മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ ഹിന്ദി റീമേക്കായ ‘പ്രേം കീടാണു’വിന്റെ ടീസർ പുറത്തിറങ്ങി. വീർ പഹാരിയ, ആഫിയ സയിദ്, അപർശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. എന്നാൽ ‘പ്രേമലു’വിന്റെ അതേ കഥയല്ല ഹിന്ദി പതിപ്പിൽ അവതരിപ്പിക്കുന്നത്.
ഒറിജിനൽ ചിത്രത്തിലെ ചില പ്രധാന ഭാഗങ്ങൾ മാത്രം അടിസ്ഥാനമാക്കി പുതിയ കഥാപശ്ചാത്തലത്തിലാണ് ‘പ്രേം കീടാണു’ ഒരുക്കുന്നത്. കോളജ് പശ്ചാത്തലത്തിലുള്ള റൊമാന്റിക് കോമഡി എന്റർടെയ്‌നറായ ചിത്രത്തിൽ ‘പ്രേമലു’വിലെ ഐടി കമ്പനിയിലെ സൗഹൃദം കോളജ് ജീവിതത്തിലേക്കാണ് മാറ്റിയിരിക്കുന്നത്.
അവനിക ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അപൂർവ് സിങ് കർക്കിയാണ് സംവിധാനം ചെയ്യുന്നത്. ‘സിർഫ് ഏക് ബന്ദാ കാഫി ഹൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. ഭാവന സ്റ്റുഡിയോസും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.
ഒക്ടോബർ രണ്ടിനാണ് ‘പ്രേം കീടാണു’ തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിലീസ് വരെ ഹോട്ട്സ്റ്റാറിൽ നിന്ന് ‘പ്രേമലു’ നീക്കം ചെയ്തതും ശ്രദ്ധേയമാണ്.
2024ൽ പുറത്തിറങ്ങിയ ‘പ്രേമലു’ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ്. നസ്‌ലെൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചത്.





