ഏലത്തോട്ടം വെട്ടിനശിപ്പിച്ച് വനംവകുപ്പ്; വനഭൂമി കൈയേറ്റമെന്ന് വിശദീകരണം

പീച്ചാട്–പ്ലാമല മേഖലയിൽ സ്വകാര്യ വ്യക്തി കൃഷി ചെയ്തിരുന്ന ഏലത്തോട്ടം വനംവകുപ്പ് വെട്ടിനശിപ്പിച്ചു. പ്ലാമലയിൽ താമസിക്കുന്ന കളരിക്കൽ ബേബിയുടെ നാലേക്കറോളം വരുന്ന ഏലക്കൃഷിയാണ് ഞായറാഴ്ച ഉച്ചയോടെ വനപാലകർ നശിപ്പിച്ചത്.

പരിസ്ഥിതിലോല പ്രദേശമായി (ഇ.എഫ്.എൽ.) വിജ്ഞാപനം ചെയ്ത സ്ഥലത്ത് നിയമവിരുദ്ധമായി കൈയേറ്റം നടത്തി കൃഷി ചെയ്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.സി. രാജൻ പറഞ്ഞു. കൃഷി നീക്കം ചെയ്തതിനു പിന്നാലെ ഏകദേശം അഞ്ചേക്കറോളം വനഭൂമി തിരിച്ചുപിടിച്ചതായും കൃഷി ചെയ്തയാൾക്കെതിരെ കേസെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 1999-ൽ പണം നൽകി വാങ്ങിയ ഭൂമിയിലാണ് കൃഷി നടത്തിയതെന്നും വിളവെടുപ്പിന് പാകമായ ഏലത്തോട്ടം അകാരണമായി നശിപ്പിച്ചെന്നും ബേബി ആരോപിച്ചു. സംഭവത്തിൽ വനംമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. റിസർവ് വനം കൈയേറി വ്യാപകമായി കൃഷി നടത്തുന്നതായും വന്യമൃഗങ്ങളുടെ സഞ്ചാരപാത തടസ്സപ്പെടുത്തി വേലികെട്ടുകയും കീടനാശിനികൾ ഉപയോഗിക്കുകയും ചെയ്യുന്നത് മനുഷ്യ–വന്യജീവി സംഘർഷത്തിന് കാരണമാകുന്നതായും വനംവകുപ്പ് അറിയിച്ചു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *