ബോളിവുഡിൽ പുതിയ ചിത്രവുമായി മലയാളി താരം പാർവതി തിരുവോത്ത്. കാർത്തിക് ആര്യൻ നായകനാകുന്ന ഏവിയേഷൻ ത്രില്ലർ ചിത്രം ‘ക്യാപ്റ്റൻ ഇന്ത്യ’യിലാണ് പാർവതി പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോർട്ട്.

ബോളിവുഡിൽ പുതിയ ചിത്രവുമായി മലയാളി താരം പാർവതി തിരുവോത്ത്. കാർത്തിക് ആര്യൻ നായകനാകുന്ന ഏവിയേഷൻ ത്രില്ലർ ചിത്രം ‘ക്യാപ്റ്റൻ ഇന്ത്യ’യിലാണ് പാർവതി പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോർട്ട്. ഷിമിത് അമീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കഥാഗതിയിൽ നിർണായക സ്വാധീനം ചെലുത്തുന്ന കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക. എന്നാൽ കഥാപാത്രത്തിന്റെ സ്വഭാവം സംബന്ധിച്ച വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. യുദ്ധം രൂക്ഷമായ വിദേശരാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ദൗത്യത്തിന് നേതൃത്വം നൽകുന്ന പൈലറ്റായാണ് കാർത്തിക് ആര്യൻ എത്തുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ബവേജ സ്റ്റുഡിയോസും ടി-സീരീസും ചേർന്നാണ് ‘ക്യാപ്റ്റൻ ഇന്ത്യ’ നിർമിക്കുന്നത്. ചിത്രത്തിൽ പാർവതിയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് സൂചന. ഇതോടെ താരത്തിന്റെ ബോളിവുഡ് പ്രവേശനം കൂടിയായ ചിത്രം പ്രഖ്യാപനത്തിന് പിന്നാലെ ശ്രദ്ധ നേടുകയാണ്.
ഇസ്രയേൽ ജയിലുകൾക്ക് ഇനി മുതലകളും കാവൽ? വിവാദ നീക്കത്തിനെതിരെ പ്രതിഷേധം

ഹൈടെക്ക് സിസിടിവി ക്യാമറകളും ആയുധധാരികളായ ജയിൽ ഗാർഡുകളും അത്യാധുനിക സുരക്ഷാ വാഹനങ്ങളുമുള്ള ഇസ്രയേലി ജയിലുകളിൽ ഇനി മുതലകളെയും കാവലിന് ഉപയോഗിക്കാൻ നീക്കം. ഗസയിൽനിന്ന് പിടികൂടിയ പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലുകളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ മുതലകളെ വിന്യസിക്കാൻ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബറിന് ശേഷം ഗസയിൽനിന്ന് ഇസ്രയേൽ സൈന്യം പിടികൂടിയ ഹമാസ് പ്രവർത്തകർ ഉൾപ്പെടെയുള്ള തടവുകാരാണ് ഈ ജയിലുകളിൽ കഴിയുന്നത്. അതീവ സുരക്ഷാ വിഭാഗത്തിലുള്ള തടവുകാർ ജയിൽ ചാടുന്നത് തടയാനാണ് മുതലകളെ ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വാദം. പദ്ധതിക്ക് മുന്നോടിയായി മുതലകളുടെ സംരക്ഷിത പദവിയിലും മാറ്റം വരുത്തിയിരുന്നു. പരിസ്ഥിതി മന്ത്രി ഇഡിത് സിൽമാൻ, ബെൻ-ഗ്വിറിന്റെ പ്രത്യേക അഭ്യർഥനയെ തുടർന്ന് മുതലകളെ സംരക്ഷിത വന്യജീവികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി വാണിജ്യാവശ്യങ്ങൾക്ക് വളർത്താവുന്ന ജീവികളുടെ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സർക്കാർ നീക്കത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാണ്. ഉത്തരവ് റദ്ദാക്കണമെന്നും ജയിലുകളിൽ മുതലകളെ ഉപയോഗിക്കാനുള്ള പദ്ധതിയിൽനിന്ന് പിന്മാറണമെന്നും വന്യജീവി വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കും സുരക്ഷാ പരീക്ഷണങ്ങൾക്കുമായി വന്യജീവികളെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിമർശനം. തടവുകാരുടെ സുരക്ഷയ്ക്കായി അത്യാധുനിക സാങ്കേതിക സംവിധാനങ്ങളും സായുധ വാഹനങ്ങളും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നിലവിലുള്ളപ്പോൾ മുതലകളെ കാവലിന് ഉപയോഗിക്കാനുള്ള നീക്കം പ്രാകൃതവും ക്രൂരവുമാണെന്ന വിമർശനവും ശക്തമാണ്.
മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിൽ മക്കളെ സ്വത്തിൽനിന്ന് ഒഴിപ്പിക്കാം; സുപ്രീം കോടതി

മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി, അവരെ അവഗണിക്കുന്ന മക്കളെയും കുടുംബാംഗങ്ങളെയും സ്വത്തിൽനിന്ന് ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. വാർധക്യത്തിൽ അവഗണനയും അരക്ഷിതാവസ്ഥയും അപമാനവും നേരിടുന്നത് ഒഴിവാക്കുന്നതിനാണ് 2007-ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം കൊണ്ടുവന്നതെന്ന് കോടതി വ്യക്തമാക്കി. അന്തസ്സോടെ ജീവിക്കാനുള്ള മൗലികാവകാശം ഉൾപ്പെടെയുള്ള ഭരണഘടനാ തത്വങ്ങൾ പരിഗണിച്ചാണ് നിയമം വ്യാഖ്യാനിക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. മുതിർന്നവർക്ക് ലഭിക്കുന്ന അന്തസ്സും ബഹുമാനവും സുരക്ഷയും ഒരു പരിഷ്കൃത സമൂഹത്തിന്റെ അളവുകോലാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് സ്വദേശിയായ രവികാന്ത് ഗുപ്ത തന്റെ 81 വയസുള്ള മാതാവിന്റെ സംരക്ഷണത്തിനായി മകനെതിരെ നൽകിയ കേസിലാണ് വിധി. രവികാന്ത് വാങ്ങിയ വീട്ടിൽ മകനും കുടുംബവും വൃദ്ധമാതാവും താമസിച്ചിരുന്നു. എന്നാൽ കൊച്ചുമകനും ഭാര്യയും ചേർന്ന് മുത്തശ്ശിയെ വീട്ടിൽനിന്ന് മാറ്റി വയോജന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് രവികാന്ത് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അധ്യക്ഷനായ മെയിന്റനൻസ് ട്രൈബ്യൂണലിനെ സമീപിക്കുകയും മകനെയും കുടുംബത്തെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ ഉത്തരവ് നേടുകയും ചെയ്തു. എന്നാൽ ഈ ഉത്തരവ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ രവികാന്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി, വൃദ്ധമാതാവിനെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ കൊച്ചുമകനെയും ഭാര്യയെയും വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ അനുമതി നൽകി.
തിരുവന്തപുരത്ത് അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റ്

തിരുവനന്തപുരം നഗരത്തിലെ അനധികൃത തട്ടുകടകൾക്ക് പിന്നിൽ വൻകിട ഹോട്ടൽ ഗ്രൂപ്പുകളുടെ ഇടപെടലുണ്ടെന്ന് പോലീസ് പരിശോധനയിൽ കണ്ടെത്തൽ. സാധാരണക്കാരുടെ പേരും മറയും ഉപയോഗിച്ച് പലയിടത്തും ചെയിൻ മാതൃകയിൽ തട്ടുകടകൾ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയത്. കുറവൻകോണത്ത് നടത്തിയ പരിശോധനയിൽ ഒരാൾക്ക് മാത്രമാണ് ലൈസൻസുള്ളത്. ചില കച്ചവടക്കാരുടെ യു.പി.ഐ. അക്കൗണ്ടുകളിൽ ലക്ഷങ്ങളും കോടികളും വരുന്ന ഇടപാടുകൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. പല തട്ടുകടകളിലേക്കും ഭക്ഷണം എത്തിക്കുന്നത് വൻകിട ഹോട്ടലുകളിൽ നിന്നാണ്. ഒരേ ഗ്രൂപ്പിന്റെ കീഴിൽ വിവിധ സ്ഥലങ്ങളിൽ കടകൾ പ്രവർത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഹോട്ടലിൽ വിൽക്കുന്നതിനേക്കാൾ ഉയർന്ന വില ഈടാക്കുന്ന സാഹചര്യങ്ങളുമുണ്ട്. വഴുതക്കാട്, പാളയം, മെഡിക്കൽ കോളേജ്, പരുത്തിപ്പാറ, കാര്യവട്ടം തുടങ്ങിയ മേഖലകളിലും അനധികൃത തട്ടുകടകൾ വ്യാപകമായി പ്രവർത്തിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. റോഡുകളും നടപ്പാതകളും കൈയേറിയുള്ള കച്ചവടം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നേരത്തെ ഒഴിപ്പിച്ച തട്ടുകടകൾ ചിലയിടങ്ങളിൽ വീണ്ടും പ്രവർത്തനം ആരംഭിച്ചതോടെയാണ് പോലീസ് നടപടി ശക്തമാക്കിയത്. അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടികൾ തുടരുമെന്നും തട്ടുകടകൾ നിയമാനുസൃതമായി പ്രവർത്തിപ്പിക്കാൻ ഫുഡ് സ്ട്രീറ്റുകൾ നിശ്ചയിക്കാനുള്ള അധികാരം കോർപ്പറേഷനാണെന്നും അധികൃതർ വ്യക്തമാക്കി.
ഏലത്തോട്ടം വെട്ടിനശിപ്പിച്ച് വനംവകുപ്പ്; വനഭൂമി കൈയേറ്റമെന്ന് വിശദീകരണം

പീച്ചാട്–പ്ലാമല മേഖലയിൽ സ്വകാര്യ വ്യക്തി കൃഷി ചെയ്തിരുന്ന ഏലത്തോട്ടം വനംവകുപ്പ് വെട്ടിനശിപ്പിച്ചു. പ്ലാമലയിൽ താമസിക്കുന്ന കളരിക്കൽ ബേബിയുടെ നാലേക്കറോളം വരുന്ന ഏലക്കൃഷിയാണ് ഞായറാഴ്ച ഉച്ചയോടെ വനപാലകർ നശിപ്പിച്ചത്. പരിസ്ഥിതിലോല പ്രദേശമായി (ഇ.എഫ്.എൽ.) വിജ്ഞാപനം ചെയ്ത സ്ഥലത്ത് നിയമവിരുദ്ധമായി കൈയേറ്റം നടത്തി കൃഷി ചെയ്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.സി. രാജൻ പറഞ്ഞു. കൃഷി നീക്കം ചെയ്തതിനു പിന്നാലെ ഏകദേശം അഞ്ചേക്കറോളം വനഭൂമി തിരിച്ചുപിടിച്ചതായും കൃഷി ചെയ്തയാൾക്കെതിരെ കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, 1999-ൽ പണം നൽകി വാങ്ങിയ ഭൂമിയിലാണ് കൃഷി നടത്തിയതെന്നും വിളവെടുപ്പിന് പാകമായ ഏലത്തോട്ടം അകാരണമായി നശിപ്പിച്ചെന്നും ബേബി ആരോപിച്ചു. സംഭവത്തിൽ വനംമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. റിസർവ് വനം കൈയേറി വ്യാപകമായി കൃഷി നടത്തുന്നതായും വന്യമൃഗങ്ങളുടെ സഞ്ചാരപാത തടസ്സപ്പെടുത്തി വേലികെട്ടുകയും കീടനാശിനികൾ ഉപയോഗിക്കുകയും ചെയ്യുന്നത് മനുഷ്യ–വന്യജീവി സംഘർഷത്തിന് കാരണമാകുന്നതായും വനംവകുപ്പ് അറിയിച്ചു.
ടിക്കറ്റ് നിരക്ക് കുറഞ്ഞാൽ പണം തിരികെ; പുതിയ ‘റീസേവ്’ ഫീച്ചറുമായി ഈസ്മൈട്രിപ്പ്

വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം നിരക്ക് കുറഞ്ഞാൽ ആ ഇളവിന്റെ ആനുകൂല്യം യാത്രക്കാർക്ക് ലഭ്യമാക്കുന്ന പുതിയ ‘റീസേവ്’ (ReSave) ഫീച്ചറുമായി ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ഈസ്മൈട്രിപ്പ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സൗജന്യമായി ഈ സേവനം തിരഞ്ഞെടുക്കാം. ബുക്കിംഗിന് ശേഷം വിമാന നിരക്ക് കുറഞ്ഞതായി കണ്ടെത്തിയാൽ, സർവീസ് ചാർജ് ഈടാക്കാതെ കുറഞ്ഞ നിരക്കിന്റെ മുഴുവൻ തുകയും ഉപഭോക്താവിന് തിരികെ നൽകുന്നതാണ് റീസേവിന്റെ പ്രത്യേകത. സാധാരണയായി ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷമുള്ള നിരക്ക് കുറവ് യാത്രക്കാർക്ക് പ്രയോജനപ്പെടുത്താൻ കഴിയാറില്ല. ഈ സാഹചര്യം പരിഹരിക്കാനാണ് പുതിയ സംവിധാനം. ഉപഭോക്താക്കൾക്ക് മികച്ച മൂല്യവും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഈസ്മൈട്രിപ്പ് സിഇഒയും കോ-ഫൗണ്ടറുമായ കാന്ത് പിറ്റി പറഞ്ഞു. യാത്ര ബുക്ക് ചെയ്യുന്നതിൽ മാത്രം ഒതുങ്ങാതെ, മുഴുവൻ യാത്രാനുഭവവും മെച്ചപ്പെടുത്തുന്ന സാങ്കേതികവിദ്യകൾക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ, യാത്രക്കാരുടെ ആവശ്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി സേവനങ്ങൾ നൽകുന്നതിനായി AI സാങ്കേതികവിദ്യ കൂടുതൽ വിപുലീകരിക്കാനും കമ്പനി ഒരുങ്ങുകയാണ്.
‘പ്രേമലു’ ഇനി ഹിന്ദിയിലും; ‘പ്രേം കീടാണു’ ടീസർ എത്തി

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ ഹിന്ദി റീമേക്കായ ‘പ്രേം കീടാണു’വിന്റെ ടീസർ പുറത്തിറങ്ങി. വീർ പഹാരിയ, ആഫിയ സയിദ്, അപർശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. എന്നാൽ ‘പ്രേമലു’വിന്റെ അതേ കഥയല്ല ഹിന്ദി പതിപ്പിൽ അവതരിപ്പിക്കുന്നത്. ഒറിജിനൽ ചിത്രത്തിലെ ചില പ്രധാന ഭാഗങ്ങൾ മാത്രം അടിസ്ഥാനമാക്കി പുതിയ കഥാപശ്ചാത്തലത്തിലാണ് ‘പ്രേം കീടാണു’ ഒരുക്കുന്നത്. കോളജ് പശ്ചാത്തലത്തിലുള്ള റൊമാന്റിക് കോമഡി എന്റർടെയ്‌നറായ ചിത്രത്തിൽ ‘പ്രേമലു’വിലെ ഐടി കമ്പനിയിലെ സൗഹൃദം കോളജ് ജീവിതത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. അവനിക ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അപൂർവ് സിങ് കർക്കിയാണ് സംവിധാനം ചെയ്യുന്നത്. ‘സിർഫ് ഏക് ബന്ദാ കാഫി ഹൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. ഭാവന സ്റ്റുഡിയോസും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. ഒക്ടോബർ രണ്ടിനാണ് ‘പ്രേം കീടാണു’ തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിലീസ് വരെ ഹോട്ട്സ്റ്റാറിൽ നിന്ന് ‘പ്രേമലു’ നീക്കം ചെയ്തതും ശ്രദ്ധേയമാണ്. 2024ൽ പുറത്തിറങ്ങിയ ‘പ്രേമലു’ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ്. നസ്‌ലെൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചത്.
വിമർശനങ്ങൾക്കിടയിൽ പ്രതികരണവുമായി ധ്രുവ് വിക്രം; “യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക പ്രധാനമാണ്”

തമിഴ് സിനിമയിലെ മുൻനിര നടൻ വിക്രമിന്റെ മകനും യുവതാരവുമായ ധ്രുവ് വിക്രം അടുത്തിടെ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നു. നടി അനുപമ പരമേശ്വരൻ തന്റെ മുൻകാല പ്രണയബന്ധത്തിൽ നേരിട്ട നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടത്തിയ അഭിമുഖത്തിന് പിന്നാലെയാണ് ധ്രുവിന്റെ പേരും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായത്. അഭിമുഖത്തിൽ പരാമർശിച്ച മുൻ കാമുകൻ ധ്രുവാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കൊപ്പം താരത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളെയും വിമർശനങ്ങളെയും കുറിച്ച് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ധ്രുവ് വിക്രം. സിനിമ പോലെയുള്ള ഒരു മേഖല തിരഞ്ഞെടുക്കുമ്പോൾ തന്നെ വിമർശനങ്ങളും അതിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖല മനോഹരമായിരിക്കുമ്പോഴും അതിന് നിരവധി വെല്ലുവിളികളുണ്ടെന്നും ധ്രുവ് വ്യക്തമാക്കി. വിമർശനങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനമെന്നും താരം പറഞ്ഞു. “നിങ്ങൾ ആരാണെന്ന് അറിയുക. എന്തിനുവേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നതെന്ന് മനസ്സിലാക്കുക. നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടവരെയും ശക്തമായി സംരക്ഷിക്കുക,” എന്നായിരുന്നു ധ്രുവിന്റെ പ്രതികരണം.
ബലൂചിസ്താനിൽ ബി.എൽ.എ ആക്രമണം ശക്തമാക്കി; 26 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

പാകിസ്താൻ സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണം ശക്തമാക്കി വിഘടനവാദി സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ.). എട്ടുദിവസത്തിനിടെ ബലൂചിസ്താനിൽ 22 ആക്രമണങ്ങൾ നടത്തിയെന്നും 26 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നുമാണ് സംഘടനയുടെ അവകാശവാദം. കലാത്ത്, സൂറബ് മേഖലകളിലെ ഐ.ഇ.ഡി സ്ഫോടനങ്ങളിൽ 20 സൈനികർ കൊല്ലപ്പെട്ടതായും ചഗായ്, ഖാരൻ, പഞ്ച്ഗൂർ, നുഷ്‌കി, തുർബത്ത്, ക്വറ്റ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായും ബി.എൽ.എ. അറിയിച്ചു. ബലൂചിസ്താന്റെ പൂർണ സ്വാതന്ത്ര്യം നേടുന്നതുവരെ സായുധ പോരാട്ടം തുടരുമെന്ന് സംഘടന വ്യക്തമാക്കി. ചഗായിൽ റെയിൽവേ പാളം തകർക്കുകയും ചരക്ക് വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തതായും ബി.എൽ.എ. അവകാശപ്പെട്ടു. അതേസമയം, ബലൂച് സൈന്യത്തിന് ഏകദേശം ഒരു ലക്ഷം സജീവ അംഗങ്ങളുണ്ടെന്നും ജനപിന്തുണയുണ്ടെന്നും ബലൂച് നേതാവ് മിർ യാർ ബലൂച് അവകാശപ്പെട്ടു. പാക് സൈനിക പോസ്റ്റുകളിൽനിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2025 മുതൽ മേഖലയിൽ അക്രമസംഭവങ്ങൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്റെ കണക്കനുസരിച്ച് 2025ൽ ബലൂചിസ്താനിൽ 254 ആക്രമണങ്ങളിലായി 1,026 പേർ കൊല്ലപ്പെട്ടു. അതേസമയം, 521 ആക്രമണങ്ങൾ നടത്തി 1,060 സൈനികരെ വധിച്ചെന്നാണ് ബി.എൽ.എയുടെ അവകാശവാദം. പ്രദേശത്തിന്റെ 85 ശതമാനം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും സ്വതന്ത്ര ബലൂചിസ്താനായി ദേശീയ പതാക, ഗാനം, ‘ബലൂചി ഫാലുസ്’ എന്ന കറൻസി എന്നിവ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംഘടന അവകാശപ്പെടുന്നു.