അന്താരാഷ്ട്ര കമ്പനികളുടെ പേരിൽ വ്യാജ മരുന്ന്; ബെംഗളൂരുവിൽ 5 കോടിയുടെ മരുന്നുകൾ പിടികൂടി

അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പേരിൽ വ്യാജ മരുന്നുകൾ നിർമ്മിച്ച് വിപണനം ചെയ്തിരുന്ന കേന്ദ്രം ബെംഗളൂരുവിൽ കണ്ടെത്തി. കർണാടക ഭക്ഷ്യസുരക്ഷാ-ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഏകദേശം അഞ്ച് കോടി രൂപ വിലമതിക്കുന്ന മരുന്നുകളാണ് പിടിച്ചെടുത്തത്.

മൈസൂരു റോഡിലെ ബിഡദി കുറുമ്പരകനേഹള്ളിയിലുള്ള ഫാംഹൗസിലാണ് അനധികൃത മരുന്ന് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ എത്തിച്ച ശേഷം അന്താരാഷ്ട്ര കമ്പനികളുടെ പേരിലുള്ള കുപ്പികളിൽ നിറച്ച് ലേബലുകൾ ഒട്ടിച്ചാണ് വിപണനം നടത്തിയിരുന്നത്.

പ്രശസ്ത അമേരിക്കൻ മരുന്ന് കമ്പനികളിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു മരുന്നുകളുടെ വിൽപ്പന. പിടിച്ചെടുത്ത മരുന്നുകളിൽ ഭൂരിഭാഗവും ഉപയോഗയോഗ്യമല്ലെന്നും ആരോഗ്യത്തിന് ഹാനികരമായ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കുത്തിവെപ്പിനുള്ള മരുന്നുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

മരുന്നുകളുടെ പാക്കറ്റുകളിലെ സ്കാനിങ് കോഡുകളും പ്രവർത്തനക്ഷമമായിരുന്നില്ല. പിടിച്ചെടുത്ത മരുന്നുകളിൽ ഏകദേശം 35 ലക്ഷം രൂപ വിലവരുന്നവ കാലാവധി കഴിഞ്ഞവയാണെന്നും പരിശോധനയിൽ കണ്ടെത്തി.

ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി യു.ടി. ഖാദർ നടത്തിയ വാർത്താസമ്മേളനത്തിലാണ് പരിശോധനയുടെ വിവരങ്ങൾ പുറത്തുവിട്ടത്. കേന്ദ്രം നടത്തിയിരുന്നത് ആരാണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവത്തിൽ തവരകെര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പിടിച്ചെടുത്ത മരുന്നുകൾ ബെംഗളൂരു സൗത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *