ദുരന്തമുഖത്ത് അവസാന കണ്ണിയായി ഡ്രോണുകൾ; നേപ്പാളിൽ മൃതശരീരങ്ങളും അടിയന്തരസഹായവും ആകാശമാർഗം

പ്രളയത്തിൽ റോഡുകളും പാലങ്ങളും തകർന്നതോടെ മനുഷ്യർക്ക് എത്തിപ്പെടാനാകാത്ത ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് കരുത്തായി ഡ്രോണുകൾ. നേപ്പാളിൽ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ വീണ്ടെടുത്ത് സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്ന ദൗത്യമാണ് ഡ്രോണുകൾ ഏറ്റെടുത്തിരിക്കുന്നത്. ജീവിതത്തിനും മരണത്തിനുമിടയിലെ നിർണായക കണ്ണിയായി മാറുകയാണ് ഈ ചെറു പറക്കും യന്ത്രങ്ങൾ.

നുവാകോട്ടിലെ ദേവിഘട്ട്–3ൽ നിന്ന് ദേവിഘട്ട്–5ലേക്ക് ഏഴ് മൃതദേഹങ്ങളാണ് ഡ്രോണുകളുടെ സഹായത്തോടെ മാറ്റിയത്. നേപ്പാൾ പോലീസ്, സൈന്യം, ഡ്രോൺ നിർമാതാക്കളായ ഗാർഡ്എക്‌സ് എന്നിവരുടെ സംയുക്ത സംഘമാണ് ദൗത്യം നടത്തിയത്. ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ഒറ്റപ്പെട്ട മേഖലകളിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനും ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനിടെ 1.5 ടണ്ണിലധികം അടിയന്തരസാധനങ്ങൾ ഡ്രോണുകൾ വഴി വിവിധ പ്രദേശങ്ങളിൽ എത്തിച്ചു.

എ.ഐ. സംവിധാനമുള്ള ഡ്രോണുകളാണ് രക്ഷാപ്രവർത്തനത്തിൽ കൂടുതൽ സഹായകമാകുന്നത്. ഗ്രാമങ്ങളിലെത്തുന്ന ഡ്രോണുകൾ ഉച്ചഭാഷിണിയിലൂടെ വെള്ളമോ ഭക്ഷണമോ മരുന്നുകളോ ആവശ്യമുണ്ടോയെന്ന് ചോദിക്കും. ആവശ്യക്കാരോട് കൈ ഉയർത്തി പ്രതികരിക്കാനും ഫോൺ നമ്പറോ വിലാസമോ മണ്ണിലോ പ്ലക്കാർഡിലോ രേഖപ്പെടുത്താനും ആവശ്യപ്പെടും. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രക്ഷാസംഘങ്ങൾ സഹായം എത്തിക്കുന്നത്. ഇതിനുപുറമെ, വെള്ളവും പാറകളും നിറഞ്ഞ അപ്പർ ത്രിശൂലി–1 ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലും ഡ്രോൺ പരിശോധന നടത്തി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *