ബലൂചിസ്താനിൽ ബി.എൽ.എ ആക്രമണം ശക്തമാക്കി; 26 പാക് സൈനികർ കൊല്ലപ്പെട്ടെന്ന് അവകാശവാദം

പാകിസ്താൻ സുരക്ഷാസേനയ്‌ക്കെതിരായ ആക്രമണം ശക്തമാക്കി വിഘടനവാദി സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ.). എട്ടുദിവസത്തിനിടെ ബലൂചിസ്താനിൽ 22 ആക്രമണങ്ങൾ നടത്തിയെന്നും 26 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നുമാണ് സംഘടനയുടെ അവകാശവാദം. കലാത്ത്, സൂറബ് മേഖലകളിലെ ഐ.ഇ.ഡി സ്ഫോടനങ്ങളിൽ 20 സൈനികർ കൊല്ലപ്പെട്ടതായും ചഗായ്, ഖാരൻ, പഞ്ച്ഗൂർ, നുഷ്‌കി, തുർബത്ത്, ക്വറ്റ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായും ബി.എൽ.എ. അറിയിച്ചു.

ബലൂചിസ്താന്റെ പൂർണ സ്വാതന്ത്ര്യം നേടുന്നതുവരെ സായുധ പോരാട്ടം തുടരുമെന്ന് സംഘടന വ്യക്തമാക്കി. ചഗായിൽ റെയിൽവേ പാളം തകർക്കുകയും ചരക്ക് വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തതായും ബി.എൽ.എ. അവകാശപ്പെട്ടു. അതേസമയം, ബലൂച് സൈന്യത്തിന് ഏകദേശം ഒരു ലക്ഷം സജീവ അംഗങ്ങളുണ്ടെന്നും ജനപിന്തുണയുണ്ടെന്നും ബലൂച് നേതാവ് മിർ യാർ ബലൂച് അവകാശപ്പെട്ടു. പാക് സൈനിക പോസ്റ്റുകളിൽനിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2025 മുതൽ മേഖലയിൽ അക്രമസംഭവങ്ങൾ വർധിച്ചതായാണ് റിപ്പോർട്ടുകൾ. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്റെ കണക്കനുസരിച്ച് 2025ൽ ബലൂചിസ്താനിൽ 254 ആക്രമണങ്ങളിലായി 1,026 പേർ കൊല്ലപ്പെട്ടു. അതേസമയം, 521 ആക്രമണങ്ങൾ നടത്തി 1,060 സൈനികരെ വധിച്ചെന്നാണ് ബി.എൽ.എയുടെ അവകാശവാദം. പ്രദേശത്തിന്റെ 85 ശതമാനം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും സ്വതന്ത്ര ബലൂചിസ്താനായി ദേശീയ പതാക, ഗാനം, ‘ബലൂചി ഫാലുസ്’ എന്ന കറൻസി എന്നിവ പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംഘടന അവകാശപ്പെടുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *