മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക് എത്തിയ ‘തുടക്കം’ എന്ന ചിത്രത്തെക്കുറിച്ച് മനസ് തുറന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. വിസ്മയയ്ക്ക് വേണ്ടി പ്രത്യേകമായി എഴുതിയ സിനിമയല്ല ‘തുടക്കം’ എന്നും തിരക്കഥ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നുവെന്നും ജൂഡ് പറഞ്ഞു.
മീനു എന്ന കഥാപാത്രത്തിന് വിസ്മയ അനുയോജ്യയാകുമെന്ന് തോന്നിയതോടെയാണ് പ്രോജക്ട് മുന്നോട്ട് പോയത്. ആദ്യം കഥാപാത്രത്തിന്റെ പേര് ‘മായ’ എന്നായിരുന്നു. പിന്നീട് വിസ്മയയുടെ നിർദേശപ്രകാരമാണ് പേര് ‘മീനു’ എന്നാക്കി മാറ്റിയത്. വിസ്മയ സിനിമയിലെത്തിയതിന് ശേഷം ചില ചെറിയ കൂട്ടിച്ചേർക്കലുകളും നടത്തിയതായി ജൂഡ് പറഞ്ഞു.
അതിലൊന്നായിരുന്നു ചിത്രത്തിലെ നായക്കുട്ടി. വിസ്മയയ്ക്ക് നായകളോടുള്ള ഇഷ്ടം മനസിലാക്കിയ ശേഷമാണ് സിനിമയിൽ ഒരു നായയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സെറ്റിൽ വിസ്മയ ആദ്യം കൂട്ടായത് ‘മെസി’ എന്ന നായയുമായിട്ടായിരുന്നുവെന്നും ജൂഡ് പറഞ്ഞു. സിനിമയ്ക്കായി മറ്റൊരു പേര് നൽകാൻ ശ്രമിച്ചെങ്കിലും ആ പേര് വിളിച്ചാൽ നായ പ്രതികരിക്കാതിരുന്നതിനാൽ യഥാർഥ പേരായ ‘മെസി’ തന്നെ സിനിമയിലും നിലനിർത്തുകയായിരുന്നു.





