ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തീരദേശ കേന്ദ്രങ്ങൾക്കുനേരെ യു.എസ്. വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. രണ്ടുദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഖെഷം ദ്വീപ്, ബന്ദർ അബ്ബാസ്, ചാബഹാർ, ജാസ്ക്, സിറിക്, കൊനാരക് തുടങ്ങിയ മേഖലകളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായെന്നാണ് വിവരം. ഖെഷം ദ്വീപ്, ചാബഹാർ, കൊനാരക് എന്നിവിടങ്ങളിൽ പ്രൊജക്‌ടൈലുകൾ പതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു. എന്നാൽ ആക്രമണത്തിന്റെ വ്യാപ്തിയും നാശനഷ്ടങ്ങളും സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇറാൻ തിരിച്ചടിക്കാൻ ശ്രമിച്ചാൽ അതിലും ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിൽ കടൽമൈനുകൾ സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചതിനും ജോർദാനിലെ യു.എസ്. സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതിനുമുള്ള തിരിച്ചടിയാണ് നടപടിയെന്നാണ് യു.എസ്. വിശദീകരണം. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് വിക്ഷേപിച്ച എല്ലാ മിസൈലുകളും തകർത്തതായും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, യു.എസ്. ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) മുന്നറിയിപ്പ് നൽകി. ആറുമാസമായി തുടരുന്ന മേഖലാ സംഘർഷം ആഗോള എണ്ണവിപണിയിലും വ്യാപാരമേഖലയിലും വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ സമ്മർദത്തിലാക്കാനുള്ള നീക്കം യു.എസ്. ശക്തമാക്കുന്നതിനിടെയാണ് പുതിയ ആക്രമണം.





