പെറുവിൽ 6.7 തീവ്രതയുള്ള ഭൂചലനം; രണ്ട് പേർക്ക് പരിക്ക്

പെറുവിന്റെ തെക്കൻ ആൻഡീസ് മേഖലയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് ഭൂചലനമുണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇക്ക, അരെക്വിപ, ഹുവാൻകാവെലിക്ക, അപുരിമാക്, കുസ്‌കോ തുടങ്ങിയ തെക്കൻ മേഖലകളിലും തലസ്ഥാനമായ ലിമയിലും പ്രകമ്പനം അനുഭവപ്പെട്ടു. പരിനകോച്ചസ് പ്രവിശ്യയിലെ കൊറക്കോറയിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനിടെ രണ്ട് പേർക്ക് പരിക്കേറ്റു. നിരവധി ജില്ലകളിലായി 22 വീടുകൾക്കും ആറ് ആരോഗ്യകേന്ദ്രങ്ങൾക്കും ഒരു സ്കൂളിനും നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

പാകിസ്ഥാൻ ഹൈക്കമ്മീഷന് പുറത്തെ നിർമാണങ്ങൾ പൊളിച്ചുനീക്കി

ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് അനുവദിച്ചിട്ടുള്ള പരിധിക്ക് പുറത്തായി നിർമിച്ചിരുന്ന താൽക്കാലിക കെട്ടിടഭാഗങ്ങളും സുരക്ഷാ ബാരിക്കേഡുകളും ഇന്ത്യൻ അധികൃതർ പൊളിച്ചുനീക്കി. വ്യാഴാഴ്ച ജെ.സി.ബി ഉപയോഗിച്ചായിരുന്നു നടപടി. വിസ വിഭാഗത്തിന് സമീപത്തെ ക്യൂ നിയന്ത്രണ സംവിധാനങ്ങൾ, ട്രാഫിക് ബൊള്ളാർഡുകൾ, ബാഹ്യ സുരക്ഷാ വലയം എന്നിവയും നീക്കംചെയ്തു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പാകിസ്ഥാൻ അധികൃതർ മൂന്ന് ദിവസം മുൻപ് നീക്കം ചെയ്തതിന് പിന്നാലെയാണ് ഡൽഹിയിലും സമാന നടപടി ഉണ്ടായത്. പൊളിച്ചുനീക്കലിനിടെ ചില സർവീസ് കൗണ്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും പ്രധാന കവാടത്തിനും മതിലുകൾക്കും മറ്റ് പ്രധാന ഘടനകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല. കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നടപടി. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന യു.എസ് സ്ഥാനപതിയുടെ പ്രസ്താവനയ്‌ക്കെതിരെ പാകിസ്ഥാൻ കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു.

കെനിയയിൽ ഹെലികോപ്റ്റർ തകർന്നു; 7 മരണം

കെനിയയിലെ സംബുരു കൗണ്ടിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴ് പേർ മരിച്ചു. മരിച്ചവരിൽ പൈലറ്റും ആറ് യാത്രക്കാരുമുണ്ട്. അഞ്ച് അമേരിക്കൻ പൗരന്മാരും ഇക്വഡോർ ഇന്റലിജൻസ് മേധാവിയും ഭാര്യയും മരിച്ചവരിൽ ഉൾപ്പെടുന്നു. ലോയിസാബ വന്യജീവി സങ്കേതത്തിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററാണ് ഒലോലോക്വെ പർവതനിരയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആരും രക്ഷപ്പെട്ടില്ല. ദുര്‍ഘടമായ ഭൂപ്രദേശം രക്ഷാപ്രവർത്തനത്തിന് തടസ്സമായതായി കെനിയ റെഡ് ക്രോസ് അറിയിച്ചു. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മുംബൈയുടെ തിരക്കിന് ആശ്വാസം; ‘മുംബൈ 3.0’ വരുന്നു!

സ്ഥലപരിമിതിയും ഉയർന്ന വസ്തുവിലയും വർധിച്ചുവരുന്ന ജനത്തിരക്കും നേരിടുന്ന മുംബൈക്ക് ആശ്വാസമായി പുതിയ നഗരവികസന പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. ‘മുംബൈ 3.0’ എന്ന് പേരിട്ട കർണാല–സായ്–ചിർനർ പദ്ധതിയിലൂടെ മുംബൈയുടെ വികസനം റായ്ഗഡ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. റായ്ഗഡ് ജില്ലയിലെ ഉറാൻ, പൻവേൽ, പെൻ താലൂക്കുകളിലായി വ്യാപിച്ചുകിടക്കുന്ന 124 ഗ്രാമങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ നഗരം. 323.44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ആസൂത്രിത നഗരവികസനം നടപ്പാക്കുക. മുംബൈ മെട്രോപൊളിറ്റൻ റീജിയണൽ ഡെവലപ്മെന്റ് അതോറിറ്റിക്കാണ് വികസന ചുമതല. അടൽ സേതു യാഥാർഥ്യമായതോടെ മുംബൈയും റായ്ഗഡ് മേഖലയുമായുള്ള യാത്രാദൂരം കുറഞ്ഞത് പദ്ധതിക്ക് ഗുണകരമാണ്. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായാണ് പുതിയ നഗരം വരുന്നത്. പൻവേൽ–കർജത് റെയിൽവേ ഇടനാഴി, വിരാർ–അലിബാഗ് മൾട്ടിമോഡൽ കോറിഡോർ, മുംബൈ–പുണെ എക്സ്പ്രസ് വേ എന്നിവയുടെ സാമീപ്യവും ഗതാഗതസൗകര്യം വർധിപ്പിക്കും. താമസകേന്ദ്രം മാത്രമല്ല, തൊഴിലവസരങ്ങളും താമസസൗകര്യങ്ങളും ഒരുമിച്ച് ലഭ്യമാകുന്ന സാമ്പത്തിക കേന്ദ്രമായാണ് ‘മുംബൈ 3.0’ വിഭാവനം ചെയ്തിരിക്കുന്നത്. ഐടി പാർക്കുകൾ, സാമ്പത്തിക സേവന കേന്ദ്രങ്ങൾ, ഡാറ്റാ സെന്ററുകൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാകും. ജോലിക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ട സാഹചര്യം കുറയ്ക്കുകയാണ് പ്രധാന ലക്ഷ്യം.

യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ?; ആക്രമണ തന്ത്രത്തിലേക്ക് നീക്കമെന്ന് റിപ്പോർട്ട്

പശ്ചിമേഷ്യയിലെ അമേരിക്ക-ഇറാൻ സംഘർഷം തുടരുകയാണെങ്കിൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇറാൻ സർക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഫിനാൻഷ്യൽ ടൈംസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈനിക തന്ത്രം പ്രതിരോധത്തിൽ നിന്ന് ആക്രമണാത്മക നിലപാടിലേക്ക് മാറ്റാൻ ഇറാൻ തീരുമാനിച്ചതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമത്താവളവും തെക്കുകിഴക്കൻ യൂറോപ്പിലെ ബൾഗേറിയയിലെ ബെസ്മർ എയർ ബേസും ഇറാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലുണ്ടെന്നാണ് സൂചന. ഈ വർഷം മാർച്ചിൽ ഇറാന്റെ പ്രധാന സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ബൾഗേറിയയും ഇറാന്റെ പ്രതികാരപട്ടികയിൽ ഉൾപ്പെട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും സൈനിക പ്രവർത്തനങ്ങൾ നടത്താനും ബൾഗേറിയ അനുമതി നൽകിയതും ഇതിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കവും സമാധാന ചർച്ചകൾ വഴിമുട്ടിയതുമാണ് നിലവിലെ സംഘർഷത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ പുതിയ ഭൂപ്രദേശമാണെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് മാപ്പ് പങ്കുവച്ചതും ഇറാനെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, യു.എൻ അംഗീകരിച്ച ഒമാൻ റൂട്ടിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നത് ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം കുറയാൻ ഇടയാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ, ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള ഇറാന്റെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് ആവർത്തിച്ചു.

അന്താരാഷ്ട്ര കമ്പനികളുടെ പേരിൽ വ്യാജ മരുന്ന്; ബെംഗളൂരുവിൽ 5 കോടിയുടെ മരുന്നുകൾ പിടികൂടി

അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പേരിൽ വ്യാജ മരുന്നുകൾ നിർമ്മിച്ച് വിപണനം ചെയ്തിരുന്ന കേന്ദ്രം ബെംഗളൂരുവിൽ കണ്ടെത്തി. കർണാടക ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന മരുന്നുകളാണ് പിടിച്ചെടുത്തത്. മൈസൂരു റോഡിലെ ബിഡദി കുറുമ്പരകനേഹള്ളിയിലുള്ള ഫാംഹൗസിലാണ് അനധികൃത മരുന്ന് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ എത്തിച്ച ശേഷം അന്താരാഷ്ട്ര കമ്പനികളുടെ പേരിലുള്ള കുപ്പികളിൽ നിറച്ച് ലേബലുകൾ ഒട്ടിച്ചാണ് വിപണനം നടത്തിയിരുന്നത്. പ്രശസ്ത അമേരിക്കൻ മരുന്ന് കമ്പനികളിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു മരുന്നുകളുടെ വിൽപ്പന. പിടിച്ചെടുത്ത മരുന്നുകളിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്നും ആരോഗ്യത്തിന് ഹാനികരമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുത്തിവെപ്പിനുള്ള മരുന്നുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. മരുന്നുകളുടെ പാക്കറ്റുകളിലെ സ്കാനിങ് കോഡുകളും പ്രവർത്തനക്ഷമമായിരുന്നില്ല. പിടിച്ചെടുത്ത മരുന്നുകളിൽ ഏകദേശം 35 ലക്ഷം രൂപ വിലവരുന്നവ കാലാവധി കഴിഞ്ഞവയാണെന്നും പരിശോധനയിൽ കണ്ടെത്തി. ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി യു.ടി. ഖാദർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പരിശോധനയുടെ വിവരങ്ങൾ പുറത്തുവിട്ടത്. കേന്ദ്രം നടത്തിയിരുന്നത് ആരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ തവരകെര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത മരുന്നുകൾ ബെംഗളൂരു സൗത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

നീറ്റ്-യുജി പരീക്ഷാ നടത്തിപ്പ്: എൻ ടി എ യിൽ ഘടനാപരമായ മാറ്റം വേണമെന്ന് സുപ്രീംകോടതി

നീറ്റ്-യുജി 2026 പരീക്ഷാ പേപ്പർ ചർച്ചയുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ ടി എ) ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് സുപ്രീംകോടതി. യു പി എസ് സി മാതൃകയിൽ പരീക്ഷാ നടത്തിപ്പിനായി ശാസ്ത്രീയമായി സജ്ജീകരിച്ച സ്ഥിരം സംവിധാനം എൻ ടി എ യിൽ വേണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വർഷങ്ങളായുള്ള പ്രവർത്തന പരിചയത്തിലൂടെ യു പി എസ് സി നേടിയെടുത്ത അറിവും വൈദഗ്ധ്യവും പരീക്ഷാ നടത്തിപ്പിൽ എൻ ടി എ യ്ക്കും ആവശ്യമാണ്. എൻ ടി എ യിലെ ഉദ്യോഗസ്ഥരുടെ എണ്ണം, ഓഫീസ് സംവിധാനങ്ങൾ, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിനൊപ്പം ഉദ്യോഗാർത്ഥികൾക്കായി ഫലപ്രദമായ പരാതിപരിഹാര സംവിധാനവും സൗഹൃദപരമായ പരീക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, ചോദ്യപേപ്പർ സുരക്ഷയ്ക്കായി എൻ ടി എ നിലവിൽ പിന്തുടരുന്ന സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ വിതരണം ചെയ്യുന്നതുവരെയുള്ള ഘട്ടങ്ങളിൽ സിസിടിവി നിരീക്ഷണവും സി ഐ എസ് എഫ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പേപ്പറുകൾ കൊണ്ടുപോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ നിലവിലെ സുരക്ഷാ നടപടികൾക്കപ്പുറം വിദഗ്ധസമിതി നിർദേശിച്ച പരിഷ്‌കാരങ്ങൾ സ്ഥിരം സംവിധാനമായി എങ്ങനെ നടപ്പാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശകൾ നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള കൃത്യമായ സമയപരിധിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.

കരുവാറ്റ കൊലപാതകം: അയൽവാസികളുമായി അടുപ്പമില്ലാതെ കുടുംബം; വീട്ടിലെത്തിയാൽ പോലും വാതിൽ തുറന്നിരുന്നില്ല

കരുവാറ്റയിൽ കൊല്ലപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും അയൽവാസികളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ. രണ്ട് വർഷം മുൻപാണ് കുടുംബം കൊല്ലത്ത് നിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങിയത്. തുടർന്ന് സ്ഥലമുടമയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ട് പെൺമക്കൾക്കായി 10 സെന്റ് സ്ഥലത്ത് വീടുകൾ നിർമിക്കുന്നതിനിടെയാണ് കുടുംബം കൂടുതൽ ശ്രദ്ധയിൽപ്പെട്ടത്. പണിക്കാർക്ക് വെള്ളം നൽകാനായി എത്തുമ്പോൾ മാത്രമാണ് കൊല്ലപ്പെട്ട ഗൃഹനാഥനെ കണ്ടിരുന്നതെന്ന് അയൽവാസികൾ പറയുന്നു. കുടുംബം പ്രദേശത്തെത്തിയ സമയത്തും പിന്നീട് വീടുപണി ആരംഭിച്ചപ്പോഴും അയൽവാസികളുമായി കാര്യമായ ബന്ധം സ്ഥാപിച്ചിരുന്നില്ല. കുടുംബാംഗങ്ങൾ ആരും തന്നെ നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് സമീപവാസികളുടെ മൊഴി. തന്റെ വാർഡിൽ ഈ കുടുംബവുമായി മാത്രമാണ് കാര്യമായ പരിചയമില്ലാതിരുന്നതെന്ന് പഞ്ചായത്തംഗവും പറയുന്നു. അടുപ്പം സ്ഥാപിക്കാനുള്ള അവസരങ്ങൾ കുടുംബം മനഃപൂർവം ഒഴിവാക്കിയിരുന്നുവെന്നും എന്തെങ്കിലും ആവശ്യത്തിന് വീട്ടിലെത്തിയാൽ പോലും പലപ്പോഴും വാതിൽ തുറക്കാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

ഇറാനുമായുള്ള വ്യാപാരബന്ധം നിർത്തി യുഎഇ; മിസൈൽ ഭീഷണിക്ക് പിന്നാലെ കർശന നടപടി

മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും താത്ക്കാലികമായി നിർത്തിവെച്ച് യുഎഇ. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തീരുമാനം തുടരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് യുഎഇ വ്യക്തമാക്കി. രാജ്യത്തേക്ക് ഇറാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. സമുദ്രഗതാഗതത്തെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണമെന്നാണ് യുഎഇയുടെ വിലയിരുത്തൽ. മിസൈലുകൾ കടലിൽ പതിച്ചതായും ഇതിലൊന്ന് യുഎഇയുടെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് അടിയന്തര മുന്നറിയിപ്പുകൾ നൽകിയിരുന്നു. നിലവിൽ രാജ്യത്തെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നും അധികൃതർ അറിയിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന് ഭീഷണിയാകുന്ന വെല്ലുവിളികളെ നേരിടാൻ യുഎഇ പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, യുഎഇയും ഇറാനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ അഫ്ര അൽ ഹമേലി നിഷേധിച്ചു.

കനത്ത മഴയിൽ യുപിയിൽ പ്രളയം; 173 ഗ്രാമങ്ങൾ വെള്ളത്തിൽ

കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിൽ പ്രളയസാഹചര്യം രൂക്ഷമായി. സംസ്ഥാനത്തെ 13 ജില്ലകളിലായി 173 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 13,058 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലായതോടെ 84,362 പേരെ ദുരിതം ബാധിച്ചു. ബദായൂൺ, ബഹ്റൈച്ച്, ബലിയ, ബാരാബങ്കി, ബിജ്നോർ, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗർ, ഗോണ്ട, കാസ്ഗഞ്ച്, ലഖിംപൂർ ഖേരി, മുസാഫർനഗർ, സീതാപൂർ, ഉന്നാവോ ജില്ലകളിലാണ് പ്രളയബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 4800ലധികം പേരെ ഇതിനകം സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നദികളിലെ ജലനിരപ്പ് ഉൾപ്പെടെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്തുടനീളം 1589 ദുരിതാശ്വാസ ഔട്ട്പോസ്റ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ 16 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി ഉദ്യോഗസ്ഥരെയും വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. 428 ബോട്ടുകളും മോട്ടോർബോട്ടുകളും 1101 മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. അതേസമയം, കിഴക്കൻ ഉത്തർപ്രദേശിൽ ഓഗസ്റ്റ് 23 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 20, 21 തീയതികളിൽ മധ്യ-കിഴക്കൻ യുപിയിലെ നഗരങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുണ്ട്. ജാർഖണ്ഡിലും പശ്ചിമ ബംഗാളിലെ ഗംഗാസമതലത്തിലും രൂപപ്പെട്ട ന്യൂനമർദം ബിഹാറിലേക്ക് നീങ്ങിയതാണ് ശക്തമായ മഴയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ യുപിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത.