നീറ്റ്-യുജി 2026 പരീക്ഷാ പേപ്പർ ചർച്ചയുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ (എൻ ടി എ) ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് സുപ്രീംകോടതി. യു പി എസ് സി മാതൃകയിൽ പരീക്ഷാ നടത്തിപ്പിനായി ശാസ്ത്രീയമായി സജ്ജീകരിച്ച സ്ഥിരം സംവിധാനം എൻ ടി എ യിൽ വേണമെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
വർഷങ്ങളായുള്ള പ്രവർത്തന പരിചയത്തിലൂടെ യു പി എസ് സി നേടിയെടുത്ത അറിവും വൈദഗ്ധ്യവും പരീക്ഷാ നടത്തിപ്പിൽ എൻ ടി എ യ്ക്കും ആവശ്യമാണ്. എൻ ടി എ യിലെ ഉദ്യോഗസ്ഥരുടെ എണ്ണം, ഓഫീസ് സംവിധാനങ്ങൾ, ജീവനക്കാരുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിനൊപ്പം ഉദ്യോഗാർത്ഥികൾക്കായി ഫലപ്രദമായ പരാതിപരിഹാര സംവിധാനവും സൗഹൃദപരമായ പരീക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, ചോദ്യപേപ്പർ സുരക്ഷയ്ക്കായി എൻ ടി എ നിലവിൽ പിന്തുടരുന്ന സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്നത് മുതൽ വിതരണം ചെയ്യുന്നതുവരെയുള്ള ഘട്ടങ്ങളിൽ സിസിടിവി നിരീക്ഷണവും സി ഐ എസ് എഫ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് പേപ്പറുകൾ കൊണ്ടുപോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ നിലവിലെ സുരക്ഷാ നടപടികൾക്കപ്പുറം വിദഗ്ധസമിതി നിർദേശിച്ച പരിഷ്കാരങ്ങൾ സ്ഥിരം സംവിധാനമായി എങ്ങനെ നടപ്പാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കെ. രാധാകൃഷ്ണൻ അധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശകൾ നടപ്പാക്കുന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനുള്ള കൃത്യമായ സമയപരിധിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.





