കൊച്ചി വിമാനത്താവളത്തിന് വമ്പൻ വികസനപദ്ധതി, മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

അടുത്ത കാൽ നൂറ്റാണ്ടിലെ വികസനസാധ്യതകൾ മുന്നിൽക്കണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. വിമാനത്താവളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭൂമിയുടെ ഉപയോഗവും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പഠിച്ചാകും പദ്ധതി തയ്യാറാക്കുക. ഇതിനായി ജേക്കബ്സ് സൊല്യൂഷൻസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തെ സിയാൽ നിയോഗിച്ചു. 6.64 കോടി രൂപയാണ് കരാർ തുക. സിയാലിന്റെ കൈവശമുള്ള 1,500 ഏക്കർ ഭൂമിയിൽ അടുത്ത 25 വർഷത്തിനിടെ നടപ്പാക്കാനാകുന്ന വികസന പദ്ധതികളാണ് കൺസൾട്ടൻസി പ്രധാനമായും പഠിക്കുക. രണ്ടാം റൺവേ, ടാക്സിവേ, വ്യോമഭാഗത്തെ അനുബന്ധ സൗകര്യങ്ങൾ, യാത്രാ ടെർമിനലുകളുടെ വിപുലീകരണം, കാർഗോ കോംപ്ലക്സിന്റെ വികസനം എന്നിവ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടും. വിമാനത്താവളത്തിലേക്കുള്ള മൾട്ടി മോഡൽ കണക്ടിവിറ്റി, ഭാവിയിലെ വികസനത്തിനുള്ള ഭൂമിയുടെ ആവശ്യകത, വ്യോമയാന മേഖലയിലെ വളർച്ചാ സാധ്യതകൾ എന്നിവയും വിശദമായി പരിശോധിക്കും. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് 25 വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം 1.14 കോടിയായി ഉയർന്നിട്ടുണ്ട്. വിമാന സർവീസുകളുടെ എണ്ണം 73,134 ആയി. അടുത്ത 25 വർഷത്തിനിടെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധന കണക്കിലെടുത്താണ് പുതിയ വികസന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. പദ്ധതികളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങളും പഠനവിധേയമാക്കും. കൺസൾട്ടൻസി പഠനം ആരംഭിച്ചു കഴിഞ്ഞു. 10 മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സിയാലിന് സമർപ്പിക്കും. തുടർന്ന് റിപ്പോർട്ട് സിയാൽ ഡയറക്ടർ ബോർഡ് പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ തീരുമാനിക്കും.
ക്ലാസ് നടക്കുന്നതിനിടെ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു; ആറ് വിദ്യാർഥികൾക്ക് പരിക്ക്

കർണാടകയിലെ മുഗല്ലൊള്ളി താണ്ടയിലെ സർക്കാർ സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾക്ക് നിസാര പരിക്കുകളാണുള്ളതെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവർക്ക് ആശുപത്രിയിൽ ആവശ്യമായ ചികിത്സ നൽകി വരികയാണ്. അപകടത്തിൽ അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. സ്‌കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ രക്ഷിതാക്കളും അധ്യാപകരും ആശങ്ക അറിയിച്ചിരുന്നതായാണ് വിവരം. അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സ്‌കൂൾ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് മേൽക്കൂരയുടെ ഭാഗം പെട്ടെന്ന് തകർന്നുവീണത്. സംഭവത്തിന് പിന്നാലെ സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അപകടത്തെ തുടർന്ന് തകർന്ന കെട്ടിടത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ പഞ്ചായത്ത് രാജ് എൻജിനീയറിങ് വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. പരിക്കേറ്റ വിദ്യാർഥികളുടെ ആരോഗ്യനിലയും ചികിത്സയും വിലയിരുത്തുന്നതിനായി സ്‌കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആശുപത്രിയിലെത്തി. അതേസമയം, രാജ്യത്തെ വിവിധ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ സിജെപിയും അഭിജിത് ദീപ്‌കെയും കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ സംഭവത്തിൽ മൗനം പാലിക്കുകയാണെന്ന് ബിജെപി വിമർശിച്ചു. സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളുകളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി ആവശ്യമുണ്ടെങ്കിൽ കാലതാമസമില്ലാതെ നടപടികൾ പൂർത്തിയാക്കണമെന്നും കർണാടക വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രക്ഷിതാക്കൾ സ്ഥിരമായ പരിഹാരമാണ് ആവശ്യപ്പെടുന്നത്. താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് പകരം സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന നടത്തി അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനർനിർമിക്കണമെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
കേരള ഹൗസിലെ രേഖകൾ മോഷണം പോയെന്ന് പരാതി; മുൻ അഡീഷണൽ ലോ സെക്രട്ടറിക്കെതിരെ ആരോപണം

കേരള ഹൗസിലെ നിയമവിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന പരാതിയിൽ ഡൽഹി പൊലീസിൽ പരാതി. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷൺമുവതിയാണ് തിലക് മാർഗ് പൊലീസിൽ പരാതി നൽകിയത്. മുൻ അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസിനെതിരെയാണ് പരാതിയിലെ പ്രധാന ആരോപണം. നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ കാണാതായെന്നും ഇത് ഗ്രാൻസി എടുത്തുകൊണ്ടുപോയതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം അഞ്ചിന് ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഉത്തരവിന് ശേഷവും പലതവണ അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിച്ചതായി പരാതിയിലുണ്ട്. ഫയലുകളും സത്യവാങ്മൂലങ്ങളും കൈമാറണമെന്ന് ഗ്രാൻസി ആവശ്യപ്പെട്ടിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അവ കൈമാറിയില്ലെന്നും പറയുന്നു. ബലംപ്രയോഗിച്ച് ഓഫീസിൽ കയറി, വധഭീഷണി മുഴക്കി, ആക്രമിക്കാൻ ശ്രമിച്ചു, കാർക്കിച്ച് തുപ്പി തുടങ്ങിയ ആരോപണങ്ങളും ഡെപ്യൂട്ടി സെക്രട്ടറി ഉന്നയിച്ചിട്ടുണ്ട്. കേരളവുമായി ബന്ധപ്പെട്ട സുപ്രീംകോടതി, ഡൽഹി ഹൈക്കോടതി, വിവിധ ട്രിബ്യൂണൽ കേസുകളിലെ നിർണായക രേഖകൾ കേരള ഹൗസിലെ നിയമവിഭാഗത്തിലാണ് സൂക്ഷിക്കുന്നത്. പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ രേഖകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ നിയമ, പൊതുഭരണ വകുപ്പ് മേധാവികളെ അറിയിച്ചെങ്കിലും സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും അർധരാത്രിയിൽ ട്രെയിനിൽനിന്ന് ഇറക്കിവിട്ടു; റെയിൽവേ ₹2 ലക്ഷം നഷ്ടപരിഹാരം നൽകണം

റിസർവേഷൻ ടിക്കറ്റുണ്ടായിരുന്നിട്ടും അർധരാത്രിയിൽ യാത്രക്കാരിയെ ട്രെയിനിൽനിന്ന് ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ റെയിൽവേ ₹2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേതാണ് ഉത്തരവ്. ഒരു മാസത്തിനകം തുക നൽകണം. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് അന്വേഷണം നടത്തി തുക ഈടാക്കാൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്കും കമ്മീഷൻ നിർദ്ദേശം നൽകി. തൃശൂർ എരുമപ്പെട്ടി സ്വദേശിനിയും തിരുവനന്തപുരത്ത് താമസക്കാരിയുമായ കെ. ജയസ്മിത നൽകിയ പരാതിയിലാണ് നടപടി. 2023 ജൂലൈ 30-നായിരുന്നു സംഭവം. വടക്കാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസിലെ എസ്4 കോച്ചിൽ ജയസ്മിത 41-ാം നമ്പർ ബർത്ത് റിസർവ് ചെയ്തിരുന്നു. എന്നാൽ ബർത്തിൽ മറ്റൊരാൾ ഉണ്ടായിരുന്നതിനാൽ ടി.ടി.ഇയെ സമീപിച്ചപ്പോൾ ടിക്കറ്റ് ഓൺലൈനായി റദ്ദാക്കിയതായി അറിയിച്ചു. ₹500 പിഴ നൽകിയാൽ മറ്റൊരു ബർത്ത് നൽകാമെന്ന് ടി.ടി.ഇ പറഞ്ഞെങ്കിലും കൈയിൽ പണമില്ലായിരുന്നു. തുടർന്ന് ആലുവയിൽവച്ച് ആർ.പി.എഫിന് കൈമാറുകയും ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് റെയിൽവേ നടത്തിയ അന്വേഷണത്തിൽ റിസർവേഷൻ ഫോമിലെ മൊബൈൽ നമ്പർ ബുക്കിങ് ക്ലാർക്ക് തെറ്റായി രേഖപ്പെടുത്തിയതാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തി. തെറ്റായ നമ്പറിലേക്ക് ലഭിച്ച സന്ദേശം ലഭിച്ചയാൾ ടിക്കറ്റ് തന്റേതല്ലെന്ന് കരുതി ഓൺലൈനായി റദ്ദാക്കുകയായിരുന്നു. തെറ്റായി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റെയിൽവേ പിൻവലിച്ചു. റെയിൽവേ ആക്ടിലെ 137, 139 വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് സംഭവിച്ചതെന്ന് മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തി. പരാതിക്കാരിയുടെ അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെട്ടതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. രാത്രിയിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിയമം പാലിക്കുന്നതുസംബന്ധിച്ച് ഉടൻ സർക്കുലർ പുറപ്പെടുവിക്കാനും റെയിൽവേയോട് നിർദ്ദേശിച്ചു. നഷ്ടപരിഹാരം ആറാഴ്ചയ്ക്കകം നൽകാത്ത പക്ഷം എട്ട് ശതമാനം പലിശ സഹിതം നൽകണം. സംഭവത്തെ തുടർന്ന് സർക്കാർ കരാർ ജോലി നഷ്ടപ്പെട്ടതായി പരാതിക്കാരി അറിയിച്ചതിനെ തുടർന്ന് ആശ്വാസത്തിനായി സർക്കാരിനെ സമീപിക്കാനും, അപേക്ഷയിൽ ഒരുമാസത്തിനകം തീരുമാനമെടുക്കാനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി.
കൊച്ചി മെട്രോ മൂന്നാംഘട്ടം: ഭൂഗർഭപാതയില്ല; ആലുവ–അങ്കമാലി പാത പൂർണമായും മേൽപ്പാത

കൊച്ചി മെട്രോയുടെ മൂന്നാംഘട്ടമായ ആലുവ–അങ്കമാലി പാതയിൽ ഭൂഗർഭ മെട്രോ ഉണ്ടാകുമെന്ന പ്രചാരണം തള്ളി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). എയർപോർട്ട് മേഖലയിൽ ഭൂമിക്കടിയിലൂടെ മെട്രോ കടന്നുപോകുമെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.എം.ആർ.എൽ. വ്യക്തമാക്കി. മൂന്നാംഘട്ട നിർമാണത്തിനായി തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) പ്രകാരം 18.09 കിലോമീറ്റർ ദൈർഘ്യമുള്ള പാത മുഴുവനായും മേൽപ്പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഡി.പി.ആർ. സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും നിലവിൽ സർക്കാർ പരിഗണനയിലാണെന്നും കെ.എം.ആർ.എൽ. അറിയിച്ചു. ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്കാണ് മൂന്നാംഘട്ടത്തിൽ മെട്രോ പാത ആസൂത്രണം ചെയ്യുന്നത്. നാല് അലൈൻമെന്റുകൾ പരിഗണിച്ച ശേഷം എയർപോർട്ട് വഴിയുള്ള അലൈൻമെന്റാണ് നിലവിൽ മുന്നിലുള്ളത്. നേരത്തെ ആലുവ മുതൽ കരിയാട് വരെ റോഡിന് മുകളിലൂടെയും എയർപോർട്ട് മേഖലയിൽ ഭൂഗർഭമായും പാത നിർമിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതാണ് കെ.എം.ആർ.എൽ. ഇപ്പോൾ സ്ഥിരീകരിച്ച് തള്ളിയത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിവ ഉൾപ്പെടെ 15 സ്റ്റേഷനുകളാണ് നിർദേശിച്ചിരിക്കുന്നത്.
കേരളത്തിന് തിരിച്ചടി; വിമാന സർവീസുകളിൽ വൻ സീറ്റ് വെട്ടിക്കുറയ്ക്കൽ

കേരളത്തിലെ വിമാന സർവീസുകളിൽ വൻതോതിൽ സീറ്റ് വെട്ടിക്കുറച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര വ്യോമയാന ഡാറ്റാ ഏജൻസിയായ ഒഫീഷ്യൽ എയർലൈൻ ഗൈഡ് (OAG) പുറത്തുവിട്ട 2026 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ വിമാന സീറ്റ് ശേഷിയിൽ 22.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒറ്റ വർഷത്തിനിടെ 2,47,285 സീറ്റുകളാണ് സംസ്ഥാനത്തിന് നഷ്ടമായത്. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും സീറ്റ് ശേഷിയിൽ കുറവുണ്ടായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ, ഉയർന്ന ഇന്ധനവില, വിമാനക്കമ്പനികളുടെ സർവീസ് പുനഃക്രമീകരണം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളെയും ഈ സാഹചര്യം ബാധിച്ചു. പ്രവാസി മലയാളികളുടെ പ്രധാന യാത്രാകേന്ദ്രമായ യുഎഇയിലേക്കുള്ള ഇന്ത്യയുടെ വിമാന സീറ്റ് ശേഷിയിലും നാല് ശതമാനം കുറവുണ്ടായി. ഇതിനുപുറമെ, വിനോദസഞ്ചാര മേഖലയും സീറ്റ് വെട്ടിക്കുറയ്ക്കലിന്റെ ആഘാതം നേരിട്ടു. മലയാളി സഞ്ചാരികളുടെ പ്രിയപ്പെട്ട ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വിമാന സീറ്റ് ശേഷിയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചിയിൽ സ്വകാര്യ ബസുകൾക്കെതിരെ മിന്നൽ പരിശോധന; 81 വാഹനങ്ങൾക്കെതിരെ നടപടി

കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങും മോശം പെരുമാറ്റവും വർധിക്കുന്ന സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 81 വാഹനങ്ങൾക്കെതിരെ നടപടി. 110 വാഹനങ്ങൾ പരിശോധിച്ചതിൽ നിയമലംഘനം കണ്ടെത്തിയവരിൽ നിന്ന് 1,21,250 രൂപ പിഴ ഈടാക്കി. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നഗരത്തിലെ പ്രധാന മേഖലകൾ കേന്ദ്രീകരിച്ച് നാല് പ്രത്യേക സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്. ആലുവ, കളമശേരി, ചിറ്റൂർ, മാമംഗലം, കച്ചേരിപ്പടി, കോമ്പാറ, മട്ടാഞ്ചേരി, ഫോർട്ട്കൊച്ചി, പനമ്പിള്ളിനഗർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലായിരുന്നു പരിശോധന. റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തിയ വാഹനങ്ങൾ, സാധുവായ ഡ്രൈവിങ് ലൈസൻസില്ലാതെ ബസ് ഓടിച്ച ഡ്രൈവർമാർ, കണ്ടക്ടർ ലൈസൻസില്ലാതെ ജോലി ചെയ്ത ജീവനക്കാർ എന്നിവർക്കെതിരെയാണ് പ്രധാനമായും നടപടി സ്വീകരിച്ചത്. യാത്രക്കാരെയും മറ്റ് വാഹനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉച്ചത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ച ബസുകൾക്കെതിരെയും കേസെടുത്തു. റോഡിനു നടുവിൽ ബസ് നിർത്തി ഗതാഗത തടസ്സമുണ്ടാക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടിയുണ്ടാകുമെന്ന് ആർ.ടി.ഒ. അറിയിച്ചു. പെഡസ്ട്രിയൻ ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാർക്ക് വഴിനൽകാതെ ബസ് മുന്നോട്ടെടുക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും. സ്വകാര്യ ബസുകളുടെ നിയമലംഘനവും അപകടകരമായ ഡ്രൈവിങ്ങും തടയാൻ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
തിരുവനന്തപുരത്ത് അത്യാധുനിക മെട്രോ; പുതുക്കിയ ഡിപിആർ സർക്കാരിന്

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും ആധുനിക മെട്രോ പദ്ധതികളിലൊന്നായി തലസ്ഥാനത്തിനായി വിഭാവനം ചെയ്യുന്ന മെട്രോയുടെ പുതുക്കിയ വിശദ പദ്ധതിരേഖ (ഡിപിആർ) കെ.എം.ആർ.എൽ. സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ഡി.എം.ആർ.സി. തയ്യാറാക്കിയ രൂപരേഖയിൽ ആവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ഡിപിആർ പുതുക്കിയത്. ആദ്യഘട്ടത്തിൽ 31 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ ആസൂത്രണം ചെയ്യുന്നത്. പാപ്പനംകോട് മുതൽ കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കാര്യവട്ടം, കഴക്കൂട്ടം, ടെക്നോപാർക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചയ്ക്കൽ വരെയാണ് പാത. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ്, ടെക്നോപാർക്ക് എന്നിവയെ ബന്ധിപ്പിക്കും. റോഡിന് മുകളിലൂടെയുള്ള എലിവേറ്റഡ് പാതയാണ് നിർദേശം. നിർമാണച്ചെലവ് നേരത്തെ ഏകദേശം 8000 കോടി രൂപയായി കണക്കാക്കിയിരുന്നെങ്കിലും പുതുക്കിയ പദ്ധതിയിൽ ഇത് ഉയരാൻ സാധ്യതയുണ്ട്. മെട്രോയ്ക്ക് അനുബന്ധമായി നടപ്പാക്കാവുന്ന വികസന പദ്ധതികളും ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ വിശദമായി പരിശോധിച്ച ശേഷം അംഗീകാരം ലഭിച്ചാൽ കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും.
കണ്ണൂർ യൂണിവേഴ്സിറ്റി ഫോക്‌ലോർ ആർട്ട് ഗാലറിയിൽ വൻ തട്ടിപ്പ് ആരോപണം; അമൂല്യ വസ്തുക്കൾ കാണാതായതായി റിപ്പോർട്ട്

കണ്ണൂർ സർവകലാശാലയിൽ ഗവർണർ ഉദ്ഘാടനം ചെയ്ത ഫോക്‌ലോർ ആർട്ട് ഗാലറിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങൾ. ജൂൺ ഒന്നിന് ഉദ്ഘാടനം ചെയ്ത ഗാലറിയിൽ സൂക്ഷിച്ചിരുന്ന അമൂല്യമായ കലാവസ്തുക്കൾ ഉദ്ഘാടനത്തിന് പിന്നാലെ കാണാതായെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സർവകലാശാല അധികൃതർക്കെതിരെ ചോദ്യങ്ങൾ ഉയരുകയാണ്. കാണാതായ അമൂല്യ വസ്തുക്കൾക്ക് പകരം പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് ശിൽപങ്ങൾ നിർമിച്ച് ഗാലറി പുനഃക്രമീകരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ആരോപണമുണ്ട്. ഇതോടെ ഗാലറിയുടെ സംരക്ഷണത്തിലും വസ്തുക്കളുടെ സുരക്ഷയിലും വീഴ്ച സംഭവിച്ചോ എന്നതടക്കമുള്ള സംശയങ്ങൾ ശക്തമായി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഔദ്യോഗികമായി സമീപിച്ചിട്ടും സർവകലാശാല അധികൃതർ മറുപടി നൽകുന്നില്ലെന്നാണ് ആരോപണം. അമൂല്യ വസ്തുക്കൾ എവിടെ പോയി, അവയ്ക്ക് പകരം ശിൽപങ്ങൾ നിർമിക്കാനുള്ള നീക്കത്തിന് പിന്നിലെന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക് അധികൃതർ വ്യക്തത നൽകേണ്ടതുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഹോർമുസിന് സമീപം വീണ്ടും യു.എസ്. ആക്രമണം; തിരിച്ചടിച്ചാൽ കനത്ത പ്രഹരമെന്ന് ട്രംപ്

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തീരദേശ കേന്ദ്രങ്ങൾക്കുനേരെ യു.എസ്. വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. രണ്ടുദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ, ജാസ്ക്, സിറിക്, കൊനാരക് തുടങ്ങിയ മേഖലകളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് വിവരം. ഖെഷം ദ്വീപ്, ചാബഹാർ, കൊനാരക് എന്നിവിടങ്ങളിൽ പ്രൊജക്‌ടൈലുകൾ പതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇറാൻ തിരിച്ചടിക്കാൻ ശ്രമിച്ചാൽ അതിലും ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ കടൽമൈനുകൾ സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചതിനും ജോർദാനിലെ യു.എസ്. സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതിനുമുള്ള തിരിച്ചടിയാണ് നടപടിയെന്നാണ് യു.എസ്. വിശദീകരണം. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് വിക്ഷേപിച്ച എല്ലാ മിസൈലുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു. അതേസമയം, യു.എസ്. ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) മുന്നറിയിപ്പ് നൽകി. ആറുമാസമായി തുടരുന്ന മേഖലാ സംഘർഷം ആഗോള എണ്ണവിപണിയിലും വ്യാപാരമേഖലയിലും വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ സമ്മർദത്തിലാക്കാനുള്ള നീക്കം യു.എസ്. ശക്തമാക്കുന്നതിനിടെയാണ് പുതിയ ആക്രമണം.