‘സമ്മർദ്ദം ചെലുത്തിയിട്ട് കാര്യമില്ല’; യുഎസിന് ഇറാന്റെ വ്യക്തമായ സന്ദേശം

പശ്ചിമേഷ്യൻ സംഘർഷത്തിന് ആറുമാസം പിന്നിടുമ്പോൾ യുഎസിന് വ്യക്തമായ സന്ദേശവുമായി ഇറാൻ. നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നത് അസാധ്യമല്ലെന്നും എന്നാൽ അതിന് അമേരിക്ക ആദ്യം സമ്മർദ്ദ തന്ത്രം ഉപേക്ഷിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. സമ്മർദ്ദം തുടരുന്നത് യാതൊരു ഫലവും ഉണ്ടാക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽത്താനി ടെഹ്‌റാൻ സന്ദർശിച്ചതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ പ്രതികരണം. ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായാണ് ഖത്തർ പ്രധാനമന്ത്രി ഇറാനിലെത്തിയത്. അദ്ദേഹവുമായി ക്രിയാത്മകമായ ചർച്ചകൾ നടത്തിയെന്നും അരാഗ്‌ചി അറിയിച്ചു. അമേരിക്ക വിശ്വാസം വളർത്തുകയും പരസ്പര ബഹുമാനത്തോടെ സംസാരിക്കുകയും ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുകയും മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും വേണമെന്നാണ് അരാഗ്‌ചിയുടെ നിലപാട്. ഇക്കാര്യങ്ങൾ അംഗീകരിച്ചാൽ നയതന്ത്ര ചർച്ചകൾക്ക് വീണ്ടും വഴിതുറക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനായി ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ മാസങ്ങളായി മധ്യസ്ഥശ്രമങ്ങൾ നടത്തിവരികയാണ്. ഏപ്രിലിൽ വെടിനിർത്തലുണ്ടായെങ്കിലും ജൂണിൽ അന്തിമ സമാധാന കരാറിനായുള്ള ധാരണയിലെത്തിയ ശേഷവും സ്ഥിരമായ കരാർ യാഥാർഥ്യമായിട്ടില്ല. ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഉപരോധ നടപടികൾ തുടരുന്നതിനിടെയാണ് പുതിയ നയതന്ത്ര നീക്കങ്ങൾ. ഒമാനും പാകിസ്ഥാനും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രി ടെഹ്‌റാനിലെത്തിയത്. സംഘർഷത്തിന് പരിഹാരം കാണുന്നതിനായി മധ്യസ്ഥ രാജ്യങ്ങൾ നയതന്ത്ര ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്.

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 177; 53 മലയാളികൾ നോർക്കയുമായി ബന്ധപ്പെട്ടതായി സ്ഥിരീകരണം

നേപ്പാളിൽ കനത്ത പ്രളയവും മണ്ണിടിച്ചിലും തുടരുന്നതിനിടെ മരണസംഖ്യ 177 ആയി ഉയർന്നു. ആയിരക്കണക്കിന് ആളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് അധികൃതർ അറിയിച്ചു . അതിനിടെ, ദുരന്തമേഖലയിൽ അകപ്പെട്ട 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. ഇവർ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണെന്നാണ് വിവരം. എന്നാൽ കൃത്യമായ സ്ഥലങ്ങൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഓണം അവധിയോടനുബന്ധിച്ച് കുടുംബമായും സുഹൃത്തുക്കളായും നിരവധി മലയാളികൾ നേപ്പാളിലെത്തിയിട്ടുണ്ടാകാമെന്നതിനാൽ, കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന ആശങ്കയും നിലനിൽക്കുന്നു. നേപ്പാളിലെ ആശയവിനിമയ സംവിധാനം തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും വിവരശേഖരണത്തിനും വലിയ വെല്ലുവിളിയായിരിക്കുകയാണ്. നേപ്പാളിലുള്ള മലയാളി വ്ലോഗർ ആൽവിൻ തോമസും നിരവധി മലയാളികൾ ബന്ധപ്പെട്ടതായി വ്യക്തമാക്കി. ഗ്രാമങ്ങൾ തന്നെ ഒലിച്ചുപോകുന്ന ഭീതിജനകമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. കുടുങ്ങിക്കിടക്കുന്ന മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; 22 പേരെ കണ്ടെത്താൻ തിരച്ചിൽ

ഒഡീഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ പനാമ പതാകയുള്ള ചരക്കുകപ്പൽ എംവി ഓഷ്യൻ വിന്നർ മുങ്ങി. കപ്പലുമായുള്ള ആശയവിനിമയം നഷ്ടമായതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും സംയുക്തമായി വൻ തിരച്ചിൽ-രക്ഷാപ്രവർത്തനം ആരംഭിച്ചു. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ രണ്ടുപേരെ ഇതിനകം രക്ഷപ്പെടുത്തി. ശേഷിക്കുന്ന 22 പേർക്കായാണ് തിരച്ചിൽ തുടരുന്നത്. ജീവനക്കാരിൽ 20 പേർ ചൈനീസ് പൗരന്മാരും മൂന്ന് പേർ മ്യാൻമർ സ്വദേശികളും ഒരാൾ ബംഗ്ലാദേശ് പൗരനുമാണെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. ഇരുമ്പയിരുമായി സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന കപ്പൽ വെള്ളിയാഴ്ച ഒഡീഷ തീരത്തുനിന്ന് യാത്ര തിരിച്ചിരുന്നു. പരദീപ് തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മുങ്ങിയത്. സമീപത്തുണ്ടായിരുന്ന മറ്റ് കപ്പലുകളോടും തിരച്ചിൽ-രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കപ്പൽ മുങ്ങാനിടയായ സാഹചര്യം സംബന്ധിച്ച് നിലവിൽ വ്യക്തമായ വിവരങ്ങളില്ല. കാണാതായ ജീവനക്കാരെ കണ്ടെത്തി സുരക്ഷിതരാക്കുന്നതിനാണ് രക്ഷാദൗത്യത്തിന് മുൻഗണന നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.

ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ; വിദ്യാർഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് എംവിഡി

അങ്കമാലിയിൽ ഓണാഘോഷത്തിനിടെ അപകടകരമായ റോഡ് ഷോ നടത്തിയ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്. തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്ത് വാഹനം ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിങ് ലൈസൻസാണ് എംവിഡി സസ്പെൻഡ് ചെയ്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. സമാനമായ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആലുവയിലും എംവിഡി കേസെടുത്തു. മൂവാറ്റുപുഴയിലെ കോളേജിൽ നിന്നുള്ള ദൃശ്യങ്ങളും എംവിഡി പരിശോധിച്ചുവരികയാണ്. നിയമലംഘനം കണ്ടെത്തിയാൽ കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

മംഗളുരുവിനെ മൈസൂരു ഡിവിഷനിലേക്ക്; പാലക്കാടിന് വീണ്ടും തിരിച്ചടി

മംഗളുരുവിനെ പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് അടർത്തിയെടുത്ത് മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതോടെ കർണാടക ലോബിയുടെ വർഷങ്ങളായുള്ള നീക്കത്തിന് വിജയം. പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്ന മംഗളുരുവിനെ സ്വന്തമാക്കാനുള്ള നീക്കത്തിനെതിരെ കേരളം പ്രതിഷേധിക്കുമ്പോൾ, ദക്ഷിണ കന്നടയിൽ ഇത് ചരിത്രവിജയമായാണ് ആഘോഷിക്കുന്നത്. നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച ദക്ഷിണ കന്നട എം.പി. ബ്രിജേഷ് ചൗട്ടയ്ക്ക് അഭിനന്ദനപ്രവാഹവുമുണ്ട്. മംഗളുരുവിനായി കർണാടക ലോബി വർഷങ്ങളായി സമ്മർദം ശക്തമാക്കിയിരുന്നു. 2024 ജൂലായിൽ മംഗളുരുവിനായി ഏക റെയിൽവേ സോൺ ഭരണത്തിനുള്ള റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ ബോർഡ് നിർദേശം നൽകിയതായിരുന്നു നിർണായക നീക്കം. ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജനറൽ മാനേജർമാർക്കും കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർക്കുമാണ് റിപ്പോർട്ട് ആവശ്യപ്പെട്ട് കത്തയച്ചത്. സുറത്ത്കൽ, പനമ്പൂർ, തോക്കൂർ, പടീൽ, മംഗളുരു ജംഗ്ഷൻ, മംഗളുരു സെൻട്രൽ, ഉള്ളാൽ, മഞ്ചേശ്വരം എന്നിവ ഉൾപ്പെടുന്ന മംഗളുരു സെക്ഷനായിരുന്നു നിർദേശത്തിലെ പ്രധാന ഭാഗം. ഇതിൽ സുറത്ത്കൽ മാത്രമാണ് കൊങ്കൺ റെയിൽവേയുടെ കീഴിലുള്ളത്. ബാക്കിയുള്ള സ്റ്റേഷനുകളെല്ലാം പാലക്കാട് ഡിവിഷന്റെ ഭാഗമായിരുന്നു. എന്നാൽ അന്ന് മംഗളുരു പാലക്കാടിന് നഷ്ടമാകില്ലെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജരും പാലക്കാട് ഡിവിഷൻ അധികൃതരും വ്യക്തമാക്കിയിരുന്നു. പിന്നീട് കർണാടക ലോബിയുടെ ആവശ്യം തന്നെ നിർണായകമായി. ദക്ഷിണ റെയിൽവേ, കൊങ്കൺ റെയിൽവേ കോർപ്പറേഷൻ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവയുടെ കീഴിലായി മംഗളുരു മേഖല വിഭജിക്കപ്പെട്ടതിനാൽ വികസനത്തിന് തടസ്സമുണ്ടാകുന്നുവെന്നായിരുന്നു കർണാടകയുടെ പ്രധാന വാദം. 2024 ജൂലായിൽ മന്ത്രി സോമണ്ണ മംഗളുരുവിൽ പങ്കെടുത്ത യോഗത്തിലും ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടു. പാലക്കാട് ഡിവിഷനിൽനിന്ന് മംഗളുരുവിനെ അടർത്തി സ്വതന്ത്ര നിയന്ത്രണത്തിലാക്കുക എന്ന ലക്ഷ്യം ഒടുവിൽ നടപ്പായതോടെ പാലക്കാട് ഡിവിഷന്റെ നഷ്ടങ്ങളുടെ പട്ടിക വീണ്ടും നീളുകയാണ്.

ട്രംപിന്റെ നയങ്ങൾ ആണവ അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നു: ഇറാൻ

ആഗോള ആണവസുരക്ഷയുടെ അടിത്തറ തകർക്കുന്ന നിലപാടുകളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്നതെന്ന് ഇറാൻ. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിയാണ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ മറ്റ് രാജ്യങ്ങൾക്കിടയിൽ ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള താൽപര്യം വർധിപ്പിച്ചെന്നാണ് റെസായിയുടെ ആരോപണം. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഐഎഇഎയിലെയും എൻപിടിയിലെയും അംഗത്വം മതിയാകില്ലെന്ന ചിന്ത രാജ്യങ്ങൾക്കിടയിൽ ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആണവസുരക്ഷയ്ക്ക് പകരം ആണവ അരക്ഷിതാവസ്ഥയാണ് ട്രംപ് സൃഷ്ടിക്കുന്നതെന്നും റെസായി ആരോപിച്ചു. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഇറാൻ അംഗീകരിക്കുകയും പാലിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻപിടി അംഗമായ ഇറാൻ എല്ലാ പരിശോധനകൾക്കും സമ്മതിച്ചിട്ടുണ്ട്. ആണവ ചട്ടങ്ങളോടുള്ള ഇറാന്റെ പ്രതിബദ്ധത മറ്റേതൊരു രാജ്യത്തേക്കാളും ശക്തമാണെന്നും റെസായി കൂട്ടിച്ചേർത്തു.

യുഎസ് ഉപരോധത്തിനെതിരെ ഇറാൻ; ‘സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണി’

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ യുഎസിനെതിരെ രൂക്ഷ വിമർശനവുമായി ടെഹ്റാൻ. അമേരിക്കയുടെ നടപടി ഇറാനെ മാത്രം ബാധിക്കുന്നതല്ലെന്നും എല്ലാ സ്വതന്ത്ര രാജ്യങ്ങളുടെയും പരമാധികാരത്തിന് ഭീഷണിയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഘേയി പറഞ്ഞു. ഇത്തരം ഉപരോധങ്ങൾ കോളനിവത്കരണത്തിന്റെ തിരിച്ചുവരവിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഒരു രാജ്യത്തിനെതിരായ സാമ്പത്തിക യുദ്ധത്തിനപ്പുറമാണ് യുഎസ് നടപടികളെന്നും ബാഘേയി ആരോപിച്ചു. ഇറാനുമായി മറ്റ് രാജ്യങ്ങളിലെ സർക്കാരുകൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ എങ്ങനെ ഇടപെടണമെന്ന് അമേരിക്ക നിർദേശിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ് സമ്മർദത്തിന് വഴങ്ങുന്ന രാജ്യങ്ങൾക്ക് സാമ്പത്തിക, രാഷ്ട്രീയ തീരുമാനങ്ങളിലുള്ള നിയന്ത്രണം നഷ്ടമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റൊരു സ്വതന്ത്ര രാജ്യത്തെ സ്ഥാപനങ്ങൾക്ക് മേൽ ചുമത്തുന്ന ദ്വിതീയ ഉപരോധങ്ങൾക്ക് അന്താരാഷ്ട്ര നിയമത്തിൽ അടിസ്ഥാനമില്ലെന്നും ബാഘേയി വ്യക്തമാക്കി. ഇത്തരം നടപടികൾ യുഎൻ ചാർട്ടറിന്റെ രണ്ടാം അനുച്ഛേദത്തിലെ ഒന്നാം ഖണ്ഡികയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഉപരോധങ്ങൾ അന്താരാഷ്ട്ര നിയമവിരുദ്ധവും തെറ്റായ നടപടിയുമാണെന്നും നാവിക ഉപരോധത്തിനൊപ്പം കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഭീഷണി വർധിപ്പിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

12 മണിക്കൂർ ജോലി: ഗുജറാത്തിൽ ആദ്യ അനുമതി; സൂറത്തിൽ തൊഴിലാളി പ്രതിഷേധം

പുതിയ തൊഴിൽനിയമങ്ങളുടെ ഭാഗമായി ഗുജറാത്തിലെ സാനന്ദിലുള്ള മൈക്രോൺ സെമികണ്ടക്ടർ ചിപ്പ് ഫാക്ടറിയിൽ 12 മണിക്കൂർ ഷിഫ്റ്റിന് സർക്കാർ ഉപാധികളോടെ അനുമതി നൽകി. ഗുജറാത്തിൽ 12 മണിക്കൂർ ഷിഫ്റ്റിന് ലഭിക്കുന്ന ആദ്യ അനുമതിയാണിത്. ആഴ്ചയിൽ 48 മണിക്കൂർ ജോലി എന്ന വ്യവസ്ഥ പാലിച്ചാൽ രണ്ട് ദിവസത്തെ ശമ്പളത്തോടെയുള്ള അവധി തൊഴിലാളികൾക്ക് ലഭിക്കും. ഇടവേളയും ഉൾപ്പെടുന്നതാണ് 12 മണിക്കൂർ ഷിഫ്റ്റ്. ചിപ്പ് നിർമാണത്തിന് പൊടിവിമുക്ത അന്തരീക്ഷം അനിവാര്യമായതിനാൽ ഷിഫ്റ്റ് മാറ്റം കുറയ്ക്കാൻ ദീർഘ ഷിഫ്റ്റ് സഹായിക്കുമെന്നാണ് സർക്കാർ നിലപാട്. അതേസമയം, സൂറത്തിലെ ടെക്സ്റ്റൈൽ-എംബ്രോയിഡറി മേഖലയിലെ തൊഴിലാളികൾ 12 മണിക്കൂർ ജോലിക്കെതിരെ പ്രതിഷേധത്തിലാണ്. നേരത്തെ എട്ട് മണിക്കൂറായിരുന്ന ജോലി സമയം സർക്കാർ നിയമഭേദഗതിക്ക് പിന്നാലെ ഉടമകൾ 12 മണിക്കൂറാക്കി ഉയർത്തിയെന്നാണ് തൊഴിലാളികളുടെ ആരോപണം. ആഴ്ചയിലെ അവധി നിഷേധിക്കുന്നതിനെതിരെയും തൊഴിലാളികൾ രംഗത്തുണ്ട്. ഓഗസ്റ്റ് 16, 17 തീയതികളിൽ അഫ്രോളി മേഖലയിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ 26 വാട്‌സാപ്പ് അഡ്മിനുകൾക്കെതിരെ പൊലീസ് കേസെടുത്തു. തൊഴിലാളി സംഘടനകളില്ലാത്തതിനാൽ സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ആഗോള തിരക്കേറിയ വിമാനത്താവളങ്ങളിൽ ഡൽഹിക്ക് 11-ാം സ്ഥാനം

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടം നേടി ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം. 2025ൽ 7.81 കോടിയിലധികം യാത്രക്കാരെയാണ് വിമാനത്താവളം കൈകാര്യം ചെയ്തത്. എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണലിന്റെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 11-ാം സ്ഥാനത്താണ് ഡൽഹി. ആദ്യ 20ൽ ഇടം നേടിയ ഏക ഇന്ത്യൻ വിമാനത്താവളവും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. 2024ലെ 7.78 കോടി യാത്രക്കാരെ അപേക്ഷിച്ച് 0.42 ശതമാനം വർധനവാണ് 2025ൽ രേഖപ്പെടുത്തിയത്. യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് എസിഐ റാങ്കിങ് തയ്യാറാക്കുന്നത്. അമേരിക്കയിലെ ഹാർട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളം 10.63 കോടി യാത്രക്കാരുമായി ഒന്നാം സ്ഥാനത്തെത്തി. ദുബായ്, ടോക്കിയോ ഹനേഡ, ഡാലസ് ഫോർട്ട് വർത്ത്, ഷാങ്ഹായ് പുഡോങ് വിമാനത്താവളങ്ങളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. സിയോൾ, ലോസ് ആഞ്ചലസ് തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങളെ പിന്നിലാക്കിയാണ് ഡൽഹി 11-ാം സ്ഥാനത്തെത്തിയത്. 2025ൽ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിലൂടെ ഏകദേശം 980 കോടി യാത്രക്കാരാണ് കടന്നുപോയത്. 2024നെ അപേക്ഷിച്ച് 3.7 ശതമാനം വർധനവാണിത്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2019ലെ കണക്കുകളേക്കാൾ 6.5 ശതമാനം കൂടുതലായതോടെ ആഗോള വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവ് നടത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രണ്ട് വാണിജ്യ കപ്പലുകൾ റാഞ്ചി സൊമാലിയൻ കടൽക്കൊള്ളക്കാർ; 22 കപ്പലുകളിൽ ഇന്ത്യക്കാർ

യെമൻ, സൊമാലിയ തീരങ്ങളിൽ നിന്നായി രണ്ട് വാണിജ്യ കപ്പലുകൾ സൊമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി. വ്യാഴാഴ്ച രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇരു കപ്പലുകളിലുമായി 22 ഇന്ത്യൻ പൗരന്മാരാണ് ജീവനക്കാരായുള്ളത്. യെമൻ തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ ഏദൻ ഉൾക്കടലിൽ എറിത്രിയൻ പതാകയുള്ള എണ്ണ ഉൽപ്പന്ന ടാങ്കർ എം.ടി. സിബു 1 ആണ് ആറ് സായുധ കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. 16 ഇന്ത്യക്കാരുൾപ്പെടെ 20 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാർ സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. സിറിയ, ഇറാൻ, സുഡാൻ സ്വദേശികളും കപ്പൽ ജീവനക്കാരിലുണ്ട്. സൊമാലിയയിലെ പുന്റ്ലാൻഡ് തീരത്ത് നിന്ന് കാമറൂൺ പതാകയുള്ള എം/വി ലുടുഫ് ചരക്കുകപ്പലും കടൽക്കൊള്ളക്കാർ പിടിച്ചെടുത്തു. 10 അംഗ ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരാണ്. എയ്ല്‍ ജില്ലയിലെ മറായയിൽ നിന്ന് 3.5 നോട്ടിക്കൽ മൈൽ അകലെ പിടിച്ചെടുത്ത കപ്പൽ പിന്നീട് നുഗാൾ തീരത്തേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. തുർക്കി, ജോർജിയ, സെർബിയ സ്വദേശികളും കപ്പലിലുണ്ടായിരുന്നു.