കേരള ഹൗസിലെ രേഖകൾ മോഷണം പോയെന്ന് പരാതി; മുൻ അഡീഷണൽ ലോ സെക്രട്ടറിക്കെതിരെ ആരോപണം

കേരള ഹൗസിലെ നിയമവിഭാഗത്തിൽ സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകൾ മോഷണം പോയെന്ന പരാതിയിൽ ഡൽഹി പൊലീസിൽ പരാതി. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷൺമുവതിയാണ് തിലക് മാർഗ് പൊലീസിൽ പരാതി നൽകിയത്. മുൻ അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസിനെതിരെയാണ് പരാതിയിലെ പ്രധാന ആരോപണം. നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ കാണാതായെന്നും ഇത് ഗ്രാൻസി എടുത്തുകൊണ്ടുപോയതാകാമെന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഗുരുതരമായ കൃത്യവിലോപം ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം അഞ്ചിന് ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഉത്തരവിന് ശേഷവും പലതവണ അനുമതിയില്ലാതെ ഓഫീസിൽ പ്രവേശിച്ചതായി പരാതിയിലുണ്ട്. ഫയലുകളും സത്യവാങ്മൂലങ്ങളും കൈമാറണമെന്ന് ഗ്രാൻസി ആവശ്യപ്പെട്ടിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം അവ കൈമാറിയില്ലെന്നും പറയുന്നു. ബലംപ്രയോഗിച്ച് ഓഫീസിൽ കയറി, വധഭീഷണി മുഴക്കി, ആക്രമിക്കാൻ ശ്രമിച്ചു, കാർക്കിച്ച് തുപ്പി തുടങ്ങിയ ആരോപണങ്ങളും ഡെപ്യൂട്ടി സെക്രട്ടറി ഉന്നയിച്ചിട്ടുണ്ട്. കേരളവുമായി ബന്ധപ്പെട്ട സുപ്രീംകോടതി, ഡൽഹി ഹൈക്കോടതി, വിവിധ ട്രിബ്യൂണൽ കേസുകളിലെ നിർണായക രേഖകൾ കേരള ഹൗസിലെ നിയമവിഭാഗത്തിലാണ് സൂക്ഷിക്കുന്നത്. പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ രേഖകളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ നിയമ, പൊതുഭരണ വകുപ്പ് മേധാവികളെ അറിയിച്ചെങ്കിലും സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ക്ലാസ് നടക്കുന്നതിനിടെ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണു; ആറ് വിദ്യാർഥികൾക്ക് പരിക്ക്

കർണാടകയിലെ മുഗല്ലൊള്ളി താണ്ടയിലെ സർക്കാർ സ്‌കൂളിൽ ക്ലാസ് നടക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾക്ക് നിസാര പരിക്കുകളാണുള്ളതെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റവർക്ക് ആശുപത്രിയിൽ ആവശ്യമായ ചികിത്സ നൽകി വരികയാണ്. അപകടത്തിൽ അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. സ്‌കൂൾ കെട്ടിടത്തിന്റെ ജീർണാവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ രക്ഷിതാക്കളും അധ്യാപകരും ആശങ്ക അറിയിച്ചിരുന്നതായാണ് വിവരം. അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും സ്‌കൂൾ അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് മേൽക്കൂരയുടെ ഭാഗം പെട്ടെന്ന് തകർന്നുവീണത്. സംഭവത്തിന് പിന്നാലെ സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. അപകടത്തെ തുടർന്ന് തകർന്ന കെട്ടിടത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്താൻ പഞ്ചായത്ത് രാജ് എൻജിനീയറിങ് വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. പരിക്കേറ്റ വിദ്യാർഥികളുടെ ആരോഗ്യനിലയും ചികിത്സയും വിലയിരുത്തുന്നതിനായി സ്‌കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആശുപത്രിയിലെത്തി. അതേസമയം, രാജ്യത്തെ വിവിധ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ സിജെപിയും അഭിജിത് ദീപ്‌കെയും കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ സംഭവത്തിൽ മൗനം പാലിക്കുകയാണെന്ന് ബിജെപി വിമർശിച്ചു. സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളുകളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി ആവശ്യമുണ്ടെങ്കിൽ കാലതാമസമില്ലാതെ നടപടികൾ പൂർത്തിയാക്കണമെന്നും കർണാടക വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രക്ഷിതാക്കൾ സ്ഥിരമായ പരിഹാരമാണ് ആവശ്യപ്പെടുന്നത്. താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് പകരം സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന നടത്തി അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പുനർനിർമിക്കണമെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

കൊച്ചി വിമാനത്താവളത്തിന് വമ്പൻ വികസനപദ്ധതി, മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു

അടുത്ത കാൽ നൂറ്റാണ്ടിലെ വികസനസാധ്യതകൾ മുന്നിൽക്കണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. വിമാനത്താവളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഭൂമിയുടെ ഉപയോഗവും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി പഠിച്ചാകും പദ്ധതി തയ്യാറാക്കുക. ഇതിനായി ജേക്കബ്സ് സൊല്യൂഷൻസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തെ സിയാൽ നിയോഗിച്ചു. 6.64 കോടി രൂപയാണ് കരാർ തുക. സിയാലിന്റെ കൈവശമുള്ള 1,500 ഏക്കർ ഭൂമിയിൽ അടുത്ത 25 വർഷത്തിനിടെ നടപ്പാക്കാനാകുന്ന വികസന പദ്ധതികളാണ് കൺസൾട്ടൻസി പ്രധാനമായും പഠിക്കുക. രണ്ടാം റൺവേ, ടാക്സിവേ, വ്യോമഭാഗത്തെ അനുബന്ധ സൗകര്യങ്ങൾ, യാത്രാ ടെർമിനലുകളുടെ വിപുലീകരണം, കാർഗോ കോംപ്ലക്സിന്റെ വികസനം എന്നിവ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടും. വിമാനത്താവളത്തിലേക്കുള്ള മൾട്ടി മോഡൽ കണക്ടിവിറ്റി, ഭാവിയിലെ വികസനത്തിനുള്ള ഭൂമിയുടെ ആവശ്യകത, വ്യോമയാന മേഖലയിലെ വളർച്ചാ സാധ്യതകൾ എന്നിവയും വിശദമായി പരിശോധിക്കും. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് 25 വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം 1.14 കോടിയായി ഉയർന്നിട്ടുണ്ട്. വിമാന സർവീസുകളുടെ എണ്ണം 73,134 ആയി. അടുത്ത 25 വർഷത്തിനിടെ യാത്രക്കാരുടെയും വിമാന സർവീസുകളുടെയും എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർധന കണക്കിലെടുത്താണ് പുതിയ വികസന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. പദ്ധതികളുടെ പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങളും പഠനവിധേയമാക്കും. കൺസൾട്ടൻസി പഠനം ആരംഭിച്ചു കഴിഞ്ഞു. 10 മാസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സിയാലിന് സമർപ്പിക്കും. തുടർന്ന് റിപ്പോർട്ട് സിയാൽ ഡയറക്ടർ ബോർഡ് പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ തീരുമാനിക്കും.

മരിച്ചവരുടെ അക്കൗണ്ടിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ; അടിമാലി പഞ്ചായത്തിൽ മൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട്

മരിച്ച ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ കൈമാറിയതായി ജില്ലാ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. 2025 ജനുവരി 16ന് ശേഷം മരിച്ച 16 പേരുടെ അക്കൗണ്ടുകളിലേക്കാണ് പെൻഷൻ തുക തുടർന്നും കൈമാറിയത്. ഇതിലൂടെ സർക്കാരിന് ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ. 2024-25 സാമ്പത്തിക വർഷത്തെ ഓഡിറ്റിന്റെ ഭാഗമായാണ് ക്രമക്കേട് കണ്ടെത്തിയത്. ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ 2025 നവംബർ 17 മുതൽ 22 വരെയായിരുന്നു പരിശോധന. ചില ഗുണഭോക്താക്കൾ മരിച്ച ശേഷവും 10 മുതൽ 12 മാസം വരെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക കൈമാറിയതായാണ് റിപ്പോർട്ട്. 2025 നവംബർ വരെയും ഇത്തരത്തിൽ പണം വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കർഷക പെൻഷനും വാർദ്ധക്യകാല പെൻഷനുമാണ് അനധികൃതമായി വിതരണം ചെയ്തത്. 2020ലെ സർക്കാർ ഉത്തരവ് പ്രകാരം ഗുണഭോക്താവ് മരിച്ച മാസം തന്നെ പെൻഷൻ ഡേറ്റാബേസിൽനിന്ന് പേര് നീക്കം ചെയ്യണം. എന്നാൽ അടിമാലി പഞ്ചായത്തിൽ ഇത് കൃത്യമായി നടപ്പാക്കിയില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. മരിച്ചശേഷം ബാങ്ക് അക്കൗണ്ടിൽനിന്ന് കൈപ്പറ്റിയ പെൻഷൻ തുക അനന്തരാവകാശികളിൽനിന്ന് തിരിച്ചുപിടിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിക്കുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്രമക്കേട് നടന്നത് മുൻ ഭരണസമിതിയുടെ കാലയളവിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ട്രെയിനിൽ പ്രാർത്ഥിക്കാനായി ദീപം കത്തിച്ചു; 55കാരനെ ഇറക്കിവിട്ടു, കേസ്

പ്രാർത്ഥിക്കാനായി ട്രെയിനിലെ ബെർത്തിൽ ദീപം കത്തിച്ചുവെച്ച 55കാരനെ ദീർഘദൂര ട്രെയിനിൽനിന്ന് ഇറക്കിവിട്ട് റെയിൽവേ പോലീസ് കേസെടുത്തു. ഹസ്രത്ത് നിസാമുദ്ദീൻ–മൈസൂരു എക്സ്പ്രസിലായിരുന്നു സംഭവം. മധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ ഗരീബയാണ് ബെർത്തിൽ ദീപം കത്തിച്ചത്. യാത്രക്കാരനിൽനിന്ന് തീപ്പെട്ടിയും ധൂപപാത്രവും കണ്ടെത്തിയതിനെ തുടർന്ന് ഭുസാവൽ സ്റ്റേഷനിൽ ഇറക്കിവിടുകയായിരുന്നു. തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ ദീപം അണയ്ക്കണമെന്ന് ടി.ടി.ഇ. ആവശ്യപ്പെട്ടെങ്കിലും പ്രാർത്ഥന പൂർത്തിയാക്കിയ ശേഷം അണയ്ക്കാമെന്നായിരുന്നു യാത്രക്കാരന്റെ മറുപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ ടി.ടി.ഇ. മൊബൈൽ ഫോണിൽ പകർത്തിയതായും റെയിൽവേ അറിയിച്ചു. ട്രെയിനിനുള്ളിൽ തീപിടിക്കുന്ന വസ്തുക്കൾ കൊണ്ടുപോകുകയോ വിളക്ക്, മെഴുകുതിരി, ധൂപം തുടങ്ങിയവ കത്തിക്കുകയോ ചെയ്യരുതെന്ന് സെൻട്രൽ റെയിൽവേ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. 1989ലെ റെയിൽവേ ആക്ടിലെ സെക്ഷൻ 153, 145(ബി) പ്രകാരമാണ് യാത്രക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തികൾക്ക് സെക്ഷൻ 153 പ്രകാരം അഞ്ച് വർഷം വരെ തടവ് ലഭിക്കാം.

ദുരന്തമുഖത്ത് അവസാന കണ്ണിയായി ഡ്രോണുകൾ; നേപ്പാളിൽ മൃതശരീരങ്ങളും അടിയന്തരസഹായവും ആകാശമാർഗം

പ്രളയത്തിൽ റോഡുകളും പാലങ്ങളും തകർന്നതോടെ മനുഷ്യർക്ക് എത്തിപ്പെടാനാകാത്ത ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് കരുത്തായി ഡ്രോണുകൾ. നേപ്പാളിൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്ന ദൗത്യമാണ് ഡ്രോണുകൾ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലെ നിർണായക കണ്ണിയായി മാറുകയാണ് ഈ ചെറു പറക്കും യന്ത്രങ്ങൾ. നുവാകോട്ടിലെ ദേവിഘട്ട്–3ൽ നിന്ന് ദേവിഘട്ട്–5ലേക്ക് ഏഴ് മൃതദേഹങ്ങളാണ് ഡ്രോണുകളുടെ സഹായത്തോടെ മാറ്റിയത്. നേപ്പാൾ പോലീസ്, സൈന്യം, ഡ്രോൺ നിർമാതാക്കളായ ഗാർഡ്എക്‌സ് എന്നിവരുടെ സംയുക്ത സംഘമാണ് ദൗത്യം നടത്തിയത്. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ 1.5 ടണ്ണിലധികം അടിയന്തരസാധനങ്ങൾ ഡ്രോണുകൾ വഴി വിവിധ പ്രദേശങ്ങളിൽ എത്തിച്ചു. എ.ഐ. സംവിധാനമുള്ള ഡ്രോണുകളാണ് രക്ഷാപ്രവർത്തനത്തിൽ കൂടുതൽ സഹായകമാകുന്നത്. ഗ്രാമങ്ങളിലെത്തുന്ന ഡ്രോണുകൾ ഉച്ചഭാഷിണിയിലൂടെ വെള്ളമോ ഭക്ഷണമോ മരുന്നുകളോ ആവശ്യമുണ്ടോയെന്ന് ചോദിക്കും. ആവശ്യക്കാരോട് കൈ ഉയർത്തി പ്രതികരിക്കാനും ഫോൺ നമ്പറോ വിലാസമോ മണ്ണിലോ പ്ലക്കാർഡിലോ രേഖപ്പെടുത്താനും ആവശ്യപ്പെടും. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രക്ഷാസംഘങ്ങൾ സഹായം എത്തിക്കുന്നത്. ഇതിനുപുറമെ, വെള്ളവും പാറകളും നിറഞ്ഞ അപ്പർ ത്രിശൂലി–1 ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലും ഡ്രോൺ പരിശോധന നടത്തി.

ആലപ്പുഴയിൽ മൂന്ന് ഹൗസ്‌ബോട്ടുകൾക്ക് തീപിടിച്ചു; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് സൂചന

ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഹൗസ്‌ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. തീപിടിത്തത്തിൽ ബോട്ടുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായതായാണ് വിവരം. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബോട്ടുകളിൽ ആളുകളുണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും അർധരാത്രിയിൽ ട്രെയിനിൽനിന്ന് ഇറക്കിവിട്ടു; റെയിൽവേ ₹2 ലക്ഷം നഷ്ടപരിഹാരം നൽകണം

റിസർവേഷൻ ടിക്കറ്റുണ്ടായിരുന്നിട്ടും അർധരാത്രിയിൽ യാത്രക്കാരിയെ ട്രെയിനിൽനിന്ന് ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ റെയിൽവേ ₹2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റേതാണ് ഉത്തരവ്. ഒരു മാസത്തിനകം തുക നൽകണം. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് അന്വേഷണം നടത്തി തുക ഈടാക്കാൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്കും കമ്മീഷൻ നിർദ്ദേശം നൽകി. തൃശൂർ എരുമപ്പെട്ടി സ്വദേശിനിയും തിരുവനന്തപുരത്ത് താമസക്കാരിയുമായ കെ. ജയസ്മിത നൽകിയ പരാതിയിലാണ് നടപടി. 2023 ജൂലൈ 30-നായിരുന്നു സംഭവം. വടക്കാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസിലെ എസ്4 കോച്ചിൽ ജയസ്മിത 41-ാം നമ്പർ ബർത്ത് റിസർവ് ചെയ്തിരുന്നു. എന്നാൽ ബർത്തിൽ മറ്റൊരാൾ ഉണ്ടായിരുന്നതിനാൽ ടി.ടി.ഇയെ സമീപിച്ചപ്പോൾ ടിക്കറ്റ് ഓൺലൈനായി റദ്ദാക്കിയതായി അറിയിച്ചു. ₹500 പിഴ നൽകിയാൽ മറ്റൊരു ബർത്ത് നൽകാമെന്ന് ടി.ടി.ഇ പറഞ്ഞെങ്കിലും കൈയിൽ പണമില്ലായിരുന്നു. തുടർന്ന് ആലുവയിൽവച്ച് ആർ.പി.എഫിന് കൈമാറുകയും ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് റെയിൽവേ നടത്തിയ അന്വേഷണത്തിൽ റിസർവേഷൻ ഫോമിലെ മൊബൈൽ നമ്പർ ബുക്കിങ് ക്ലാർക്ക് തെറ്റായി രേഖപ്പെടുത്തിയതാണ് സംഭവത്തിന് കാരണമെന്ന് കണ്ടെത്തി. തെറ്റായ നമ്പറിലേക്ക് ലഭിച്ച സന്ദേശം ലഭിച്ചയാൾ ടിക്കറ്റ് തന്റേതല്ലെന്ന് കരുതി ഓൺലൈനായി റദ്ദാക്കുകയായിരുന്നു. തെറ്റായി രജിസ്റ്റർ ചെയ്ത കേസ് പിന്നീട് റെയിൽവേ പിൻവലിച്ചു. റെയിൽവേ ആക്ടിലെ 137, 139 വകുപ്പുകളുടെ നഗ്നമായ ലംഘനമാണ് സംഭവിച്ചതെന്ന് മനുഷ്യാവകാശ കമ്മീഷൻ വിലയിരുത്തി. പരാതിക്കാരിയുടെ അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശം ലംഘിക്കപ്പെട്ടതായും കമ്മീഷൻ ചൂണ്ടിക്കാട്ടി. രാത്രിയിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിയമം പാലിക്കുന്നതുസംബന്ധിച്ച് ഉടൻ സർക്കുലർ പുറപ്പെടുവിക്കാനും റെയിൽവേയോട് നിർദ്ദേശിച്ചു. നഷ്ടപരിഹാരം ആറാഴ്ചയ്ക്കകം നൽകാത്ത പക്ഷം എട്ട് ശതമാനം പലിശ സഹിതം നൽകണം. സംഭവത്തെ തുടർന്ന് സർക്കാർ കരാർ ജോലി നഷ്ടപ്പെട്ടതായി പരാതിക്കാരി അറിയിച്ചതിനെ തുടർന്ന് ആശ്വാസത്തിനായി സർക്കാരിനെ സമീപിക്കാനും, അപേക്ഷയിൽ ഒരുമാസത്തിനകം തീരുമാനമെടുക്കാനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർക്കും കമ്മീഷൻ നിർദ്ദേശം നൽകി.

കൊച്ചി മെട്രോ മൂന്നാംഘട്ടം: ഭൂഗർഭപാതയില്ല; ആലുവ–അങ്കമാലി പാത പൂർണമായും മേൽപ്പാത

കൊച്ചി മെട്രോയുടെ മൂന്നാംഘട്ടമായ ആലുവ–അങ്കമാലി പാതയിൽ ഭൂഗർഭ മെട്രോ ഉണ്ടാകുമെന്ന പ്രചാരണം തള്ളി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). എയർപോർട്ട് മേഖലയിൽ ഭൂമിക്കടിയിലൂടെ മെട്രോ കടന്നുപോകുമെന്ന തരത്തിൽ പുറത്തുവന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കെ.എം.ആർ.എൽ. വ്യക്തമാക്കി. മൂന്നാംഘട്ട നിർമാണത്തിനായി തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) പ്രകാരം 18.09 കിലോമീറ്റർ ദൈർഘ്യമുള്ള പാത മുഴുവനായും മേൽപ്പാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഡി.പി.ആർ. സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും നിലവിൽ സർക്കാർ പരിഗണനയിലാണെന്നും കെ.എം.ആർ.എൽ. അറിയിച്ചു. ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്കാണ് മൂന്നാംഘട്ടത്തിൽ മെട്രോ പാത ആസൂത്രണം ചെയ്യുന്നത്. നാല് അലൈൻമെന്റുകൾ പരിഗണിച്ച ശേഷം എയർപോർട്ട് വഴിയുള്ള അലൈൻമെന്റാണ് നിലവിൽ മുന്നിലുള്ളത്. നേരത്തെ ആലുവ മുതൽ കരിയാട് വരെ റോഡിന് മുകളിലൂടെയും എയർപോർട്ട് മേഖലയിൽ ഭൂഗർഭമായും പാത നിർമിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതാണ് കെ.എം.ആർ.എൽ. ഇപ്പോൾ സ്ഥിരീകരിച്ച് തള്ളിയത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിവ ഉൾപ്പെടെ 15 സ്റ്റേഷനുകളാണ് നിർദേശിച്ചിരിക്കുന്നത്.

കേരളത്തിന് തിരിച്ചടി; വിമാന സർവീസുകളിൽ വൻ സീറ്റ് വെട്ടിക്കുറയ്ക്കൽ

കേരളത്തിലെ വിമാന സർവീസുകളിൽ വൻതോതിൽ സീറ്റ് വെട്ടിക്കുറച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര വ്യോമയാന ഡാറ്റാ ഏജൻസിയായ ഒഫീഷ്യൽ എയർലൈൻ ഗൈഡ് (OAG) പുറത്തുവിട്ട 2026 ഓഗസ്റ്റിലെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലെ വിമാന സീറ്റ് ശേഷിയിൽ 22.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒറ്റ വർഷത്തിനിടെ 2,47,285 സീറ്റുകളാണ് സംസ്ഥാനത്തിന് നഷ്ടമായത്. രാജ്യത്തെ ഭൂരിഭാഗം വിമാനത്താവളങ്ങളിലും സീറ്റ് ശേഷിയിൽ കുറവുണ്ടായിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ, ഉയർന്ന ഇന്ധനവില, വിമാനക്കമ്പനികളുടെ സർവീസ് പുനഃക്രമീകരണം തുടങ്ങിയവയാണ് പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഗൾഫ് മേഖലയിലേക്കുള്ള സർവീസുകളെയും ഈ സാഹചര്യം ബാധിച്ചു. പ്രവാസി മലയാളികളുടെ പ്രധാന യാത്രാകേന്ദ്രമായ യുഎഇയിലേക്കുള്ള ഇന്ത്യയുടെ വിമാന സീറ്റ് ശേഷിയിലും നാല് ശതമാനം കുറവുണ്ടായി. ഇതിനുപുറമെ, വിനോദസഞ്ചാര മേഖലയും സീറ്റ് വെട്ടിക്കുറയ്ക്കലിന്റെ ആഘാതം നേരിട്ടു. മലയാളി സഞ്ചാരികളുടെ പ്രിയപ്പെട്ട ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ വിമാന സീറ്റ് ശേഷിയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.