പ്രളയജലത്തിൽ അപൂർവ മത്സ്യങ്ങൾ; കഴിക്കരുതെന്ന് മുന്നറിയിപ്പ്

ബിഹാറിൽ പ്രളയജലത്തോടൊപ്പം നദികളിലെത്തിയ അപരിചിത മത്സ്യങ്ങളെ ഭക്ഷിക്കരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ബഗഹ മേഖലയിലെ നദികളിലാണ് സമീപ ദിവസങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മത്സ്യങ്ങളെ കണ്ടെത്തിയത്. നേപ്പാളിൽ നദികൾ കരകവിഞ്ഞതിനെ തുടർന്ന് ഒഴുകിയെത്തിയവയാകാം ഇവയെന്നാണ് പ്രാഥമിക നിഗമനം.

ഈ മത്സ്യങ്ങൾ കഴിച്ചതിന് പിന്നാലെ പ്രദേശത്ത് നിരവധി പേർക്ക് വിഷബാധയുണ്ടായതായി അധികൃതർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ജലനിരപ്പ് സാധാരണ നിലയിലാകുന്നതുവരെ പരിചിതമല്ലാത്ത മത്സ്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ബഗഹ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ചാന്ദ്നി കുമാരിയും ബിഹാർ മൃഗസംരക്ഷണ-മത്സ്യവിഭവ വകുപ്പും നിർദേശിച്ചു.

വിചിത്ര രൂപത്തിലുള്ളതും തിരിച്ചറിയാൻ കഴിയാത്തതുമായ മത്സ്യങ്ങളെ പിടിക്കുകയോ വാങ്ങുകയോ വിൽക്കുകയോ ചെയ്യരുതെന്നും അധികൃതർ വ്യക്തമാക്കി. ഇവ ഭക്ഷ്യയോഗ്യമാണെന്ന് സ്ഥിരീകരിക്കുന്നതുവരെ ഉപഭോഗം പൂർണമായും ഒഴിവാക്കണം. ഇത്തരം മത്സ്യങ്ങളെ കണ്ടെത്തിയാൽ ജില്ലാ ഫിഷറീസ് ഓഫീസറെയോ പ്രാദേശിക ഭരണകൂടത്തെയോ ഉടൻ അറിയിക്കണമെന്നും നിർദേശമുണ്ട്.

പ്രളയസമയത്ത് മത്സ്യങ്ങൾ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്ന് ഒഴുകിപ്പോകുന്നത് സാധാരണമാണ്. എന്നാൽ മലിനജലം, ചത്ത മൃഗങ്ങൾ, മറ്റ് മാലിന്യങ്ങൾ എന്നിവയുമായി സമ്പർക്കത്തിലാകുന്നതിലൂടെ ഇവയിൽ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ സാന്നിധ്യമുണ്ടാകാനുള്ള സാധ്യതയുണ്ട്. നദികളിലെ ജലനിരപ്പ് ഇപ്പോഴും ഉയർന്നതിനാൽ കൂടുതൽ അപരിചിത മത്സ്യങ്ങൾ എത്താൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കിംവദന്തികൾ വിശ്വസിക്കാതെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും നിർദേശമുണ്ട്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *