കനത്ത മഴയിൽ യുപിയിൽ പ്രളയം; 173 ഗ്രാമങ്ങൾ വെള്ളത്തിൽ

കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിൽ പ്രളയസാഹചര്യം രൂക്ഷമായി. സംസ്ഥാനത്തെ 13 ജില്ലകളിലായി 173 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 13,058 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലായതോടെ 84,362 പേരെ ദുരിതം ബാധിച്ചു. ബദായൂൺ, ബഹ്റൈച്ച്, ബലിയ, ബാരാബങ്കി, ബിജ്നോർ, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗർ, ഗോണ്ട, കാസ്ഗഞ്ച്, ലഖിംപൂർ ഖേരി, മുസാഫർനഗർ, സീതാപൂർ, ഉന്നാവോ ജില്ലകളിലാണ് പ്രളയബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

4800ലധികം പേരെ ഇതിനകം സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നദികളിലെ ജലനിരപ്പ് ഉൾപ്പെടെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്തുടനീളം 1589 ദുരിതാശ്വാസ ഔട്ട്പോസ്റ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ 16 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി ഉദ്യോഗസ്ഥരെയും വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. 428 ബോട്ടുകളും മോട്ടോർബോട്ടുകളും 1101 മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.

അതേസമയം, കിഴക്കൻ ഉത്തർപ്രദേശിൽ ഓഗസ്റ്റ് 23 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 20, 21 തീയതികളിൽ മധ്യ-കിഴക്കൻ യുപിയിലെ നഗരങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുണ്ട്. ജാർഖണ്ഡിലും പശ്ചിമ ബംഗാളിലെ ഗംഗാസമതലത്തിലും രൂപപ്പെട്ട ന്യൂനമർദം ബിഹാറിലേക്ക് നീങ്ങിയതാണ് ശക്തമായ മഴയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ യുപിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *