നീറ്റ്-യുജി പരീക്ഷാ നടത്തിപ്പ്: എൻ ടി എ യിൽ ഘടനാപരമായ മാറ്റം വേണമെന്ന് സുപ്രീംകോടതി

നീറ്റ്-യുജി 2026 പരീക്ഷാ പേപ്പർ ചർച്ചയുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ ടി എ) ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് സുപ്രീംകോടതി. യു പി എസ് സി മാതൃകയിൽ പരീക്ഷാ നടത്തിപ്പിനായി ശാസ്ത്രീയമായി സജ്ജീകരിച്ച സ്ഥിരം സംവിധാനം എൻ ടി എ യിൽ വേണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വർഷങ്ങളായുള്ള പ്രവർത്തന പരിചയത്തിലൂടെ യു പി എസ് സി നേടിയെടുത്ത അറിവും വൈദഗ്ധ്യവും പരീക്ഷാ നടത്തിപ്പിൽ എൻ ടി എ യ്ക്കും ആവശ്യമാണ്. എൻ ടി എ യിലെ ഉദ്യോഗസ്ഥരുടെ എണ്ണം, ഓഫീസ് സംവിധാനങ്ങൾ, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിനൊപ്പം ഉദ്യോഗാർത്ഥികൾക്കായി ഫലപ്രദമായ പരാതിപരിഹാര സംവിധാനവും സൗഹൃദപരമായ പരീക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, ചോദ്യപേപ്പർ സുരക്ഷയ്ക്കായി എൻ ടി എ നിലവിൽ പിന്തുടരുന്ന സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ വിതരണം ചെയ്യുന്നതുവരെയുള്ള ഘട്ടങ്ങളിൽ സിസിടിവി നിരീക്ഷണവും സി ഐ എസ് എഫ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പേപ്പറുകൾ കൊണ്ടുപോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ നിലവിലെ സുരക്ഷാ നടപടികൾക്കപ്പുറം വിദഗ്ധസമിതി നിർദേശിച്ച പരിഷ്‌കാരങ്ങൾ സ്ഥിരം സംവിധാനമായി എങ്ങനെ നടപ്പാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശകൾ നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള കൃത്യമായ സമയപരിധിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.
കരുവാറ്റ കൊലപാതകം: അയൽവാസികളുമായി അടുപ്പമില്ലാതെ കുടുംബം; വീട്ടിലെത്തിയാൽ പോലും വാതിൽ തുറന്നിരുന്നില്ല

കരുവാറ്റയിൽ കൊല്ലപ്പെട്ട ഗൃഹനാഥനും കുടുംബത്തിനും അയൽവാസികളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ലെന്ന് നാട്ടുകാർ. രണ്ട് വർഷം മുൻപാണ് കുടുംബം കൊല്ലത്ത് നിന്ന് കരുവാറ്റയിലെത്തി 10 സെന്റ് സ്ഥലം വാങ്ങിയത്. തുടർന്ന് സ്ഥലമുടമയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. രണ്ട് പെൺമക്കൾക്കായി 10 സെന്റ് സ്ഥലത്ത് വീടുകൾ നിർമിക്കുന്നതിനിടെയാണ് കുടുംബം കൂടുതൽ ശ്രദ്ധയിൽപ്പെട്ടത്. പണിക്കാർക്ക് വെള്ളം നൽകാനായി എത്തുമ്പോൾ മാത്രമാണ് കൊല്ലപ്പെട്ട ഗൃഹനാഥനെ കണ്ടിരുന്നതെന്ന് അയൽവാസികൾ പറയുന്നു. കുടുംബം പ്രദേശത്തെത്തിയ സമയത്തും പിന്നീട് വീടുപണി ആരംഭിച്ചപ്പോഴും അയൽവാസികളുമായി കാര്യമായ ബന്ധം സ്ഥാപിച്ചിരുന്നില്ല. കുടുംബാംഗങ്ങൾ ആരും തന്നെ നാട്ടുകാരുമായി അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് സമീപവാസികളുടെ മൊഴി. തന്റെ വാർഡിൽ ഈ കുടുംബവുമായി മാത്രമാണ് കാര്യമായ പരിചയമില്ലാതിരുന്നതെന്ന് പഞ്ചായത്തംഗവും പറയുന്നു. അടുപ്പം സ്ഥാപിക്കാനുള്ള അവസരങ്ങൾ കുടുംബം മനഃപൂർവം ഒഴിവാക്കിയിരുന്നുവെന്നും എന്തെങ്കിലും ആവശ്യത്തിന് വീട്ടിലെത്തിയാൽ പോലും പലപ്പോഴും വാതിൽ തുറക്കാറില്ലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
ഇറാനുമായുള്ള വ്യാപാരബന്ധം നിർത്തി യുഎഇ; മിസൈൽ ഭീഷണിക്ക് പിന്നാലെ കർശന നടപടി

മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും താത്ക്കാലികമായി നിർത്തിവെച്ച് യുഎഇ. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തീരുമാനം തുടരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് യുഎഇ വ്യക്തമാക്കി. രാജ്യത്തേക്ക് ഇറാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. സമുദ്രഗതാഗതത്തെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണമെന്നാണ് യുഎഇയുടെ വിലയിരുത്തൽ. മിസൈലുകൾ കടലിൽ പതിച്ചതായും ഇതിലൊന്ന് യുഎഇയുടെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് അടിയന്തര മുന്നറിയിപ്പുകൾ നൽകിയിരുന്നു. നിലവിൽ രാജ്യത്തെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നും അധികൃതർ അറിയിച്ചു. പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന് ഭീഷണിയാകുന്ന വെല്ലുവിളികളെ നേരിടാൻ യുഎഇ പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, യുഎഇയും ഇറാനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ അഫ്ര അൽ ഹമേലി നിഷേധിച്ചു.
കനത്ത മഴയിൽ യുപിയിൽ പ്രളയം; 173 ഗ്രാമങ്ങൾ വെള്ളത്തിൽ

കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിൽ പ്രളയസാഹചര്യം രൂക്ഷമായി. സംസ്ഥാനത്തെ 13 ജില്ലകളിലായി 173 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. 13,058 ഹെക്ടർ പ്രദേശം വെള്ളത്തിനടിയിലായതോടെ 84,362 പേരെ ദുരിതം ബാധിച്ചു. ബദായൂൺ, ബഹ്റൈച്ച്, ബലിയ, ബാരാബങ്കി, ബിജ്നോർ, ഫറൂഖാബാദ്, ഗൗതം ബുദ്ധ നഗർ, ഗോണ്ട, കാസ്ഗഞ്ച്, ലഖിംപൂർ ഖേരി, മുസാഫർനഗർ, സീതാപൂർ, ഉന്നാവോ ജില്ലകളിലാണ് പ്രളയബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 4800ലധികം പേരെ ഇതിനകം സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. നദികളിലെ ജലനിരപ്പ് ഉൾപ്പെടെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്തുടനീളം 1589 ദുരിതാശ്വാസ ഔട്ട്പോസ്റ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ 16 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി ഉദ്യോഗസ്ഥരെയും വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. 428 ബോട്ടുകളും മോട്ടോർബോട്ടുകളും 1101 മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. അതേസമയം, കിഴക്കൻ ഉത്തർപ്രദേശിൽ ഓഗസ്റ്റ് 23 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 20, 21 തീയതികളിൽ മധ്യ-കിഴക്കൻ യുപിയിലെ നഗരങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുണ്ട്. ജാർഖണ്ഡിലും പശ്ചിമ ബംഗാളിലെ ഗംഗാസമതലത്തിലും രൂപപ്പെട്ട ന്യൂനമർദം ബിഹാറിലേക്ക് നീങ്ങിയതാണ് ശക്തമായ മഴയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ യുപിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യത.
കൗമാരക്കാർക്കായി ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പുമായി ഓപ്പൺ എ ഐ

സ്കൂൾ പഠനം, ദൈനംദിന ജീവിതം, സൗഹൃദം തുടങ്ങിയ കാര്യങ്ങൾക്കായി എ ഐ ഉപയോഗിക്കുന്ന കൗമാരക്കാർക്കായി ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് ഓപ്പൺ എ ഐ. 13 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ചാറ്റ് ജിപിടി ഫോർ ടീൻസ് അവതരിപ്പിച്ചിരിക്കുന്നത്. കൗമാരക്കാർക്ക് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ, പ്രണയപരമോ ലൈംഗികമോ ആയ സംഭാഷണങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടാകും. പഠനത്തിനിടെ നേരിട്ട് ഉത്തരങ്ങളോ ഉപന്യാസങ്ങളോ നൽകുന്നതിനുപകരം ആശയങ്ങൾ മനസ്സിലാക്കാനും പഠിക്കാനും സഹായിക്കുന്ന രീതിയിലാണ് ഹോംവർക്ക്, സ്റ്റഡി സപ്പോർട്ട് സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രായത്തിനനുസരിച്ചുള്ള സുരക്ഷിതമായ അന്തരീക്ഷത്തിൽ കൗമാരക്കാരെ എ ഐ ആരോഗ്യകരമായി ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ഓപ്പൺ എ ഐ വ്യക്തമാക്കി. എന്നാൽ പുതിയ സുരക്ഷാ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് കുട്ടികളുടെ അവകാശ സംഘടനയായ ഫെയർപ്ലേ ചൂണ്ടിക്കാട്ടി. എ ഐ ചാറ്റ്ബോട്ടുകളോടുള്ള അമിതമായ ആശ്രിതത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.
വിസ്മയയുടെ സിനിമാ അരങ്ങേറ്റം;‘തുടക്കം’ പിറന്ന വഴിയെക്കുറിച്ച് ജൂഡ്

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക് എത്തിയ ‘തുടക്കം’ എന്ന ചിത്രത്തെക്കുറിച്ച് മനസ് തുറന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. വിസ്മയയ്ക്ക് വേണ്ടി പ്രത്യേകമായി എഴുതിയ സിനിമയല്ല ‘തുടക്കം’ എന്നും തിരക്കഥ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നുവെന്നും ജൂഡ് പറഞ്ഞു. മീനു എന്ന കഥാപാത്രത്തിന് വിസ്മയ അനുയോജ്യയാകുമെന്ന് തോന്നിയതോടെയാണ് പ്രോജക്ട് മുന്നോട്ട് പോയത്. ആദ്യം കഥാപാത്രത്തിന്റെ പേര് ‘മായ’ എന്നായിരുന്നു. പിന്നീട് വിസ്മയയുടെ നിർദേശപ്രകാരമാണ് പേര് ‘മീനു’ എന്നാക്കി മാറ്റിയത്. വിസ്മയ സിനിമയിലെത്തിയതിന് ശേഷം ചില ചെറിയ കൂട്ടിച്ചേർക്കലുകളും നടത്തിയതായി ജൂഡ് പറഞ്ഞു. അതിലൊന്നായിരുന്നു ചിത്രത്തിലെ നായക്കുട്ടി. വിസ്മയയ്ക്ക് നായകളോടുള്ള ഇഷ്ടം മനസിലാക്കിയ ശേഷമാണ് സിനിമയിൽ ഒരു നായയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സെറ്റിൽ വിസ്മയ ആദ്യം കൂട്ടായത് ‘മെസി’ എന്ന നായയുമായിട്ടായിരുന്നുവെന്നും ജൂഡ് പറഞ്ഞു. സിനിമയ്ക്കായി മറ്റൊരു പേര് നൽകാൻ ശ്രമിച്ചെങ്കിലും ആ പേര് വിളിച്ചാൽ നായ പ്രതികരിക്കാതിരുന്നതിനാൽ യഥാർഥ പേരായ ‘മെസി’ തന്നെ സിനിമയിലും നിലനിർത്തുകയായിരുന്നു.
മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ സംവിധാനത്തിൽ ഏഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

യുവതലമുറയിലെ സംവിധായകരും പരിചയസമ്പന്നരുമൊത്തുള്ള ഈ കൂട്ടുകെട്ടുകളിൽ ഏറെ പ്രതീക്ഷയാണുള്ളത്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജീത്തു ജോസഫ് എന്നിവർക്കൊപ്പമുള്ള മോഹൻലാലിന്റെ തിരിച്ചുവരവും ശ്രദ്ധേയമാണ്. അതേസമയം, മകൾ വിസ്മയ നായികയായ ‘തുടക്കം’ ശേഷം മോഹൻലാലിന്റെ മറ്റൊരു കാമിയോ വേഷവും റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ ‘ഖലീഫ’യിൽ മമ്പറയ്ക്കൽ അഹമ്മദാലിയായാണ് മോഹൻലാൽ എത്തുന്നത്. ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിലെത്തും. ‘ജയിലർ 2’വിലെ മാത്യു എന്ന കഥാപാത്രമായും മോഹൻലാലിന്റെ അതിഥി വേഷം പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. തരുൺ മൂർത്തിക്കൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രവും ഡിസംബറിൽ റിലീസിനെത്തും. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വരാനിരിക്കുന്ന ഈ സിനിമകൾ മലയാള സിനിമയിൽ വീണ്ടും വലിയ പ്രതീക്ഷകളാണ് മോഹൻലാൽ സൃഷ്ടിക്കുന്നത്.