ദുരന്തഭൂമിയിൽ രക്ഷയുടെ ചിറകായി പ്രിയ; ആറ് ദിവസത്തിൽ നൂറിലേറെ ദൗത്യങ്ങൾ

മിന്നൽപ്രളയം വിതച്ച ദുരിതത്തിൽ നിന്ന് നേപ്പാൾ ഇനിയും കരകയറിയിട്ടില്ല. ആയിരത്തിലേറെ പേർ മരിച്ചതായും ആയിരക്കണക്കിന് പേരെ കാണാതായതായുമാണ് റിപ്പോർട്ടുകൾ. ദുരന്തം നടന്ന് ആറുദിവസം പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതിനിടെ, രക്ഷാദൗത്യത്തിന്റെ ഭാഗമായി നൂറിലേറെ തവണ ഹെലികോപ്ടർ പറത്തി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്ടർ ക്യാപ്റ്റൻ പ്രിയ അധികാരി ശ്രദ്ധേയയാകുന്നു.

റസുവ ജില്ലയിലെ ടിമുറെ ഗ്രാമത്തിലാണ് പ്രിയ ഉൾപ്പെടെയുള്ള പൈലറ്റുമാരുടെ പ്രധാന രക്ഷാദൗത്യം. പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ പ്രദേശങ്ങളിലൊന്നായ ഇവിടെ കാണാതായവരെ കണ്ടെത്താനും അതിജീവിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നിരവധി ഹെലികോപ്ടറുകളാണ് ഉപയോഗിക്കുന്നത്. ഒരേസമയം അഞ്ചോ ആറോ ഹെലികോപ്ടറുകൾ ഒരേ പ്രദേശത്ത് എത്തുന്ന സാഹചര്യത്തിൽ പൈലറ്റുമാർ തമ്മിലുള്ള നിരന്തര ഏകോപനം അനിവാര്യമാണെന്ന് പ്രിയ പറഞ്ഞു. തുടർച്ചയായ പറക്കലുകൾ കാരണം രക്ഷാപ്രവർത്തകരിൽ ഭൂരിഭാഗവും കടുത്ത ക്ഷീണത്തിലാണെന്നും അവർ വ്യക്തമാക്കി. ചെളി അടിഞ്ഞുകൂടിയതിനാൽ പല സ്ഥലങ്ങളിലും സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിയാത്തതും ദൗത്യത്തിന് വെല്ലുവിളിയാണ്.

പരിസ്ഥിതി ശാസ്ത്ര പഠനത്തിന് ശേഷം കാബിൻ ക്രൂവായി ജോലി ചെയ്തിരുന്ന പ്രിയയ്ക്കാണ് പിന്നീട് ഹെലികോപ്ടർ പറത്താനുള്ള ആഗ്രഹം ഉണ്ടായത്. ഫിലിപ്പീൻസിൽ നിന്ന് പരിശീലനം നേടിയ അവർ 2017-ൽ മുഴുവൻസമയ ഹെലികോപ്ടർ പൈലറ്റായി. ഹൈ ആൾട്ടിറ്റ്യൂഡ് രക്ഷാദൗത്യങ്ങളിൽ വിദഗ്ധയായ പ്രിയ, ദുരന്തത്തിൽ അഞ്ച് ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെ വൻ നാശനഷ്ടങ്ങളുണ്ടായെങ്കിലും രക്ഷാപ്രവർത്തകരെ പ്രതീക്ഷിച്ച് കഴിയുന്ന അതിജീവിതരെ കാണുമ്പോൾ ആശ്വാസം തോന്നുന്നുവെന്നും പറഞ്ഞു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *