മെഡിക്കൽ ഇതര വിഭാഗത്തിൽ എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യ വനിത; ചരിത്രനേട്ടവുമായി ശക്തി ശർമ

ഇന്ത്യൻ പ്രതിരോധ സേനയുടെ മെഡിക്കൽ ഇതര വിഭാഗത്തിൽനിന്ന് എയർ വൈസ് മാർഷൽ പദവിയിലെത്തുന്ന ആദ്യ വനിതാ ഓഫീസറായി ശക്തി ശർമ ചരിത്രം കുറിച്ചു. ചൊവ്വാഴ്ച വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് ഓഫ് എയർ സ്റ്റാഫ് (എജ്യുക്കേഷൻ) ചുമതല അവർ ഏറ്റെടുത്തു. 1994 ജൂൺ 18-നാണ് ശക്തി ശർമ ഇന്ത്യൻ വ്യോമസേനയുടെ എജ്യുക്കേഷൻ ബ്രാഞ്ചിൽ കമ്മിഷൻ ചെയ്യപ്പെട്ടത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സൈനിക ജീവിതത്തിൽ പരിശീലന കേന്ദ്രങ്ങൾ, ഫീൽഡ് സ്റ്റേഷനുകൾ, കമാൻഡ് ആസ്ഥാനങ്ങൾ, വ്യോമസേനാ ആസ്ഥാനം എന്നിവിടങ്ങളിലായി വിവിധ നിർണായക ചുമതലകൾ വഹിച്ചു. സൈനിക് സ്‌കൂളിന്റെ കമാൻഡിങ് ചുമതലയിലെത്തുന്ന ആദ്യ ട്രൈ-സർവീസസ് വനിതാ ഓഫീസറെന്ന നേട്ടവും ശക്തി ശർമ സ്വന്തമാക്കിയിട്ടുണ്ട്. കപൂർത്തലയിലെ സൈനിക് സ്‌കൂളിൽ പ്രിൻസിപ്പലായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുതിയ പദവിയിലൂടെ ഇന്ത്യൻ വ്യോമസേനയിലെ വനിതാ നേതൃത്വത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയമായ അധ്യായമാണ് ശക്തി ശർമ കുറിച്ചിരിക്കുന്നത്.

ദുരന്തഭൂമിയിൽ രക്ഷയുടെ ചിറകായി പ്രിയ; ആറ് ദിവസത്തിൽ നൂറിലേറെ ദൗത്യങ്ങൾ

മിന്നൽപ്രളയം വിതച്ച ദുരിതത്തിൽ നിന്ന് നേപ്പാൾ ഇനിയും കരകയറിയിട്ടില്ല. ആയിരത്തിലേറെ പേർ മരിച്ചതായും ആയിരക്കണക്കിന് പേരെ കാണാതായതായുമാണ് റിപ്പോർട്ടുകൾ. ദുരന്തം നടന്ന് ആറുദിവസം പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടെ, രക്ഷാദൗത്യത്തിന്റെ ഭാഗമായി നൂറിലേറെ തവണ ഹെലികോപ്ടർ പറത്തി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്ടർ ക്യാപ്റ്റൻ പ്രിയ അധികാരി ശ്രദ്ധേയയാകുന്നു. റസുവ ജില്ലയിലെ ടിമുറെ ഗ്രാമത്തിലാണ് പ്രിയ ഉൾപ്പെടെയുള്ള പൈലറ്റുമാരുടെ പ്രധാന രക്ഷാദൗത്യം. പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ പ്രദേശങ്ങളിലൊന്നായ ഇവിടെ കാണാതായവരെ കണ്ടെത്താനും അതിജീവിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നിരവധി ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നത്. ഒരേസമയം അഞ്ചോ ആറോ ഹെലികോപ്ടറുകൾ ഒരേ പ്രദേശത്ത് എത്തുന്ന സാഹചര്യത്തിൽ പൈലറ്റുമാർ തമ്മിലുള്ള നിരന്തര ഏകോപനം അനിവാര്യമാണെന്ന് പ്രിയ പറഞ്ഞു. തുടർച്ചയായ പറക്കലുകൾ കാരണം രക്ഷാപ്രവർത്തകരിൽ ഭൂരിഭാഗവും കടുത്ത ക്ഷീണത്തിലാണെന്നും അവർ വ്യക്തമാക്കി. ചെളി അടിഞ്ഞുകൂടിയതിനാൽ പല സ്ഥലങ്ങളിലും സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയാത്തതും ദൗത്യത്തിന് വെല്ലുവിളിയാണ്. പരിസ്ഥിതി ശാസ്ത്ര പഠനത്തിന് ശേഷം കാബിൻ ക്രൂവായി ജോലി ചെയ്തിരുന്ന പ്രിയയ്ക്കാണ് പിന്നീട് ഹെലികോപ്ടർ പറത്താനുള്ള ആഗ്രഹം ഉണ്ടായത്. ഫിലിപ്പീൻസിൽ നിന്ന് പരിശീലനം നേടിയ അവർ 2017-ൽ മുഴുവൻസമയ ഹെലികോപ്ടർ പൈലറ്റായി. ഹൈ ആൾട്ടിറ്റ്യൂഡ് രക്ഷാദൗത്യങ്ങളിൽ വിദഗ്ധയായ പ്രിയ, ദുരന്തത്തിൽ അഞ്ച് ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ വൻ നാശനഷ്ടങ്ങളുണ്ടായെങ്കിലും രക്ഷാപ്രവർത്തകരെ പ്രതീക്ഷിച്ച് കഴിയുന്ന അതിജീവിതരെ കാണുമ്പോൾ ആശ്വാസം തോന്നുന്നുവെന്നും പറഞ്ഞു.

പ്രളയജലത്തിൽ അപൂർവ മത്സ്യങ്ങൾ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

ബിഹാറിൽ പ്രളയജലത്തോടൊപ്പം നദികളിലെത്തിയ അപരിചിത മത്സ്യങ്ങളെ ഭക്ഷിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ബഗഹ മേഖലയിലെ നദികളിലാണ് സമീപ ദിവസങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മത്സ്യങ്ങളെ കണ്ടെത്തിയത്. നേപ്പാളിൽ നദികൾ കരകവിഞ്ഞതിനെ തുടർന്ന് ഒഴുകിയെത്തിയവയാകാം ഇവയെന്നാണ് പ്രാഥമിക നിഗമനം. ഈ മത്സ്യങ്ങൾ കഴിച്ചതിന് പിന്നാലെ പ്രദേശത്ത് നിരവധി പേർക്ക് വിഷബാധയുണ്ടായതായി അധികൃതർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ പരിചിതമല്ലാത്ത മത്സ്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ബഗഹ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ചാന്ദ്നി കുമാരിയും ബിഹാർ മൃഗസംരക്ഷണ-മത്സ്യവിഭവ വകുപ്പും നിർദേശിച്ചു. വിചിത്ര രൂപത്തിലുള്ളതും തിരിച്ചറിയാൻ കഴിയാത്തതുമായ മത്സ്യങ്ങളെ പിടിക്കുകയോ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി. ഇവ ഭക്ഷ്യയോഗ്യമാണെന്ന് സ്ഥിരീകരിക്കുന്നതുവരെ ഉപഭോഗം പൂർണമായും ഒഴിവാക്കണം. ഇത്തരം മത്സ്യങ്ങളെ കണ്ടെത്തിയാൽ ജില്ലാ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്. പ്രളയസമയത്ത് മത്സ്യങ്ങൾ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് ഒഴുകിപ്പോകുന്നത് സാധാരണമാണ്. എന്നാൽ മലിനജലം, ചത്ത മൃഗങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവയുമായി സമ്പർക്കത്തിലാകുന്നതിലൂടെ ഇവയിൽ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പ് ഇപ്പോഴും ഉയർന്നതിനാൽ കൂടുതൽ അപരിചിത മത്സ്യങ്ങൾ എത്താൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കിംവദന്തികൾ വിശ്വസിക്കാതെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും നിർദേശമുണ്ട്.

അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; ഡിപിആർ സർക്കാരിന് സമർപ്പിച്ചു

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള മൂന്നാംഘട്ട പദ്ധതിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കാണ് പുതിയ മെട്രോ പാത നിർമിക്കുക. പാതയുടെ ഒരു ഭാഗം ഭൂഗർഭമായിരിക്കും. ആലുവ മുതൽ അങ്കമാലി വരെ 18 കിലോമീറ്ററാണ് ദൂരം. ഇതിൽ ഏകദേശം മൂന്ന് കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും. പുതിയ പാതയിൽ എത്ര സ്റ്റേഷനുകളുണ്ടാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പദ്ധതിക്ക് കേന്ദ്രാനുമതി നേടുകയാണ് ഇനി പ്രധാന ഘട്ടം. സംസ്ഥാന സർക്കാർ ഡിപിആർ കേന്ദ്രത്തിന് സമർപ്പിക്കും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക അനുമതി ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ. നിലവിൽ ആലുവയിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് 27 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ പാതയിൽ സർവീസ് നടത്തുന്നുണ്ട്. കലൂരിൽനിന്ന് ഇൻഫോപാർക്കിലേക്കുള്ള മെട്രോ പാതയുടെ നിർമാണവും പുരോഗമിക്കുകയാണ്. ഈ പാത അടുത്ത വർഷം ഓഗസ്റ്റോടെ പൂർത്തിയാക്കാനാണ് പ്രതീക്ഷ. മൂന്നാംഘട്ടം യാഥാർഥ്യമായാൽ തൃപ്പൂണിത്തുറയിൽനിന്ന് മെട്രോയിൽ കയറി നേരിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്താനാകും. അങ്കമാലിയിൽനിന്ന് കൊച്ചിയിലേക്ക് പ്രതിദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾക്കും പദ്ധതി ഏറെ പ്രയോജനപ്പെടും. നാലാംഘട്ടത്തിൽ തൃപ്പൂണിത്തുറയിൽനിന്ന് ഇരുമ്പൻ വഴി കാക്കനാട്ടേക്ക് സർക്കുലർ മെട്രോ പാത ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഗംഗയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു; വാരാണസിയിൽ പ്രളയഭീതി, 84 ഘാട്ടുകളും വെള്ളത്തിൽ

കനത്ത മഴ തുടരുന്നതിനിടെ വാരാണസിയിൽ ഗംഗാനദിയിലെ ജലനിരപ്പ് അപകട മുന്നറിയിപ്പ് പരിധിയിലേക്ക് അടുക്കുന്നു. തിങ്കളാഴ്ച ജലനിരപ്പ് 69.40 മീറ്ററിലെത്തി. 70.262 മീറ്ററാണ് മുന്നറിയിപ്പ് പരിധി. 71.26 മീറ്ററിലെത്തിയാൽ അപകടനിലയായി കണക്കാക്കും. നിലവിൽ വാരാണസിയിലെ 84 ഘാട്ടുകളും പൂർണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഗംഗയിലെ ജലനിരപ്പ് മണിക്കൂറിൽ നാല് സെന്റീമീറ്റർ വീതം ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും പ്രളയഭീഷണി ശക്തമായി. നമോ ഘാട്ടിലെ ‘നമസ്തേ’ പ്രതിമ ഉൾപ്പെടെയുള്ള നിരവധി ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. സമീപത്തെ റിവർ പൊലീസ് കമ്മീഷണറേറ്റ് ഓഫീസിലും വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഗംഗയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇതിനിടെ വരുണ നദി വിപരീത ദിശയിൽ ഒഴുകിയതും സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ഇതോടെ തീരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പ്രദേശവാസികളെ സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. പ്രളയസാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വാരാണസിയിൽ 61 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി 21 ഫ്ലഡ് പോസ്റ്റുകളും സ്ഥാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 198 ബോട്ടുകൾ സജ്ജമായി നിർത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേന, വാട്ടർ പൊലീസ്, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി സംഘങ്ങൾ എന്നിവരും വിവിധ മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ കന്നുകാലികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

സിന്ധു നദീജല കരാർ: ആർബിട്രേഷൻ കോടതി വിധി തള്ളി ഇന്ത്യ

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ കീഴിലുള്ള ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കില്ലെന്ന് ഇന്ത്യ. നിയമവിരുദ്ധമായി രൂപീകരിച്ച കോടതിക്ക് ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കോടതിയുടെ പ്രഖ്യാപനങ്ങൾ ഇന്ത്യ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതികളെയോ മറ്റ് പദ്ധതികളെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ലോകബാങ്ക് ആർബിട്രേഷൻ കോടതി രൂപീകരിച്ചതെന്നാണ് ഇന്ത്യയുടെ നിലപാട്. അതിനാൽ കോടതിയുടെ നിയമസാധുത ഇന്ത്യ അംഗീകരിച്ചിട്ടില്ല. കോടതി രൂപീകരണം തന്നെ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി കോടതിയിലെ നടപടികളിൽ ഇന്ത്യ പങ്കെടുക്കുകയോ അതിന്റെ പ്രഖ്യാപനങ്ങൾക്ക് അംഗീകാരം നൽകുകയോ ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ കോടതി നേരത്തെ പുറപ്പെടുവിച്ച തീരുമാനങ്ങളും ഇന്ത്യ തള്ളിയിരുന്നു. 2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ കരാർ ഇപ്പോഴും പ്രാബല്യത്തിലാണെന്നും അത് നിർത്തിവെക്കാനോ റദ്ദാക്കാനോ ഇന്ത്യ ഉന്നയിക്കുന്ന കാരണങ്ങൾ ന്യായീകരിക്കാനാകില്ലെന്നുമാണ് ഹേഗ് ആസ്ഥാനമായ ആർബിട്രേഷൻ കോടതിയുടെ നിലപാട്. അതേസമയം, ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിൽ ഇടപെടാൻ ആർബിട്രേഷൻ കോടതിക്ക് അധികാരമില്ലെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.

നേപ്പാളിൽ 93 തൊഴിലാളികൾക്കായി തെർമൽ ഡ്രോൺ തിരച്ചിൽ; തുരങ്കത്തിൽ ആരെയും കണ്ടെത്തിയില്ല

നേപ്പാളിലെ പ്രളയബാധിത രസുവ ജില്ലയിലെ രസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടില്ല. തുരങ്കത്തിനുള്ളിൽ 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് അത്യാധുനിക തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ആരെയും കണ്ടെത്താനായില്ല. ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കാമെന്ന സംശയം ഉയർന്നത്. അപകടസാധ്യത കണക്കിലെടുത്ത് നേപ്പാൾ സൈന്യത്തിലെ ഉദ്യോഗസ്ഥർ, എൻജിനീയർമാർ, ഡ്രോൺ വിദഗ്ധർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. തുരങ്കത്തിന്റെ വിവിധ ഭാഗങ്ങൾ തെർമൽ ഡ്രോണുകളുടെ സഹായത്തോടെ വിശദമായി പരിശോധിച്ചെങ്കിലും മനുഷ്യസാന്നിധ്യം സൂചിപ്പിക്കുന്ന യാതൊരു അടയാളവും ലഭിച്ചില്ല. ഇതോടെ തുരങ്കത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് വിലയിരുത്തി രക്ഷാദൗത്യം അവസാനിപ്പിച്ചു. പരിശോധന നടത്തിയ സൈനിക സംഘം മടങ്ങിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. അതേസമയം, പ്രളയത്തിൽ നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട ഭൂഗർഭ തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം. കാണാതായ തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിയതാണോ, രക്ഷപ്പെടുന്നതിനിടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയതാണോ, പ്രളയജലത്തിൽപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 933 പേരെ കാണാതായതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. വിവിധ തുരങ്കങ്ങളിൽ നിന്നായി 279 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ മേഖലകളിൽ രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്.

പെട്രോളിലെ എഥനോൾ ശതമാനം ബില്ലിൽ രേഖപ്പെടുത്തണം; ഹർജി തള്ളി സുപ്രീം കോടതി

പെട്രോളിൽ കലർത്തിയിരിക്കുന്ന എഥനോളിന്റെ അളവ് പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കുകയും ഇന്ധന ബില്ലിലും ഇൻവോയിസിലും നിർബന്ധമായും രേഖപ്പെടുത്തുകയും വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച കോടതി, പരാതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരന് നിർദേശം നൽകി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പെട്രോളിൽ എത്ര ശതമാനം എഥനോൾ കലർത്തിയിട്ടുണ്ടെന്ന വിവരം എല്ലാ പെട്രോൾ പമ്പുകളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരനായ നരേന്ദ്ര കുമാർ ഗോസ്വാമിയുടെ പ്രധാന ആവശ്യം. ഇന്ധനം നിറയ്ക്കുന്ന നോസിലുകളിലും ഈ വിവരം രേഖപ്പെടുത്തണമെന്നും പെട്രോൾ വാങ്ങുമ്പോൾ ലഭിക്കുന്ന ബില്ലിലും ഇൻവോയിസിലും എഥനോൾ ശതമാനം വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പമ്പുകളിൽ നിന്ന് ലഭിക്കുന്ന ഇന്ധനത്തിന്റെ ഘടനയെക്കുറിച്ച് ഉപഭോക്താവിന് അറിയാനുള്ള അവകാശമുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. നിലവിൽ പെട്രോൾ വാങ്ങിയ ശേഷം ലഭിക്കുന്ന രസീതുകൾ പരിശോധിച്ചാലും അതിൽ എഥനോൾ കലർപ്പിന്റെ അളവ് വ്യക്തമാകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന എഥനോൾ മിശ്രിത പെട്രോളിന്റെ അളവ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ഡാറ്റാബേസ് രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വാഹന നിർമാതാവ്, മോഡൽ, എൻജിൻ തരം, നിർമാണ വർഷം എന്നിവയ്ക്കൊപ്പം ഓരോ വാഹനത്തിലും പരമാവധി എത്ര ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാമെന്ന വിവരവും ഡാറ്റാബേസിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. പഴയ വാഹനങ്ങൾക്കും ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതം അനുയോജ്യമല്ലാത്ത വാഹനങ്ങൾക്കും കുറഞ്ഞ എഥനോൾ അളവുള്ള പെട്രോൾ ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇ20 പെട്രോൾ നടപ്പാക്കുന്നതിന് മുമ്പ് നടത്തിയ പഠനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, പൊതുജനങ്ങളിൽ നിന്ന് തേടിയ അഭിപ്രായങ്ങൾ, പഠന റിപ്പോർട്ടുകൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നും ഹർജിക്കാരൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി, വിഷയത്തിൽ പരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്ന് നിർദേശിക്കുകയായിരുന്നു.

ആധാറിലെ ജനനത്തീയതി തിരുത്തൽ പ്രതിസന്ധിയിൽ; അപേക്ഷ സ്വീകരിക്കാൻ സേവനകേന്ദ്രങ്ങൾക്കും മടി

ആധാർ കാർഡിലെ ജനനത്തീയതി തിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തതയില്ലാത്തത് അപേക്ഷകരെ പ്രതിസന്ധിയിലാക്കുന്നു. ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യതയും, രേഖകൾ തെറ്റാണെന്ന് കണ്ടെത്തിയാൽ സേവനകേന്ദ്രങ്ങൾക്ക് പിഴ ചുമത്തുമെന്ന വ്യവസ്ഥയും കാരണം പല ആധാർ സേവനകേന്ദ്രങ്ങളും ജനനത്തീയതി തിരുത്തൽ അപേക്ഷകൾ സ്വീകരിക്കാൻ മടിക്കുകയാണ്. ഇതോടെ ആധാറിൽ തെറ്റായി രേഖപ്പെടുത്തിയ ജനനത്തീയതി തിരുത്തുന്നത് പലർക്കും ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിനുമായി സമർപ്പിക്കാവുന്ന രേഖകളുടെ പട്ടികയിൽ നിന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) കഴിഞ്ഞ ഡിസംബറിൽ നിരവധി രേഖകൾ ഒഴിവാക്കിയിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് ആധാർ വിവരങ്ങളിൽ മാറ്റം വരുത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ ഇതിന് പിന്നാലെയാണ് ജനനത്തീയതി തിരുത്തൽ കൂടുതൽ സങ്കീർണമാകുന്നതായി പരാതികൾ ഉയർന്നത്. നിലവിൽ ജനനസർട്ടിഫിക്കറ്റ് പോലുള്ള ആധികാരിക രേഖ സമർപ്പിക്കുന്ന അപേക്ഷകളിലാണ് ആധാറിലെ ജനനത്തീയതി തിരുത്താൻ പ്രധാനമായും അവസരം ലഭിക്കുന്നത്. ഫോട്ടോ പതിച്ചതും ബാർകോഡ് ഉൾപ്പെടുന്നതുമായ എസ്.എസ്.എൽ.സി. ബുക്ക്, പാസ്‌പോർട്ട് തുടങ്ങിയവ അംഗീകൃത രേഖകളായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഇവ ഉപയോഗിച്ചുള്ള അപേക്ഷകൾ പലപ്പോഴും നിരസിക്കപ്പെടുന്നതായും പരാതിയുണ്ട്. ജനനത്തീയതി തിരുത്തുന്നതിനുള്ള രേഖകളുടെ പട്ടികയിൽ നിന്ന് സ്കൂൾ സർട്ടിഫിക്കറ്റുകൾ നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. ഇതോടെ എസ്.എസ്.എൽ.സി. ബുക്ക് കൈവശമില്ലാത്ത പ്രായമായവരുടെ ആധാർ വിവരങ്ങളിലെ ജനനത്തീയതി തിരുത്തലും കൂടുതൽ പ്രയാസകരമായി. ആധാർ എടുക്കുന്നതിനും വിവരങ്ങൾ പുതുക്കുന്നതിനും ഉപയോഗിക്കാവുന്ന രേഖകളിൽ നിന്ന് പാൻ കാർഡ്, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റ്, സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, സർക്കാർ വകുപ്പുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന കുടുംബാവകാശ രേഖ, പൊതുമേഖലാ ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ്‌ബുക്ക് തുടങ്ങിയവയും നേരത്തെ ഒഴിവാക്കിയിരുന്നു. രേഖകൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തുകയും അംഗീകരിക്കാവുന്ന രേഖകളുടെ കാര്യത്തിൽ ഏകീകൃത സമീപനം ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ആധാറിലെ തെറ്റായ ജനനത്തീയതി തിരുത്തുന്നതിനുള്ള പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണ് അപേക്ഷകരുടെ ആവശ്യം.

പകൽ ജയിലിന് പുറത്ത് ജോലി; തടവുകാർക്ക് വരുമാനം കണ്ടെത്താൻ അവസരമൊരുക്കി ഝാർഖണ്ഡ് സർക്കാർ

തടവുകാർക്ക് പകൽ സമയങ്ങളിൽ ജയിലിന് പുറത്തുപോയി ജോലി ചെയ്ത് വരുമാനം കണ്ടെത്താൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിയുമായി ഝാർഖണ്ഡ് സർക്കാർ. തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നതിനൊപ്പം, അവർക്ക് സ്വന്തമായി വരുമാനം കണ്ടെത്താനും അതിലൂടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് രാവിലെ ജയിലിൽ നിന്ന് പുറത്തുപോയി വിവിധ ജോലികളിൽ ഏർപ്പെടാം. എന്നാൽ പകൽ ജോലി പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ ഇവർ നിർബന്ധമായും ജയിലിലേക്ക് തിരിച്ചെത്തണം. രാവിലെ ആറ് അല്ലെങ്കിൽ ഏഴ് മണിയോടെ പുറത്തുപോകുന്നവർ ഏകദേശം 12 മണിക്കൂറിന് ശേഷം ജയിലിൽ തിരിച്ചെത്തുന്ന രീതിയിലായിരിക്കും സംവിധാനം. നിലവിൽ സംസ്ഥാനത്തെ നാല് പ്രധാന സെൻട്രൽ ജയിലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ജയിലുകൾ നഗരപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തടവുകാർക്ക് സമീപ പ്രദേശങ്ങളിൽ ജോലി കണ്ടെത്താനും വരുമാനം നേടാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ എല്ലാ തടവുകാർക്കും ഈ ആനുകൂല്യം ലഭിക്കില്ല. യോഗ്യരായ തടവുകാരെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കും. തടവുകാരുടെ പെരുമാറ്റം, ജയിൽ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും പുറത്തുപോയി ജോലി ചെയ്യാനുള്ള അനുമതി നൽകുക. പദ്ധതിയുടെ ഭാഗമായി പുറത്തുപോകുന്ന തടവുകാരുടെ കാര്യത്തിൽ കൃത്യമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും. തടവുകാരുടെ സ്വഭാവപരിഷ്കരണത്തിന് സഹായിക്കുന്നതിനും ജയിൽ മോചിതരായ ശേഷം സമൂഹത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ തിരിച്ചെത്തുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തടവുശിക്ഷയ്ക്കൊപ്പം തൊഴിൽപരിചയവും സാമ്പത്തിക സ്വാതന്ത്ര്യവും നേടാൻ അവസരം നൽകുന്നതിലൂടെ അവരുടെ പുനരധിവാസം കൂടുതൽ ഫലപ്രദമാക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ‘ഝാർഖണ്ഡ് പ്രിസൺ ആൻഡ് കറക്ഷണൽ സർവീസ് ആക്ട്, 2025’ന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. പദ്ധതിക്ക് ഝാർഖണ്ഡ് മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.