മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനുമായുള്ള എല്ലാ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും താത്ക്കാലികമായി നിർത്തിവെച്ച് യുഎഇ. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തീരുമാനം തുടരുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് യുഎഇ വ്യക്തമാക്കി. രാജ്യത്തേക്ക് ഇറാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. സമുദ്രഗതാഗതത്തെ ലക്ഷ്യമിട്ടായിരുന്നു മിസൈൽ ആക്രമണമെന്നാണ് യുഎഇയുടെ വിലയിരുത്തൽ. മിസൈലുകൾ കടലിൽ പതിച്ചതായും ഇതിലൊന്ന് യുഎഇയുടെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് അടിയന്തര മുന്നറിയിപ്പുകൾ നൽകിയിരുന്നു. നിലവിൽ രാജ്യത്തെ സ്ഥിതിഗതികൾ സുരക്ഷിതമാണെന്നും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നും അധികൃതർ അറിയിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ സമാധാനത്തിന് ഭീഷണിയാകുന്ന വെല്ലുവിളികളെ നേരിടാൻ യുഎഇ പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, യുഎഇയും ഇറാനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ അഫ്ര അൽ ഹമേലി നിഷേധിച്ചു.





