സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഓഗസ്റ്റ് 21ന് നടക്കുന്ന ഓണാഘോഷത്തിൽ കുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ഇതുസംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
ഓണാഘോഷം നടക്കുന്നതിനാൽ ഓഗസ്റ്റ് 21ന് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റിവെച്ചിട്ടുണ്ട്. പരീക്ഷ ഓണാവധിക്ക് ശേഷമായിരിക്കും നടത്തുക. ഓണാഘോഷത്തിനിടയിൽ പരീക്ഷ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പരീക്ഷ മാറ്റണമെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് തീരുമാനം. ഇതോടെ വിദ്യാർത്ഥികൾക്ക് പരീക്ഷയുടെ ആശങ്കകളില്ലാതെ ഓണാഘോഷത്തിൽ പങ്കെടുക്കാനാകും.
ഓഗസ്റ്റ് 22 മുതൽ 30 വരെയാണ് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഓണാവധി. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20ന് അവസാനിക്കും. ഓഗസ്റ്റ് 21ന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31ന് ക്ലാസുകൾ പുനരാരംഭിക്കും. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഒൻപത് ദിവസമാണ് സ്കൂളുകൾക്ക് ഓണാവധി ലഭിക്കുക.





