തമിഴ് സിനിമയിലെ മുൻനിര നടൻ വിക്രമിന്റെ മകനും യുവതാരവുമായ ധ്രുവ് വിക്രം അടുത്തിടെ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നു. നടി അനുപമ പരമേശ്വരൻ തന്റെ മുൻകാല പ്രണയബന്ധത്തിൽ നേരിട്ട നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടത്തിയ അഭിമുഖത്തിന് പിന്നാലെയാണ് ധ്രുവിന്റെ പേരും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായത്. അഭിമുഖത്തിൽ പരാമർശിച്ച മുൻ കാമുകൻ ധ്രുവാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കൊപ്പം താരത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളെയും വിമർശനങ്ങളെയും കുറിച്ച് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ധ്രുവ് വിക്രം. സിനിമ പോലെയുള്ള ഒരു മേഖല തിരഞ്ഞെടുക്കുമ്പോൾ തന്നെ വിമർശനങ്ങളും അതിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖല മനോഹരമായിരിക്കുമ്പോഴും അതിന് നിരവധി വെല്ലുവിളികളുണ്ടെന്നും ധ്രുവ് വ്യക്തമാക്കി.
വിമർശനങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനമെന്നും താരം പറഞ്ഞു. “നിങ്ങൾ ആരാണെന്ന് അറിയുക. എന്തിനുവേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നതെന്ന് മനസ്സിലാക്കുക. നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടവരെയും ശക്തമായി സംരക്ഷിക്കുക,” എന്നായിരുന്നു ധ്രുവിന്റെ പ്രതികരണം.





