നേപ്പാളിൽ കനത്ത പ്രളയവും മണ്ണിടിച്ചിലും തുടരുന്നതിനിടെ മരണസംഖ്യ 177 ആയി ഉയർന്നു. ആയിരക്കണക്കിന് ആളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് അധികൃതർ അറിയിച്ചു .
അതിനിടെ, ദുരന്തമേഖലയിൽ അകപ്പെട്ട 53 മലയാളികൾ നോർക്കയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധപ്പെട്ടതായി നോർക്ക സിഇഒ അറിയിച്ചു. ഇവർ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണെന്നാണ് വിവരം. എന്നാൽ കൃത്യമായ സ്ഥലങ്ങൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ഓണം അവധിയോടനുബന്ധിച്ച് കുടുംബമായും സുഹൃത്തുക്കളായും നിരവധി മലയാളികൾ നേപ്പാളിലെത്തിയിട്ടുണ്ടാകാമെന്നതിനാൽ, കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന ആശങ്കയും നിലനിൽക്കുന്നു. നേപ്പാളിലെ ആശയവിനിമയ സംവിധാനം തകർന്നത് രക്ഷാപ്രവർത്തനങ്ങൾക്കും വിവരശേഖരണത്തിനും വലിയ വെല്ലുവിളിയായിരിക്കുകയാണ്.
നേപ്പാളിലുള്ള മലയാളി വ്ലോഗർ ആൽവിൻ തോമസും നിരവധി മലയാളികൾ ബന്ധപ്പെട്ടതായി വ്യക്തമാക്കി. ഗ്രാമങ്ങൾ തന്നെ ഒലിച്ചുപോകുന്ന ഭീതിജനകമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
കുടുങ്ങിക്കിടക്കുന്ന മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.





