ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് അനുവദിച്ചിട്ടുള്ള പരിധിക്ക് പുറത്തായി നിർമിച്ചിരുന്ന താൽക്കാലിക കെട്ടിടഭാഗങ്ങളും സുരക്ഷാ ബാരിക്കേഡുകളും ഇന്ത്യൻ അധികൃതർ പൊളിച്ചുനീക്കി. വ്യാഴാഴ്ച ജെ.സി.ബി ഉപയോഗിച്ചായിരുന്നു നടപടി. വിസ വിഭാഗത്തിന് സമീപത്തെ ക്യൂ നിയന്ത്രണ സംവിധാനങ്ങൾ, ട്രാഫിക് ബൊള്ളാർഡുകൾ, ബാഹ്യ സുരക്ഷാ വലയം എന്നിവയും നീക്കംചെയ്തു.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ബാരിക്കേഡുകൾ പാകിസ്ഥാൻ അധികൃതർ മൂന്ന് ദിവസം മുൻപ് നീക്കം ചെയ്തതിന് പിന്നാലെയാണ് ഡൽഹിയിലും സമാന നടപടി ഉണ്ടായത്. പൊളിച്ചുനീക്കലിനിടെ ചില സർവീസ് കൗണ്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും പ്രധാന കവാടത്തിനും മതിലുകൾക്കും മറ്റ് പ്രധാന ഘടനകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല.
കശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നടപടി. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന യു.എസ് സ്ഥാനപതിയുടെ പ്രസ്താവനയ്ക്കെതിരെ പാകിസ്ഥാൻ കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു.





