മരിച്ചവരുടെ അക്കൗണ്ടിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ; അടിമാലി പഞ്ചായത്തിൽ മൂന്ന് ലക്ഷം രൂപയുടെ ക്രമക്കേട്

മരിച്ച ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും സാമൂഹിക സുരക്ഷാ പെൻഷൻ കൈമാറിയതായി ജില്ലാ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തി. 2025 ജനുവരി 16ന് ശേഷം മരിച്ച 16 പേരുടെ അക്കൗണ്ടുകളിലേക്കാണ് പെൻഷൻ തുക തുടർന്നും കൈമാറിയത്. ഇതിലൂടെ സർക്കാരിന് ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.

2024-25 സാമ്പത്തിക വർഷത്തെ ഓഡിറ്റിന്റെ ഭാഗമായാണ് ക്രമക്കേട് കണ്ടെത്തിയത്. ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ 2025 നവംബർ 17 മുതൽ 22 വരെയായിരുന്നു പരിശോധന. ചില ഗുണഭോക്താക്കൾ മരിച്ച ശേഷവും 10 മുതൽ 12 മാസം വരെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക കൈമാറിയതായാണ് റിപ്പോർട്ട്. 2025 നവംബർ വരെയും ഇത്തരത്തിൽ പണം വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

കർഷക പെൻഷനും വാർദ്ധക്യകാല പെൻഷനുമാണ് അനധികൃതമായി വിതരണം ചെയ്തത്. 2020ലെ സർക്കാർ ഉത്തരവ് പ്രകാരം ഗുണഭോക്താവ് മരിച്ച മാസം തന്നെ പെൻഷൻ ഡേറ്റാബേസിൽനിന്ന് പേര് നീക്കം ചെയ്യണം. എന്നാൽ അടിമാലി പഞ്ചായത്തിൽ ഇത് കൃത്യമായി നടപ്പാക്കിയില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. മരിച്ചശേഷം ബാങ്ക് അക്കൗണ്ടിൽനിന്ന് കൈപ്പറ്റിയ പെൻഷൻ തുക അനന്തരാവകാശികളിൽനിന്ന് തിരിച്ചുപിടിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്ത് സെക്രട്ടറിക്കുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്രമക്കേട് നടന്നത് മുൻ ഭരണസമിതിയുടെ കാലയളവിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *