കൊച്ചി മെട്രോയുടെ മൂന്നാംഘട്ടമായ ആലുവ–അങ്കമാലി പാതയിൽ ഭൂഗർഭ മെട്രോ ഉണ്ടാകുമെന്ന പ്രചാരണം തള്ളി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). എയർപോർട്ട് മേഖലയിൽ ഭൂമിക്കടിയിലൂടെ മെട്രോ കടന്നുപോകുമെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.എം.ആർ.എൽ. വ്യക്തമാക്കി.
മൂന്നാംഘട്ട നിർമാണത്തിനായി തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) പ്രകാരം 18.09 കിലോമീറ്റർ ദൈർഘ്യമുള്ള പാത മുഴുവനായും മേൽപ്പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഡി.പി.ആർ. സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും നിലവിൽ സർക്കാർ പരിഗണനയിലാണെന്നും കെ.എം.ആർ.എൽ. അറിയിച്ചു.
ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്കാണ് മൂന്നാംഘട്ടത്തിൽ മെട്രോ പാത ആസൂത്രണം ചെയ്യുന്നത്. നാല് അലൈൻമെന്റുകൾ പരിഗണിച്ച ശേഷം എയർപോർട്ട് വഴിയുള്ള അലൈൻമെന്റാണ് നിലവിൽ മുന്നിലുള്ളത്. നേരത്തെ ആലുവ മുതൽ കരിയാട് വരെ റോഡിന് മുകളിലൂടെയും എയർപോർട്ട് മേഖലയിൽ ഭൂഗർഭമായും പാത നിർമിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതാണ് കെ.എം.ആർ.എൽ. ഇപ്പോൾ സ്ഥിരീകരിച്ച് തള്ളിയത്.
തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിവ ഉൾപ്പെടെ 15 സ്റ്റേഷനുകളാണ് നിർദേശിച്ചിരിക്കുന്നത്.





