോട്ടം വെട്ടിനശിപ്പിച്ച് വനംവകുപ്പ്; വനഭൂമി കൈയേറ്റമെന്ന് വിശദീകരണം

പീച്ചാട്–പ്ലാമല മേഖലയിൽ സ്വകാര്യ വ്യക്തി കൃഷി ചെയ്തിരുന്ന ഏലത്തോട്ടം വനംവകുപ്പ് വെട്ടിനശിപ്പിച്ചു. പ്ലാമലയിൽ താമസിക്കുന്ന കളരിക്കൽ ബേബിയുടെ നാലേക്കറോളം വരുന്ന ഏലക്കൃഷിയാണ് ഞായറാഴ്ച ഉച്ചയോടെ വനപാലകർ നശിപ്പിച്ചത്. പരിസ്ഥിതിലോല പ്രദേശമായി (ഇ.എഫ്.എൽ.) വിജ്ഞാപനം ചെയ്ത സ്ഥലത്ത് നിയമവിരുദ്ധമായി കൈയേറ്റം നടത്തി കൃഷി ചെയ്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.സി. രാജൻ പറഞ്ഞു. കൃഷി നീക്കം ചെയ്തതിനു പിന്നാലെ ഏകദേശം അഞ്ചേക്കറോളം വനഭൂമി തിരിച്ചുപിടിച്ചതായും കൃഷി ചെയ്തയാൾക്കെതിരെ കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, 1999-ൽ പണം നൽകി വാങ്ങിയ ഭൂമിയിലാണ് കൃഷി നടത്തിയതെന്നും വിളവെടുപ്പിന് പാകമായ ഏലത്തോട്ടം അകാരണമായി നശിപ്പിച്ചെന്നും ബേബി ആരോപിച്ചു. സംഭവത്തിൽ വനംമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. റിസർവ് വനം കൈയേറി വ്യാപകമായി കൃഷി നടത്തുന്നതായും വന്യമൃഗങ്ങളുടെ സഞ്ചാരപാത തടസ്സപ്പെടുത്തി വേലികെട്ടുകയും കീടനാശിനികൾ ഉപയോഗിക്കുകയും ചെയ്യുന്നത് മനുഷ്യ–വന്യജീവി സംഘർഷത്തിന് കാരണമാകുന്നതായും വനംവകുപ്പ് അറിയിച്ചു.
ടിക്കറ്റ് നിരക്ക് കുറഞ്ഞാൽ പണം തിരികെ; പുതിയ ‘റീസേവ്’ ഫീച്ചറുമായി ഈസ്മൈട്രിപ്പ്

വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം നിരക്ക് കുറഞ്ഞാൽ ആ ഇളവിന്റെ ആനുകൂല്യം യാത്രക്കാർക്ക് ലഭ്യമാക്കുന്ന പുതിയ ‘റീസേവ്’ (ReSave) ഫീച്ചറുമായി ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സൗജന്യമായി ഈ സേവനം തിരഞ്ഞെടുക്കാം. ബുക്കിംഗിന് ശേഷം വിമാന നിരക്ക് കുറഞ്ഞതായി കണ്ടെത്തിയാൽ, സർവീസ് ചാർജ് ഈടാക്കാതെ കുറഞ്ഞ നിരക്കിന്റെ മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നൽകുന്നതാണ് റീസേവിന്റെ പ്രത്യേകത. സാധാരണയായി ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷമുള്ള നിരക്ക് കുറവ് യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയാറില്ല. ഈ സാഹചര്യം പരിഹരിക്കാനാണ് പുതിയ സംവിധാനം. ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഈസ്മൈട്രിപ്പ് സിഇഒയും കോ-ഫൗണ്ടറുമായ കാന്ത് പിറ്റി പറഞ്ഞു. യാത്ര ബുക്ക് ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ, മുഴുവൻ യാത്രാനുഭവവും മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യകൾക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ, യാത്രക്കാരുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി സേവനങ്ങൾ നൽകുന്നതിനായി AI സാങ്കേതികവിദ്യ കൂടുതൽ വിപുലീകരിക്കാനും കമ്പനി ഒരുങ്ങുകയാണ്.
ബലൂചിസ്താനിൽ ബി.എൽ.എ ആക്രമണം ശക്തമാക്കി; 26 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

പാകിസ്താൻ സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണം ശക്തമാക്കി വിഘടനവാദി സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ.). എട്ടുദിവസത്തിനിടെ ബലൂചിസ്താനിൽ 22 ആക്രമണങ്ങൾ നടത്തിയെന്നും 26 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നുമാണ് സംഘടനയുടെ അവകാശവാദം. കലാത്ത്, സൂറബ് മേഖലകളിലെ ഐ.ഇ.ഡി സ്ഫോടനങ്ങളിൽ 20 സൈനികർ കൊല്ലപ്പെട്ടതായും ചഗായ്, ഖാരൻ, പഞ്ച്ഗൂർ, നുഷ്‌കി, തുർബത്ത്, ക്വറ്റ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായും ബി.എൽ.എ. അറിയിച്ചു. ബലൂചിസ്താന്റെ പൂർണ സ്വാതന്ത്ര്യം നേടുന്നതുവരെ സായുധ പോരാട്ടം തുടരുമെന്ന് സംഘടന വ്യക്തമാക്കി. ചഗായിൽ റെയിൽവേ പാളം തകർക്കുകയും ചരക്ക് വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തതായും ബി.എൽ.എ. അവകാശപ്പെട്ടു. അതേസമയം, ബലൂച് സൈന്യത്തിന് ഏകദേശം ഒരു ലക്ഷം സജീവ അംഗങ്ങളുണ്ടെന്നും ജനപിന്തുണയുണ്ടെന്നും ബലൂച് നേതാവ് മിർ യാർ ബലൂച് അവകാശപ്പെട്ടു. പാക് സൈനിക പോസ്റ്റുകളിൽനിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2025 മുതൽ മേഖലയിൽ അക്രമസംഭവങ്ങൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്റെ കണക്കനുസരിച്ച് 2025ൽ ബലൂചിസ്താനിൽ 254 ആക്രമണങ്ങളിലായി 1,026 പേർ കൊല്ലപ്പെട്ടു. അതേസമയം, 521 ആക്രമണങ്ങൾ നടത്തി 1,060 സൈനികരെ വധിച്ചെന്നാണ് ബി.എൽ.എയുടെ അവകാശവാദം. പ്രദേശത്തിന്റെ 85 ശതമാനം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും സ്വതന്ത്ര ബലൂചിസ്താനായി ദേശീയ പതാക, ഗാനം, ‘ബലൂചി ഫാലുസ്’ എന്ന കറൻസി എന്നിവ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംഘടന അവകാശപ്പെടുന്നു.
റവന്യൂ സേവനങ്ങൾ ഇനി ഡിജിറ്റൽ; 20 കോടിയുടെ പദ്ധതി

റവന്യൂ ഭരണസംവിധാനം സമഗ്രമായി ഡിജിറ്റലാക്കാൻ 20 കോടി രൂപയുടെ ഭരണാനുമതി. ഭൂമി രേഖകൾ, സർട്ടിഫിക്കറ്റുകൾ, റവന്യൂ റിക്കവറി, ഭൂമി ഏറ്റെടുക്കൽ, കോടതി കേസുകൾ, ഓഫീസ് ഫയലുകൾ എന്നിവ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റും. സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലെ വിവിധ ഓൺലൈൻ സേവനങ്ങളെ ഏകീകൃത റവന്യൂ പോർട്ടലിന് കീഴിൽ കൊണ്ടുവരും. റെലിസ് 2.0, ഡിജിറ്റൽ റവന്യൂ കാർഡ്, ഓൺലൈൻ പേയ്മെന്റ്, ഏകീകൃത തണ്ടപ്പേർ സംവിധാനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും. വിവര കൈമാറ്റത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും എ.ഐ അധിഷ്ഠിത സേവനങ്ങൾക്കും തുടക്കമിടും. പദ്ധതിയുടെ 16.15 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനാണ്. ആർ.ഡി.ഒ ഓഫീസുകളിലും കമ്മിഷണറേറ്റിലും ആധുനിക രേഖാമുറികൾ സജ്ജമാക്കുന്നതിനൊപ്പം ഓൺലൈൻ സേവനങ്ങളുടെ സുരക്ഷയും ശക്തമാക്കും.
നീലക്കുറിഞ്ഞി പൂത്തുതുടങ്ങി; മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക്

മഴയ്ക്ക് ശമനമായതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കേറി. വിവിധ പ്രദേശങ്ങളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങിയതോടെയാണ് ഓണാവധിക്ക് മുന്നോടിയായി തന്നെ സഞ്ചാരികൾ മൂന്നാറിലെത്തുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നത്. നല്ലതണ്ണി, മൂന്നാർ ടൗൺ, ഇക്ക നഗർ, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ്പ് റോഡ്, ചൊക്രമുടി തുടങ്ങിയ മേഖലകളിലാണ് ഇത്തവണ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്. മഴ മാറിയതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ കുറിഞ്ഞി പൂക്കുമെന്നാണ് പ്രതീക്ഷ. ഓണാവധി ആരംഭിക്കുന്നതോടെ സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. അതേസമയം, ചിത്രങ്ങളെടുത്ത ശേഷം നീലക്കുറിഞ്ഞി ചെടികളും പൂക്കളും പറിച്ചുകൊണ്ടുപോകുന്നത് പതിവാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. ചെടികളും പൂക്കളും നശിപ്പിക്കുന്നത് 25,000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ദേവികുളം റേഞ്ചർ ഇ.ഡി. അരുൺകുമാർ അറിയിച്ചു.
ജർമനിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; 2,000 പേരെ ഒഴിപ്പിച്ചു

ജർമനിയിലെ നോർത്ത് റൈൻ-വെസ്‌റ്റ്ഫാലിയയിൽ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ പടരുന്നു. ബെൽജിയൻ അതിർത്തിക്കും ആഹനും സമീപമുള്ള എയ്‌ഫൽ മേഖലയിലെ ചരിത്രപ്രസിദ്ധമായ ഹ്യൂർട്ട്ഗൻ ഫോറസ്റ്റിലാണ് തീ നിയന്ത്രണാതീതമായി വ്യാപിക്കുന്നത്. കനത്ത ചൂടും ശക്തമായ കാറ്റുമാണ് തീ അതിവേഗം പടരാൻ കാരണമാകുന്നത്. ഇതിനോടകം 300 ഹെക്ടറോളം വനഭൂമി കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്ന് സർക്കാർ സ്ഥിരീകരിച്ചു. തീ ജനവാസമേഖലകളിലേക്ക് വ്യാപിച്ചതോടെ ഗെയ് ഗ്രാമത്തിലെ 2,000ത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഡ്യൂറനിലെ സ്‌കൂളുകളിൽ അടിയന്തര ദുരിതാശ്വാസ ക്യാംപുകളും ഒരുക്കിയിട്ടുണ്ട്. കാട്ടുതീയുടെ പശ്ചാത്തലത്തിൽ ഗ്രോസ്ഹൗ മേഖലയിലെ ജനങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. കനത്ത പുക ശ്വസിച്ചതിനെ തുടർന്ന് നാല് രക്ഷാപ്രവർത്തകർക്കും ഒരു വയോധികനും പരുക്കേറ്റിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
ഓണാഘോഷത്തിന് യൂണിഫോം വേണ്ട; സ്കൂൾ കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഓഗസ്റ്റ് 21ന് നടക്കുന്ന ഓണാഘോഷത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇതുസംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ഓണാഘോഷം നടക്കുന്നതിനാൽ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. പരീക്ഷ ഓണാവധിക്ക് ശേഷമായിരിക്കും നടത്തുക. ഓണാഘോഷത്തിനിടയിൽ പരീക്ഷ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ ആശങ്കകളില്ലാതെ ഓണാഘോഷത്തിൽ പങ്കെടുക്കാനാകും. ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഓഗസ്റ്റ് 21ന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് ക്ലാസുകൾ പുനരാരംഭിക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒൻപത് ദിവസമാണ് സ്കൂളുകൾക്ക് ഓണാവധി ലഭിക്കുക.