ഇസ്രയേൽ ജയിലുകൾക്ക് ഇനി മുതലകളും കാവൽ? വിവാദ നീക്കത്തിനെതിരെ പ്രതിഷേധം

ഹൈടെക്ക് സിസിടിവി ക്യാമറകളും ആയുധധാരികളായ ജയിൽ ഗാർഡുകളും അത്യാധുനിക സുരക്ഷാ വാഹനങ്ങളുമുള്ള ഇസ്രയേലി ജയിലുകളിൽ ഇനി മുതലകളെയും കാവലിന് ഉപയോഗിക്കാൻ നീക്കം. ഗസയിൽനിന്ന് പിടികൂടിയ പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ മുതലകളെ വിന്യസിക്കാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്.

2023 ഒക്ടോബറിന് ശേഷം ഗസയിൽനിന്ന് ഇസ്രയേൽ സൈന്യം പിടികൂടിയ ഹമാസ് പ്രവർത്തകർ ഉൾപ്പെടെയുള്ള തടവുകാരാണ് ഈ ജയിലുകളിൽ കഴിയുന്നത്. അതീവ സുരക്ഷാ വിഭാഗത്തിലുള്ള തടവുകാർ ജയിൽ ചാടുന്നത് തടയാനാണ് മുതലകളെ ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വാദം.

പദ്ധതിക്ക് മുന്നോടിയായി മുതലകളുടെ സംരക്ഷിത പദവിയിലും മാറ്റം വരുത്തിയിരുന്നു. പരിസ്ഥിതി മന്ത്രി ഇഡിത് സിൽമാൻ, ബെൻ-ഗ്വിറിന്റെ പ്രത്യേക അഭ്യർഥനയെ തുടർന്ന് മുതലകളെ സംരക്ഷിത വന്യജീവികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി വാണിജ്യാവശ്യങ്ങൾക്ക് വളർത്താവുന്ന ജീവികളുടെ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ സർക്കാർ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ഉത്തരവ് റദ്ദാക്കണമെന്നും ജയിലുകളിൽ മുതലകളെ ഉപയോഗിക്കാനുള്ള പദ്ധതിയിൽനിന്ന് പിന്മാറണമെന്നും വന്യജീവി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും സുരക്ഷാ പരീക്ഷണങ്ങൾക്കുമായി വന്യജീവികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശനം.

തടവുകാരുടെ സുരക്ഷയ്ക്കായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സായുധ വാഹനങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ മുതലകളെ കാവലിന് ഉപയോഗിക്കാനുള്ള നീക്കം പ്രാകൃതവും ക്രൂരവുമാണെന്ന വിമർശനവും ശക്തമാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *